കർക്കടക മാസ പൂജ: ജൂലൈ 16ന് ശബരിമല നട തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം

കർക്കടക മാസ പൂജ: ജൂലൈ 16ന് ശബരിമല നട തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ജൂലൈ 16ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിലും സാന്നിധ്യത്തിലുമാണ് മേൽശാന്തി പ്രസാദ് ഇ.ഡി ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിക്കുക. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരുന്ന ചടങ്ങും നടക്കും.

കർക്കടക മാസത്തിലെ ആദ്യദിനമായ ജൂലൈ 17ന് പുലർച്ചെ 5 മണി മുതൽ ഭക്തർക്ക് ദർശനത്തിന് പ്രവേശനം ലഭിക്കും. കർക്കടകം ഒന്നാം തീയതി മുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജയും നടക്കും.

കർക്കടക മാസ പൂജകൾ സമാപിക്കുന്നതോടെ ജൂലൈ 21ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.

ഈ കാലയളവിൽ ദർശനത്തിനെത്തുന്ന ഭക്തർ മുൻകൂട്ടി വെർച്വൽ ക്യൂ സംവിധാനത്തിലൂടെ സ്ലോട്ട് ബുക്ക് ചെയ്യേണ്ടതാണ്. ഇതിനായി www.sabarimalaonline.org വെബ്സൈറ്റ് ഉപയോഗിച്ച് ദർശന സമയം ഉറപ്പാക്കണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.