ക്ഷേമൈശ്വര്യ പ്രദായകന്‍  ശരഭേശ്വരന്‍

ക്ഷേമൈശ്വര്യ പ്രദായകന്‍ ശരഭേശ്വരന്‍

HIGHLIGHTS

ലോകക്ഷേമത്തിനായി മഹാദേവന്‍ നിരവധി അവതാര രൂപങ്ങള്‍ എടുത്തിട്ടുണ്ട്. അതില്‍പ്രധാനപ്പെട്ടതാണ് ശ്രീ ശരഭേശ്വര അവതാരം. ശരഭേശ്വര മഹിമകളെക്കുറിച്ച് സ്കന്ദപുരാണം, കാഞ്ചിപുരാണം, ശരഭ ഉപനിഷത്ത് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ശരഭേശ്വരന്‍ സകല ശത്രുസംഹാരകനാണ്. ശരഭശക്തികളായ പ്രത്യംഗിരയും, ശൂലിനിയും, ഭൂത- പ്രേത- പിശാചുക്കളാലും, ശത്രുക്കളാലും, രോഗ- ക്ഷുദ്ര ആഭിചാരങ്ങള്‍ കൊണ്ടും അസ്വസ്ഥമാകുന്നവര്‍ക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും പ്രദാനം നല്‍കുമത്രേ.

 

അവതാരലക്ഷ്യം

പരമസാത്വികനും ലോകരക്ഷകനുമായ ശ്രീമന്നാരായണന്‍ നരസിംഹാവാതരമെടുത്ത കഥ ഏറെ പ്രശസ്തമാണല്ലോ. അവതാരലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഹിരണ്യകശുവിനെ വധിച്ച് രക്തം കുടിച്ചതിനാല്‍ നരസിംഹത്തില്‍ രജോഗുണം അധികരിച്ച് ഭയാനമായി മാറിയത്രേ. ഉഗ്രനേത്രങ്ങളും വജ്രം പോലെ കൂര്‍ത്ത നഖങ്ങളും ജിഹ്വയും, ദംഷ്ട്രകളും ഉള്ള ഘോരരൂപം കോപം ശമിക്കാതെ ഗര്‍ജ്ജനം പുറപ്പെടുവിച്ചുകൊണ്ടിരുന്നത്രേ.  

നരസിംഹത്തിന്‍റെ കോപം മൂലം ലോകം അവസാനിക്കുമെന്ന് ഭയന്ന് ബ്രഹ്മദേവനും മഹാലക്ഷ്മിയും മറ്റ് ദേവന്മാരും ചേര്‍ന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.
കരുണാമയനായ ശിവന്‍ വീരഭദ്രനെ അയച്ചു. എന്നാല്‍ നരസിംഹമൂര്‍ത്തിയെ കണ്ട് വീരഭദ്രന്‍ ഭയന്ന് വിറച്ചു. പ്രാണരക്ഷാര്‍ത്ഥം മഹേശ്വരനെ സ്മരിച്ചനകൊണ്ട് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് മനസ്സിലാക്കിയ ശിവഭഗവാന്‍ സൂര്യകോടി തേജസ്സോടെ ജ്യോതിസ്വരൂപമായി വീരഭദ്ര ശരീരത്തില്‍ ലയിച്ചു.

തുടര്‍ന്ന് മഹേശ്വരന്‍ പക്ഷിയും, മനുഷ്യനും മൃഗവും ചേര്‍ന്നുള്ള മഹാഭയങ്കര രൂപമായി മാറിയത്രേ. ഈ ഭയങ്കര രൂപത്തിന് രണ്ട് മുഖങ്ങളും, നാല് കൈകളും, എട്ട് കാലുകളും, രണ്ട്  ചിറകുകളും മൂര്‍ച്ചയേറിയ നഖങ്ങളും, നീണ്ട വാലും, ഗരുഡന്‍റേതുപോലുള്ള നാസികയും കാളിയുടേതുപോലുള്ള ദംഷ്ട്രയും, സൂര്യ-ചന്ദ്ര അഗ്നിനേത്രങ്ങളും മാന്‍, മഴു, സര്‍പ്പം, അഗ്നി ഇവയെ ധരിച്ചുകൊണ്ടും ആകെക്കൂടി ഒരു വിചിത്രരൂപമായി. ആ രൂപമാണത്രേ 'ശരഭേശ്വരന്‍.

ശരഭേശ്വരന്‍റെ ചിറകുകള്‍ രണ്ടും ഭദ്രകാളിയും ദുര്‍ഗ്ഗയുമാണ്. ഭദ്രകാളി പ്രത്യംഗരെയും, ദുര്‍ഗ്ഗ ശൂലിനിയുമായി തീര്‍ന്നു. ശരഭപക്ഷിയായി പറന്നുവന്ന ശരഭേശ്വരന്‍റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോള്‍ തന്നെ നരസിംഹ മൂര്‍ത്തിയുടെ ഉഗ്രത കുറഞ്ഞ് തുടങ്ങി.

പതിനെട്ട് ദിവസം പലതരം ഉപായങ്ങളാല്‍ നരസിംഹ മൂര്‍ത്തിയുടെ അഹങ്കാരം ശമിക്കുന്നതിന് വേണ്ടി ശ്രമിച്ചു. ശരഭേശ്വരന്‍ ഒടുവില്‍ നരസിംഹ മൂര്‍ത്തിയുടെ ഇരുകാലുകളും കൊത്തിക്കീറിയ  ഉടനെ സ്വയം ഉണര്‍വ്വ് വന്ന് മഹാവിഷ്ണുവെന്ന ബോധമുണ്ടായത്രേ. ഉഗ്രനരസിംഹന്‍ ലക്ഷ്മിനരസിംഹനായി, യോഗനരസിംഹനായി, ശാന്തസ്വരൂപനായി. മഹാവിഷ്ണു പതിനെട്ട് ശ്ലോകങ്ങള്‍ കൊണ്ട് ശരഭേശ്വരനെ സ്തുതിച്ചു. ശരഭേശ്വരന്‍ സകല ശത്രുസംഹാരകനാണ്. ശരഭശക്തികളായ പ്രത്യംഗിരയും, ശൂലിനിയും, ഭൂത- പ്രേത- പിശാചുക്കളാലും, ശത്രുക്കളാലും, രോഗ- ക്ഷുദ്ര ആഭിചാരങ്ങള്‍ കൊണ്ടും അസ്വസ്ഥമാകുന്നവര്‍ക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും പ്രദാനം നല്‍കുമത്രേ.

ശരഭമൂര്‍ത്തിയുടെ പ്രഭാവത്തെ ദേവന്മാരും അസുരന്മാരും ഒന്നുപോലെ ഭയക്കുന്നതാണ്. ശിവന്‍, വിഷ്ണു, കാളി, ദുര്‍ഗ്ഗ എന്നീ 4 ദേവതകള്‍ അടങ്ങിയ ശിവചൈതന്യമാണത്രേ ശരഭേശ്വരന്‍.

കുംഭകോണത്തിനടുത്ത് ത്രിഭുവനം എന്ന സ്ഥലത്ത് ശരഭേശ്വര പ്രതിഷ്ഠയുള്ള ക്ഷേത്രസന്നിധിയുണ്ട്. ശില്‍പ്പചാതുര്യത്താല്‍ ഏറെ പ്രശസ്തിയുള്ള ക്ഷേത്രമാണിത്.

Photo Courtesy - Google