ജീവിതവിജയത്തിന് വിഘാതമാകുന്ന ശാപങ്ങള്‍

ജീവിതവിജയത്തിന് വിഘാതമാകുന്ന ശാപങ്ങള്‍

HIGHLIGHTS

മറ്റുള്ളവരോടും ചരാചരങ്ങളോടും നമ്മള്‍ പൊറുക്കാനാവാത്ത തെറ്റുകള്‍ അറിഞ്ഞോ, അറിയാതെയോ ചെയ്യുമ്പോള്‍ അത് ശാപങ്ങളായി നമ്മില്‍ വന്ന് ഭവിക്കുമത്രേ. ഇത് നമ്മെ മാത്രമല്ല നമ്മുടെ കുലത്തിനുതന്നെ ദോഷമായി ഭവിക്കുന്നു. ഇത്തരം ശാപങ്ങള്‍ക്കെല്ലാം പരിഹാരക്രിയകള്‍ ഉണ്ടെങ്കിലും കുറച്ചെങ്കിലും അനുഭവിച്ചശേഷം നമ്മുടെ ഗുരുകാരണവന്മാര്‍ മൂലമുള്ള അനുഗ്രഹം മൂലമോ, കുടുംബദൈവാനുഗ്രഹം മൂലമോ, മുമ്പ് ചെയ്ത സല്‍പ്രവൃത്തി കാരണമോ നമ്മള്‍ക്ക് കാരണഹേതു കണ്ടെത്താനാവുകയും പരിഹാരം ചെയ്യാനുമാവുമത്രേ.

 

പെണ്‍ശാപം, പ്രേതശാപം, ബ്രഹ്‌മശാപം, സര്‍പ്പശാപം, പിതൃശാപം, ഗോശാപം, ഭൂമിശാപം, ഗംഗാശാപം, വൃക്ഷശാപം, ദേവശാപം, ഋഷിശാപം, മുനിശാപം, ദേവശാപം എന്നിങ്ങനെ പതിമൂന്ന് തരം ശാപങ്ങളുണ്ട്. ഇവ ഓരോന്നും ഓരോ ദോഷഫലങ്ങളാണ് നല്‍കുന്നത്.

സ്ത്രീശാപം

സ്ത്രീകളെ വഞ്ചിക്കുക, സഹോദരിമാരെ സ്‌നേഹിക്കാതിരിക്കുക, അവരെ ദുഃഖിപ്പിക്കുക, ഭാര്യയെ സംരക്ഷിക്കാതെ ഉപേക്ഷിക്കുക എന്നീ കാരണങ്ങളാല്‍ സ്ത്രീശാപമുണ്ടാവും. ഈ ശാപം നിമിത്തം വംശനാശമാണ് ഫലം.

പ്രേതശാപം

മൃതശരീരത്തിനരികിലിരുന്ന് മരിച്ച ആളിനെക്കുറിച്ച് തരംതാഴ്ത്തി സംസാരിക്കുക, അവഹേളിക്കുക, മൃതശരീരത്തെ കവച്ചുവച്ച് നടക്കുക, ശവസംസ്‌ക്കാരം നടത്താന്‍ തടസ്സമായി നില്‍ക്കുക, മരിച്ചവരെ കാണാന്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരെ അനുവദിക്കാതിരിക്കുക ഇവയൊക്കെ പ്രേതശാപത്തിന് കാരണമാകും.  ഈ ശാപം നിമിത്തം ആയുസ്സ് കുറയും.

ബ്രഹ്‌മശാപം


വിദ്യ അഭ്യസിച്ചുതരുന്ന ഗുരുവിനെ മറക്കുക, പഠിച്ച വിദ്യ തെറ്റായ രീതിയില്‍ പ്രയോഗിക്കുക, മറ്റുള്ളവരില്‍ നിന്നും വിദ്യകള്‍ മറച്ചുവയ്ക്കുക. ഇത്യാദി കാരണങ്ങളാല്‍ ബ്രഹ്‌മശാപമുണ്ടാവും. ബ്രഹ്‌മശാപത്താല്‍ വിദ്യാനഷ്ടം അഥവാ വിദ്യ ലഭിക്കാതെ വരാം.

സര്‍പ്പശാപം

പാമ്പുകളെ അനാവശ്യമായി കൊല്ലുക, അവരുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുക എന്നീ കാരണങ്ങളാല്‍ സര്‍പ്പശാപം ഉണ്ടാവും. കാലസര്‍പ്പദോഷം ഉണ്ടായി വിവാഹതടസ്സം ഉണ്ടാവും.

പിതൃദോഷം

പിതൃക്കള്‍ക്ക് ചെയ്യേണ്ട തിഥികര്‍മ്മങ്ങള്‍, ധര്‍മ്മകാര്യങ്ങള്‍ ഇവ ചെയ്യാന്‍ മറക്കുന്നതും മുത്തശ്ശന്‍, മുത്തശ്ശി എന്നിവരെ ഉദാസീനപ്പെടുത്തുന്നതും, അവഗണിക്കുന്നതും പിതൃദോഷമായി ഭവിക്കുന്നു. പിതൃശാപം, ബാലാരിഷ്ടശാപം കൂടിയുണ്ടാക്കി വംശത്തില്‍ ആണ്‍സന്താനങ്ങളില്ലാതെയാക്കും. കുട്ടികളുടെ അകാലമരണം ഫലമായി ഭവിക്കാം.

ഗോശാപം

പശുവിനെ കൊല്ലുക, കറവ വറ്റാത്ത പശുവിനെ കശാപ്പിനായി കൊടുക്കുക, കിടാവിനേയും പശുവിനേയും തമ്മില്‍ വേര്‍പിരിക്കുക, പശുവിന് ദാഹജലം നല്‍കാതിരിക്കുക എന്നിവ ഗോശാപം ഉണ്ടാക്കും. ഇത് കാരണം കുടുംബത്തിനും വംശത്തിനും അഭിവൃദ്ധി സാധ്യമാകാതെ വരുമത്രേ.

ഭൂമിശാപം

ദേഷ്യത്തോടെ ഭൂമിയെ ചവിട്ടിമെതിച്ചുകൊണ്ട് നടക്കുന്നതും, ഭൂമിയെ പാഴാക്കുന്നതും, ഭൂമിയില്‍ അനാവശ്യമായി കുഴികള്‍ ഉണ്ടാക്കുന്നതും അന്യരുടെ ഭൂമി കൈവശപ്പെടുത്തുന്നതും ഭൂമിശാപത്തിന് കാരണമാവും. ഇത് നരകവേദനയേകുന്ന ഫലമാണ് നല്‍കുന്നത്.

ഗംഗാശാപം

കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം പാഴാക്കുക, നദി, കുളം, കിണര്‍ എന്നിവ അശുദ്ധമാക്കുക എന്നീ കാരണത്താല്‍ ഗംഗാശാപം ഉണ്ടാവും. ഇതുകാരണം കുടുംബത്തില്‍ കിണറിനായി എത്ര താഴ്ചയില്‍ കുഴിച്ചാലും ഉറവ ഉണ്ടാകില്ല.

വൃക്ഷശാപം

പച്ചമരം വെട്ടുന്നതും, കായ്ച്ചു നില്‍ക്കുന്ന മരം ഉണങ്ങാന്‍ കാരണമാക്കുന്നതും, മരം കത്തിക്കുന്നതും, മരങ്ങള്‍ ഇടതിങ്ങി നില്‍ക്കുന്ന സ്ഥലത്തെ മരങ്ങള്‍ വെട്ടിത്തെളിച്ച് വീട് പണിയാനുള്ള സ്ഥലമാക്കുന്നതും വൃക്ഷശാപത്തെ ക്ഷണിച്ചുവരുത്തും. വൃക്ഷശാപത്താല്‍ കടം, രോഗം എന്നിവ ഫലം.

ദേവശാപം

പൂജ പൂര്‍ത്തിയാകാതെ അവസാനിപ്പിക്കുക, ഈശ്വരന്മാരെ നിന്ദിക്കുക എന്നിവ കൊണ്ട് ദേവശാപം ഉണ്ടാവും. ബന്ധുക്കളുമായുള്ള അകല്‍ച്ചയാണ് ദേവശാപത്തിന്റെ ഫലം.

ഋഷിശാപം

യഥാര്‍ത്ഥഭക്തരെയും ആചാര്യന്മാരെയും അവഹേളിക്കുന്നത് മൂലമുണ്ടാകുന്ന ശാപമാണിത്. വംശനാശം ഫലം.

മുനിശാപം

കാവല്‍ദൈവങ്ങള്‍, ഉപദേവതകള്‍ എന്നിവര്‍ക്ക് നല്‍കേണ്ട ബഹുമാനവും പൂജകളും ചെയ്യാന്‍ മറക്കുന്നത് മുനിശാപത്തിന് കാരണമാകുന്നു. മുനിശാപത്താല്‍ വിവിധദോഷങ്ങള്‍ വന്ന് ഭവിക്കുമത്രേ.

കുലദൈവശാപം

നമ്മുടെ പൂര്‍വ്വികര്‍ പൂജിച്ച് പോന്നിരുന്ന ദൈവത്തെ പൂജിക്കാതിരിക്കുമ്പോള്‍ കുലദൈവശാപം ഉണ്ടാവും. കുടുംബത്തില്‍ എപ്പോഴും ദുഃഖം നിഴലിച്ചുകൊണ്ടിരിക്കും.