ശബരിമലയിലെ നിവേദ്യങ്ങള്‍

ശബരിമലയിലെ നിവേദ്യങ്ങള്‍

 

ഭഗവാനും ഭക്തനും ഒരേ പേരില്‍ അറിയപ്പെടുന്ന ദിവ്യസന്നിധിയാണ് ശബരിമല. സാധാരണ മനുഷ്യനെ ദൈവികതയുള്ള അയ്യപ്പനാക്കി മാറ്റുന്ന പുണ്യയിടമാണിത്. അയ്യപ്പദര്‍ശനത്തിലൂടെ അനുഭവിച്ച അവാച്യമായ അനുഭൂതിയെക്കുറിച്ച് ഓരോ ഭക്തനും ഏറെ പറയാറുണ്ടാകും. മംഗളമൂര്‍ത്തിയാണ് ശ്രീഭൂതനാഥന്‍. സേവിപ്പവര്‍ക്ക് ആനന്ദമൂര്‍ത്തിയും അഭയവരദായകനുമാണ് അവിടുന്ന്. സമഭാവനയുടെ ആ ദിവ്യസന്നിധിയിലെ നിവേദ്യത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ടത്രേ...

നിര്‍മ്മാല്യസമയത്ത് അഷ്ടാഭിഷേകം നടത്തുന്നു. തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് അഷ്ടാഭിഷേകം. ഭസ്മം, പാല്‍, തേന്‍, പഞ്ചാമൃതം, കരിക്കിന്‍വെള്ളം, കളഭം, പനിനീര് എന്നീ ക്രമത്തിലാണ് അഷ്ടാഭിഷേകം നടത്തുന്നത്. തുടര്‍ന്ന് ഭഗവാന് മലര്‍ നിവേദ്യം സമര്‍പ്പിക്കുന്നു.

രാവിലെ 7.30 ന് ഉഷഃപൂജ. ഇടിച്ചുപിഴിഞ്ഞ പായസമാണ് ഉഷഃപൂജയ്ക്ക് നിവേദ്യമായി സമര്‍പ്പിക്കുന്നത്. ഇത് വില്‍പ്പനയ്ക്കായി നല്‍കാറില്ല. തിടപ്പള്ളിയില്‍നിന്ന് ഭക്തര്‍ക്ക് സൗജന്യമായി കൊടുക്കുകയാണ് പതിവ്. ഉഷഃപൂജയ്ക്കുശേഷം ഉദയാസ്തമനപൂജയ്ക്ക് തുടക്കമാകും. അഭീഷ്ടസിദ്ധിക്കുള്ള ഏറ്റവും വലിയ വഴിപാടാണിത്. 18 ഭാഗങ്ങള്‍ ചേര്‍ന്നതാണ് ഉദയാസ്തമനപൂജ. ഓരോ പ്രാവശ്യവും നിവേദ്യത്തോടെയുള്ള പൂജയാണിത്.

തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഉച്ചപൂജ. സഹസ്രകലശാഭിഷേകം തുടങ്ങിയ വിശേഷാല്‍ വഴിപാടുകള്‍ ഉച്ചപൂജയുടെ കാലത്താണ് നടക്കുന്നത്. പ്രസന്നപൂജയ്ക്ക് ശേഷം ത്രിമധുരം നേദിക്കുന്നു. വെള്ളച്ചോറും അരവണയുമാണ് ഉച്ചപൂജയുടെ നിവേദ്യം. ഇതിലെ അരവണ വില്‍പ്പനയ്ക്കായി നല്‍കാറില്ല.

അത്താഴപൂജയ്ക്ക് അപ്പം, വെള്ളച്ചോറ്, പാനകം എന്നിവയാണ് നിവേദ്യങ്ങള്‍. കഷായക്കൂട്ടാണ് പാനകം. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് പാനകം ദിവ്യ ഔഷധമാണ്. വനമദ്ധ്യത്തിലെ മഞ്ഞും തണുപ്പും ഏറ്റ് രോഗങ്ങള്‍ വരാതിരിക്കാനും പാനകം നല്ലൊരു ഔഷധമാണ്. അത്താഴപൂജയ്ക്കുശേഷം ഹരിവാസരം പാടി അയ്യപ്പനെ ഉറക്കുന്നു. മേല്‍ശാന്തിയും മറ്റ് ശാന്തിമാരും ചേര്‍ന്നാണ് ശ്രീകോവിലിനുള്ളില്‍ ഹരിവരാസനം പാടുന്നത്. ശ്രീകോവിലിന് പുറത്ത് ഇതേസമയം യേശുദാസ് ആലപിച്ച ഹരിവരാസനം ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുന്നു.