വിവാഹകാര്യത്തില്‍ പുരുഷന്മാരില് കാണേണ്ട സാമുദ്രിക ലക്ഷണങ്ങള്‍
വിവാഹജീവിതത്തിന്റെ വിജയത്തിന് ധനസമ്പത്തോ സൗന്ദര്യമോ മാത്രം മതിയാകില്ല. ധൈര്യം, കഠിനാധ്വാനം, വിനയം, കുടുംബസ്നേഹം, ക്ഷമ, ആത്മവിശ്വാസം, ആരോഗ്യബോധം, സാമൂഹിക ഉത്തരവാദിത്വം എന്നിവയാണ് ഒരു നല്ല ഭര്‍ത്താവിന്റെ യഥാര്ത്ഥസ്വത്ത്. സാമുദ്രിക ശാസ്ത്രം ഈ ഗുണങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പ്രാചീന വിജ്ഞാനശാഖയാണ്. അതിനാല്‍ വിവാഹതിരഞ്ഞെടുപ്പില് പുറംഭംഗിക്കപ്പുറം സ്വഭാവഗുണങ്ങള്‍ക്കും ജീവിതമൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടത് അനിവാര്യമാണ്.
ഗുണസമ്പന്നനായ പുരുഷനാണ് സന്തുഷ്ട കുടുംബത്തിന്റെയും സുസ്ഥിര സമൂഹത്തിന്റെയും അടിത്തറ.
ഭാരതീയ സംസ്ക്കാരത്തില്‍ വിവാഹം ഒരു സാമൂഹിക ഉടമ്പടി മാത്രമല്ല, മറിച്ച് ധര്‍മ്മപരവും ആത്മീയവുമായ ഒരു സംസ്ക്കാരമാണ്. ഒരു കുടുംബത്തിന്റെ രൂപീകരണത്തിനും സമൂഹത്തിന്റെ സ്ഥിരതയ്ക്കും വിവാഹം അടിസ്ഥാനശിലയായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ പുരാതന ഭാരതീയ ജ്ഞാനശാഖകള്‍ വിവാഹയോഗ്യരായ സ്ത്രീ-പുരുഷന്മാരുടെ ഗുണങ്ങളും സ്വഭാവങ്ങളും വിലയിരുത്തുന്നതിനായി വിവിധ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് സാമുദ്രിക ലക്ഷണശാസ്ത്രം.
സാമുദ്രികശാസ്ത്രം മനുഷ്യന്റെ ശരീരഘടന, അംഗലക്ഷണങ്ങള്‍, നടപ്പ്, വാക്കുകള്‍, പെരുമാറ്റം, സ്വഭാവം എന്നിവ നിരീക്ഷിച്ച് അവന്റെ വ്യക്തിത്വവും ഭാവിജീവിത സാധ്യതകളും മനസ്സിലാക്കാന്‍ സഹായിക്കുന്ന ശാസ്ത്രമാണ്. വിവാഹ തിരഞ്ഞെടുപ്പില്‍ ഈ ശാസ്ത്രം വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് വഹിക്കുന്നത്. കാരണം, ഒരു കുടുംബത്തിന്റെ, ഭാവി ഭര്‍ത്താവിന്റെയും ഭാര്യയുടെയും സ്വഭാവഗുണങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
സാമുദ്രികശാസ്ത്രപ്രകാരം വിവാഹത്തിന് അനുയോജ്യനായ പുരുഷനില്‍ താഴെ പറയുന്ന ഗുണങ്ങള്‍ ഉണ്ടായിരിക്കണം.
1. ധൈര്യവും സഹിഷ്ണുതയും
ജീവിതത്തിലെ പ്രതിസന്ധികളെ ഭയപ്പെടാതെ നേരിടാന്‍ കഴിവുള്ളവനാകണം പുരുഷന്. സിംഹത്തിന്റെ ധൈര്യവും പര്‍വ്വതത്തിന്റെ സ്ഥിരതയും അവനില്‍ ഉണ്ടായിരിക്കണം. ധൈര്യവും ഉത്സാഹവും ഉള്ള, കഠിനാധ്വാനിയായ മനുഷ്യനെയാണ് ലക്ഷ്മി (ഐശ്വര്യം, വിജയം, സമൃദ്ധി) അനുഗ്രഹിക്കുന്നത്. പരിശ്രമശാലിയും ധൈര്യശാലിയുമായ മനുഷ്യനെയാണ് ഭാഗ്യം അനുഗമിക്കുന്നത്.
2. കരുതലും ഉത്തരവാദിത്തബോധവും
സ്വന്തം കുടുംബാംഗങ്ങളുടെയും ജീവിതപങ്കാളിയുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവനാണ് ഉത്തമപുരുഷന്. പ്രശ്നങ്ങളെ സൃഷ്ടിക്കുന്നവനല്ല, പരിഹരിക്കുന്നവനായിരിക്കണം.
3. ആരോഗ്യശീലങ്ങള്‍
നേരത്തെ എഴുന്നേല്ക്കുക. ശുചിത്വം പാലിക്കുക, ക്രമബദ്ധമായ ജീവിതരീതി പിന്തുടരുക എന്നിവ നല്ല ആരോഗ്യത്തിന്റെയും നല്ല സ്വഭാവത്തിന്റെയും സൂചനകളാണ്.
4. കഠിനാധ്വാനമനോഭാവം
അധ്വാനത്തെ ഭയക്കാത്തവനാണ് കുടുംബത്തിന്റെ ശക്തി. ജീവിതവിജയം നേടാന്‍ പ്രയത്നിക്കാനുള്ള മനസ്സ് അവനുണ്ടാകണം.
5. ഉദാരതയും പങ്കിടല്‍ മനോഭാവവും
സമ്പത്തും സന്തോഷവും കുടുംബാംഗങ്ങളുമായി പങ്കിടാന്‍ തയ്യാറുള്ളവനാണ് നല്ല മനുഷ്യന്. ത്യാഗത്തിലൂടെയാണ് യഥാര്‍ത്ഥ മഹത്വം കൈവരിക്കുന്നത്. സ്വാര്‍ത്ഥത ഉപേക്ഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ മഹത്വവും നിലനില്‍ക്കുന്ന വിജയവും കൈവരിക്കുന്നത്. സ്വാര്‍ത്ഥതയില്ലാതെ കുടുംബത്തിനുവേണ്ടി ജീവിക്കുകയും സ്വന്തം അധ്വാനഫലം മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുന്ന പുരുഷനാണ് യഥാര്‍ത്ഥ ഗൃഹനാഥന്. സാമുദ്രികശാസ്ത്രം ഉദാരതയെയും പങ്കുവയ്ക്കല്‍ മനോഭാവത്തെയും ഉത്തമപുരുഷന്റെ പ്രധാനഗുണങ്ങളായി കണക്കാക്കുന്നു. അത്തരം വ്യക്തികളാണ് കുടുംബത്തില്‍ സ്നേഹവും ഐക്യവും സമൃദ്ധിയും വളര്‍ത്തുന്നത്.
6. കേള്‍ക്കാനുള്ള കഴിവ്
ഭാര്യയുടെ അഭിപ്രായങ്ങളും വികാരങ്ങളും ശ്രദ്ധയോടെ കേള്‍ക്കുന്നവനാണ് നല്ല ഭര്‍ത്താവ്. ദാമ്പത്യവിജയത്തിന്റെ അടിസ്ഥാനം പരസ്പര ആശയവിനിമയാണ്.
7. കുടുംബ-തൊഴില്‍ സന്തുലനം
തൊഴില്‍രംഗത്തെ സമ്മര്‍ദ്ദങ്ങള്‍ കുടുംബത്തിലേക്ക് കൊണ്ടുവരാതെ സമതുലിതമായ ജീവിതം നയിക്കുന്നവന് കുടുംബസൗഖ്യത്തിന് അനുയോജ്യനാണ്.
8. സ്വകാര്യതയെ മാനിക്കല്‍
ദാമ്പത്യജീവിതത്തിലെ സ്വകാര്യ കാര്യങ്ങള്‍ പുറത്തുപറയാത്തത് വിശ്വാസത്തിന്റെ അടയാളമാണ്. സ്വകാര്യത സംരക്ഷിക്കുന്ന പുരുഷന് കുടുംബത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നു.
9. ക്ഷമയും സ്ഥിരോത്സാഹവും
പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകുന്നവര്‍ ജീവിതവിജയത്തിനും കുടുംബസ്ഥിരതയ്ക്കും അടിത്തറയാകുന്നു.
10. ലാളിത്യവും ക്രമാശീലവും
അനാവശ്യ വസ്തുക്കളോടും ശീലങ്ങളോടും അടിമപ്പെടാതെ ആവശ്യമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവന്‍ മാനസിക സമാധാനം കൈവരിക്കുന്നു.
11. ആത്മവിശ്വാസം
വിധിയുടെ പരീക്ഷണങ്ങള്‍ ഉണ്ടായാലും ആത്മവിശ്വാസം നഷ്ടപ്പെടാതെ മുന്നേറുന്നവന് കുടുംബത്തിന്റെ കരുത്താണ്.
12. വിനയവും സൗമ്യതയും
വിദ്യ വിനയം നല്കുന്നു. അഹങ്കാരമില്ലാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്ന പുരുഷന് സമൂഹത്തില്‍ ആദരിക്കപ്പെടുന്നു.
13. സംതൃപ്തി
ഉള്ളതില്‍ സന്തോഷിക്കുകയും ഇല്ലാത്തതിനെക്കുറിച്ച് നിരന്തരം ദുഃഖിക്കാതിരിക്കുകയും ചെയ്യുന്നവന് കുടുംബത്തില്‍ സമാധാനം വളര്‍ത്തുന്നു.
14. ആരോഗ്യബോധം
പോഷകാഹാരം, വ്യായാമം, ആരോഗ്യസംരക്ഷണം എന്നിവയില്‍ ശ്രദ്ധ പുലര്ത്തുന്നവന് ദീര്‍ഘകാല കുടുംബക്ഷേമത്തിന് കാരണമാകുന്നു.
15. മിതമായ ഉറക്കം
അമിതനിദ്ര ഒഴിവാക്കി ആരോഗ്യകരമായ ഉറക്കക്രമം പാലിക്കുന്നവന് ഉത്സാഹവും ഉല്‍പ്പാദനക്ഷമതയും കൈവരിക്കുന്നു.
16. സാമൂഹിക ബഹുമാനം
സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ബഹുമാനിക്കുന്ന വ്യക്തിക്ക് നല്ല സ്വഭാവവും വിശ്വാസ്യതയും ഉണ്ടാകും.
17. നിര്‍ഭയത്വം
അനീതിക്കും അപകടങ്ങള്‍ക്കും മുന്നില്‍ പിന്മാറാതെ കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുന്നവന് യഥാര്‍ത്ഥ ഗൃഹനാഥനാണ്.
18. ജോലിയോടുള്ള ആത്മാര്‍ത്ഥത
പ്രതിസന്ധികള്‍ക്കിടയിലും തന്റെ കടമകള്‍ ആത്മാര്‍ത്ഥമായി നിര്വ്വഹിക്കുന്നവനാണ് വിജയത്തിന്റെ യഥാര്‍ത്ഥ അവകാശി.
19. സംയമനവും അഹിംസയും
ക്ഷമയാണ് വീരന്റെ ആഭരണം. കോപത്തെ നിയന്ത്രിക്കാനും സംഘര്‍ഷങ്ങളെ സമാധാനപരമായി പരിഹരിക്കാനും കഴിവുള്ളവനാണ് ഉത്തമപുരുഷന്.
20. ശുഭാപ്തിവിശ്വാസം
ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടാതെ സ്വപ്നങ്ങളെ പിന്തുടരുന്നവന് കുടുംബത്തിനും സമൂഹത്തിനും പ്രചോദനമാണ്. വിജയത്തിലേക്കുള്ള യാത്രയില്‍ പരാജയങ്ങള്‍ താല്‍ക്കാലികമാണെന്ന് അവന് മനസ്സിലാക്കുന്നു.
സാമുദ്രിക ശാസ്ത്രത്തില്‍ പറയുന്ന ചില ശാരീരിക പുരുഷ ലക്ഷണങ്ങള്‍
പുരാതനഗ്രന്ഥങ്ങളില്‍ ഉത്തമപുരുഷന്റെ ചില ശരീരലക്ഷണങ്ങള്‍ പരാമര്‍ശിക്കുന്നു.
* വിശാലവും ഉയര്‍ന്നതുമായ നെഞ്ച്
* സമതുലിതമായ ശരീരഘടന
* തെളിഞ്ഞതും സ്ഥിരതയുള്ളതുമായ ദൃഷ്ടി
* ഗംഭീരവും മൃദുവുമായ ശബ്ദം
* സിംഹഗതി പോലുള്ള ഉറച്ച നടപ്പ്
* ശുചിത്വവും പ്രസന്നതയും നിറഞ്ഞ മുഖം
* ശക്തമായ ഭുജങ്ങള്‍
* അനാവശ്യ ചലനങ്ങളില്ലാത്ത സമചിത്തമായ പെരുമാറ്റം ഇവയെല്ലാം ആത്മവിശ്വാസത്തിന്റെയും നേതൃത്വശേഷിയുടെയും സൂചനകളായി സാമുദ്രിക ശാസ്ത്രം കണക്കാക്കുന്നു.
വിവാഹജീവിതത്തിന്റെ വിജയത്തിന് ധനസമ്പത്തോ സൗന്ദര്യമോ മാത്രം മതിയാകില്ല. ധൈര്യം, കഠിനാധ്വാനം, വിനയം, കുടുംബസ്നേഹം, ക്ഷമ, ആത്മവിശ്വാസം, ആരോഗ്യബോധം, സാമൂഹിക ഉത്തരവാദിത്വം എന്നിവയാണ് ഒരു നല്ല ഭര്‍ത്താവിന്റെ യഥാര്ത്ഥസ്വത്ത്. സാമുദ്രിക ശാസ്ത്രം ഈ ഗുണങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പ്രാചീന വിജ്ഞാനശാഖയാണ്. അതിനാല്‍ വിവാഹതിരഞ്ഞെടുപ്പില് പുറംഭംഗിക്കപ്പുറം സ്വഭാവഗുണങ്ങള്‍ക്കും ജീവിതമൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടത് അനിവാര്യമാണ്.
ഗുണസമ്പന്നനായ പുരുഷനാണ് സന്തുഷ്ട കുടുംബത്തിന്റെയും സുസ്ഥിര സമൂഹത്തിന്റെയും അടിത്തറ.
ബ്രഹ്മശ്രീ ഡോ. പാടൂര്‍ സുബ്രഹ്മണ്യശാസ്ത്രികള്‍,
ഫോണ്‍: 8943340423
