ശനിദോഷമകറ്റാന്‍ ഹനുമാന്‍ സ്വാമിയെ എങ്ങനെ പ്രീതിപ്പെടുത്താം...
ഹനുമാന്‍ ആവശ്യപ്പെട്ട പ്രകാരം തന്നെ ശനീശ്വരന്‍ വരം നല്‍കി. അതുകൊണ്ട് ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ശനീശ്വരനാലുണ്ടാവുന്ന ദോഷങ്ങള്‍ കുറയുമെന്നാണ് വിശ്വാസവും അനുഭവവും.
ത്രേതായുഗത്തില്‍ അധര്‍മ്മത്തെ ഇല്ലായ്മ ചെയ്ത് ധര്‍മ്മം നിലനിര്‍ത്തുവാനായി മഹാവിഷ്ണു സ്വീകരിച്ച അവതാരമാണ് ശ്രീരാമ അവതാരം. ഇത് ഭഗവാന്‍റെ ഏഴാമത്തെ അവതാരമാണ്. ആ അവതാരത്തില്‍ ഭഗവാനെ സഹായിക്കുവാനായി പരമശിവന്‍ തന്നെ ഹനുമാനായി അവതാരമെടുത്തു.
രാവണനെ നിഗ്രഹിക്കുവാന്‍ വാനരസൈന്യത്തോടൊപ്പം ലങ്കയിലേക്ക് പോകാന്‍ കടലില്‍ പാലം ഉണ്ടാക്കുന്നതില്‍ വ്യാപൃതനായിരിക്കയായിരുന്നു രാമന്‍. സുഗ്രീവന്‍, അംഗദന്‍, ഹനുമാന്‍, വാനരസേനകളും സേതുബന്ധനപ്പാലം പണിയുന്നതില്‍ വ്യാപൃതരായിരുന്നു. ഇവരില്‍ ഓരോരുത്തരും അവരുടേതായ ശക്തിക്കനുസരിച്ച് മരങ്ങളും പാറകളും ചുമന്നുകൊണ്ടുവന്ന് കടലില്‍ എറിഞ്ഞുകൊണ്ടിരുന്നു. രാമ-ലക്ഷ്മണന്‍മാര്‍ ഇരുവരും കടലില്‍ പാലം രൂപപ്പെടുന്നതുകണ്ട് ഏവരേയും അനുഗ്രഹിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ഹനുമാന്‍ പാറകള്‍ പിഴുതെടുത്ത് അവയ്ക്കുമീതെ 'ജയ്ശ്രീറാം'എന്ന് ചെതുക്കി കടലിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു. ആ സമയത്ത് ശനീശ്വരന്‍ അവിടെ പ്രത്യക്ഷപ്പെട്ട് രാമ-ലക്ഷ്മണന്മാരെ നമിച്ചുകൊണ്ട് 'പ്രഭോ, ഹനുമാന് ഏഴരശനികാലം തുടങ്ങുകയാണ്. എന്നെ തെറ്റിദ്ധരിക്കരുത്. എന്‍റെ കടമ ചെയ്യുവാന്‍ അനുവാദമേകൂ...' എന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ശ്രീരാമന്‍ 'ഞങ്ങള്‍ ഞങ്ങളുടെ കടമ നിര്‍വ്വഹിച്ചുകൊണ്ടിരിക്കയാണ്. അതുപോലെ നിങ്ങളും നിങ്ങളുടെ കടമ ചെയ്യൂ. കഴിയുമെങ്കില്‍ ഹനുമാനെ ഒന്ന് പിടിച്ചുനോക്കൂ....' എന്നുപറഞ്ഞു.
ഉടന്‍തന്നെ ശനീശ്വരന്‍ ഹനുമാന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് 'ഹനുമാനേ, ഞാന്‍ ശനീശ്വരനാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഏഴരശനിക്കാലം ആരംഭിക്കുകയാണ്. അതുകൊണ്ട് നിന്നെപ്പിടിച്ച് പീഡിപ്പിക്കാന്‍ ശരീരത്തില്‍ ഒരു ഇടം നല്‍കൂ' എന്ന് ആവശ്യപ്പെട്ടു.
അതിന് ഹനുമാന്‍ 'ശനീശ്വരാ, രാവണന്‍റെ തടവറയില്‍ കഴിയുന്ന സീതാദേവിയെ മോചിപ്പിക്കുവാന്‍ ഞങ്ങള്‍ ലങ്കയിലേക്ക് പോകാനിരിക്കയാണ്. അതിനാണ് ഈ സേതുബന്ധനജോലി രാമസേവയായി ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ജോലി പൂര്‍ത്തിയായാല്‍ ഉടന്‍ ഞാന്‍ തന്നെ താങ്കളുടെ അടുത്തേക്ക് വരാം. അപ്പോള്‍ എന്‍റെ ശരീരം മുഴുവന്‍ താങ്കള്‍ വ്യാപിച്ച് എന്നെ കീഴടക്കാം.' എന്നുപറഞ്ഞു.
'ഹനുമാനേ, കാലദേവന്‍ നിശ്ചയിച്ച കാലയളവിനെ എനിക്ക് മാറ്റാനാവില്ല. നിങ്ങള്‍ എന്നെ തെറ്റിക്കരുത്. എനിക്ക് നിങ്ങളെ പിടികൂടുവാനുള്ള സമയം അടുത്തുകഴിഞ്ഞു. ഉടന്‍തന്നെ ശരീരത്തില്‍ എവിടെയാണ് ഞാന്‍ ഇരിക്കേണ്ടത് എന്നുപറയൂ'എന്നുപറഞ്ഞുകൊണ്ട് ശനീശ്വരന്‍ തിടുക്കം കാണിച്ചു.
'എന്‍റെ കൈകള്‍ രാമനുവേണ്ടിയുള്ള ജോലിയില്‍ വ്യാപൃതമാണ്. അതുകൊണ്ട് അവിടെ ഇടംതരാന്‍ കഴിയില്ല. എന്‍റെ കാലുകളില്‍ താങ്കള്‍ക്ക് ഇടം തന്നാല്‍ അത് കടുത്ത അപരാധത്തിന് ഇടയാവും. ഈ ശരീരത്തില്‍ ശിരസ്സാണ് പ്രധാനപ്പെട്ടത്. അതുകൊണ്ട് എന്‍റെ തലയില്‍ കയറിയിരുന്ന് താങ്കള്‍ താങ്കളുടെ കടമ നിര്‍വ്വഹിച്ചുകൊള്ളൂ...'
എന്നുപറഞ്ഞ് ഹനുമാന്‍ ശനീശ്വരന് മുമ്പാകെ തലകുനിച്ചുനിന്നു. ശനീശ്വരന്‍ ഹനുമാന്‍റെ തലയില്‍ കയറി ഇരുന്നു. അതുവരെ ചെറിയ പാറകള്‍ മാത്രം ചുമന്നുകൊണ്ടുവന്ന ഹനുമാന്‍ ശനീശ്വരന്‍ തന്‍റെ തലയില്‍ കയറി ഇരുന്നശേഷം ഭാരമുള്ള വലിയ പാറകള്‍ പിഴുതെടുത്ത് തലയില്‍ വെച്ച് നടന്ന് ആ പാറകള്‍ കടലിലേയ്ക്ക് വീശി. വലിയ പാറകളുടെ ഭാരം ഹനുമാന് പകരം അദ്ദേഹത്തിന്‍റെ തലയില്‍ കയറി ഇരുന്ന ശനീശ്വരന് ചുമക്കേണ്ടി വന്നു.
തനിക്കാണോ ഏഴരശനി പിടിപെട്ടത് എന്നുപോലും ശനീശ്വരന്‍ ചിന്തിച്ചു. അത്രയധികം വേദനയാണ് ശനീശ്വരനുണ്ടായത്. ഹനുമാന്‍ ശിരസ്സില്‍ എടുത്തുവച്ച പാറയുടെ ഭാരം താങ്ങാനാവാതെ ശനീശ്വരന്‍ നന്നേ വിഷമിച്ചു. ഗത്യന്തരമില്ലാതെ ശനീശ്വരന്‍ ഹനുമാന്‍റെ തലയില്‍ നിന്നും താഴേക്ക് ചാടി.
'ശനീശ്വരാ, ഏഴരവര്‍ഷം എന്നെ പിടിക്കേണ്ട നിങ്ങള്‍ എന്തേ ഇത്ര പെട്ടെന്ന് വിട്ടത്' എന്ന് ഹനുമാന്‍ ചോദിച്ചപ്പോള്‍.
'ഹനുമാനേ, നിങ്ങളെ ഏതാനും വിനാഴികമാത്രം പിടിച്ചതിനാല്‍ ഞാനും പാറകള്‍ ചുമന്ന് സേതുബന്ധനജോലിയില്‍ വ്യാപൃതനായി പുണ്യം നേടി. പരമേശ്വരന്‍റെ അംശമാണ് നിങ്ങള്‍. കഴിഞ്ഞ യുഗത്തില്‍ താങ്കളെ പിടിക്കുവാന്‍ ശ്രമിച്ച് വിജയം നേടി. ഇപ്പോള്‍ പരാജയപ്പെട്ടു' എന്നുപറഞ്ഞു ശനീശ്വരന്‍.
'ഇല്ല... ഇല്ല.. ഇപ്പോഴും താങ്കള്‍ തന്നെയാണ് വിജയിച്ചത്.
ഏഴരവര്‍ഷത്തിനുപകരം ഏഴര വിനാഴികയെങ്കിലും എന്നെ പിടികൂടിയില്ലേ' എന്നുപറഞ്ഞ് ഹനുമാന്‍ ശനീശ്വരനെ അഭിനന്ദിച്ചു.
അതുകേട്ട് സന്തുഷ്ടനായ ശനീശ്വരന്‍ 'എനിക്ക് താങ്കള്‍ക്കായി എന്തെങ്കിലും നന്മ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. എന്തുവേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളുക.' എന്നുപറഞ്ഞു.
'രാമനാമത്തെ ഭക്തിപൂര്‍വ്വം ശ്രദ്ധയോടെ പാരായണം ചെയ്യുന്നവരെ, നിങ്ങളുടെ ഏഴരശനിക്കാലത്ത് ഉണ്ടാവുന്ന ദുഃഖ-ദുരിതങ്ങളില്‍ നിന്നും നിങ്ങള്‍തന്നെ കാത്തുരക്ഷിച്ച് അനുഗ്രഹിക്കണം' എന്നു വരം ചോദിച്ചു ഹനുമാന്‍. ഹനുമാന്‍ ആവശ്യപ്പെട്ട പ്രകാരം തന്നെ ശനീശ്വരന്‍ വരം നല്‍കി. അതുകൊണ്ട് ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ശനീശ്വരനാലുണ്ടാവുന്ന ദോഷങ്ങള്‍ കുറയുമെന്നാണ് വിശ്വാസവും അനുഭവവും.
