ജന്മാഭിലാഷവുമായി സന്നിധാനത്തെത്തിയ മേല്‍ശാന്തിമാര്‍
അയ്യപ്പന് പൂജ കഴിക്കുക എന്നുള്ളത് മറ്റെന്തിലുമുപരി വലിയൊരു ജീവിതാഭിലാഷമായി കണ്ടിരുന്ന മേല്‍ശാന്തിമാര്‍
കെട്ടുനിറച്ച് ശബരിമലയിലെത്തി; തിരിച്ചിറങ്ങിയത് മേല്‍ശാന്തിയായി
ഏറ്റവും കുറഞ്ഞപ്രായത്തില്‍ (26-ാം വയസ്സില്‍) ശബരിമല മേല്‍ശാന്തിയായ പൂന്തോട്ടം നാരായണന്‍ നമ്പൂതിരി.

1956 മേയ് മാസം 21-ാം തീയതി ലക്കിടി കിള്ളിക്കുറിശ്ശിമംഗലം പൂന്തോട്ടം മനയില്‍ ദിവാകരന്‍ നമ്പൂതിരിയുടെയും ഉമാദേവി അന്തര്‍ജ്ജനത്തിന്‍റെയും മകനായി ജനിച്ചു.
പത്താംക്ലാസ് കഴിഞ്ഞ് പൂജാവിധികള്‍ അഭ്യസിച്ച് ഒറ്റപ്പാലം വേങ്ങേരി മഹാദേവക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ചുമതലയേറ്റു. 1980 ല്‍ ആദ്യമായി കെട്ടുനിറച്ച് ശബരിമല ദര്‍ശനം നടത്തി. '82 ല്‍ ശബരിമല മേല്‍ശാന്തിസ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ഇന്‍റര്‍വ്യൂ പാസ്സാവുകയും ചെയ്തു.
നറുക്കെടുപ്പുദിവസം ശബരിമലയില്‍ സന്നിഹിതനാകണമെന്ന ആഗ്രഹത്തോടെ രണ്ടാമതും കെട്ടുനിറച്ച് മലയില്‍ എത്തി. തിരിച്ച് മലയിറങ്ങിയത് മേല്‍ശാന്തിസ്ഥാനവും കൊണ്ടാണ്. അങ്ങനെ 26-ാമത്തെ വയസ്സില്‍ ശബരിമല മേല്‍ശാന്തിയായി.
ഏറ്റവും പ്രായം കുറഞ്ഞ ശബരിമല മേല്‍ശാന്തി, നറുക്കെടുപ്പ് സമയത്ത് തിരുമുന്‍പില്‍ സന്നിഹിതനായിരുന്ന അപേക്ഷകന്‍, ഉപനിഷത്തത്ത്വങ്ങളിലെ ഏറ്റവും ശ്രേഷ്ഠ വാക്യമായ 'തത്ത്വമസി' 1982 ഡിസംബര്‍ 8 ന് മുഖമണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ഭാഗ്യം കിട്ടിയ മേല്‍ശാന്തി തുടങ്ങി നിരവധി അപൂര്‍വ്വഭാഗ്യങ്ങള്‍ സിദ്ധിച്ച വ്യക്തിയാണ് പൂന്തോട്ടം നാരായണന്‍ നമ്പൂതിരി.
ആദ്യ പുറപ്പെടാശാന്തിയാകുവാന്‍ അയ്യപ്പന്‍ നല്‍കിയ നിയോഗം
നീലമന ഗോവിന്ദന്‍ നമ്പൂതിരി (ആദ്യ പുറപ്പെടാ ശാന്തി)

1995 ല്‍ ശബരിമല മേല്‍ശാന്തിയായിരുന്ന വിഷ്ണുനമ്പൂതിരി പള്ളിയില്‍ പോയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് ശബരിമലയില്‍ ഒരു ദേവപ്രശ്നം നടത്തുകയുണ്ടായി. അതിന്‍പ്രകാരമാണ് ആദ്യമായി '95 വൃശ്ചികം ഒന്ന് മുതല്‍ പുറപ്പെടാശാന്തി എന്ന സ്ഥിതിയുണ്ടായത്. അതായത് മേല്‍ശാന്തിയായി ചുമതലയേല്‍ക്കുന്നയാള്‍ അടുത്ത മേല്‍ശാന്തിക്ക് താക്കോല്‍ കൈമാറുന്നതുവരെയുള്ള ഒരു വര്‍ഷക്കാലം സന്നിധാനത്ത് തന്നെ താമസിക്കണം. ആ വര്‍ഷം നടന്ന നറുക്കെടുപ്പിലൂടെയാണ് നീലമന ഗോവിന്ദന്‍ നമ്പൂതിരി എന്ന ഞാന്‍ ശബരിമലയിലെ ആദ്യപുറപ്പെടാ മേല്‍ശാന്തിയായത്.
'91 ലും '92 ലും, '94 ലും മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്‍കുകയും സെലക്ഷന്‍ കിട്ടുകയും ചെയ്തെങ്കിലും നറുക്കെടുപ്പില്‍ അവസരം ലഭിക്കാതെ പോയി. തുടര്‍ന്ന് '95 ജൂലൈ മാസത്തില്‍ ശബരിമല ദേവസ്വത്തില്‍ കീഴ്ശാന്തിയായി നിയമനം ലഭിച്ചു. എന്നാല്‍ നിലവിലെ കീഴ്ശാന്തി തുടരുവാനുള്ള ഉത്തരവ് വന്നതിനാല്‍ അത് നടന്നില്ല. തുടര്‍ന്ന് അതേവര്‍ഷം മേല്‍ശാന്തി നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചപ്പോള്‍ അപേക്ഷ സമര്‍പ്പിക്കുകയും നറുക്കെടുപ്പിലൂടെ ശബരിമല മേല്‍ശാന്തിയാവുകയും ചെയ്തു.
അങ്ങനെ'95 ലെ ദേവപ്രശ്നത്തിലെ പരിഹാരക്രിയകള്‍ '96 ല്‍ നടന്നപ്പോള്‍ കണ്ഠരര് മഹേശ്വരര് തന്ത്രിക്കൊപ്പം കാര്‍മ്മികത്വം വഹിക്കാന്‍ കഴിഞ്ഞു. ഞങ്ങളുടെ കുടുംബത്തില്‍നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശബരിമലയില്‍ ശാന്തി കഴിച്ച് തിരികെ വരുംവഴി ആനകുത്തിമരിച്ച ഒരു രക്ഷസ്സ് ഉണ്ടായിരുന്നു. ആ രക്ഷസ്സിന്‍റെ സാന്നിധ്യം ശബരിമലയില്‍ ഉണ്ടെന്നും, നടതുറക്കുന്ന എല്ലാ ദിവസങ്ങളിലും രക്ഷസ്സിന് പാല്‍പ്പായസനിവേദ്യം നടത്തണമെന്നുമുള്ള ദേവപ്രശ്നത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തുന്നതിനും അയ്യപ്പന്‍റെ അനുഗ്രഹത്താല്‍ കഴിഞ്ഞു.
അന്ന് പുറപ്പെടാശാന്തിയായ എനിക്ക് താമസസൗകര്യം ഒരുക്കിയത് പമ്പയിലായിരുന്നു. ശബരിമല നട അടച്ചുകഴിഞ്ഞാല്‍, പമ്പയില്‍ താമസിക്കുമ്പോള്‍ കോറോത്ത് ബാലകൃഷ്ണ മേനോന്‍ എന്ന ജ്യോതിഷ പണ്ഡിതന്‍ പമ്പയില്‍ വരികയും എന്നെ ജ്യോതിഷം പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ നല്ല രീതിയില്‍ ജ്യോതിഷം പ്രാക്ടീസ് ചെയ്യുന്നുമുണ്ട്.
തന്ത്രിമാരുടെ അഭിപ്രായത്തിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെ ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍, ശബരിമലയിലെ പുറപ്പെടാ മേല്‍ശാന്തി സംവിധാനത്തിന് ചിട്ടയോടുകൂടിയ തുടക്കം കുറിക്കുന്നതിനും അയ്യപ്പന്‍റെ അനുഗ്രഹത്താല്‍ കഴിഞ്ഞു.
അതിനുശേഷം 2021 ല്‍ എന്‍റെ അനുജന്‍ നീലമന എന്‍. പരമേശ്വരന്‍ നമ്പൂതിരിയും ശബരിമല മേല്‍ശാന്തിയായിരുന്നു. അതിനുള്ള ഭാഗ്യം ഞങ്ങളുടെ കുടുംബത്തിന് ലഭിച്ചു.
എല്ലാറ്റിനും ശബരിമല ധര്‍മ്മശാസ്താവിന്‍റെ തൃപ്പാദങ്ങളില്‍ പ്രണമിക്കുന്നു.
മാളികപ്പുറത്തുനിന്ന് ശബരിമലയിലേക്ക്...
വിഷ്ണു നമ്പൂതിരി (ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തി)
ഇരിങ്ങാലക്കുട ഗ്രാമത്തില്‍ കാട്ടൂര്‍ പൊങ്ങണം ദേശത്ത് കൂനമ്പിള്ളി ഇല്ലത്ത് വാസുദേവന്‍ ഭട്ടതിരിപ്പാടിന്‍റെയും, സാവിത്രി അന്തര്‍ജ്ജനത്തിന്‍റെയും മക്കളില്‍ നാലാമനാണ് ഞാന്‍. നാല് മഹാരഥന്മാരായ അഗ്നിഹോത്രികള്‍ യാഗം ചെയ്ത ഭൂമിയിലാണ് ഇല്ലം സ്ഥിതി ചെയ്തിരിക്കുന്നത്. ഗുരുകാരണവന്‍മാരുടെയും സാക്ഷാല്‍ ഊരകത്തമ്മയുടെയും അനുഗ്രഹം കൊണ്ടാണ് ആ മഹാ ഉന്നതിയിലേക്ക് ഞാന്‍ നിയോഗിക്കപ്പെട്ടത്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രി നേടുമ്പിള്ളി തരണനല്ലൂര്‍ ചെറിയ പത്മനാഭന്‍ നമ്പൂതിരിപ്പാടില്‍നിന്ന് അത്യാവശ്യം പൂജകള്‍ പഠിച്ചശേഷം, ഊരകത്തമ്മ തിരുവടിയുടെ മേല്‍ശാന്തിയായി ഇരുന്നപ്പോള്‍ കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹിക്കുകയും ബ്രഹ്മശ്രീ മല്ലിശ്ശേരി ശങ്കരന്‍ നമ്പൂതിരിയുടെ കീഴില്‍ പൂജാദികര്‍മ്മങ്ങള്‍ കൂടുതലായി പഠിക്കുകയും ചെയ്തു.
അതിനുശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാകണമെന്ന് ഒരാഗ്രഹമുണ്ടാവുകയും 1986 ല്‍ അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇരിങ്ങാലക്കുട ഗ്രാമക്കാരന്‍ എന്നുപറഞ്ഞ് എന്നെ ഒഴിവാക്കുകയായിരുന്നു. അതിനുശേഷം എന്നെപ്പോലുള്ളവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ശബരിമല ക്ഷേത്രത്തിലേക്ക് അപേക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായി. അങ്ങനെ മാളികപ്പുറത്തേക്കും ശബരിമലയിലേക്കും അപേക്ഷിച്ചു.

ദൈവനിയോഗം എന്നുപറയട്ടെ, ആദ്യഅപേക്ഷയില്‍തന്നെ മാളികപ്പുറത്തമ്മയുടെ മേല്‍ശാന്തിയാകുവാന്‍ സാധിച്ചു. അന്ന് ആദ്യമായിട്ടാണ് മാളികപ്പുറത്തമ്മയ്ക്ക് അഭിഷേകവും നിവേദ്യങ്ങളും കിട്ടിത്തുടങ്ങിയതെന്നു തോന്നുന്നു.
കാലത്തും വൈകിട്ടും കുറേസമയം ഞാന്‍ ദേവിയുടെ സമീപം ചെലവഴിക്കാറുണ്ടായിരുന്നു. ഭഗവതിക്ക് നിത്യവും പതിനെട്ട് ഉരു ശ്രീസൂക്തം അഭിഷേകം ചെയ്തുപോന്നു. ഒരാവശ്യവും ഭഗവതിയോട് ഞാന്‍ അപേക്ഷിച്ചിരുന്നില്ല. അവിടെയിരുന്ന് ശബരിമല അയ്യപ്പനേയും, അവിടുത്തെ ആചാരങ്ങളേയും പവിത്രതയേയും കുറിച്ചൊക്കെ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞു.
പുതിയ ശബരിമല മേല്‍ശാന്തിക്കുള്ള അപേക്ഷാസമയം വന്നപ്പോള്‍ അന്നത്തെ തന്ത്രി കണ്ഠരര് നീലകണ്ഠരരോട് ഞാനെന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അനുഗ്രഹത്താലും ഉപദേശത്താലുമാണ് വീണ്ടും ശബരിമലയിലേയ്ക്കപേക്ഷിച്ചത്. അങ്ങനൊരു കീഴ്വഴക്കം ഇല്ലാതിരുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ആദ്യം സംശയം ഉന്നയിച്ചെങ്കിലും ഒടുവില്‍ അപേക്ഷ സ്വീകരിക്കുകയും, നറുക്കെടുപ്പില്‍ ശബരിമല മേല്‍ശാന്തിയായി എനിക്ക് നറുക്ക് വീഴുകയും ചെയ്തു.
ഏതായാലും ശബരിമലയിലേക്ക് എനിക്ക് നറുക്ക് വീണത് മാളികപ്പുറത്തമ്മയുടെ അനുഗ്രഹത്താലാണെന്ന് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു.
കലികാലവരദനായ ശ്രീ അയ്യപ്പന്‍ ധര്‍മ്മസംരക്ഷണത്തിനും സത്യത്തിനും വേണ്ടി, ലോക സംരക്ഷണത്തിനായി നിലകൊള്ളുന്നു എന്നത് പരമാര്‍ത്ഥമാണ്. അവിടുത്തെ തന്ത്രി മുതല്‍ അടിച്ചുതളിവരെയുള്ള ജീവനക്കാര്‍ക്ക് ആ സത്യം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശബരിമലയുടെ ഒരു ശാപമാണ്. ഇവര്‍ക്ക് ബഹുമാനപ്പെട്ട ദേവസ്വം ബോര്‍ഡ് ഒരു പഠനക്ലാസ്(ട്രെയിനിംഗ്) നല്‍കേണ്ടതാണെന്ന് എനിക്ക് അഭിപ്രായമുണ്ട്.
സത്യം, സമത്വം, സ്വാതന്ത്ര്യം അവരെ ഉരുവിട്ട് പഠിപ്പിച്ചാല്‍ അത് അവിടെ വരുന്ന ഭക്തജനങ്ങള്‍ക്ക് ഒരനുഗ്രഹമാകും. പണത്തിന് മുകളിലാണ് ശാസ്താവെന്ന് എല്ലാവരും മനസ്സിലാക്കട്ടെ.
ഇവിടെ മാത്രമേ നാം ഓരോരുത്തരും തത്ത്വമസിയിലേക്ക് എത്തിച്ചേരുന്നുള്ളൂ.
സന്നിധാനത്തുതന്നെ താമസിച്ച ആദ്യ പുറപ്പെടാശാന്തി ഞാനാണ്...
രാമന്‍ നമ്പൂതിരി( സന്നിധാനത്ത് താമസിച്ച ആദ്യ പുറപ്പെടാമേല്‍ശാന്തി. ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തിയായിരുന്നു)

ഇന്നത്തെ വിഷയങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ സങ്കടം വരികയാണ്. പണ്ട് ഞങ്ങളുടെ കാലത്ത് എത്ര പരസ്പരസ്നേഹത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ബോര്‍ഡുമായിട്ടും, ഉദ്യോഗസ്ഥരുമായിട്ടും, പോലീസുകാരുമൊക്കെയായിട്ട് നല്ല ബന്ധമായിരുന്നു. കുറച്ച് ആടിയ നെയ്യോ, ഒരു ചാര്‍ത്തിയ പട്ടോ ഒക്കെ കിട്ടിയാല്‍ അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ആ സ്ഥാനത്ത് ഇന്നത്തെ ഓരോരോ കാര്യങ്ങള്‍ പത്രങ്ങളില്‍ വായിക്കുമ്പോള്‍ സത്യത്തില്‍ സങ്കടം വരാറുണ്ട്.
ഞാനിപ്പോള്‍ മലയ്ക്ക് പോയിട്ട് അഞ്ചോ ആറോ കൊല്ലമായി. ശാരീരിക ബുദ്ധിമുട്ടുകള്‍ തന്നെ കാരണം. ദിവസം ആയിരം രൂപയുടെ മരുന്നുവേണം. മകന്‍ നേവിയിലായതിനാല്‍ ചികിത്സയ്ക്കൊന്നും കാശുകൊടുക്കണ്ട. തീര്‍ച്ചയായും അയ്യപ്പന്‍റെ അനുഗ്രഹം തന്നെ. നേവിയില്‍നിന്ന് വന്നശേഷം സെക്രട്ടറിയേറ്റില്‍ ജോലി കിട്ടിയതും അയ്യപ്പന്‍ കനിഞ്ഞിട്ടുതന്നെയാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അങ്ങനെ ചികിത്സയും കാര്യങ്ങളുമൊക്കെയായി വിശ്രമജീവിതമാണ്. അത്ര വേണ്ടപ്പെട്ടവര്‍ വിളിച്ചാല്‍ മാത്രം, അവര്‍ക്ക് സങ്കടമാകുമെന്ന് കരുതി പൂജയ്ക്ക് പോകും.
പൂജാദികാര്യങ്ങളില്‍ തന്ത്രിയാണല്ലോ നമുക്ക് നിര്‍ദ്ദേശം തരുന്നത്. നമ്മള്‍ അവിടെ എന്തുചെയ്യണമെന്ന് തന്ത്രി പറയും. അതല്ലാതെ നമുക്കൊരു റോളുമില്ല. തന്ത്രി പറയുന്നതനുസരിച്ച് പൂജ കഴിക്കുക, ഉദ്യോഗസ്ഥര്‍ പറയുന്നത് കേള്‍ക്കുക, അവര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ദോഷമില്ലാത്ത കാര്യമാണെങ്കില്‍ ചെയ്തുകൊടുക്കുക, ഇങ്ങട് ചെയ്യുക.. അങ്ങനെ ഒരു പരസ്പര സ്നേഹത്തിലായിരുന്നു പോയിരുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം കിടപ്പാടം പോലും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു ഞാന്‍. അയ്യപ്പന്‍റെ അനുഗ്രഹംകൊണ്ട് മാളികപ്പുറത്തു മേല്‍ശാന്തിയായി കിട്ടിയപ്പോഴാണ് അഞ്ച് സെന്‍റ് സ്ഥലം വാങ്ങി ഒരു പുരപണിതത്. ബാക്കി കാശ് ഞാന്‍ പൂജിച്ച അമ്പലം കത്തിയപ്പോള്‍ അതിന് മുടക്കി. എല്ലാറ്റിനും ഭഗവതിയും അനുഗ്രഹിച്ചു. അയ്യപ്പനും അനുഗ്രഹിച്ചു. എന്‍റെ അച്ഛനും അനുഗ്രഹിച്ചു.
ശബരിമലയില്‍ തന്നെ താമസിച്ച ആദ്യപുറപ്പെടാശാന്തി ഞാനാണ്. 2002 ല്‍ ഞാനുള്ളപ്പോള്‍ രണ്ടിടത്തും പുറപ്പെടാ ശാന്തിയാണ്. നീലമന ഗോവിന്ദന്‍ നമ്പൂതിരിയും നാരായണന്‍ നമ്പൂതിരിയും. ആദ്യത്തെ പുറപ്പെടാശാന്തിയായി പമ്പയിലാണ് അവര്‍ താമസിച്ചിരുന്നത്. അതിനുശേഷം അഷ്ടമംഗല്യ പ്രശ്നം വച്ചപ്പോള്‍ ശബരിമല മേല്‍ശാന്തിയും മാളികപ്പുറം മേല്‍ശാന്തിയും പമ്പയിലല്ല സന്നിധാനത്തുതന്നെ താമസിക്കണമെന്നു കണ്ടു. അതേത്തുടര്‍ന്ന് ഞാനും, അന്ന് മാളികപ്പുറം മേല്‍ശാന്തിയായിരുന്ന കൊട്ടാരക്കര ശ്രീവത്സം ഭട്ടതിരിയും സന്നിധാനത്ത് താമസിച്ചു. ഞാനും അദ്ദേഹവുമാണ് ആദ്യമായി സന്നിധാനത്ത് താമസിച്ച പുറപ്പെടാമേല്‍ശാന്തിമാര്‍. പരസ്പര സ്നേഹത്തോടെ ഞങ്ങളവിടെ താമസിച്ചു.
കോവിഡിനുശേഷം ഞാന്‍ അവിടേക്ക് പോയിട്ടില്ല. ഇപ്പോള്‍ ആരോടും വൈരാഗ്യമോ, വാദപ്രതിവാദമോ ഒന്നും ഇല്ലാതെ വന്നവഴി മറക്കാതെ കഴിയുന്നു.
അഞ്ചുപ്രാവശ്യം തഴഞ്ഞു; ആറാമത് വിളിച്ചു
കൃഷ്ണന്‍ നമ്പൂതിരി.(ജീവിച്ചിരിക്കുന്ന മുന്‍ശബരിമല മേല്‍ശാന്തിമാരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി)
.jpg)
ശബരിമല മേല്‍ശാന്തിയായിരുന്നവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഞാനാണെന്നാണ് പറയുന്നത്. ആയിരിക്കാം. എനിക്ക് അതത്ര നിശ്ചയം പോര. മറ്റേതൊരു പൂജാരിയേയും പോലെ ശബരിമല മേല്‍ശാന്തിയായി അയ്യപ്പന് പൂജ കഴിക്കുക എന്നുള്ളത് എന്‍റെയും വലിയൊരാഗ്രഹമായിരുന്നു. അതിനായി പലപ്രാവശ്യം അപേക്ഷിച്ചെങ്കിലും ആദ്യത്തെ അഞ്ചുപ്രാവശ്യവും അയ്യപ്പന്‍ കടാക്ഷിച്ചില്ല. ഒടുവില്‍ ആറാമത് തവണയാണ് അതിനുള്ള സൗഭാഗ്യം ഭഗവാന്‍ അനുഗ്രഹിച്ചുനല്‍കിയത്.
അയ്യപ്പന് പൂജ കഴിക്കുക എന്നുള്ളത് മറ്റെന്തിലുമുപരി വലിയൊരു ജീവിതാഭിലാഷമായി കണ്ടിരുന്നതിനാല്‍, ആ ഒരു നിയോഗം കൈവന്നപ്പോള്‍ അവിടെപ്പോയി കാര്യങ്ങളൊക്കെയും വളരെ ഭംഗിയായിട്ടുതന്നെ നടത്തുവാന്‍ സാധിച്ചു. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. അയ്യപ്പന്‍റെ അനുഗ്രഹത്താല്‍ ഒരു അസുഖവുമില്ലാതെ ഒരു വര്‍ഷം കൂടി കഴിച്ചുകൂട്ടുവാനുള്ള അവസരം ലഭിച്ചു.
അന്ന് ഇന്നത്തെപ്പോലെ പുറപ്പെടാശാന്തിയൊന്നുമല്ല. അതിനാല്‍ ഓരോ മാസവും പോയി പൂജ കഴിച്ചശേഷം ഇല്ലത്തേക്ക് പോരുകയായിരുന്നു.
മണ്ഡലവിളക്കുകാലത്തുമാത്രം, എല്ലാദിവസവും അവിടെ വേണമെന്നുള്ളതിനാല്‍ അവിടെത്തന്നെ താമസിച്ചു. അതിനുള്ള മുറിയും മറ്റ് സൗകര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു.
അന്ന് ഇത്രയും വലിയ തിരക്കൊന്നുമില്ല. എങ്കിലും അന്നത്തെ സ്ഥിതിയ്ക്കനുസരിച്ചുള്ള തിരക്കുണ്ടായിരുന്നു. അതൊക്കെയല്ലാതെ പ്രത്യേകിച്ചൊരനുഭവമൊന്നും പറയാനില്ല.
അവിടുന്നിറങ്ങിയശേഷം ഒന്നുരണ്ട് പ്രാവശ്യം കൂടി മലകയറി. പിന്നെ അതങ്ങുനിന്നു. ശാരീരികമായ അവശതകളുമൊക്കെത്തന്നെ കാരണം.
