ശബരിമല തീര്‍ത്ഥാടനം: നമ്മുടെ ഉള്ളിലുള്ള ഈശ്വരചൈതന്യത്തെ തിരിച്ചറിയുന്ന തീര്‍ത്ഥാടനം
ഭഗവാന് കലിയുഗവരദനാണ് എന്നതും അയ്യപ്പന് വേഷം, ജാതി, മതം എന്നിവയില്‍ വ്യത്യാസമില്ല എന്നതുമാണ്. ഏത് മതവിശ്വാസികള്‍ക്കും അയ്യപ്പക്ഷേത്രത്തില്‍ പോകാം. ഇവിടെ തൊട്ടുകൂടായ്മയില്ല. പക്ഷേ ശബരിമല ദര്‍ശനത്തിനുള്ള ആചാരാനുഷ്ഠാനങ്ങള്‍ വളരെ കര്‍ക്കശമാണ്. മലയ്ക്ക് പോകുന്നു എന്ന തീരുമാനത്തില്‍ വ്രതമെടുത്ത് മാലയിട്ടാല്‍ അയാള്‍ ഭഗവാന് അയ്യപ്പന് തുല്യനാകും. എല്ലാവരും അയാളെ സ്വാമി എന്ന് വിളിക്കുകയും ചെയ്യും.
ദര്ശനത്തിനെത്തുന്നതിനും 41 ദിവസം മുമ്പെ തുടങ്ങുന്ന വ്രതം. മുദ്രയായ മാലയിട്ട് ലൗകിക സുഖങ്ങള്‍ ഉപേക്ഷിച്ച് ഊണിലും ഉറക്കത്തിലും അയ്യപ്പനെ ധ്യാനിക്കുന്ന കാലം. പിന്നെ കെട്ടുനിറച്ച് ഇരുമുടിക്കെട്ടേന്തിയ യാത്ര. കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി അയ്യപ്പസന്നിധിയിലെത്തുമ്പോള് നാം കാണുന്നത് നാലക്ഷരമുള്ള ഒരു മഹാകാവ്യം, തത്ത്വമസി. സാമവേദത്തിന്റെ സാരമായ ആ സംസ്കൃത പദത്തിന്റെ അര്‍ത്ഥം 'തത്- ത്വം- അസി' അത് നീ ആകുന്നു എന്നാണ്. നീ ആരെയാണോ കാണാന്‍ വന്നിരിക്കുന്നത് അത് നീതന്നെയാണ്. അവനവന്റെ ഉള്ളിലെ പരമാത്മാവിനേയും ജീവാത്മാപരമാത്മാബന്ധത്തേയുമാണ് ഇവ സൂചിപ്പിക്കുന്നത്.
നീ അന്വേഷിക്കുന്ന ഭഗവാന് നീ തന്നെയാണെന്ന വേദാന്തതത്ത്വം ഉദ്ഘോഷിക്കുകയാണിവിടെ. കാടും മലയും ദേശാന്തരങ്ങളും താണ്ടി ഭക്തര്‍ പതിനെട്ടുപടികള്‍ ചവുട്ടിയെത്തി നില്ക്കുക- 'തത്ത്വമസി' എന്ന മഹാദര്‍ശനത്തിന് മുന്നിലാണ്. കൊടിമരത്തിന് പിന്നിലായി ഈ മഹാകാവ്യം ആലേഖനം ചെയ്തിരിക്കുന്നു. അത് നീതന്നെ എന്നെ ഉദ്ഘോഷണത്തില്‍ വ്യക്തമാകുന്നത് ഭക്തനും ഭഗവാനും ഒന്നാണെന്ന് മാത്രമല്ല, സര്‍വ്വചരാചരവും ഒന്നാണെന്ന ദര്‍ശനമഹത്വം കൂടിയാണ്.
ഭക്തനും ദേവനും പ്രകൃതിയും ജീവജാലങ്ങളുമെല്ലാം ഒന്നുതന്നെ. ഈ ദര്‍ശനം മറ്റൊരിടത്തില്ല. അതുപോലെ തന്നെ മറ്റൊരിടത്തുനിന്നും കിട്ടാത്ത പ്രശാന്തിയോടെയാണ് ഓരോ ഭക്തനും ഭഗവാനെ തൊഴുത് മലയിറങ്ങുന്നത്. ഈ തീര്‍ത്ഥാടനം മനസ്സിനും ശരീരത്തിനുമേകുന്ന ഊര്‍ജ്ജം അനുഭവിച്ചുതന്നെ അറിയേണ്ടതാണ്.
കലിയുഗത്തില്‍ എല്ലാ ദൈവങ്ങളിലും ശ്രേഷ്ഠന് അയ്യപ്പനാണെന്ന് ഒരു പ്രമാണമുണ്ട്. ഇതിനുകാരണം ഭഗവാന് കലിയുഗവരദനാണ് എന്നതും അയ്യപ്പന് വേഷം, ജാതി, മതം എന്നിവയില്‍ വ്യത്യാസമില്ല എന്നതുമാണ്. ഏത് മതവിശ്വാസികള്‍ക്കും അയ്യപ്പക്ഷേത്രത്തില്‍ പോകാം. ഇവിടെ തൊട്ടുകൂടായ്മയില്ല. പക്ഷേ ശബരിമല ദര്‍ശനത്തിനുള്ള ആചാരാനുഷ്ഠാനങ്ങള്‍ വളരെ കര്‍ക്കശമാണ്. മലയ്ക്ക് പോകുന്നു എന്ന തീരുമാനത്തില്‍ വ്രതമെടുത്ത് മാലയിട്ടാല്‍ അയാള്‍ ഭഗവാന് അയ്യപ്പന് തുല്യനാകും. എല്ലാവരും അയാളെ സ്വാമി എന്ന് വിളിക്കുകയും ചെയ്യും.
മലയ്ക്ക് പോകുവാന്‍ വ്രതം ആരംഭിച്ചുകഴിഞ്ഞാല്‍ ദര്‍ശനം കഴിയുംവരെ ആചാരാനുഷ്ഠാനം കര്‍ശനമായി പാലിക്കണം. മാംസാഹാരം, മദ്യം എന്നിവ വര്‍ജ്ജിക്കുകയോ പുലര്‍കാലത്ത് 'സ്വാമിയേ അയ്യപ്പാ' എന്ന് മന്ത്രിച്ച് കൊണ്ട് തണുത്ത വെള്ളത്തില്‍ കുളിക്കുകയും വേണം. ഇത്രമാത്രം അടുക്കും ചിട്ടയും പാലിച്ചുകൊണ്ടും മുന്‍കൂട്ടി തീരുമാനങ്ങളെടുത്തുകൊണ്ടും, ധാരണകളുണ്ടാക്കിക്കൊണ്ടും ഉള്ള ഒരു തീര്‍ത്ഥാടനം മലയാളിക്ക് വേറെയില്ല. മലയാളിക്കെന്നല്ല ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വന്നെത്തുന്നവരും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുമായ ഈശ്വരവിശ്വാസികളും അയ്യപ്പഭക്തരുമായ ആര്‍ക്കുമില്ല.
ഇരുമുടിക്കെട്ടുനിറച്ചുകൊണ്ടാണ് മലയാത്രയുടെ തുടക്കം. ആരുടെ ഇരുമുടിക്കെട്ടായാലും അതിനുള്ളിലുണ്ടാകുന്നത് ഒരേ വസ്തുക്കളാണ്. മുന്‍കെട്ടില്‍ സ്വാമിക്കുള്ളതും പിന്‍കെട്ടില്‍ ഭക്തര്ക്കുള്ളതും. 'സ്വാമിയേ ശരണമയ്യപ്പാ', 'സ്വാമിയേ അയ്യപ്പോ' എന്ന ശരണം വിളിയോടെയുള്ള സുദീര്‍ഘവും സുന്ദരവുമായ ഒരു അനുഭവം തന്നെയാണ്.
ശാസ്താവും മഹിഷിയും തമ്മിലുള്ള യുദ്ധത്തില്‍ ജയിച്ച് മഹിഷിയുടെ മേല്‍ കയറിനിന്ന് ശാസ്താവ് നൃത്തം ചെയ്ത സ്ഥലമാണ് എരുമേലി. എരുമേലിയില്‍ പേട്ടതുള്ളാതെ കന്നി അയ്യപ്പന്മാര് മലചവിട്ടരുത് എന്നാണ് പൂര്‍വ്വാചാരം. എരുമേലിയില്‍ നിന്നും പമ്പയിലെത്തിച്ചേരുന്ന അയ്യപ്പന്മാര് പമ്പയില്‍ പിതൃബലി അര്‍പ്പിച്ച് മുങ്ങിക്കുളിച്ചതിനുശേഷം പമ്പാഗണപതിയെ വന്ദിച്ചതിനുശേഷമാണ് നീലിമല കയറുക.
നീലിമല അടിവാരത്ത് വഴി രണ്ടായി പിരിയുന്നു. നീലിമല പാതയും സ്വാമി അയ്യപ്പന് റോഡുമായി. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡുവഴി സന്നിധാനത്തേയ്ക്ക് 3.100 കി.മീറ്ററും സ്വാമി അയ്യപ്പന് റോഡിലൂടെ മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡുവഴി സന്നിധാനത്തേയ്ക്ക് 3.50 കിലോമീറ്ററുമാണ്. തീര്‍ത്ഥാടനകാലത്ത് രണ്ടുപാതയും വണ്‍വേയാണ്. നീലിമല അപ്പാച്ചിമേട്, മരക്കൂട്ടം ശരംകുത്തി വഴി സന്നിധാനത്തേയ്ക്കും, ദര്‍ശനം കഴിഞ്ഞ് ചന്ദ്രാനന്ദന്‍ റോഡ്, സ്വാമി അയ്യപ്പന് റോഡുവഴിയാണ് മടക്കയാത്ര.
ശ്രീകോവില്‍ പോലെ പവിത്രമാണ് പതിനെട്ടാംപടി. അതിനാലാണ് പതിനെട്ടാംപടി കയറാന്‍ ശിരസ്സില്‍ ഇരുമുടിക്കെട്ട് വേണമെന്ന് പറയുന്നത്. ശ്രീകോവിലില്‍ ദേവനെ പൂജിക്കുന്നതുപോലെയാണ് പതിനെട്ടാം പടിയില്‍ പടിപൂജ നടക്കുന്നത്. പൂങ്കാവനത്തിലെ 18 മലകളെ പ്രതിനിധീകരിക്കുന്നതാണ് പതിനെട്ടാംപടിയെന്നാണ് ഒരു വിശ്വാസം. അതല്ല ഇന്ദ്രീയാനുഭവങ്ങളും രാഗങ്ങളും ഗുണങ്ങളും വിദ്യയും അവിദ്യയും എല്ലാം ചേരുന്നതാണ് പതിനെട്ടാംപടി എന്നതാണ് മറ്റൊരു വിശ്വാസം.
ആദ്യത്തെ അഞ്ചുപടികള്‍ ഇന്ദ്രിയാനുഭവങ്ങളേയും പിന്നീടുള്ള എട്ടെണ്ണം എട്ടുരാഗങ്ങളേയും അടുത്തവ മൂന്ന് ഗുണങ്ങളേയും പതിനെഴാംപടി അവിദ്യയേയും പതിനെട്ടാംപടി വിദ്യയേയും സൂചിപ്പിക്കുന്നു. പൊന്നമ്പമേട്, ഗൗഡന്‍മല, നാഗമാല, സുന്ദരമല, ചുറ്റമ്പലമല, ഖല്ഗി മല, മാതംഗമല, മൈലാട്ടുപേട്ട, ശ്രീപാദമല, ദേവര്‍മല, നിലക്കല്‍ മല, തറപ്പാനമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടി മല, ഇഞ്ചിപ്പാറമല, ശബരിമല എന്നീ 18 മലകളാണ് പതിനെട്ടാംപടിയെ സൂചിപ്പിക്കുന്നതെന്നും വിശ്വാസമുണ്ട്.
അഭിഷേക പ്രിയനാണ് അയ്യപ്പന്. അതിനാല്‍ ഭഗവാന് സമര്‍പ്പിക്കാന്‍ കഴിയുന്ന ഭക്തന്റെ മുഖ്യവഴിപാടാണ് നെയ്യഭിഷേകം. അയ്യപ്പമുദ്രയാണ് നെയ്ത്തേങ്ങ. നെയ്യ് ജീവാത്മാവാണ്. നെയ്യ് എടുത്തുകഴിഞ്ഞാല്‍ നെയ്ത്തേങ്ങാ മുറി ജഡമാകുന്നു. ജീവാത്മാവിനെ അയ്യപ്പനില്‍ ലയിപ്പിക്കാനാണ് നെയ്യഭിഷേകം. ജഡമായതിനാല്‍ നെയ്ത്തേങ്ങാമുറി ആഴിയില്‍ അര്‍പ്പിക്കുന്നു. വ്രതത്തിന്റെ സായൂജ്യമാണ് നെയ്യഭിഷേകമെന്നുപറയാം.
മണ്ഡലകാലം പിറന്നാല്‍ ഭക്തരെ പാടിയുണര്‍ത്തുന്നതും ഉറക്കുന്നതും അയ്യപ്പഭക്തിഗാനങ്ങളാണ്. അതേപോലെ ശബരിമല സന്നിധാനം ഉണരുന്നതും ഉറങ്ങുന്നതും സംഗീതം കേട്ടാണ്. സന്നിധാനത്തെ ഓരോ ചുവടിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സംഗീതത്തിന്റെ മാസ്മരിക സ്പര്‍ശമുണ്ട്. ഉണര്‍ത്തുപാട്ട് മുതല്‍ ഉറക്കപാട്ടുവരെ നീളുന്നവയാണത്. രാവിലെ അയ്യപ്പസന്നിധിയെ ഉണര്‍ത്തി ശ്രീകോവില്‍ നട തുറക്കുന്നത് 'വന്ദേ വിഘ്നേശ്വരം സുപ്രഭാതം...' എന്ന ഗാനമാധുരിയോടെയാണ്. ഉച്ചകഴിഞ്ഞ് ഒന്നിന് നടയടച്ചശേഷം മൂന്നിന് നട തുറക്കുന്നത്(സീസണില്‍ അല്ലെങ്കില്‍ 5 മണിക്ക്) 'ശ്രീകോവില്‍ നടതുറന്നു...' എന്ന ഗാനത്തോടെയാണ്. 'ഹരിവരാസനം' പാടിയാണ് രാത്രി നടയടയ്ക്കുന്നത്.
യേശുദാസിന്റെ സ്വരഗാംഭീര്യത്തിലാണ് സുപ്രഭാതവും ഹരിവരാസനവും സന്നിധാനം ശ്രവിക്കുന്നത്. പ്രശസ്ത സംഗീതജ്ഞയായ ജയവിജയന്മാരാണ് 'ശ്രീകോവില്‍ നട തുറന്നു പൊന്നമ്പലത്തില്‍ ശ്രീകോവില്‍ നട തുറന്നു' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഉഷഃപൂജയും ഉച്ചപൂജയും ദീപാരാധനയും അത്താഴപൂജയും സംഗീതസാന്ദ്രമാണ്. ഹരിവരാസനം പാടി നടയടയ്ക്കുന്നത് കാണാനും ഈ സമയത്ത് തിരുമുറ്റത്തെങ്കിലും നില്ക്കാന് ഭാഗ്യം ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത തീര്‍ത്ഥാടകരും കുറവാണ്. പക്ഷേ ഇതിനെല്ലാം അവസരം ലഭിക്കാന്‍ അയ്യപ്പസ്വാമിയുടെ കാരുണ്യമുണ്ടാകണം.
സ്വാമി അയ്യപ്പന് സിനിമയ്ക്കുവേണ്ടി(1975) യേശുദാസ് ആലപിച്ച അനുപമമായ ഗാനം- ഭക്തമനസ്സുകളെ മാത്രമല്ല, സംഗീതജ്ഞരേയും കീഴ്പ്പെടുത്തി. സ്വാമി അയ്യപ്പന് സിനിമയുടെ ജനപ്രീതിയും കലാമൂല്യവും മാത്രമല്ല അതില്‍ യേശുദാസ് പാടിയ ഹരിവാസരം കേള്‍പ്പിച്ചാണ് അത്താഴപൂജ കഴിഞ്ഞ് നടയടക്കുന്നത്. അമ്പത്തൊന്നു വര്‍ഷമായിട്ട് അന്നുമുതല്‍ ഇന്നുവരെ നട തുറന്നിരിക്കുന്ന സമയങ്ങളില്‍ ഈ പതിവ് മുടങ്ങിയിട്ടില്ല. അയ്യപ്പന് ഉറങ്ങാന്‍ പോകുന്നത് യേശുദാസിന്റെ ഹരിവരാസനം കേട്ടുതന്നെ.
ശനിദോഷദുരിതങ്ങള്ക്ക് മികച്ച പരിഹാരമാണ് മണ്ഡല- മകരവിളക്കുകാലവ്രതവും ശ്രീധര്മ്മശാസ്താദര്ശനവും. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശ, ശനി അപഹാരം തുടങ്ങിയവ മിക്ക ഈശ്വര വിശ്വാസികളും വല്ലാതെ ഭയക്കുന്നു. ഈ ഭയത്തിനുകാരണം ശനി ഗോചരാലും ജാതകത്തിലും ദുഃസ്ഥാനങ്ങളിലാകുമ്പോള് പരമാവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നതാണ്.
ശനിദോഷ പരിഹാരം മാത്രമല്ല, എല്ലാം പരിപാലിക്കുന്ന പരിപൂര്‍ണ്ണ ചൈതന്യമായി സ്വാമിഅയ്യപ്പനെ ഭക്തര്‍ കണക്കാക്കുന്നു.
'സ്വാമിയേ ശരണമയ്യപ്പ
ഓം ഭൂതനാഥ സദാനന്ദാ
സര്‍വ്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമഃ'
ബാബുരാജ് പൊറത്തിശ്ശേരി
9846025010
