ജീവിതത്തില്‍ അനുകൂല ഊര്‍ജ്ജം നിറയ്ക്കുന്ന സപ്താഹങ്ങള്‍

ജീവിതത്തില്‍ അനുകൂല ഊര്‍ജ്ജം നിറയ്ക്കുന്ന സപ്താഹങ്ങള്‍

HIGHLIGHTS

സപ്താഹ പാരായണം നടത്തുന്നവര്‍ക്ക് മാത്രമല്ല ശ്രവിക്കുന്നവര്‍ക്കും ഗുണഫലസിദ്ധിയുണ്ടാകുന്നു. എവിടെ സപ്താഹമുണ്ടോ അവിടെയെല്ലാം കഴിയുന്നതും പോകണം. ഭക്തിയോടെ ശ്രദ്ധയോടെ അതുകേള്‍ക്കുമ്പോള്‍ത്തന്നെ ശരീരത്തിനും മനസ്സിനും ബുദ്ധിക്കും ഒരു പ്രത്യേക ഉണര്‍വ്വും ഉന്മേഷവും ഉണ്ടാകുന്നു. മനസ്സിന്റെ ഉല്‍ക്കണ്ഠ മാറിക്കിട്ടുന്നു. ഉള്ള രോഗങ്ങള്‍ മിക്കതും മരുന്നില്ലാതെ മാറിക്കിട്ടുന്നു. പല കുഴഞ്ഞ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു. നല്ല അനുകൂല ഊര്‍ജ്ജവും സ്ഥിരോത്സാഹവും പ്രദാനം ചെയ്യപ്പെടുന്നു.

 

ഇന്ന് കേരളത്തിലും കേരളത്തിന് വെളിയിലുള്ള എല്ലാ ദേവീ-ദേവന്മാരുടെ ക്ഷേത്രങ്ങളിലും എല്ലാവര്‍ഷവും പതിവായി സപ്താഹയജ്ഞം നടത്തിവരുന്നു. ഇതില്‍ നിന്ന് ഒരു കാര്യം സ്പഷ്ടമാണ്. അതായത് പ്രസ്തുത ക്ഷേത്രങ്ങളില്‍ ശ്രീകൃഷ്ണചൈതന്യം കുടികൊള്ളുന്നു അഥവാ സര്‍വ്വവ്യാപിയായ ശ്രീകൃഷ്ണന്‍ പ്രസ്തുത ക്ഷേത്രങ്ങളില്‍ വിളയാടുന്നു. ആ ക്ഷേത്രങ്ങളില്‍ നിന്നും കൃഷ്ണചൈതന്യം അഥവാ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ഭാഗവതസപ്താഹം പ്രധാനമാണ്. സപ്താഹം നടത്തുന്നതുമൂലം ദേവീദേവന്മാര്‍ക്കും ദേവതകള്‍ക്കും ശക്തി വര്‍ദ്ധിക്കുന്നു. അവര്‍ക്ക് നല്ല വരദായകശക്തിയും വര്‍ദ്ധിക്കുന്നു. ഇതാണ് സപ്താഹം നടത്തുന്നതിന്റെ പൊരുള്‍.

'അമ്മേ നാരായണാ ദേവീനാരായണാ ലക്ഷ്മീനാരായണാ ഭദ്രേ നാരായണാ' എന്ന് പ്രശസ്തമായ ദേവീസ്തുതിയുണ്ട്. ഇതിലൂടെ മനസ്സിലാക്കേണ്ടത് എല്ലാ ദേവീദേവന്മരും നാരായണനില്‍ നിന്നും വ്യത്യസ്തമല്ലെന്നാണ്. എവിടെ ദേവീദേവന്മാരെയും ദേവതകളെയും ആരാധിക്കുന്നുവോ അഥവാ പൂജിക്കുന്നുവോ അവിടെയെല്ലാം നാരായണ സാന്നിധ്യമുണ്ട്. ഏത് മംഗളകര്‍മ്മം നടക്കുമ്പോഴും ആദ്യം ഗണപതി പൂജ-ഗണപതിഹോമം നടത്തുന്നു. അതിനുശേഷമേ മറ്റ് പൂജകളോ വഴിപാടുകളോ ഹോമങ്ങളോ ജപങ്ങളോ എല്ലാം നടത്താറുള്ളൂ.

അതുപോലെ ഏത് നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഗണപതിപൂജയ്ക്കുശേഷം ഒരു വിഷ്ണുപൂജ കൂടി നടത്തിയാല്‍ എല്ലാ കാര്യങ്ങളും ഒന്നിനൊന്ന് മെച്ചമായിരിക്കും. നല്ല ഫലസിദ്ധിയും പ്രതീക്ഷിക്കാം. വിഷ്ണുപൂജയെന്നുദ്ദേശിക്കുന്നെങ്കിലും വിഷ്ണുവിന്റെയോ കൃഷ്ണന്റെയോ പടം വച്ച് ഒരു തുളസിമാല കെട്ടിയിടുകയോ ഒരു നെയ്‌വിളക്ക് കത്തിക്കുകയോ ഒരു കദളിപ്പഴം നേദിക്കുകയോ ഒരു പാല്‍പ്പായസം നിവേദിക്കുകയോ ചെയ്യാം. അടുത്ത് കൃഷ്ണക്ഷേത്രമുണ്ടെങ്കില്‍ ഏറ്റവും നന്ന്. ഇതെല്ലാം വിഷ്ണുവിന് ഏറ്റവും പ്രിയംകരമാണ്.

വിഷ്ണുപൂജയുടെ ഭാഗമായി നാരായണായ വിദ്മഹേ, വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത് എന്ന വിഷ്ണു ഗായത്രിയും ഓം നമോ ഭഗവതേ വാസുദേവായ, ഓം ശ്രീകൃഷ്ണപരമാത്മനേ നമഃ തവപാദാരവിന്ദം ശരണാഗതം വാസുദേവം ജഗത്‌സര്‍വ്വം തുടങ്ങിയ വിഷ്ണുശ്ലോകവും ജപിക്കാം. അതായത് സര്‍വ്വജഗത്തിലും വാസുദേവന്‍ വിഷ്ണു അഥവാ വാസുദേവന്‍ കൃഷ്ണന്‍ നിറഞ്ഞുനില്‍ക്കുന്നു. അങ്ങനെയുള്ള ശ്രീകൃഷ്ണപരമാത്മാവിന്റെ പാദാരവിന്ദമാണ് ഏവര്‍ക്കും ശരണം.

പ്രസ്തുത പാദാരവിന്ദങ്ങളെ മനസ്സില്‍ ധ്യാനിച്ച് നമസ്‌ക്കരിക്കണം. ഈ കലിയുഗത്തില്‍ അഖില കലിദോഷരോഗദുഃഖശമനത്തിനും നിവാരണത്തിനും ഏറ്റവും പറ്റിയ സിദ്ധൗഷധം കൃഷ്ണനെ സ്മരിക്കുക, ജപതപവ്രതം ചെയ്യുക, കൃഷ്ണനോട് പ്രാര്‍ത്ഥിക്കുക, കൃഷ്ണമന്ത്രങ്ങള്‍ തുടരെ ജപിക്കുക ഇവയെല്ലാം നല്ലതാണ്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, കൃഷ്ണായ വാസുദേവായ ദേവകീനന്ദനായ ച  നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമഃ, ക്ലീം കൃഷ്ണ ക്ലീം നമഃ തുടങ്ങിയ ശ്രീകൃഷ്ണ മന്ത്രങ്ങള്‍ ഇടവേളയില്‍ ഉരുവിടാം.

സപ്താഹവേളകളിലും നാമം ജപിക്കുമ്പോഴും ഉണ്ടാകുന്ന പ്രാര്‍ത്ഥനയുടെ അഥവാ ജപത്തിന്റെ ശബ്ദതരംഗങ്ങള്‍ ഭഗവാന്‍ കേള്‍ക്കുകയും സപ്താഹം നടക്കുന്ന ക്ഷേത്രമോ വീടോ എവിടെയായാലും അവിടം ജപപ്രാര്‍ത്ഥനാ, ഭാഗവതപാരായണ തരംഗങ്ങളാല്‍ മുഖരിതമാകുകയും ആ അന്തരീക്ഷം മുഴുവന്‍ ശാന്തിയുടേയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും തരംഗങ്ങള്‍ വ്യാപിക്കുകയും അതിലൂടെ ഭഗവാന്റെ അനുഗ്രഹങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. അത് ശാസ്ത്രത്തിന്റെ പ്രതിപ്രവര്‍ത്തനം പോലെയാണ്. വീടുകളില്‍ വച്ച് സപ്താഹം നടത്തിക്കാണാറുണ്ട്. അവിടെയും ഇതേ ഫലമാണുള്ളത്. വീടുകളില്‍ വച്ച് ആട്ടപ്പിറന്നാളിനും ഓരോ മാസത്തിലുമുള്ള പക്കനാളിനും വിവാഹവാര്‍ഷികദിനങ്ങളിലും ജോലിയില്‍ പ്രവേശിക്കുന്ന ദിനം, അതിന്റെ വാര്‍ഷികദിനം തുടങ്ങി പലതിനും വീട്ടില്‍വച്ചും സ്ഥാപനത്തിന്റെ ഓഫീസില്‍ വച്ചും ഭാഗവത പാരായണം നടത്താറുണ്ട്. അവിടെയും മേല്‍പ്പറഞ്ഞ ഫലസിദ്ധിയും ഗുണാനുഭവങ്ങളും ഉണ്ടാകാറുണ്ട്. അതിനാലാണ് പ്രസ്തുത സ്ഥാപനങ്ങളിലും വീടുകളിലും സപ്താഹം നടത്തുന്നത്. സപ്താഹമല്ലാതെ ഭാഗവതപാരായണം മാത്രമായും നടത്താറുണ്ട്.

സപ്താഹ പാരായണം നടത്തുന്നവര്‍ക്ക് മാത്രമല്ല ശ്രവിക്കുന്നവര്‍ക്കും മേല്‍പ്പറഞ്ഞ ഗുണഫലസിദ്ധിയുണ്ടാകുന്നു. എവിടെ സപ്താഹമുണ്ടോ അവിടെയെല്ലാം കഴിയുന്നതും പോകണം. ഭക്തിയോടെ ശ്രദ്ധയോടെ അതുകേള്‍ക്കുമ്പോള്‍ത്തന്നെ ശരീരത്തിനും മനസ്സിനും ബുദ്ധിക്കും ഒരു പ്രത്യേക ഉണര്‍വ്വും ഉന്മേഷവും ഉണ്ടാകുന്നു. മനസ്സിന്റെ ഉല്‍ക്കണ്ഠ മാറിക്കിട്ടുന്നു. ഉള്ള രോഗങ്ങള്‍ മിക്കതും മരുന്നില്ലാതെ മാറിക്കിട്ടുന്നു. പല കുഴഞ്ഞ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു. നല്ല അനുകൂല ഊര്‍ജ്ജവും സ്ഥിരോത്സാഹവും പ്രദാനം ചെയ്യപ്പെടുന്നു.

സപ്താഹവേദി യഥാര്‍ത്ഥത്തില്‍ ഒരു സത്സംഗ വേദി തന്നെയാണ്. ഓരോ ദിവസവും സപ്താഹത്തോടനുബന്ധിച്ച് നടത്തുന്ന ആത്മീയ പ്രഭാഷണങ്ങളും വളരെ വിലപ്പെട്ടതാണ്. ശ്രോതാക്കളുടെ മനസ്സിനെ ഒരു പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിച്ച നടത്തുന്ന പ്രഭാഷണത്തിലെ 'മൊഴിമുത്തുകള്‍' അമൂല്യരത്‌നങ്ങളാണ്. അവ ജീവിതത്തില്‍ പകര്‍ന്നുകിട്ടാവുന്ന അമൂല്യസമ്പത്താണ്. ജീവിതത്തിലെ നന്മയ്ക്ക് മുതല്‍ക്കൂട്ടാണ്. അത് ജീവിതത്തെ നന്മയുടെ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ സപ്താഹവേദികളില്‍ പല ആത്മീയ പ്രഭാഷണ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും ശ്രോതാക്കളെ സമാധാനപരമായും ഉല്‍ക്കണ്ഠയില്ലാത്തതും ഐശ്വര്യസമ്പൂര്‍ണ്ണവുമായ ഉത്തമകുടുംബജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നു.

കെ.കെ. രവീന്ദ്രനാഥന്‍പിള്ള
(9539491281)