ശത്രുസംഹാരപൂജ, ശത്രുസംഹാര പുഷ്പാഞ്ജലി എന്നാല്‍ എന്ത്?

ശത്രുസംഹാരപൂജ, ശത്രുസംഹാര പുഷ്പാഞ്ജലി എന്നാല്‍ എന്ത്?

HIGHLIGHTS

ആദ്യമേ പറയട്ടെ 'ശത്രുസംഹാരം' എന്ന ആ വാക്ക് അങ്ങനെ ഉച്ചരിക്കുന്നതുതന്നെ തെറ്റാണ്. ശത്രുതാസംഹാരം ഇങ്ങനെ വേണമെങ്കില്‍ ഒരുവിധം ശരിയായി ഉച്ചരിക്കാം. ശത്രുസംഹാരപൂജ, ശത്രുസംഹാര പുഷ്പാഞ്ജലി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തായിരിക്കും ആദ്യം നമ്മളുടെ മനസ്സില്‍ വരിക...?

ദ്യമേ പറയട്ടെ 'ശത്രുസംഹാരം' എന്ന ആ വാക്ക് അങ്ങനെ ഉച്ചരിക്കുന്നതുതന്നെ തെറ്റാണ്. ശത്രുതാസംഹാരം ഇങ്ങനെ വേണമെങ്കില്‍ ഒരുവിധം ശരിയായി ഉച്ചരിക്കാം. ശത്രുസംഹാരപൂജ, ശത്രുസംഹാര പുഷ്പാഞ്ജലി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തായിരിക്കും ആദ്യം നമ്മളുടെ മനസ്സില്‍ വരിക...?

നമ്മള്‍ മനസ്സില്‍ ശത്രുവായി കരുതുന്ന ഒരാള്‍ അല്ലെങ്കില്‍ ഒന്നിലധികം ആളുകള്‍ അവരെ ഇല്ലാതാക്കാനോ അവര്‍ക്ക് ദോഷം ചെയ്യാനോ വേണ്ടി കുറച്ച് തുക അല്ലെങ്കില്‍ കുറച്ച് ദ്രവ്യങ്ങള്‍ സര്‍വ്വേശ്വരന് മുന്നില്‍ വച്ചാല്‍ നിങ്ങള്‍ക്കായി ദൈവങ്ങള്‍ ക്വട്ടേഷന്‍ എടുക്കുകയാണ് എന്നാണോ...?

അതോ, ഈശ്വരാ,അവന്‍/ അവള്‍ എന്നെ അങ്ങനെ ചെയ്തു/ പറഞ്ഞു, അതിനുപകരം അവന്/ അവള്‍ക്ക് അങ്ങനെ സംഭവിക്കണേ ഇങ്ങനെ സംഭവിക്കണേ എന്ന് നിങ്ങള്‍ പറയുമ്പോള്‍ സര്‍വ്വേശ്വരന്‍ അവര്‍ക്ക് ദോഷം ചെയ്യണം എന്നാണോ...?

എന്നാല്‍ നിങ്ങള്‍ക്കും തെറ്റി, നമ്മുടെ ശത്രുക്കള്‍ സത്യത്തില്‍ ആരാണ്...?

ഒരു സംശയവും വേണ്ട നാമോരുത്തരുടെയും ശത്രുക്കള്‍ നമ്മില്‍ തന്നെയാണ്.
ക്ഷേത്രങ്ങളില്‍ ചെന്ന് ശത്രുസംഹാരപൂജ എന്ന് ശബ്ദം താഴ്ത്തി മാത്രമേ നമ്മള്‍ പറയാറുള്ളൂ. സ്വന്തം ശത്രുവിന്‍റെ നാശം കാണുന്നതിനായി ചെയ്യുന്ന കര്‍മ്മമാണെന്ന് വിശ്വസിക്കുന്നതുകൊണ്ട് മറ്റുള്ളവര്‍ കേട്ടാല്‍ എന്ത് കരുതും എന്ന ചിന്തമൂലമാണ് പലരും ഇങ്ങനെ പെരുമാറുന്നത്. എന്നാല്‍ ശത്രുസംഹാരപൂജ എന്തിനുവേണ്ടി നടത്തുന്നു എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെയാണ് മിക്കവരും ഇങ്ങനെ പെരുമാറുന്നത് എന്ന് വേണം കരുതാന്‍.

നമ്മളെ എതിര്‍ക്കുന്നവരെയോ അല്ലെങ്കില്‍ നമുക്ക് ദോഷം ചെയ്യുന്നവരെയോ നശിപ്പിക്കാനോ അവരുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനോ വേണ്ടി ചെയ്യേണ്ട ഒരു കര്‍മ്മമല്ല ശത്രുസംഹാരപൂജ. നമ്മുടെ ഉള്ളില്‍ തന്നെയുള്ള ദുഷ്ചിന്തകളെ അകറ്റുന്നതിനുവേണ്ടി ചെയ്യുന്ന വിധിയാണ് ഇതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തേയും ശരീരത്തേയും ഒന്നായി കാണുന്നതാണ് ആര്‍ഷഭാരത  സംസ്ക്കാരം. ഞാനെന്ന ഭാവത്തെ ബലി നല്‍കി ശരീരം ശത്രുമുക്തമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഏത് ക്ഷേത്രത്തില്‍ വഴിപാട് നടത്തിയാലും മറ്റൊരാളുടെ ദോഷത്തിന് വേണ്ടിയാണെങ്കില്‍ അതില്‍ നിന്നും ഒരു ഫലം പ്രതീക്ഷിച്ച് കാത്തിരിക്കരുത്. നമ്മുടെ മനസ്സില്‍ മറ്റാരോടെങ്കിലുമോ, മറ്റാര്‍ക്കെങ്കിലും നമ്മളോടോ ശത്രുതയുണ്ടെങ്കില്‍ ആ ശത്രുതയെ വേരോടെ പിഴുതുകളയുന്നതിനായാണ് ക്ഷേത്രങ്ങളില്‍ ശത്രുസംഹാരപൂജയും ശത്രു സംഹാര പുഷ്പാഞ്ജലിയുമെല്ലാം നടത്തുന്നത്. അതല്ലാതെ ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയുള്ളതല്ല ഈ കര്‍മ്മം. അത്തരം ദുഷ്ക്കര്‍മ്മങ്ങള്‍ക്കായുള്ള ഒന്നും ക്ഷേത്രങ്ങളില്‍ ചെയ്യാറില്ല. മോശമായ ദശാപഹാരകാലത്താണ് ശത്രുദോഷം നമുക്ക് കൂടുതലായി അനുഭവപ്പെടുന്നത്.

ശത്രുസംഹാരപൂജ എന്ന വിശ്വാസം ലക്ഷ്യം വയ്ക്കുന്നത് ജാതിമതഭേദമെന്യേ മനുഷ്യര്‍ക്ക് ശത്രുക്കളായ മനുഷ്യനെ നശിപ്പിക്കുന്ന ആറ് ശത്രുക്കളെ നമ്മില്‍ നിന്ന് തുരത്താനുള്ള പ്രാര്‍ത്ഥനാപൂര്‍ണ്ണമായ വിശ്വാസമാണ്. ആ ആറ് വൈരികള്‍ കാമം(ആഗ്രഹം), ക്രോധം(ദേഷ്യം), ലോഭം(പിശുക്ക്), മോഹം(മൂഢത), മദം(അഹങ്കാരം), മാത്സര്യം(അസൂയ) എന്നിവയാണ്.

ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, നിര്‍മ്മമത എന്നീ ആറുഗുണങ്ങള്‍ ലഭിക്കാനാണ് ഏത് മതവും അനുശാസിക്കുന്നത്. ഈ ഗുണങ്ങളെ നശിപ്പിക്കുകയാണ് ഷഡ്വൈരികള്‍ ചെയ്യുക. ഈ വൈരികളില്‍ നിന്നുള്ള രക്ഷയാണ് ശത്രുസംഹാരപൂജയുടെ ലക്ഷ്യം.

കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ഭയം, മാനസിക പ്രശ്നങ്ങള്‍, കടം എന്നിവയില്‍ നിന്നുള്ള മോചനം എന്നിവയ്ക്കായി ശത്രുസംഹാരപൂജ നടത്താറുണ്ട്. വിവാഹം നടക്കാന്‍ കാലതാമസം, ജോലി സംബന്ധമായ പ്രശ്നങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍ എന്നിവ വരുന്നത് കുറയ്ക്കുന്നതിനും ശത്രുസംഹാരപൂജകള്‍ നടത്താറുണ്ട്.
നീചമായ ചില ശക്തികള്‍ നമ്മുടെ മനസ്സിനെ കീഴടക്കാതെ നമ്മുടെ പ്രയത്നങ്ങള്‍ക്ക് വിജയവും ശ്രേയസ്സും നല്‍കി ദേവി/ദേവന്മാര്‍ നമ്മെ സംരക്ഷിച്ചു മുന്നോട്ട് നയിക്കാന്‍ ആണ്. അല്ലാതെ അടുത്ത വീട്ടിലെ ശത്രുവിനെ മുന്നില്‍ക്കണ്ടാണ് നിങ്ങള്‍ ശത്രുസംഹാരപൂജ നടത്തുന്നതെങ്കില്‍ നമ്മുടെ ഉള്ളിലുള്ള ശത്രു കൂടുതല്‍ അജയ്യനാകുകയേ ഉള്ളൂ.

കര്‍മ്മണ്യേ വാധികാരസ്തേ
മാ ഫലേഷു കദാചന

എന്ന് ഭഗവത്ഗീതയില്‍ ഒരു ശ്ലോകമുണ്ട്.(ഭഗവത് ഗീതയില്‍ രണ്ടാം അധ്യായമായ സാംഖ്യയോഗത്തില്‍ 47-ാം ശ്ലോകം)

എന്നുവെച്ചാല്‍ പ്രവൃത്തിയില്‍ മാത്രമേ നിനക്ക് അധികാരമുള്ളൂ. ഒരിക്കലും ഫലത്തില്‍ ഇല്ല എന്ന്. ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുക. ആത്മാര്‍ത്ഥമായി ചെയ്യുന്ന കര്‍മ്മഫലങ്ങള്‍ക്ക് ഫലം ഈശ്വരന്‍ അറിഞ്ഞുതരും.

അതുകൊണ്ട് മണി ഫസ്റ്റ്, പണി നെക്സ്റ്റ് എന്ന രീതിമാറി പണി ഫസ്റ്റ്, മണി നെക്സ്റ്റ് എന്ന രീതിയിലേക്ക് മാറാന്‍ ശ്രമിക്കുക.

കഴിവതും ആര്‍ക്കും ദ്രോഹം ചെയ്യാതെയും ചിന്തിക്കാതെയും ജീവിക്കാന്‍ ശ്രമിക്കുക.