സപ്തമാതൃക്കളും വ്യാളീമുഖവും
സപ്തമാതൃക്കളെ കുറിച്ച് ശ്രീ മഹാദേവീ ഭാഗവതത്തില്‍ വിസ്തരിച്ച് പറയുന്നുണ്ട്. പ്രധാന എല്ലാ ക്ഷേത്രങ്ങളിലും സപ്തസങ്കല്‍പ്പത്തില്‍ പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്‍റെ തെക്കുഭാഗത്ത് ബലിക്കല്‍ രൂപത്തില്‍ ഒമ്പത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോള്‍ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്.
ശ്രീകോവിലിന്‍റെ തെക്കുഭാഗത്ത് വടക്കോട്ട് ദര്‍ശനമായി സപ്തമാതൃക്കളായ ബ്രാഹ്മണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവകളേയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരേയും പ്രതിഷ്ഠിക്കുന്നു.
ഉത്സവബലിപൂജയില്‍ ഇവര്‍ക്ക് പ്രത്യേകം പൂജാദികാര്യങ്ങള്‍ നടത്തുക പതിവുണ്ട്. സപ്തമാതൃക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരണം ഇങ്ങനെയാണ്.
1. ബ്രാഹ്മണി: ബ്രഹ്മാവിന്‍റെ ശക്തിദേവതയാണ്. ഈ ദേവതയെ മഞ്ഞനിറമുള്ള നാലുതലകളും ആറ് കൈകളുമുള്ള ദേവിയായിട്ടാണ് വിവരിക്കുന്നത്. ബ്രഹ്മാവിനെപ്പോലെ കയ്യില്‍ രുദ്രാക്ഷമാലയും കമണ്ഡലുവും ധരിച്ച് ഒരു താമര കയ്യില്‍ പിടിച്ച് ഹംസത്തിന്‍റെ പുറത്തിരിക്കുന്നു. ഹംസം വാഹനമാണത്രേ. സര്‍വ്വാഭരണഭൂഷിതയാണ്. എപ്പോഴും കണ്ഠമുക്ത എന്ന ഒരു ആഭരണം തലയില്‍ അണിയും.
2. മഹേശ്വരി: മഹാശിവന്‍റെ ശക്തിദേവതയാണ്. മഹേശ്വരിക്ക് രുദ്രി, രുദ്രാണി, മഹേഷി എന്നീ പേരുകളുണ്ട്. ശിവന്‍റെ വാഹനമായ നന്തിയെന്ന കാളപ്പുറത്താണ് ഇരിപ്പ്. നാല് കൈകളുള്ള ദേവതയായിട്ടും, വെളുത്ത ശരീരമുള്ളതും മൂന്ന് കണ്ണുകളുമുള്ള ദേവത. കയ്യില്‍ ത്രിശൂലം, ഡമരു, അക്ഷമാല, പാനപാത്രം, കഴുത്തില്‍ പാമ്പ്, തലയില്‍ ചന്ദ്രക്കല എന്നിവയായിട്ടാണ് വിവരിക്കുന്നത്.
3. കൗമാരി: സുബ്രഹ്മണ്യദേവന്‍റെ ദേവത. കുമാരി, കാര്‍ത്ത്യായനി, അംബിക എന്നീ പേരുകളുണ്ട്. യുദ്ധദേവതയായിട്ടാണ് കണക്കാക്കുന്നത്. വാഹനം മയിലാണ്. നാല് അല്ലെങ്കില്‍ പന്ത്രണ്ട് കൈകളുമായാണ് ചിത്രീകരിക്കുന്നത്. വേല്‍, മഴു, വില്ല്, അമ്പ് എന്നിവ എപ്പോഴും കൂടെയുണ്ടാകും. ചില സമയത്ത് കാര്‍ത്തികേയന്‍റെ പോലെ ആറ് തലകളുമായി കണക്കാക്കുന്നു. വൃത്താകൃതിയുള്ള ഒരു കിരീടം ധരിക്കുന്നു.
4. വൈഷ്ണവി: വിഷ്ണുദേവന്‍റെ ശക്തിദേവതയാണ്. ഈ ദേവതയെ ഗരുഡന്‍റെ പുറത്തിരിക്കുന്ന ഒരു ദേവതയായിട്ടും നാല് കൈകളും അതില്‍ ശംഖ്, ചക്രം, ഗദ, പത്മം, വാള്, വില്ല് പിന്നെ വരദമുദ്ര(എന്നാല്‍- ആശീര്‍വദിക്കുന്ന മുദ്ര), അഭയമുദ്രയുമുണ്ട്. വിഷ്ണുദേവനെപ്പോലെ സകലവിധ ആഭരണങ്ങളും അണിയുന്ന ദേവതയാണ്. കീര്‍ത്തിക, മുക്ത എന്ന സ്വര്‍ണ്ണകിരീടവും.
5. വരാഹി: വരാഹദേവന്‍റെ ദേവതയാണ്. വൈരാഹി എന്ന് പേരുമുണ്ട്. ആണ്‍ ആട് അല്ലെങ്കില്‍ പോത്ത് ആണ് വാഹനം. ദണ്ഡ്, കലപ്പ, ചാട്ട, വജ്രം, വാള്‍ പുറമെ പാനപാത്രവും കൈകളിലുണ്ടാകും. ചില സമയത്ത് കയ്യില്‍ മണി, ചാമരം, ചക്രം, അമ്പ് എന്നിവയും ഉണ്ടാകും. കര്‍ണ്ണമുക്ത എന്ന കിരീടവും ധരിക്കുന്നു.
6. ഇന്ദ്രാണി: ഇന്ദ്രന്‍റെ ദേവതയായിട്ടാണ് അറിയപ്പെടുന്നത്. ദേവലോകത്തിന്‍റെ ദേവതയായ ഈ ദേവിക്ക് അനീദ്രി, മഹേന്ദ്രി, ശാകിരി, ശചി, വജ്രി എന്നീ പേരുകള്‍ ഉണ്ടത്രേ. ആനപ്പുറത്താണ് ഇരിപ്പ് . ഇരുണ്ട നിറമാണ്. രണ്ട്, നാല്, ആറ് കൈകളുണ്ട്. ഒപ്പം ആയിരം കണ്ണുകളും. കൈകളില്‍ വജ്രം, അങ്കുരം, താമരയും. കീര്‍ത്തിമുക്ത എന്ന ആഭരണവും.
7. ചാമുണ്ഡി: കാളീദേവിയുടെ എല്ലാ സ്വഭാവങ്ങളുമുണ്ട്. ഈ ദേവതയെയും കറുപ്പുനിറമുള്ള ദേവതയായിട്ടാണ് വര്‍ണ്ണിക്കുന്നത്. ഉണ്ടമാല, തൃശൂലം, വാള്‍, പാനപാത്രം എന്നിവ ധരിക്കുന്നു. സഞ്ചരിക്കാന്‍ ചെന്നായ ആണ് വാഹനം. മൂന്ന് കണ്ണും ഭീകരരൂപവുമായിട്ടാണ് ചിത്രീകരിക്കുന്നത്.
ക്ഷേത്രങ്ങളില്‍ ഇവര്‍ക്കുള്ള പ്രത്യേകത: ഒരു ക്ഷേത്രത്തിലെ മുഖ്യദേവത തന്‍റെ ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് നേരില്‍ കാണാന്‍ പുറത്തിറങ്ങുന്ന ചടങ്ങാണ് ശീവേലി അഥവാ ശ്രീബലി എഴുന്നെള്ളിപ്പ് പതിവായി ദിവസവും നടക്കുന്ന ചടങ്ങായതുകൊണ്ട് അത് നിത്യശീവേലി എന്നറിയപ്പെടുന്നു. സാധാരണയായി ക്ഷേത്രങ്ങളില്‍ ഉച്ചശീവേലിയാണ് നടത്താറ്. അതായത് ക്ഷേത്രഭൂതഗണങ്ങളും ക്ഷേത്രപാലകനും ദ്വാരപാലകരും തങ്ങള്‍ക്കുള്ള നിവേദ്യം സ്വീകരിക്കുന്ന സമയമാണിത്. നാലമ്പലത്തിനുള്ളില്‍ അഷ്ടദിക്പാലകരും സപ്തമാതൃക്കളും ദ്വാരപാലകരും പുറത്ത് ഭൂതഗണങ്ങളെ പ്രതിനിധീകരിക്കുന്ന ബലിക്കല്ലുകളും ക്ഷേത്രപാലകനും ഉണ്ടാകും. അവര്‍ക്കുള്ള നിത്യനിദാനച്ചടങ്ങാണ് ശ്രീബലി.
വ്യാളീമുഖം അഥവാ കിം പുരുഷന്‍
ഭാരതത്തിലെ ദേവീ- ദേവന്മാരുടെയെല്ലാം ക്ഷേത്രങ്ങളിലും മൂല ബിംബ പ്രതിഷ്ഠയ്ക്ക് മുകളിലോ അല്ലെങ്കില്‍ ഗോപുരത്തിന് മുകളിലോ വ്യാളീമുഖം സ്ഥാപിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടിരിക്കും. ക്ഷേത്രങ്ങളുടെ മുകളില്‍ ശിവകിരീടമണിഞ്ഞ് നാക്ക് പുറത്തേക്ക് തള്ളി കൈകള്‍ രണ്ടും താഴോട്ട് നീട്ടിപ്പിടിച്ച് ഉടലില്ലാത്ത വികൃതരൂപമായി കാണപ്പെടുന്ന ഒരു രൂപമാണ് വ്യാളിമുഖം. അതിനുപിന്നിലുള്ള ഐതിഹ്യം ഇതാണ്.
സന്താനങ്ങളില്ലാതെ ദുഃഖിതയായ പ്രകൃതീദേവി കഠിനതപസ്സനുഷ്ഠിച്ച ഒരുവേള ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്തി. തനിക്ക് ഒരു പുത്രന്‍ പിറക്കണം. എല്ലാം കൊണ്ടും ഉത്തമനായ ഒരു ആണ്‍കുട്ടി. ദേവി ആവശ്യപ്പെട്ടു.
'ഒരു സല്‍പുത്രന്‍ ദേവിക്ക്, പിറക്കട്ടെ!' ശിവഭഗവാന്‍ വരം കൊടുക്കുന്നു. ശ്രേഷ്ഠനായ ഒരു കുട്ടി ഭൂമിയില്‍ പിറന്നാള്‍ അത് തങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും മുകളിലായിരിക്കുമെന്ന് ദേവപത്നിമാര്‍ വ്യാകുലപ്പെട്ടു. അവര്‍ വിഷമം ദേവര്‍ഷി നാരദമുനി സമക്ഷം അറിയിക്കുന്നു. ശിവഭഗവാനാല്‍ ഗര്‍ഭിണിയായ പ്രകൃതീശ്വരിക്ക് ഭക്ഷണമായി നല്‍കുന്ന പഴങ്ങളില്‍ വജ്രം കലര്‍ത്തി ഗര്‍ഭമലസിപ്പിക്കാന്‍ നാരദരുടെ സാന്നിധ്യത്തില്‍ ദേവീദേവന്മാര്‍ തീരുമാനമെടുത്ത് പ്രകൃതീശ്വരിയുടെ തോഴിമാരെ സ്വാധീനിക്കുന്നു. പത്തുമാസത്തിനുശേഷം പേറ്റുനോവനുഭവിച്ച് പ്രകൃതീശ്വരി പ്രസവിച്ചപ്പോള്‍, കയ്യും തലയുമായി ഉടലില്ലാത്ത ഒരു വികൃതരൂപമാണ് ഭൂമിയില്‍ പിറന്നുവീണത്.
വ്യാളീമുഖം ഭൂമിയില്‍ പിറന്നുവീണപ്പോള്‍ വജ്രത്തിന്‍റെ ശബ്ദമെന്നോണം 'കിം' എന്ന ശബ്ദം ഉണ്ടായത്രേ. സംസ്കൃതഭാഷയില്‍ അതിശയം എന്ന നാമം അര്‍ത്ഥമാക്കുന്ന കിം ശബ്ദത്തോടെ പിറന്നതിനാലായിരിക്കാം പ്രകൃതിദേവിയുടെ പുത്രനെ'കിം പുരുഷന്‍' എന്നറിയപ്പെടുന്നത്. സത്പുത്രനുവേണ്ടി തപസ്സനുഷ്ഠിച്ച് തനിക്ക് പിറന്ന ശിശുവിന്‍റെ വികൃതരൂപം കണ്ട് പ്രകൃതീശ്വരി കോപിച്ചു.
ദേവിയുടെ ശാപമേല്‍ക്കാതിരിക്കാന്‍ ശിവഭഗവാനും മറ്റ് ദേവിദേവന്മാരും ഒടുവില്‍ ആ മാതാവിനോട് അപേക്ഷിച്ചു. ഇനി ദേവീയുടെ അധീനതയില്‍ ഭൂമിയില്‍ ദേവീദേവന്മാരായ ഞങ്ങള്‍ക്ക് എവിടെ ആരൂഢമുണ്ടാക്കുന്നുവോ അതിന്‍റെ ഏറ്റവും മുകളിലായി ദേവിയുടെ പുത്രനെ പ്രതിഷ്ഠിക്കും. കിംപുരുഷനെ വണങ്ങിയ ശേഷമേ(വ്യാളീമുഖത്തെ) ക്ഷേത്രത്തിലെ ദൈവങ്ങളെ ഭക്തര്‍ തൊഴുകയുള്ളൂ. അങ്ങനെ ക്ഷേത്രങ്ങളില്‍ എല്ലായിടത്തും എല്ലാത്തിന്‍റേയും മുകളില്‍ അധിപനായി കിം പുരുഷന്‍ വിരാജിക്കുന്നു.
ശിവഭഗവാന്‍ തന്‍റെ കിരീടവും കിംപുരുഷന് നല്‍കുന്നു. ശിവക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമൂഖം 'കിംപുരുഷരൂപം' സ്ഥാപിക്കപ്പെട്ടു കാണുന്നു. ഭീകരത തോന്നിപ്പിക്കുന്ന മുഖത്തോടെ ഇരു കൈകളും താഴോട്ട് നീട്ടിവെച്ചിരിക്കുകയാണ് 'കിംപുരുഷന്‍.'
ഞാന്‍ പ്രകൃതീശ്വരിയുടെ പുത്രനാണ്. ഈ ക്ഷേത്രവും ഭൂമിയുമെല്ലാം എന്‍റെ അധീനതയിലാണ് എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ബാബുരാജ് പൊറത്തിശ്ശേരി
9846025010
