ശബരിമല നട തുറന്നു; കർക്കടക മാസപൂജകൾക്ക് തുടക്കമായി

ശബരിമല നട തുറന്നു; കർക്കടക മാസപൂജകൾക്ക് തുടക്കമായി

 

ശബരിമല: കർക്കടക മാസപൂജകൾക്ക് തുടക്കം കുറിച്ച് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നടതുറന്ന് ദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു.

ഭസ്മാഭിഷിക്തനായ അയ്യപ്പനെ ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. കർക്കടക മാസത്തിലെ ആദ്യദിനമായ നാളെ പുലർച്ചെ 5 മണി മുതൽ ഭക്തർക്കായി ദർശനം ആരംഭിക്കും.

കർക്കടക മാസപൂജകൾ ജൂലൈ 21 വരെ തുടരും. അന്നേദിവസം രാത്രി 10 മണിയോടെ പൂജകൾ സമാപിപ്പിച്ച് ശബരിമല നട അടയ്ക്കും.

കർക്കടക മാസപൂജകളോടനുബന്ധിച്ച് ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ നിർബന്ധമായും വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യണം. ഇതിനായി www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.