
അസ്വസ്ഥത മാത്രം നല്‍കുന്ന ശനിപുത്ര ലീലകളും, ഗുളികന്‍ ഓരോ ഭാവത്തിലും നിന്നാലുളള ഫലങ്ങളും
മാന്ദിയെന്നാല്‍ മന്ദന്‍റെ (ശനിയുടെ) പുത്രനാണ്. സാധാരണ രീതിയില്‍ ഗുളികന്‍ എന്നു പറയും. ഗുളികനെക്കൊണ്ട് സാധാരണയായി മരണം, പിതൃകാര്യങ്ങള്‍, ആയുസ്സ്, രോഗങ്ങള്‍, സഹോദരഭാവങ്ങള്‍, സന്താനകാര്യങ്ങള്‍ എന്നിവയെല്ലാം ചിന്തിക്കുന്നു. ഗുളികന്‍ മറ്റെല്ലാ പാപന്‍മാരിലും വെച്ച് അധികം ദോഷം ചെയ്യുന്നു. ശനിയുടെ യോഗമോ, ദൃഷ്ടിയോ ഗുളികനുണ്ടാവുക, ഗുളികന്‍ ശനിയുടെ വര്‍ഗ്ഗത്തില്‍ നില്‍ക്കുക ഇവ ദോഷശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്.
മാന്ദിയെന്നാല്‍ മന്ദന്‍റെ (ശനിയുടെ) പുത്രനാണ്. സാധാരണ രീതിയില്‍ ഗുളികന്‍ എന്നു പറയും. ഗുളികനെക്കൊണ്ട് സാധാരണയായി മരണം, പിതൃകാര്യങ്ങള്‍, ആയുസ്സ്, രോഗങ്ങള്‍, സഹോദരഭാവങ്ങള്‍, സന്താനകാര്യങ്ങള്‍ എന്നിവയെല്ലാം ചിന്തിക്കുന്നു. ഗുളികന്‍ മറ്റെല്ലാ പാപന്‍മാരിലും വെച്ച് അധികം ദോഷം ചെയ്യുന്നു. ശനിയുടെ യോഗമോ, ദൃഷ്ടിയോ ഗുളികനുണ്ടാവുക, ഗുളികന്‍ ശനിയുടെ വര്‍ഗ്ഗത്തില്‍ നില്‍ക്കുക ഇവ ദോഷശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്.
ഗുളികന്‍ ഓരോ ഭാവത്തിലും നിന്നാലുളള ഫലം
ലഗ്നത്തില്‍ മാന്ദി ഗുളികന്‍ നിന്നാല്‍
ക്രൂരനും, വിനയം കാണിക്കാത്തവനും, വിഷയ കാര്യങ്ങളില്‍ പ്രത്യേകിച്ച് കാമാദി കാര്യങ്ങളില്‍ അതീവാസക്തിയുളളവന്‍, കലഹപ്രിയന്‍, ബുദ്ധിഹീനന്‍, അതിഭക്ഷകന്‍ എന്നീ ഫലങ്ങള്‍ കാണിക്കുന്നു. ആരോഗ്യസ്ഥിതി, യശസ്സ് എന്നിവയുടെ ലഗ്നമാണ് ഒന്നാം ഭാവം. ലഗ്നം കൊണ്ട് ചിന്തിക്കുന്ന കാര്യങ്ങളില്‍ പ്രധാനമാണ് ദേഹത്തിന്‍റെ സൗന്ദര്യം, സ്വസ്ഥത, ആയുസ്സ്, നിലനില്‍പ്പ്, കീര്‍ത്തി, ശ്രേയസ്സ് എന്നിവ. അതിനെയും ഗുളികന്‍ പ്രതികൂലമായി ബാധിക്കുന്നു.
രണ്ടാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍
ധനധാന്യാദികള്‍ ഇല്ലാത്തവന്‍ ആയിരിക്കും. അന്യദേശവാസിയാകും. നിരര്‍ത്ഥവാദി,ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി കലഹിക്കുന്നവന്‍ ആയിരിക്കും. രണ്ടാം ഭാവത്തിന്‍റെ ഫലങ്ങള്‍ക്കും ദോഷം ചെയ്യും. വിത്തം, വാക്ക്, വലത്തെ കണ്ണ്, വിദ്യ തുടങ്ങിയ വിവിധ കാര്യങ്ങള്‍ ഗുളികന്‍ മൂലം ദോഷപ്പെടും.
മൂന്നാം ഭവത്തില്‍ ഗുളികന്‍ നിന്നാല്‍
വലിയ ഗര്‍വ്വം, കോപം, ധനാര്‍ജ്ജനത്തിനായി ചുറ്റിത്തിരിയല്‍ സഹോദരഹീനരും, അഹങ്കാരം, രോഗം എന്നിവയ്ക്ക് സാധ്യത. മൂന്നാം ഭാവത്തിന്‍റെ ധൈര്യം, വീര്യം, ദുഷ്ടബുദ്ധി, സഹോദരസ്ഥാനം, പരാക്രമം, ദക്ഷകര്‍ണ്ണം (വലത്തെ ചെവി) സഹായം എന്നിവയ്ക്കും ഗുളികന്‍റെ യോഗം മൂലം ദോഷങ്ങള്‍ സംഭവിക്കും.
നാലാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍
ബന്ധുഹീനന്‍, വിദ്യാസുഖം കുറഞ്ഞ അവസ്ഥ, ഭവനഹീനത, സദാ ദുഃഖിതാവസ്ഥ, ഭൂസ്വത്തില്ലാത്ത സ്ഥിതി എന്നിവ കാണിക്കുന്നു. നാലാം ഭവത്തില്‍ പറയുന്ന മാതാവ്, സുഖം, സുഹൃത്ത്, മാതുലന്‍, ഭാഗിനേയന്‍, ക്ഷേത്രം (താമസസ്ഥലം) വാഹനം, ലാഭം, ലാളിത്യം, ജലം, അഭിവൃദ്ധി, ശയനം, ജന്മഗൃഹം, എന്നിവയ്ക്കും ഗുണമില്ലയ്മ കാണുന്നു.
അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്ന ഗുളികന്‍
അയാളെ ഉറപ്പില്ലാത്ത മനസ്സിനുടമയും, ബുദ്ധിഹീനനും, സന്താനഹീനനും, ആക്കുന്നു. അഞ്ചാം ഭാവം കൊണ്ട് നിശ്ചയിക്കുന്ന പ്രജ്ഞ, പ്രതിഭ, മേധ, വിവേകശക്തി പുത്ര, അമാത്യാ(മന്ത്രി) തുടങ്ങിയ കാര്യങ്ങള്‍ക്ക് ഗുളികന്‍റെ സ്ഥിതി ദോഷകരമാണ്
ആറാം ഭാവത്തില്‍ നില്‍ക്കുന്ന ഗുളികന്‍
ആറാം ഭാവത്തില്‍ നില്‍ക്കുന്ന ഗുളികന്‍ മൂലം ജാലവിദ്യ, ശൂരത, ശത്രുത, ജേതാവ്, രോഗം, സേവനത എന്നിവയ്ക്ക് കാരണമാകുന്നു. തസ്ക്കരന്‍, അരാതി (ശത്രു) വിഘ്നങ്ങള്‍, വ്യാധികള്‍, ശരീരക്ഷതം, ശത്രുവിന്‍റെ ആയുധമേറ്റുളള മരണം എന്നിവയ്ക്കെല്ലാം ദോഷാധിക്യം ആറില്‍ നില്‍ക്കുന്ന ഗുളികന്‍ ചെയ്യുന്നു.
ഏഴാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍
കലഹ പ്രിയത്വം, ബഹു സ്ത്രീകളുടെ ഭര്‍തൃസ്ഥാനം, ബഹുഭര്‍ത്താക്കന്‍മാരുടെ ഭാര്യാ പദവി, മുന്‍കോപി, അജ്ഞത, വിദ്വേഷം എന്നിവയ്ക്ക് കാരണമാകും. അതുപോലെ വിവാഹം, വദനത്വം, ആലോകനം, (പ്രേമ വീക്ഷണം) ഭാര്യയാകല്‍, ഭര്‍ത്താവാകല്‍, ശയ്യ, ഭാര്യാഗൃഹം, മൈഥുനം എന്നിവയ്ക്കും ഏഴിലെ ഗുളികസ്ഥിതി ദോഷം വരുത്തും.
എട്ടാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍
വികൃതമായ കണ്ണും മുഖവും, ചടച്ച ശരീരവും നീചകൃതങ്ങള്‍ ചെയ്യുന്ന ആളുമാകും ജാതകന്‍. എട്ടാം ഭാവസ്ഥിതി ഈ സമയം ചിന്തിച്ചിരിക്കണം. സര്‍വതിന്‍റെയും നാശം, വിപത്തുകള്‍, അപവാദങ്ങള്‍, മരണക്കെണികള്‍, വേശ്മം(ഗൃഹം) മരണം, ദാസത്വം, രോഗങ്ങളും മറ്റും വന്ന് മരണതുല്യതയില്‍ കഴിയല്‍ എന്നിവയ്ക്കെല്ലാം ഗുളികന്‍ മൂലം ദോഷമേറുന്നു. ആയുസ്സിന്‍റെ സ്ഥാനം കൂടിയാണ് 8-ാം ഭാവം.
ഒന്‍പതാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍
ജാതകന്‍ ഗുരുഹീനന്‍ ആയിരിക്കും. സന്താനരഹിതനും, പിതൃനാശ ദുഃഖിതനും, പാപകര്‍മ്മിയും ആയിരിക്കും. ഒന്‍പതാം ഭാവത്തില്‍ പറഞ്ഞിരിക്കുന്ന ഭാഗ്യം, ധര്‍മ്മം, ദയ, പുണ്യം, തപസ്സ്, താതന്‍, സുതന്‍, കൊച്ചുമക്കള്‍, ദാനം, ഉപവാസം, സൗശീല്യം, ഗുരു എന്നിവയ്ക്കും ഗുളിക സ്ഥിതി മൂലം ദോഷങ്ങള്‍ക്കിടവരും.
പത്താം ഭവത്തില്‍ ഗുളികന്‍ നിന്നാല്‍
അശുഭകര്‍മ്മാസക്തന്‍, ദാനാദി സത്കര്‍മ്മങ്ങള്‍ക്ക് ഒട്ടും താല്‍പ്പര്യമില്ലാത്തവന്‍, വംശത്തിന് ചേരാത്ത പ്രവൃത്തികളില്‍ വ്യാപൃതന്‍ എന്നീ ദോഷങ്ങള്‍ക്കിടയേകുന്നവന്‍ ആയിരിക്കും ജാതകന്‍. കര്‍മ്മഭാവത്തിന് പ്രസ്താവിക്കുന്ന ദേവാലയം, നഗരം, മാര്‍ഗ്ഗം, സഭ തുടങ്ങിയവയ്ക്കും ഗുളിക യോഗത്തില്‍ കുറവുണ്ടാകും.
പതിനൊന്നാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍
പൊതുവില്‍ നന്‍മയരുളുന്നു. 11 ഉം കൊളളുകയില്ല, 11 മാത്രം കൊളളാം എന്നൊരു ആചാര്യ സിദ്ധാന്തമുണ്ട്. എന്നു പറഞ്ഞാല്‍ 11 ഒഴിച്ച് ബാക്കി 11 ഉം കൊളളുകില്ല എന്നര്‍ത്ഥം. 12 ഭാവങ്ങളില്‍ 11 ഭാവങ്ങളും അത്ര നന്നല്ല. സുഖം, ബുദ്ധി, ദീര്‍ഘായുസ്സ്, തേജസ്സ്, ജ്യേഷ്ഠസഹോദരനില്ലാത്ത അവസ്ഥ എന്നിവയാണ് പതിനൊന്നാം ഭാവത്തില്‍ ഗുളികന്‍ നിന്നാലുളള ഫലം. 11 -ാം ഭാവത്തിന് പറയുന്ന സര്‍വാഭീഷ്ട ഫലങ്ങളും അനുഭവിക്കാം.
പന്ത്രണ്ടാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍
ദീനത, ധൂര്‍ത്ത്, വിഷയസുഖങ്ങള്‍ കിട്ടാത്ത അവസ്ഥ, വേഷാലങ്കാരങ്ങളില്ലാത്ത സ്ഥിതി എന്നിവ ഫലം. പന്ത്രണ്ടിനു പറയുന്ന പാപം, വ്യയം, പതനം, ഇടത്തേ കണ്ണ്, സ്ഥാനഭ്രംശം, വൈകല്യം എന്നിവകള്‍ക്കും ദോഷം. ഇവിടെ പുരുഷ സൂചനയായി നല്‍കിയിട്ടുളള കാര്യങ്ങള്‍ സ്ത്രീകള്‍ക്കും ബാധകമാണ്.
ഓരോ ഗ്രഹത്തോടും കൂടി ഗുളികന്‍ ചേര്‍ന്നാലുളള ഫലം
ഗുളികന്‍ സൂര്യനോട് ചേര്‍ന്നാല്‍ അനാരോഗ്യം, പിതൃനിന്ദ ഉന്നത സ്ഥാനങ്ങളില്‍ നിന്നും സഹായമില്ലായ്മ.
ഗുളികന്‍ ചന്ദ്രനോടുകൂടി നിന്നാല്‍ മാതൃക്ലേശം, മാതൃ വിരോദം
ഗുളികന്‍ ചൊവ്വയോടു ചേര്‍ന്നാല്‍ സഹോദര വിരഹം,സഹോദര ഹീനത, സഹായം കിട്ടാത്ത അവസ്ഥ.
ഗുളികന്‍ ബുധനോടു ചേര്‍ന്നാല്‍ ഉന്മാദം, മാനസിക രോഗം.
ഗുളികന്‍ ശുക്രനോട് ചേര്‍ന്നാല്‍ നീചകളായ സ്ത്രീകളോടുകൂടി സംഗമം, സ്ത്രീ നിമിത്തമുളള രോഗങ്ങള്‍, അകാല മരണം.
വ്യാഴത്തോടു കൂടി നില്‍ക്കുന്ന ഗുളികന്‍ ദുര്‍ബുദ്ധി, നപുംസക സ്വഭാവം എന്നിവ കാണിക്കും.
ഗുളികന്‍ ശനിയോട് ചേര്‍ന്നാല്‍ മാറാരോഗങ്ങള്‍, അല്പായുസ്സ്, സുഖത്തിന്‍റെ അഭാവം.
ഗുളികന്‍ രാഹുവിനോട് ചേര്‍ന്നാല്‍ വിഷം കൊടുക്കുന്ന സ്വഭാവം, വിഷാദാര്‍ത്തന്‍ എന്ന അവസ്ഥയുണ്ടാകും.
ഗുളികന്‍ കേതുവിനോട് ചേര്‍ന്നു നിന്നാല്‍ അഗ്നിഭയം ഉണ്ടാകും.
ഗ്രഹനിലയില്‍ ഈ വിധ ദോഷമെല്ലാമുണ്ടെങ്കിലും വ്യാഴത്തിന്‍റെ ഉച്ചസ്ഥിതി, വ്യാഴത്തിന്‍റെ കൂടെയോ നാലിലൊ, ഏഴിലൊ, പത്തിലൊ നില്‍ക്കുന്ന ചന്ദ്രന്‍ മൂലമുളള ഗജകേസരി യോഗം, ഹംസയോഗം തുടങ്ങിയ ഗുണങ്ങള്‍ ഇതിന് വളരെയേറെ ആശ്വാസങ്ങള്‍ നല്‍കും.