ക്ലേശങ്ങളില്‍ നിന്നും മോചനത്തിന് വേണ്ടിയുള്ള പ്രദോഷവ്രതം
പ്രദോഷവ്രതം വിധിപ്രകാരം അനുഷ്ഠിച്ചാല്‍ ദാരിദ്ര്യമുക്തി, കീര്‍ത്തി, സല്‍സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സര്‍വ്വപാപനാശം എന്നിവ ഫലസിദ്ധി.
'ദോഷ' എന്ന വാക്കിന് രാത്രി എന്നാണ് അര്‍ത്ഥം. രാത്രിയുടെ പ്രാരംഭകാലം അതായത് അസ്തമയത്തിന് മുമ്പ് മൂന്നേ മുക്കാല്‍ നാഴികവരെയുള്ള ഒരു യാമമാണ് പ്രദോഷം. പകല്‍ കഴിഞ്ഞ് രാത്രി തുടങ്ങുന്നതിന്‍റെ സൂചനയായി ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഉദിക്കുന്നത് വരെയാണ് പ്രദോഷ സമയം. പ്രദോഷം എന്ന വാക്കിന് പല അര്‍ത്ഥങ്ങളുണ്ട്. എല്ലാ അസ്തമയ സന്ധ്യയും പ്രദോഷമാണ്. ഇത് കൂടാതെ പ്രദോഷം= പ്രകടമായ ദോഷം, ലഹള കൂട്ടുക, പ്രദോഷം= പ്രകൃതിക്ഷോഭം എന്നെല്ലാം അര്‍ത്ഥമുണ്ട്. അഞ്ചുവിധത്തിലുള്ള പ്രദോഷങ്ങളുണ്ട്. നിത്യപ്രദോഷം, പക്ഷപ്രദോഷം, മാസപ്രദോഷം, മഹാപ്രദോഷം, പ്രളയപ്രദോഷം എന്നിങ്ങനെ.
ഇനി എന്താണ് പ്രദോഷവ്രതം എന്ന് ചിന്തിക്കാം. ആദ്ധ്യാത്മികം(ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും ഉണ്ടാവുന്ന ക്ലേശം) ആദിഭൗതികം(സഹജീവികളില്‍ നിന്ന് ഉണ്ടാകുന്നത്) ആദിദൈവികം (പ്രകൃതിയില്‍ നിന്നുള്ളവ) എന്നീ ത്രിവിധ ക്ലേശങ്ങളില്‍ നിന്നും മോചനത്തിന് വേണ്ടിയാണ് പ്രദോഷം.
മഹാദേവന്‍ ആനന്ദനടനമാടുന്ന സമയമാണ് പ്രദോഷം. ദിവസവും വൈകിട്ട് 5.45 മുതല്‍ 6.30 മണിക്കുള്ളിലെ പ്രദോഷങ്ങളെ നിത്യപ്രദോഷമെന്ന് പറയുന്നു. ഈ പ്രദോഷം എല്ലാവരും ആചരിക്കേണ്ടതാണ്. ആ സമയത്ത് എല്ലാ വീടുകളിലും ദീപം കൊളുത്തി കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഉറക്കെ നാമം ജപിക്കണം.
ഉറക്കെ ജപിക്കുന്നതുകൊണ്ട് പരിസരത്തുള്ള പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കും അതിന്‍റെ ഫലം ലഭിക്കുന്നു. ഇത് മൂലം നമുക്ക് സര്‍വ്വഭൂതയജ്ഞം ചെയ്ത ഫലം കൂടി സിദ്ധിക്കുന്നു. പക്ഷപ്രദോഷം എന്നാല്‍ മാസത്തില്‍ രണ്ടുതവണ വരുന്ന ത്രയോദശി നാളില്‍ വരുന്നതാണ്. പരമശിവന്‍ തന്‍റെ പത്നിയായ പാര്‍വ്വതിദേവിയെ രത്നപീഠത്തില്‍ ഇരുത്തി ആനന്ദതാണ്ഡവമാടുന്ന സമയമാണ് പക്ഷപ്രദോഷം അഥവാ ത്രയോദശി പ്രദോഷം.
ത്രയോദശി ശനിയാഴ്ച വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം. പരമശിവന്‍ കാളകൂടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണല്ലോ. നിത്യപ്രദോഷം ഒഴിച്ച് മറ്റെല്ലാപ്രദോഷവും വ്രതമായി നോല്‍ക്കാം. പ്രദോഷവ്രതം നോല്‍ക്കുന്നവര്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളികഴിഞ്ഞ് ഭസ്മം ധരിച്ച് 'ഓം നമ: ശിവായ' എന്ന പഞ്ചാക്ഷരി മന്ത്രം ഭക്തിയോടെ ജപിക്കണം.
ഒരിക്കല്‍ മാത്രം അരിയാഹാരം കഴിച്ച് വൈകുന്നേരം ശിവക്ഷേത്രത്തില്‍ പോയി പ്രദോഷാഭിഷേകം കണ്ട് തൊഴുത് മഹാദേവന് കരിക്കിന്‍ വെള്ളവും പഴവും നേദിച്ചാല്‍ എല്ലാ ആധികളും വ്യാധികളും മാറി സര്‍വ്വ സൗഭാഗ്യം വന്നുചേരും. പ്രദോഷവ്രതം വിധിപ്രകാരം അനുഷ്ഠിച്ചാല്‍ ദാരിദ്ര്യമുക്തി, കീര്‍ത്തി, സല്‍സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സര്‍വ്വപാപനാശം എന്നിവ ഫലസിദ്ധി.
ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശ്രീപരമേശ്വരന്‍. മഹാദേവന്‍ ആനന്ദത്തോടുകൂടി ഇരിക്കുന്ന സമയത്ത് ഭക്തിയോടെ നാമം ജപിക്കുന്നവരില്‍ ഭഗവാന്‍ സന്തോഷിക്കുന്നു. 'വൈഷ്ണവാനാം യഥാ ശംഭു.' ഭക്തന്മാരില്‍ പ്രഥമസ്ഥാനം മഹാദേവനാണ്. അതുകൊണ്ടുതന്നെ മഹാദേവന്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ഭക്തന്മാരുടെ നാമജപം കൊണ്ടാണ്.
പരമശിവന്‍ ആനന്ദതാണ്ഡവം ആടുന്ന സമയം സകലദേവതമാരും ബ്രഹ്മാവും സരസ്വതിയും രാധാസമേതനായ ശ്രീകൃഷ്ണ പരമാത്മാവും കൈലാസത്തില്‍ എത്തി ഈ താണ്ഡവം ആസ്വദിക്കുന്നു. ഈ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ശ്രീകൃഷ്ണഭഗവാന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. രാധാദേവി മധുരഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. മഹാലക്ഷ്മി സുവര്‍ണ്ണപുഷ്പങ്ങള്‍ വര്‍ഷിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വ്വയക്ഷകിന്നരന്മാര്‍, അപ്സരസ്സുകള്‍ തുടങ്ങി എല്ലാവരും കീര്‍ത്തനങ്ങള്‍ പാടി ഭഗവാനെ സേവിച്ചുനില്‍ക്കുന്നു.
ഈ സമയത്ത് നാമം ജപിച്ചാല്‍ സര്‍വ്വദേവഗണങ്ങളും സന്തോഷിക്കുന്നതോടൊപ്പം ആ സമയം കൈലാസത്തില്‍ എത്തി ദേവഗണങ്ങളോടൊപ്പം സത്സംഗത്തില്‍ പങ്കെടുക്കുന്ന പുണ്യവും ലഭിക്കുന്നു. നമ്മുടെ പ്രവൃത്തികള്‍ കൊണ്ട് നമ്മളിലുള്ള ദോഷത്തെ നീക്കം ചെയ്യുന്നതും ദോഷത്തെ അധികരിക്കുന്നതുമായ സമയമാണ് സന്ധ്യ. ഇതുകൊണ്ടാണ് സായംസന്ധ്യയ്ക്ക് പ്രദോഷം എന്ന പേരുവന്നത്. ഈ സമയത്ത് മറ്റെല്ലാകാര്യങ്ങളും മാറ്റിവെച്ച് എല്ലാവരും ഭക്തിയോടുകൂടി നാമം ജപിക്കണം.
നമ്മുടെ പ്രവൃത്തികള്‍ മഹാദേവന്‍റെ ആനന്ദത്തിന് ഭംഗം വരുത്തിയാല്‍ അദ്ദേഹത്തിന്‍റെ ക്ഷിപ്രകോപത്തിന് പാത്രമായിത്തീരുന്നു. മാത്രമല്ല, സര്‍വ്വദേവന്മാരെയും നിന്ദിക്കുന്നതിന് തുല്യമായ ദോഷം സംഭവിക്കുന്നു. ഇന്ന് നാമജപം ഇല്ലാതായി. സന്ധ്യാസമയത്ത് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്‍റെ അനുഭവം നമ്മളില്‍ പ്രകടമായി കാണാം.
ആദ്യകാലങ്ങളിലുള്ളതിനേക്കാള്‍ രോഗങ്ങള്‍, പ്രകൃതിക്ഷോഭം, മാനസികപിരിമുറുക്കം, ഭയം, അക്രമവാസനകള്‍, ഹിംസ, പീഡനം എന്നിവയെല്ലാം ഇന്ന് പ്രകടമായി വര്‍ദ്ധിച്ചുവരുന്നതിനു കാരണം പഴയ ആചാരരീതികളുടെയും നാമജപങ്ങളുടെയും സദ്സംഗങ്ങളുടെയും ഇല്ലായ്മയാണ്...
ശ്രീരാഗം, ഇരിങ്ങാലക്കുട
9846025010
