മഹാവിഷ്ണുവിന്റെ യോഗനിദ്രയ്ക്ക് തുടക്കം; നാളെ മുതൽ മൂന്നു ദിവസം വ്രതാനുഷ്ഠാനം

മഹാവിഷ്ണുവിന്റെ യോഗനിദ്രയ്ക്ക് തുടക്കം; നാളെ മുതൽ മൂന്നു ദിവസം വ്രതാനുഷ്ഠാനം

മഹാവിഷ്ണു യോഗനിദ്രയിലേക്ക് പ്രവേശിക്കുന്ന അതീവ പുണ്യദിനമായ ശയന ഏകാദശി ഈ വർഷം ജൂലൈ 25 ശനിയാഴ്ച ആചരിക്കുന്നു. ആഷാഢ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഈ ദിവസം മുതൽ ആരംഭിക്കുന്ന നാലുമാസക്കാലമാണ് ചാതുർമാസ്യം. ഈ കാലയളവിൽ മഹാവിഷ്ണു പാലാഴിയിൽ യോഗനിദ്രയിൽ പ്രവേശിക്കുമെന്നും കാർത്തിക മാസത്തിലെ ഉത്ഥാന ഏകാദശി ദിനത്തിലാണ് യോഗനിദ്ര അവസാനിക്കുന്നതെന്നും വിശ്വാസമുണ്ട്.

ശയന ഏകാദശി വ്രതം ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിവസങ്ങളിലായി ആചരിക്കുന്നതാണ് പതിവ്. അതിനാൽ ഈ വർഷം ജൂലൈ 24, 25, 26 തീയതികളിലാണ് വ്രതാനുഷ്ഠാനം. ദശമിയിലും ദ്വാദശിയിലും ഒരിക്കലൂണ് കഴിക്കുന്നത് അഭികാമ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഏകാദശി ദിവസം അരിയാഹാരം ഒഴിവാക്കി ലഘുഭക്ഷണം കഴിക്കുകയോ പൂർണ ഉപവാസം അനുഷ്ഠിക്കുകയോ ചെയ്യാം.

വ്രതകാലത്ത് പരദൂഷണം, പകലുറക്കം, എണ്ണതേച്ചുകുളി തുടങ്ങിയവ ഒഴിവാക്കണമെന്നും ഭക്തിപൂർവം മഹാവിഷ്ണുവിനെ സ്മരിച്ച് ദിവസം ചെലവഴിക്കുന്നത് പാപക്ഷയത്തിനും ആത്മീയ പുരോഗതിക്കും കാരണമാകുമെന്നാണ് വിശ്വാസം.

ഈ ദിവസം 'ഓം നമോ നാരായണായ', 'ഓം നമോ ഭഗവതേ വാസുദേവായ' എന്നീ മഹാവിഷ്ണു മന്ത്രങ്ങൾ പരമാവധി ജപിക്കുന്നത് ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. വിഷ്ണുസഹസ്രനാമ പാരായണം, വിഷ്ണുക്ഷേത്ര ദർശനം, ദാനധർമങ്ങൾ എന്നിവയും വിശേഷഫലപ്രദമാണെന്നാണ് വിശ്വാസം. ഭഗവാന്റെ ചിത്രത്തിൽ തുളസിമാല അണിയിച്ച് നെയ്‌വിളക്ക് തെളിയിച്ച് നാമജപം നടത്തുന്നതും പുണ്യകരമായി കരുതപ്പെടുന്നു.

ഹരിവാസരം: ഏകാദശിയിലെ ഏറ്റവും വിശിഷ്ട സമയം

ഏകാദശി വ്രതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഹരിവാസരം. ഏകാദശി തിഥിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശി തിഥിയുടെ ആദ്യത്തെ 15 നാഴികയും ചേർന്നുള്ള ഏകദേശം 12 മണിക്കൂർ ദൈർഘ്യമുള്ള സമയത്തെയാണ് ഹരിവാസരം എന്ന് വിളിക്കുന്നത്. ഈ സമയത്ത് മഹാവിഷ്ണുവിനെ ആരാധിക്കുകയും നാമജപം നടത്തുകയും ചെയ്യുന്നത് അതീവ പുണ്യദായകമാണെന്ന് പുരാണങ്ങളിൽ പരാമർശിക്കുന്നു.

ഈ വർഷം ശയന ഏകാദശിയിലെ ഹരിവാസരം ജൂലൈ 25 രാവിലെ 4.59 മുതൽ വൈകിട്ട് 6.10 വരെ ആയിരിക്കും. ഈ സമയത്ത് പ്രാർഥന, നാമജപം, വിഷ്ണുസഹസ്രനാമ പാരായണം എന്നിവ നിർവഹിക്കുന്നത് വിശേഷ ഫലപ്രദമാണെന്നാണ് വിശ്വാസം.