ശനിദോഷമകറ്റുന്ന ശംഖുപുഷ്പം
നീലശംഖുപുഷ്പങ്ങള്‍ കണ്‍ദൃഷ്ടി, ശത്രുതാമനോഭാവം എന്നീ നെഗറ്റീവ് എനര്‍ജികളെ തന്നിലേക്ക് വലിച്ചെടുക്കുന്നു. ദൈവിക വൈബ്രേഷനുകളുള്ള ഈ പൂക്കള്‍ ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച് അനുഗ്രഹം നേടാം. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ശംഖുപുഷ്പം പല നൂറ്റാണ്ടുകളായി ആയൂര്‍വേദ ഔഷധങ്ങളില്‍ അവിഭാജ്യഘടകമാണ്. മനുഷ്യമനസുകളെ ശാന്തമാക്കുന്ന മഹനീയ മരുന്നാണിത്.
നമുക്കെല്ലാം സുപരിചിതമായ പൂവാണ് ശംഖുപുഷ്പം. 'അപരാജിത' എന്നാണ് ഈ പൂവിന്‍റെ സംസ്കൃതത്തിലെ പേര്. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ശംഖുപുഷ്പം പല നൂറ്റാണ്ടുകളായി ആയൂര്‍വേദ ഔഷധങ്ങളില്‍ അവിഭാജ്യഘടകമാണ്. മനുഷ്യമനസുകളെ ശാന്തമാക്കുന്ന മഹനീയ മരുന്നാണിത്. അര്‍ബുദത്തെ തടയാനുള്ള ശേഷി, സൂക്ഷ്മാണുക്കളെ നിര്‍ജ്ജീവമാക്കുന്നു, ഉഷ്ണത്തെ ശമിപ്പിക്കുന്നു, വേദന അകറ്റുന്നു, വാതത്തെ ശമിപ്പിക്കുന്നു എന്നിങ്ങനെ പല രീതിയില്‍ മരുന്നായി ഉപയോഗിക്കുന്ന സസ്യമാണ് ശംഖുപുഷ്പം.
എല്ലാ ദൈവങ്ങള്‍ക്കും പ്രീതിയേകുന്ന വള്ളിപ്പൂക്കളില്‍ ഒന്നുമാണിത്. ശംഖ് മഹാവിഷ്ണുവിന്‍റെ പഞ്ച ആയുധങ്ങളില്‍ ഒന്നാണ്. ശിവന്‍റെ പക്കല്‍ നിന്നും ഭഗവാന്‍ ആ ശംഖ് തപസനുഷ്ഠിച്ച് നേടിയതാണെന്നാണ് ഐതിഹ്യം. അങ്ങനെ മഹാവിഷ്ണു തപസനുഷ്ഠിച്ച് ശംഖു നേടിയ സ്ഥലമാണ് തമിഴ്നാട്ടിലെ തിരുത്തലൈച്ചന്‍ കാട്.
ധാരാളം ശംഖുപുഷ്പങ്ങള്‍ പൂത്തുനിന്ന വനമായതിനാല്‍ 'ശംഖാരണ്യം' എന്നും ഇവിടെ കുടികൊണ്ട് അനുഗ്രഹം വര്‍ഷിക്കുന്ന മഹേശ്വരനെ 'ശംഖാരണ്യേശ്വരന്‍' എന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ശൈവ- വൈഷ്ണവ ഭേദമെന്യേ രണ്ടുദൈവങ്ങള്‍ക്കുമുള്ള പുഷ്പമായി ഇത് വിളങ്ങുന്നു. ശംഖുപുഷ്പം വെള്ളയും നീലയുമുണ്ട്.
പൊതുവേ വെള്ളനിറത്തിലുള്ള പൂക്കള്‍ ശുക്രന്‍റെ ആധിപത്യമുള്ളവയാണ്. വെള്ള പ്പൂക്കള്‍ കൊണ്ട് പുഷ്പാഞ്ജലി നടത്തി പ്രാര്‍ത്ഥിക്കുമ്പോള്‍, ശുക്രന്‍റെ അനുഗ്രഹത്തോടൊപ്പം ശുക്രന്‍റെ അധിപതിയായ മഹാലക്ഷ്മിയുടെ അനുഗ്രഹവും എളിതായി നേടാനാവുന്നു. അങ്ങനെ നോക്കുമ്പോള്‍ വെളുത്ത ശംഖുപുഷ്പം മഹാലക്ഷ്മിക്ക് പ്രിയപ്പെട്ട പുഷ്പമായി വിളങ്ങുന്നു. അതുപോലെ നീല ശംഖുപുഷ്പം ശനിയുടെ ആധിക്യം നേടിയവയാണ്.
നീല ശംഖുപുഷ്പം കൊണ്ട് പുഷ്പാഞ്ജലിയോ പൂജയോ ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍, ശനിദോഷത്തില്‍ നിന്നും നിവാരണം നേടുന്നതോടൊപ്പം, വിഷ്ണുവിന്‍റെ അനുഗ്രഹവും നേടാനാവും. ഈവിധം വൈകുണ്ഠവാസികളായ മഹാവിഷ്ണു, മഹാലക്ഷ്മി ഇരുവരുടെയും അനുഗ്രഹങ്ങള്‍ നേടിത്തരുവാന്‍ കഴിവുള്ള ദൈവമൂലികാ പുഷ്പമാണ് ഈ രണ്ടുതരം ശംഖുപുഷ്പങ്ങള്‍.
ഇത്രയും ദൈവികശക്തി നേടിയതിനോടൊപ്പം വീടുകളില്‍ വളര്‍ത്തുവാന്‍ അനുയോജ്യമായ വള്ളിച്ചെടിയായും ശംഖുപുഷ്പം വിളങ്ങുന്നു എന്നത് സവിശേഷതയാണ്. എവിടെയൊക്കെ ശംഖുപുഷ്പം സമൃദ്ധമായി പടര്‍ന്ന് പൂക്കുന്നുവോ, അവിടെയെല്ലാം മഹാലക്ഷ്മിയുടെ കടാക്ഷമുണ്ടാവും. വീട്ടില്‍ ഈ സസ്യം വളര്‍ത്തുന്നതിലൂടെ വാസ്തുപരമായ ദോഷങ്ങളും പരിഹരിക്കപ്പെടുന്നു.
പ്രത്യേകിച്ച് മഹാലക്ഷ്മിയുടെ അംശമായ വെണ്‍ശംഖ് പുഷ്പവും മഹാവിഷ്ണുവിന് പ്രിയങ്കരമായ നീലശംഖുപുഷ്പവും ഒരേയിടത്ത് വളര്‍ത്തിയാല്‍ ആ സ്ഥലം തന്നെ വൈകുണ്ഠത്തിന്‍റെ അംശമായി തീരും എന്നാണ് ആചാര്യമതം. ഈ രണ്ട് പൂവും ഒന്നിച്ചുവളരുന്ന വീടുകളില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളേ ഉണ്ടാവില്ല.
മഹാലക്ഷ്മിക്കും വീട്ടില്‍ ഉള്ള ദൈവങ്ങള്‍ക്കും വെള്ളിയാഴ്ച ദിവസം വെണ്‍ശംഖു പൂക്കളാല്‍ അര്‍ച്ചിച്ച് പാല്‍പായസം നേദിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ കടങ്ങളെല്ലാം നിവൃത്തിയായി വീട്ടില്‍ പണവരവ് ഉണ്ടാവുമെന്നാണ് വിശ്വാസം. അതുപോലെ ശനിയാഴ്ചകളില്‍ നീലശംഖുപുഷ്പം ദൈവത്തിന് അണിയിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഋണ-രോഗ(കടം, രോഗം) നിവാരണമുണ്ടാകുമെന്നാണ് വിശ്വാസം.
ഞരമ്പ്, തല സംബന്ധമായ രോഗങ്ങള്‍, വാതം, മാനസികപ്രശ്നങ്ങള്‍ എന്നിവയ്ക്കും ശമനം കിട്ടും. ശംഖുപുഷ്പം ഇട്ടുവെചച്ച ജലം കൊണ്ട് ശിവലിംഗത്തില്‍ തിരുമഞ്ജനം ചെയ്താല്‍ ശംഖാഭിഷേകം ചെയ്തതിന് സമാനമായ ഫലം കിട്ടുന്നു. ശനിയാഴ്ചകളില്‍ ഭൈരവന്‍, ഹനുമാന്‍ എന്നിവര്‍ക്ക് നീലശംഖുപുഷ്പങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാലും ഈ ഫലങ്ങളെല്ലാം ലഭിക്കുമെന്ന് പറയപ്പെടുന്നു.
ചൊവ്വാഴ്ചകളില്‍ ഗണപതിക്ക് ശംഖുപുഷ്പം സമര്‍പ്പിച്ച് തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ സര്‍പ്പദോഷം പൂര്‍ണ്ണമായും വിട്ടൊഴിയും എന്നാണ് വിശ്വാസം. ശിവലിംഗത്തിന് ശംഖുപുഷ്പമാല അണിയിച്ച് തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ആയുസിനെക്കുറിച്ചുള്ള ഭയം അകലും. മാനസിക വിഷയങ്ങള്‍ മാറി മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കും.
ശംഖുപുഷ്പത്തിന്‍റെ ചെടികള്‍ വീടിന്‍റെ മുന്‍വശത്ത് വളര്‍ത്താന്‍ കഴിയാത്തവര്‍ക്ക് പൂക്കള്‍ ശേഖരിച്ച് ഉരുളിയില്‍ പുതിയ വെള്ളം നിറച്ച് അതില്‍ പൂക്കള്‍ പരത്തി ഇട്ട് സ്വീകരണ മുറിയില്‍ വെയ്ക്കാം. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും.
നീലശംഖുപുഷ്പങ്ങള്‍ കണ്‍ദൃഷ്ടി, ശത്രുതാമനോഭാവം എന്നീ നെഗറ്റീവ്
എനര്‍ജികളെ തന്നിലേക്ക് വലിച്ചെടുക്കുന്നു. ദൈവിക വൈബ്രേഷനുകളുള്ള ഈ പൂക്കള്‍ ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച് അനുഗ്രഹം നേടാം.
