ശിവന്‍റെ മൂന്ന് പെണ്‍മക്കള്‍

ശിവന്‍റെ മൂന്ന് പെണ്‍മക്കള്‍

HIGHLIGHTS

ശിവന് എത്ര കണ്ണുകളുണ്ടെന്ന് ചോദിച്ചാല്‍, കണ്ണടച്ചു പറയാം മൂന്ന് എന്ന്. എത്ര പുത്രന്മാരുണ്ട് എന്നുചോദിച്ചാല്‍ രണ്ട് എന്നും. ചിലര്‍ അല്‍പ്പനേരം ചിന്തിച്ചശേഷം അയ്യപ്പനേയും ചേര്‍ത്ത് മൂന്ന് എന്ന് പറയും. എന്നാല്‍ ശിവന് എത്ര പെണ്‍മക്കളുണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. ശിവന് പെണ്‍മക്കളോ എന്ന് ചോദിക്കും. എന്നാല്‍ ലോകത്തിനുതന്നെ മാതാവും പിതാവുമായി വിളങ്ങുന്ന ശിവപാര്‍വ്വതിമാര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ടെന്നതാണ് സത്യം. ഇതെന്ത് പുതിയ കഥയെന്നല്ലേ? പുരാണങ്ങളെ ആഴത്തില്‍ പഠിച്ച് ഗ്രാഹ്യം നേടിയിട്ടുള്ളവര്‍ക്കേ അതിന് ഉത്തരം കൃത്യമായി നല്‍കാന്‍ കഴിയുകയുള്ളൂ. ശിവന്‍റെ ആദ്യപുത്രിയുടെ പേര് അശോകസുന്ദരി, രണ്ടാമത്തെ പുത്രിയുടെ പേര് ജ്യോതിസുന്ദരി, മൂന്നാമത്തെ പുത്രിയുടെ പേര് നാഗസുന്ദരി. ഇനി മൂവരുടേയും അവതാരകഥകള്‍ പരിശോധിക്കാം.

ആദ്യത്തെ പെണ്‍കുട്ടിയുടെ കഥ

ഒരിക്കല്‍ ശിവന്‍ ധ്യാനത്തില്‍ മുഴുകിയ വേളയില്‍ പാര്‍വ്വതിദേവി ദുഃഖിതയായി തനിച്ചിരിക്കയായിരുന്നു. തന്‍റെ തൃക്കണ്ണുകളും മൂടി തപസ്സിലിരുന്ന പരമേശ്വരന്‍ ദേവിയുടെ ആ ദൃശ്യം തന്‍റെ മനക്കണ്ണിലൂടെ കണ്ടു. തപസ്സ് കഴിഞ്ഞയുടന്‍ അദ്ദേഹം ദേവിയുടെ അടുത്തെത്തിയിട്ട് 'എന്തോ വിഷമം ദേവിയെ ആവരണം ചെയ്തിട്ടുണ്ട്. എന്താണത്. നിന്നെ പിരിഞ്ഞ് തപസ്സനുഷ്ഠിക്കാന്‍ പോയതുകൊണ്ടുള്ള ദുഃഖമാണോ' എന്നാരാഞ്ഞു.

'പതിയായ താങ്കള്‍ എന്നില്‍ പകുതിയായിട്ടുള്ളപ്പോള്‍ താങ്കളെ പിരിഞ്ഞിരിക്കുകയാണെന്ന ദുഃഖം എനിക്കെന്തിന്? എന്‍റെ ദുഃഖകാരണം അതൊന്നുമല്ല. താങ്കള്‍ ഇടയ്ക്കിടെ തപസ്സനുഷ്ഠിക്കാനും അസുരനിഗ്രഹത്തിനുമായി പോകുന്നു. നമ്മുടെ മക്കളും താങ്കളെപ്പോലെ തന്നെ ആരെയെങ്കിലും രക്ഷിക്കുവാനായിട്ടോ ഏതെങ്കിലും അസുരന്മാരെ വധിക്കുവാനായിട്ടോ പുറപ്പെട്ടുപോകുന്നു. അതുകൊണ്ട് പലപ്പോഴും എനിക്ക് ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുന്നു. ആ ദുഃഖമാണെനിക്ക് എന്ന് പാര്‍വ്വതിദേവി ശിവനോട് സങ്കടമുണര്‍ത്തിച്ചു. അദ്ദേഹം ദേവിയെ വാത്സല്യത്തോടെ നോക്കിയിട്ട് 'വരൂ.. വിഷമിച്ചിരിക്കുന്ന നിന്‍റെ മനസ്സ് കുളിരുവാനായി നമുക്കൊന്ന് നന്ദവനത്തില്‍ ഉലാത്തിയിട്ടുവരാം' എന്ന് മനസ്സില്‍ എന്തോ നിനച്ചുകൊണ്ട് ദേവിയേയും കൂട്ടി ഉദ്യാനത്തിലേക്ക് പുറപ്പെട്ടു. 

നന്തിയെപ്പോലും ഒഴിവാക്കിക്കൊണ്ട് രണ്ടുപേരും നടന്നു ഉദ്യാനത്തിലെത്തി. അവിടെ പൂത്തുനിന്ന പുഷ്പങ്ങളും അതിന്‍റെ സുഗന്ധവും ഇരുവരുടേയും മനസ്സിനെ കൂടുതല്‍ ഉന്മേഷഭരിതമാക്കി. മരങ്ങളില്‍ പലതരത്തിലുള്ള കായും കനികളും. കനികള്‍ എല്ലാം പഴുത്ത് തുടുത്തിരുന്നു. അപ്പോള്‍ വ്യത്യസ്തമായ ഒരു വൃക്ഷം പാര്‍വ്വതിദേവിയുടെ കണ്ണില്‍ പ്പെട്ടു. അതെന്ത് വൃക്ഷമാണെന്ന് ദേവി ദേവനോട് ആരാഞ്ഞു.

'ദേവി ഇതാണ് കല്‍പ്പകതരു. ഇതിന്‍റെയടുത്ത് ആര് എന്ത് ചോദിച്ചാലും അത് ഈ വൃക്ഷം നല്‍കും.' എന്നുപറഞ്ഞു ശിവന്‍.

'ഈ വൃക്ഷം എന്‍റെ ആഗ്രഹം സഫലമാക്കുമോ?' ദേവി ആകാംക്ഷയോടെ ചോദിച്ചു.
'തീര്‍ച്ചയായും.. ചോദിച്ചുനോക്കൂ' എന്ന് അദ്ദേഹം പറയവേ എനിക്കൊരു പെണ്‍കുഞ്ഞിനെ തരൂ തരുവേ...' എന്നാവശ്യപ്പെട്ടു പാര്‍വ്വതി. ലോകര്‍ക്കെല്ലാം വരമരുളി അനുഗ്രഹിക്കുന്ന ആദിപരാശക്തിയായ പാര്‍വ്വതിദേവി തന്നോട് വരം ചോദിക്കവേ തരുവില്‍ ആഹ്ലാദവും അഭിമാനവും അലതല്ലി. തഴച്ചു തളിര്‍ത്തെന്നപോലെ ഒരു പെണ്‍കുഞ്ഞ് ആ ക്ഷണം തന്നെ അവിടെ അവതരിച്ചു. അതീവസുന്ദരിയായ ആ പെണ്‍കുഞ്ഞിനെ കണ്ടയുടന്‍ ദേവി ആനന്ദചിത്തയായി. ആ കുഞ്ഞിനെ വാരിയെടുത്ത് മാറോടണച്ച് മുത്തമിട്ട് ദേവിയുടെ ഉള്ളം കുളിരണിഞ്ഞു.

തന്‍റെ ദുഃഖവും ഏകാന്തതയും പോകുവാനായി അവതരിച്ച് എത്തിയ ആ പെണ്‍കുഞ്ഞിന് അശോകസുന്ദരി എന്ന് പേരിട്ടു. കുഞ്ഞിനെ എടുത്ത് ദേവി കൊഞ്ചിക്കൊണ്ടിരിക്കേ പതുക്കെ ദേവിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി പരമശിവന്‍. അപ്പോള്‍ കുഞ്ഞ് കരയാന്‍ തുടങ്ങി.  പരമേശ്വരന്‍ കുഞ്ഞിനെ കളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല. എന്താണ് കരച്ചിലിന്‍റെ കാരണം എന്ന് ചിന്തിച്ച ദേവിക്ക് കാരണം പിടികിട്ടി. ശിവന്‍റെ കഴുത്തിലുള്ള പാമ്പിനെ കണ്ടിട്ടാണ് കുഞ്ഞ് കരയുന്നതെന്നു  അപ്പോള്‍ തന്നെ ദേവിക്ക് ബോധ്യപ്പെട്ടു.

ദുഃഖം എന്തെന്നറിയാതെ വളര്‍ന്നുവലുതായി അശോകസുന്ദരി. ഒരുദിവസം 'മകളേ, ലോകം എന്താണെന്ന് മനസ്സിലാക്കാനായി നീ പുറപ്പെടൂ. നഹുഷന്‍ എന്ന രാജാവ് നിന്നെ തേടിവന്ന് പരിണയിക്കും' എന്നുപറഞ്ഞ് അശോക സുന്ദരിയെ അനുഗ്രഹിച്ച് യാത്രയാക്കി പാര്‍വ്വതി പരമേശ്വരന്മാര്‍. കൈലാസത്തില്‍ നിന്നും അവള്‍ മാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം പുറപ്പെട്ടു. ശിവനും പാര്‍വ്വതിയും പറഞ്ഞപോലെ തന്നെ നഹുഷന്‍ എന്ന യുവരാജാവ് അവളെ തേടിയെത്തി. താന്‍ ചന്ദ്രവംശ രാജാവാണെന്നും പിതാവിന്‍റെ പേര് ആയുസ്സ് എന്നാണെന്നും പറഞ്ഞ് അവന്‍ തന്നെ പരിചയപ്പെടുത്തി. മാതാപിതാക്കള്‍ പറഞ്ഞപ്രകാരം തന്നെ കാര്യങ്ങള്‍ നടക്കുന്നതില്‍ അശോകസുന്ദരി സംതൃപ്തയും സന്തോഷവതിയുമായി. അശോകസുന്ദരി നഹുഷനെ വിവാഹം കഴിച്ച് ദാമ്പത്യജീവിതവും തുടങ്ങി. ശിവന്‍റെ ആദ്യപുത്രി അശോകസുന്ദരിയെക്കുറിച്ചുള്ള കഥ പത്മപുരാണത്തിലേതാണ്. അശോകസുന്ദരി ശിവന്‍റെ കഴുത്തിലെ പാമ്പിനെക്കണ്ട്  കരഞ്ഞതിന്‍റെ പൊരുള്‍ മറ്റൊരു കഥയാണ്. 

അശോകസുന്ദരിയെ വിവാഹം കഴിച്ചവേളയില്‍ ആയിരം അശ്വമേധയാഗങ്ങള്‍ നടത്തി ഇന്ദ്രപദവി നേടി നഹുഷന്‍. ഒരാള്‍ക്ക് പദവി കിട്ടുമ്പോള്‍ ഒപ്പം വിനയവും ഉണ്ടാവണമല്ലോ? എന്നാല്‍ നഹുഷനാകട്ടെ അഹങ്കാരം തലയ്ക്ക് പിടിച്ചു. അഹങ്കാരത്താല്‍ തന്‍റെ പല്ലക്ക് സപ്തഋഷിമാരോട് ചുമക്കാന്‍ പറഞ്ഞു. അവന് ബുദ്ധി കൈമോശം വന്നതറിഞ്ഞ സപ്തഋഷികള്‍ ഒന്നും ശബ്ദിക്കാതെ പല്ലക്ക് ചുമലിലേറ്റി. അഹങ്കാരത്തിന്‍റെ ഭാരം വര്‍ദ്ധിച്ചതിനാല്‍ അവന്‍റെ കേളികളും വര്‍ദ്ധിച്ചു. തന്നെ ചുമന്നുകൊണ്ടിരിക്കുന്ന ഏഴ് മഹര്‍ഷിമാരില്‍ കുറുമുനിയെ അവജ്ഞയോടെ നോക്കിക്കൊണ്ട് 'സര്‍പ്പ.. സര്‍പ്പ' എന്നുപറഞ്ഞ് തന്‍റെ കാലുകൊണ്ട് തൊഴിച്ചു. 'സര്‍പ്പ സര്‍പ്പ' എന്നാല്‍ വേഗം പോ എന്ന് അര്‍ത്ഥം. സര്‍പ്പ മെന്നാല്‍ പാമ്പ് എന്ന് മറ്റൊരു അര്‍ത്ഥവുമുണ്ടല്ലോ? തന്നെ കാലുകൊണ്ട് തൊഴിച്ച നഹുഷനെ രൂക്ഷമായി ഒന്നുനോക്കി കുറുമുനിയായ അഗസ്ത്യന്‍. അഗസ്ത്യന്‍റെ അകമേ ഉഗ്രകോപം ആളിക്കത്തവേ, അദ്ദേഹവും 'സര്‍പ്പ.. സര്‍പ്പ' എന്ന് പറഞ്ഞു. പറഞ്ഞുതീര്‍ന്നില്ല ആ വാക്കിന്‍റെ മറ്റൊരു അര്‍ത്ഥത്തിന്‍റെ മറ്റൊരു രൂപത്തിലേക്ക് മാറി വിണ്‍ലോകത്തുനിന്നും ഭൂലോകത്തേയ്ക്ക് നഹുഷന്‍ സര്‍പ്പമായി വന്നുവീണു.

തന്‍റെ പതി പാമ്പായി മാറിയത് അറിഞ്ഞ് അതീവദുഃഖിതയായി അശോകസുന്ദരി. (താന്‍ കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്‍റെ കഴുത്തിലെ പാമ്പിനെക്കണ്ട് കരഞ്ഞപ്പോള്‍ അമ്മ പാര്‍വ്വതി ശാന്തയായി ഇരുന്നില്ലേ.. ഇതൊക്കെ അപ്പോഴേ ദേവിക്ക് അറിയാമായിരുന്നു) പിന്നീട് തന്‍റെ അഹങ്കാരത്തെ ഓര്‍ത്ത് പശ്ചാത്താപത്താല്‍ മാപ്പപേക്ഷിച്ച നഹുഷനില്‍ ദയാലുവായ അഗസ്ത്യമുനി ശാപമോക്ഷമേകി നഹുഷന്‍ പൂര്‍വ്വരൂപം പ്രാപിച്ചു. അതിനുശേഷം അശോകസുന്ദരിക്കും നഹുഷനും യയാതി എന്ന പുത്രന്‍ ജനിച്ചു. യയാതിയിലൂടെ ചന്ദ്രവംശം തഴച്ചുവളര്‍ന്നു. മഹാഭാരതത്തിലെ കഥ നമുക്കറിവുള്ളതാണ്. ഇനി അശോകസുന്ദരിയെക്കുറിച്ചുള്ള ഒരു ചെറിയ കഥകൂടി. ഇത് ഗണപതിയുടെ ജനനത്തിന് മുമ്പുതന്നെ ശിവ- പാര്‍വ്വതിമാരുടെ പുത്രിയായി അശോകസുന്ദരി ജനിച്ചുവെന്നാണ് ഉത്തരേന്ത്യന്‍ പുരാണകഥകളല്‍ പറയുന്നത്. 

അശോകമരത്തിന്‍റെ ഇലയില്‍ തന്‍റെ നഖം കൊണ്ട് ചെതുക്കി പാര്‍വ്വതിദേവി അശോകസുന്ദരിയെ സൃഷ്ടിച്ചുവെന്നാണ് അതില്‍ പറയുന്നത്. മാത്രമല്ല ഗണപതിയുടെ തല ശിവന്‍ വെട്ടിയപ്പോള്‍ അതുകണ്ട് ഭയന്ന് ഉപ്പുകൂമ്പാരത്തിന് പിന്നില്‍ ഒളിച്ചിരുന്നുവത്രേ അശോകസുന്ദരി. അതുകൊണ്ട് അവളുടെ ശരീരമാസകലം ഉപ്പുരസമുള്ളതായി മാറി. ഭയത്താല്‍ അവളുടെ ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ വിയര്‍പ്പുവെള്ളത്തിന് ഉപ്പിന്‍റെ രുചിയായിരുന്നു. അവളുടെ ശരീരത്തിനുണ്ടായ ഭയനടുക്കം മറ്റുള്ള ജീവനുകള്‍ക്കും പകുത്തുനല്‍കി അവളുടെ ഭയമകറ്റി ശിവനും പാര്‍വ്വതിയും. അതുകൊണ്ടാണ് നമുക്ക് വിയര്‍പ്പുണ്ടായതും ഭയം കൂടുമ്പോള്‍ വിയര്‍പ്പ് അധികമാവുന്നതെന്നാണ് പറയപ്പെടുന്നത്. അശോകസുന്ദരിയെ പൂജിക്കുന്ന സമ്പ്രദായം ഉത്തരേന്ത്യയില്‍ അധികം കാണാനാവും. പ്രത്യേകിച്ച് ഗുജറാത്തില്‍ ഈ ദേവിയെ ഭൂരിഭാഗം ഭക്തരും പൂജിക്കുന്നു.

രണ്ടാമത്തെ മകളുടെ കഥ...

ഇവളുടെ പേര് തന്നെ ജനനത്തെക്കുറിച്ചുള്ള ഏകദേശ കഥ വെളിപ്പെടുത്തും. ജ്യോതിസുന്ദരി എന്നാണ് ഇവളുടെ പേര്. ശിവന്‍ ജ്യോതിസ്വരൂപമായി നിന്ന കഥ ഏവര്‍ക്കുമറിയാം. തീക്കനല്‍ പറക്കുന്ന ജ്യോതിസ്വരൂപനായി പ്രത്യക്ഷപ്പെട്ട് പരമേശ്വരന്‍ ബ്രഹ്മാവിനും വിഷ്ണുവിനും താന്‍  ആരാണെന്നത് ബോദ്ധ്യപ്പടുത്തിക്കൊടുത്തു. അതിനുശേഷവും അദ്ദേഹത്തിന്‍റെ തിരുമേനിയിലെ ചൂട് ശമിക്കാത്തതിനാല്‍ ലോകം തന്നെ ദഹിച്ചുപോകുന്ന അവസ്ഥ സംജാതമാകവേ എല്ലാവരും പാര്‍വ്വതിദേവിയെ ശരണാഗതി പ്രാപിച്ച് ധരണിയിലെ ദുരവസ്ഥ പോക്കുവാനായി പുറപ്പെട്ടു. മഹാജ്യോതിയായി നിന്ന ശിവനെ സ്നേഹവായ്പോടെ തന്‍റെ കുളിര്‍ന്ന കണ്ണുകളില്‍ ദേവി ഒന്നുനോക്കവേ, ശിവന്‍റെ തിരുമേനിയില്‍ നിന്നും ജ്യോതിപ്രകാശം പിരിഞ്ഞുപോയി. 

അങ്ങനെ ഉമാപതിയുടെ ഉഷ്ണവും ശമിച്ചു. ചന്ദ്രശേഖരന്‍റെ ജ്യോതിസ്വരൂപത്തില്‍ നിന്നും പിരിഞ്ഞുപോയ പ്രകാശം ഭംഗിയുള്ള ഒരു പെണ്‍കുഞ്ഞായി അവതാരമെടുത്തു. ആ കുഞ്ഞാണ് ജ്യോതിസുന്ദരി. അതല്ല ശിവന്‍റെ വാമഭാഗത്ത് ദേവി നിന്നപ്പോള്‍ അവിടെ ദേവിയുടെ തണുപ്പ് പടര്‍ന്നതാല്‍ അതുവരെ അവിടെയുണ്ടായിരുന്ന അത്യുഷ്ണം അകന്നു. ആ തീപ്പൊരിയാണ് പെണ്‍കുട്ടിയായി മാറി ജ്യോതിസുന്ദരിയായതെന്നും മറ്റൊരു പുരാണത്തില്‍ പറയുന്നുണ്ട്. ഉത്തരേന്ത്യന്‍ പുരാണങ്ങളില്‍ മറ്റൊരു കഥയും ജ്യോതിസുന്ദരിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതുപ്രകാരം ശിവനും പാര്‍വ്വതിയും ഒന്നിച്ചിരിക്കുന്ന വേളയില്‍ അവര്‍ ഇരുവരുടേയും ശിരസ്സിന് പിന്നില്‍ പ്രകാശിക്കുന്ന പ്രഭാമണ്ഡലങ്ങളില്‍ ഒരു വെളിച്ചം കലര്‍ന്ന് ഉണ്ടായവളാണ് ജ്യോതിസുന്ദരി എന്നും ഇവളെത്തന്നെയാണ് ജ്വാലാമുഖി എന്ന് വിളിച്ച് ആരാധിക്കുന്നത് എന്നും കഥയു ണ്ട്.

മൂന്നാമത്തെ മകളുടെ കഥ...!

ആ്വ്യത്തെ രണ്ട് പെണ്‍മക്കളുടെ കഥകളില്‍ നിന്നും വളരെ വ്യത്യസ്തമാണ് മൂന്നാമത്തെ മകളുടെ കഥ. ശിവപുരാണമെങ്കില്‍ അതില്‍ ഏതുവിധത്തിലെങ്കിലും പാമ്പ് പ്രവേശിക്കും. ഈ മൂന്നാമത്തെ പെണ്‍കുട്ടിയുടെ കഥയില്‍ പാമ്പാണ് പ്രധാന കഥാപാത്രം. സര്‍പ്പങ്ങളുടെ മാതാവായ കദ്രു ഗരുഡന്‍റെ മാതാവ് വിനതയ്ക്ക് ചെയ്ത ദ്രോഹത്താല്‍ പാപിയായി. പാപമുക്തിക്കായി ശിവനെ പൂജിച്ചു കദ്രു. സര്‍പ്പമാതാവിന്‍റെ പൂജയില്‍ സംപ്രീതനായ ശങ്കരന്‍ അവള്‍ക്ക് ദര്‍ശനം നല്‍കി അവളുടെ പാപമകറ്റി. അതേസമയം തന്നെ കദ്രുവിന്‍റെ കണവനായ കശ്യപനും അവിടെയെത്തി. സദാ ശിവനെ മനസ്സുകൊണ്ട് പൂജിക്കുന്ന കശ്യപശിവനെ നേരില്‍ കണ്ടപ്പോള്‍ രോമാഞ്ചം കൊണ്ടുതന്നെ മനസ്സിലിരുത്തി പൂജിച്ച മഹര്‍ഷിയെ മനസ്സുകൊണ്ട് അനുഗ്രഹിച്ച് കരം ഉയര്‍ത്തി ശിവന്‍. 

ആ സമയം അദ്ദേഹത്തിന്‍റെ തൃക്കരത്തില്‍ നിന്നും ഉണ്ടായ പ്രകാശം അവിടെയുണ്ടായിരുന്ന ഒരു സര്‍പ്പശിലയില്‍ തട്ടി. അടുത്തക്ഷണം അവിടെ ഭംഗിയുള്ള ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു. ശിവന്‍ മാനസികമായി അനുഗ്രഹിച്ച വേളയില്‍ ജനിച്ച ആ പെണ്‍കുഞ്ഞിന് മാനസാ എന്നും നാഗത്തിന്‍റെ രൂപത്തില്‍ നിന്നും അവതരിച്ചതിനാല്‍ നാഗസുന്ദരി എന്നും ശിവന്‍ ആ കുഞ്ഞിന് നാമകരണം ചെയ്തു. അതിനുശേഷം കുഞ്ഞിനെ മഹര്‍ഷിയോടുതന്നെ വളര്‍ത്തുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പരമേശ്വരന്‍ അപ്രത്യക്ഷനായി. യാതൊരുവിധത്തിലും കുറവും വരുത്താതെ കുഞ്ഞിനെ വളര്‍ത്തി മഹര്‍ഷിയും പത്നിയും. എന്നാല്‍ മഹേശ്വരന്‍റെ മകളായതുകൊണ്ട് സ്നേഹത്തേക്കാള്‍ ഉപരി അങ്ങേയറ്റം ബഹുമാനിച്ചാണ് അവളെ അവര്‍ വളര്‍ത്തിയത്. ജനിച്ചശേഷം അവളെ കൊഞ്ചിക്കാതെയാണ് ശിവന്‍ കശ്യപന്‍റെ ആശ്രമത്തില്‍ വിട്ടിട്ടുപോയത്. അതുകൊണ്ട് പിതൃവാത്സല്യം ലഭിക്കാത്ത ദുഃഖം മാനസയ്ക്കുണ്ടായിരുന്നു. 

കുഞ്ഞുങ്ങളില്‍ ഒരുവളായി ഭാവിച്ച് അവളോട് സ്നേഹം കാണിച്ചത് കദ്രുവിന്‍റെ മക്കളായ നാഗങ്ങള്‍ മാത്രമാണ്. അതുകൊണ്ട് സ്വാഭാവികമായും സര്‍പ്പങ്ങളുമായി സന്തോഷത്തോടെ ഇടപഴകി മാനസ. സര്‍പ്പങ്ങള്‍ക്ക് എന്തെങ്കിലും ആപത്തുപറ്റി എന്ന് അറിഞ്ഞാല്‍ അവള്‍ അതിശീഘ്രം അവിടെയെത്തി അവരെ രക്ഷിക്കും. പലപ്പോഴും നാഗങ്ങളുടെ നഞ്ച്(വിഷം) കാരണം തങ്ങള്‍ക്ക് ദോഷമുണ്ടായാല്‍ അവയെ അടിക്കുമെന്നും വിരട്ടുമെന്നും പലരും പറയവേ അവര്‍ക്ക് മാനസ ഒരു വാഗ്ദാനം നല്‍കി. പാമ്പുകാരണം ഭയമുണ്ടാവുകയോ അല്ലെങ്കില്‍ അവ കാരണം എന്തെങ്കിലും അപകടം ഉണ്ടാവുകയോ ചെയ്താല്‍, തന്നോട് പ്രാര്‍ത്ഥിച്ചാല്‍ താന്‍ അവരെ രക്ഷിക്കുമെന്ന് വാക്ക് നല്‍കി.

മാതാപിതാക്കളുടെ വാത്സല്യം കിട്ടാതെ സഹോദരസ്നേഹത്തോടെ മാത്രം വളര്‍ന്ന മാനസാദേവിക്ക് സഹോദരിമാരെ സ്നേഹിക്കുന്ന സഹോദരന്മാരെ ഏറെ പ്രിയമാണ്. അതുകൊണ്ട് രക്തബന്ധങ്ങള്‍, സഹോദരി സഹോദരങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ മനസ്സുകൊണ്ട് മാനസാദേവിയോട് പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും സ്നേഹം വര്‍ദ്ധിക്കും. സഹോദര ഐക്യം ഉണ്ടാവും എന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ലോകത്ത് എല്ലായിടത്തും മാനസാദേവിക്ക് ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ഉത്തരേന്ത്യയിലാണ് വളരേയേറെ പ്രശസ്തം.

മറ്റൊരു പുരാണപ്രകാരം മാനസയുടെ മറ്റൊരു പേര് ജരത്ഗാരു എന്നാണ്. അതിനും ഒരു കഥയുണ്ട്. ജരത്ഗാരു എന്നൊരു മഹാമുനിയുണ്ടായിരുന്നു. അദ്ദേഹം തന്‍റെ വിവാഹത്തെക്കുറിച്ച് ഒരു ശപഥം എടുത്തിരുന്നു. 'എന്‍റെ പേരുതന്നെ ഏതെങ്കിലും ഒരു പെണ്ണിന് ഉണ്ടെങ്കില്‍ അവളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ' എന്നതായിരുന്നു ശപഥം. ത്രിലോക ജ്ഞാനിയായ നാരദനിലൂടെ കശ്യപമഹര്‍ഷിയുടെ ആശ്രമത്തില്‍ വളരുന്ന മാനസാ എന്ന പെണ്ണിന് ജരത്ഗാരു എന്ന മറ്റൊരു പേര് കൂടിയുണ്ടെന്ന് അറിഞ്ഞ് ആ പെണ്ണിന് അദ്ദേഹം വിവാഹം ചെയ്തു. തന്‍റെ പത്നിയുടെ ആഗ്രഹപ്രകാരം പാമ്പുകളെ രക്ഷിക്കുവാനായി ജരത്ഗാരു പല യാഗങ്ങളും നടത്തി. ഇവര്‍ക്ക് ജനിച്ച പുത്രനാണ് ആസ്തികന്‍. ഒരിക്കല്‍ ജനമേജയന്‍ എന്ന രാജാവ് പാമ്പുകളെ നശിപ്പിക്കുവാനായി വലിയ യാഗം നടത്തിയപ്പോള്‍ നാഗങ്ങള്‍ അതില്‍ വീണ് ചത്തൊടുങ്ങി.

അപ്പോള്‍ ആസ്തിക മഹര്‍ഷി ഒട്ടേറെ പാമ്പുകളെ യാഗത്തില്‍ വീഴാതെ രക്ഷിച്ചു. അതുകൊണ്ട് മാനസാദേവിയെ പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ജരത്ഗാരു മഹര്‍ഷി, ആസ്തികമഹര്‍ഷി എന്നിവരുടെ നാമങ്ങള്‍ ചൊല്ലിയാലും സര്‍പ്പഭയം അകലുമെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പരമേശ്വരന്‍റെ മൂന്ന് പെണ്‍മക്കളെക്കുറിച്ചുള്ള അറിവ് ലഭിച്ചുകഴിഞ്ഞു. ഇനി വീട്ടിലോ ക്ഷേത്രങ്ങളിലോ പ്രാര്‍ത്ഥിക്കുമ്പോള്‍ അശോകസുന്ദരി, ജ്യോതിസുന്ദരി, നാഗസുന്ദരി എന്നിവരേയും മനസാ സ്മരിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഭവനത്തിലെ ദുഃഖങ്ങള്‍ മാറി ജീവിതം പ്രകാശപൂരിതമാവും ഐക്യവും വര്‍ദ്ധിപ്പിക്കും എന്നാണ് വിശ്വാസം.

 

Photo Courtesy - Google