ഭാഗവത സപ്താഹത്തിന്‍റെ ലോകത്ത് ശോഭ രവീന്ദ്രന്‍
മൂന്നു മക്കളുടെ മാതാവായി മലയാളത്തിലെ എണ്ണംപറഞ്ഞ സംഗീതസംവിധായകന്‍റെ ഭാര്യയായി 29 വര്‍ഷം ജീവിച്ച ശോഭ രവീന്ദ്രനെന്ന സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാഷിന്‍റെ ഭാര്യയ്ക്ക് മുമ്പില്‍ പെട്ടെന്ന് ലോകം മുഴുവന്‍ ഇരുട്ടാണെന്ന് തോന്നിയത് 2005 മാര്‍ച്ച് മൂന്നിനായിരുന്നു. അന്നായിരുന്നു രവീന്ദ്രന്‍ മാഷ് മരണത്തിലേക്ക് പോയത്. ഇന്ന് ഇപ്പോള്‍ എല്ലാ മാസവും സപ്താഹം ചെയ്യുന്ന രീതിയിലേക്കെത്തി. ഇതിനകം 32 സപ്താഹങ്ങള്‍ ശോഭ രവീന്ദ്രന്‍ ചെയ്തുകഴിഞ്ഞു.
പതിനേഴാം വയസ്സില്‍ വിവാഹവും പതിനെട്ടാം വയസ്സില്‍ ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്കും ചേക്കേറിയ പെണ്‍കുട്ടി. ഭര്‍ത്താവ് ചലച്ചിത്രലോകത്തിന്‍റെ തിരക്കുകളിലായിരുന്നെങ്കില്‍ അവര്‍ വീട്ടമ്മയായി കഴിയാനാണ് ആഗ്രഹിച്ചത്. മൂന്നു മക്കളുടെ മാതാവായി മലയാളത്തിലെ എണ്ണംപറഞ്ഞ സംഗീതസംവിധായകന്‍റെ ഭാര്യയായി 29 വര്‍ഷം ജീവിച്ച ശോഭ രവീന്ദ്രനെന്ന സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാഷിന്‍റെ ഭാര്യയ്ക്ക് മുമ്പില്‍ പെട്ടെന്ന് ലോകം മുഴുവന്‍ ഇരുട്ടാണെന്ന് തോന്നിയത് 2005 മാര്‍ച്ച് മൂന്നിനായിരുന്നു. അന്നായിരുന്നു രവീന്ദ്രന്‍ മാഷ് മരണത്തിലേക്ക് പോയത്. അന്ന് ശോഭയുടെ പ്രായം 48.

പിന്നീടുള്ള രണ്ടു വര്‍ഷം ശോഭ രവീന്ദ്രന്‍റെ ജീവിതം വീട്ടിനകം മാത്രമായിരുന്നു. വീടടച്ച് അതിനകത്തുതന്നെ കഴിഞ്ഞ നാളുകള്‍. ശൂന്യമായിപ്പോയ രണ്ടു വര്‍ഷങ്ങള്‍. എല്ലാ കാര്യങ്ങളും മാഷ് തന്നെ ചെയ്തിരുന്നതിനാല്‍ ശോഭയ്ക്ക് അക്കാലംവരെ പുറത്തേ കാര്യങ്ങളൊന്നും സ്വയം ചെയ്യാനറിയില്ലായിരുന്നു. ശോഭ രവീന്ദ്രന്‍റെ വാക്കില്‍ പറഞ്ഞാല്‍ ബാങ്കില്‍ പോകാന്‍ പോലും അറിയില്ലായിരുന്നു.
ദൈവത്തോടും ദേഷ്യം തോന്നിയ നാളുകള്‍. അമ്പലത്തില്‍ പോകുന്നതും നിര്‍ത്തി. അടഞ്ഞ വാതിലിനു മുമ്പില്‍ ജീവിതം സ്തംഭനാവസ്ഥയിലാണെന്നാണ് ശോഭ രവീന്ദ്രന്‍ കരുതിയത്. മക്കള്‍ മൂവരും നിര്‍ബന്ധിച്ചിട്ടും ശോഭ ലോകത്തിന് മുമ്പിലേക്ക് വാതില്‍ തുറന്നില്ല. ശോഭ രവീന്ദ്രന് മുമ്പില്‍ ലോകം വാതില്‍ തുറന്നുവെച്ചിട്ടുണ്ടെന്ന് അവര്‍ കണ്ടതുമില്ല. വിധവയെ ലോകം അംഗീകരിക്കില്ലെന്ന കാഴ്ചപ്പാടുള്ളതില്‍ ശോഭയ്ക്ക് ലോകത്തേക്കിറങ്ങാന്‍ പേടിയായിരുന്നു.
വീട്ടിനകത്തെ ഇരുപ്പ് കണ്ടുകണ്ടു മടുത്താണ് കൂട്ടുകാരി ചേര്‍ത്തലയിലെ പത്മജ ഭാഗവത സപ്താഹം കേള്‍ക്കാന്‍ പോയാലോ എന്ന് ശോഭയെ നിര്‍ബന്ധിച്ചത്. ആദ്യമൊന്നും അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും കൂട്ടുകാരികളുടെ നിര്‍ബന്ധത്തോടൊപ്പം മക്കളുടെ പിന്തുണയും കൂടി വര്‍ധിച്ചപ്പോള്‍ ഒരിക്കല്‍ കേട്ടുനോക്കാമെന്നായി ശോഭ. സപ്താഹമല്ല തലേദിവസത്തെ മാഹാത്മ്യം കേട്ട് ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം തുടര്‍ന്നാല്‍ മതിയെന്നായിരുന്നു കൂട്ടുകാരികള്‍ പറഞ്ഞത്. ഒരുദിവസത്തെ കാര്യമല്ലേ എന്നു കരുതിയാണ് പത്മജയോടും സുധയോടുമൊപ്പം ഇറങ്ങിയത്. 2007 ഫെബ്രുവരി 17 നായിരുന്നു അത്.
ഭഗവത്ഗീതയിലൂടെ സഞ്ചരിച്ച ആ രണ്ടു മണിക്കൂറാണ് ശോഭ രവീന്ദ്രന്‍റെ ജീവിതം മാറ്റിമറിച്ചത്.
പിന്നെയതൊരു യാത്രയായിരുന്നു. സപ്താഹം കേള്‍ക്കാന്‍ ഏഴു ദിവസവും പോയി. അവസാനദിവസത്തില്‍ സ്വാമിയെ പരിചയപ്പെടാന്‍ ചെന്നു. താന്‍ ഹൃദയഭാരത്തോടെയാണ് വന്നതെന്നും ഇപ്പോള്‍ ലഘുവായെന്നുമുള്ള ശോഭ രവീന്ദ്രന്‍റെ വാക്കുകള്‍ സ്വാമി സാധാരണയെന്നപോലെയാണ് കേട്ടത്. സപ്താഹം കേട്ടുകഴിയുമ്പോള്‍ പലരും ഇങ്ങനെവന്നു പറയാറുണ്ട്. സ്വാമിക്കത് ശീലമാണല്ലോ. പിന്നാലെയാണ് ശോഭ തന്നെ ക്കുറിച്ച് പറഞ്ഞത്, സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാഷിന്‍റെ ഭാര്യയാണെന്ന്! ഇതുകേട്ടതും സ്വാമി മാഷിന്‍റെ പാട്ടുകള്‍ ചോദിച്ച് അതേ രവീന്ദ്രന്‍ മാഷിന്‍റെ ഭാര്യയാണോ എന്ന് സംശയത്തോടെ ചോദിച്ചു.

അതെ, എന്ന മറുപടിക്ക് സ്വാമി തിരിച്ചു ചോദിച്ചത്; കരഞ്ഞിരുന്നാല്‍ മരിച്ചുപോയ രവീന്ദ്രന്‍ മാഷ് തിരിച്ചു വരുമോ എന്നായിരുന്നു. ദൈവമാണ് സമയം നിശ്ചയിക്കുന്നതെന്നും സ്വയമേവയും മറ്റുള്ളവര്‍ക്കും ഭാരമാകാതെയും മുമ്പോട്ടു പോകാനും 10 പേര്‍ക്കെങ്കിലും ഗുണം ചെയ്യാനാവുമോ എന്നു നോക്കിയാല്‍ മതിയെന്നുമുള്ള സ്വാമിയുടെ ഉപദേശം കൂടി കേട്ടതോടെയാണ് ശോഭയുടെ ജീവിതം മാറാന്‍ തുടങ്ങിയത്.
ഭാഗവതത്തോട് താത്പര്യം തോന്നിയത് അങ്ങനെയായിരുന്നു. ഗുരുവായൂരില്‍ പോയപ്പോള്‍ ഭാഗവതം വാങ്ങി. സപ്താഹങ്ങള്‍ സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങി.
സപ്താഹങ്ങള്‍ സന്തോഷം നല്‍കിത്തുടങ്ങിയതോടെ അവ കേള്‍ക്കാന്‍ ഒരുങ്ങിപ്പുറപ്പെടുന്നത് പതിവായി. അതുവരെ ഒന്നുമറിയാതിരുന്ന ശോഭ ചെന്നൈയില്‍ പല ക്ഷേത്രങ്ങളിലേക്കും സഞ്ചരിച്ചു. സപ്താഹം വായിക്കുന്നതും കേള്‍ക്കുന്നതും നല്ല ശ്രദ്ധയോടെയായിരുന്നു. അതോടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി.
അതേ വര്‍ഷത്തില്‍ തന്നെയാണ് ആത്മീയ യാത്രയിലും പങ്കാളിയായത്. മക്കളാരും കൂടെയുണ്ടായിരുന്നില്ല. സംഘത്തോടൊപ്പം ബദരീനാഥിലും ഗംഗോത്രിയിലും കേദാര്‍നാഥിലുമെല്ലാം പോയി. ആദ്യത്തെ യാത്ര മാത്രമാണ് അനുഭവത്തിന്‍റെ അഭാവമുള്ളതിനാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ പോയത്. പിന്നിടുള്ള യാത്രകളെല്ലാം അനുഭവങ്ങള്‍ കൂടി ചേര്‍ത്തുവെച്ചാണ് ശോഭ നടത്തിയത്.
ശോഭ രവീന്ദ്രന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ തുടര്‍ച്ചയായ ആറുവര്‍ഷം സപ്താഹങ്ങള്‍ കേള്‍ക്കാന്‍ മാത്രമായി 'ആത്മീയയാത്രകള്‍' നടത്തി. 2013-ലാണ് സ്വാമി ശോഭയോട് സപ്താഹം ചെയ്തു നോക്കുന്നോ എന്നാവശ്യപ്പെട്ടത്. ചെന്നൈയില്‍ നിന്നും എറണാകുളത്തക്ക് താമസം മാറ്റാന്‍ തീരുമാനിച്ച വര്‍ഷമായിരുന്നു അത്.

ശോഭ രവീന്ദ്രന്‍ ഭാഗവത സപ്താഹം ചെയ്യണമെന്ന് ഓരോ തവണയും സ്വാമി നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. 2014-ല്‍ 'എന്താണ് സപ്താഹം ചെയ്യാത്തത്' എന്ന സ്വാമിയുടെ ചോദ്യത്തിന് മുന്നില്‍ സ്വാമിജിക്ക് തന്നില്‍ വിശ്വാസമുണ്ടോ എന്നാണ് ശോഭ ചോദിച്ചത്. അതുകൊണ്ടല്ലേ നിര്‍ബന്ധിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എങ്കില്‍ മൂന്നുമാസം സമയം തരണമെന്നും താന്‍ പഠിച്ചു നോക്കാമെന്നും പറഞ്ഞാണ് ശോഭ മടങ്ങിയത്.
പിന്നെ, കഠിനപഠനത്തിന്‍റെ മാസങ്ങളായിരുന്നു. പണ്ഡിറ്റ് ഗോപാലന്‍നായരുടെ എട്ട് വാള്യങ്ങളുള്ള ഭാഗവതത്തില്‍ ആഴ്ന്നിറങ്ങി പതിനെട്ടായിരം ശ്ലോകങ്ങളും അവയുടെ വ്യാഖ്യാനവും വിശദീകരണവുമെല്ലാം മനസ്സിലാക്കാനുള്ള ശ്രമങ്ങളായി. അപ്രാപ്യമായ ഒന്നിനെ പ്രാപ്യമാക്കാനുള്ള കഠിനപരിശ്രമം എന്നാണ് ശോഭ രവീന്ദ്രന്‍ തന്നെ തന്‍റെ പഠനത്തെ വിശേഷിപ്പിക്കുന്നത്.
മൂന്നുമാസത്തെ കഠിനതപസ്സിന് ശേഷം താനൊരു സപ്താഹം ചെയ്യാമെന്ന് സ്വാമിജിയോട് ശോഭ അറിയിച്ചു. ക്ഷേത്രത്തില്‍ വേണ്ട, ചാലക്കുടിയിലെ സപ്താഹം വില്ലേജിലെ സദസ്സിനു മുമ്പില്‍ ചെയ്യാമെന്നും പരാജയമാണെങ്കില്‍ പരിപാടി അവസാനിപ്പിക്കാമെന്നുമായിരുന്നു കരുതിയത്.
2014 ജൂലൈ 14 ന് ആദ്യ സപ്താഹത്തിന് തയ്യാറായി.
ആചാര്യന്മാര്‍ക്കെന്നപോലെ സപ്താഹം വില്ലേജില്‍ ശോഭയുടെ പരിപാടിക്കും സംഘാടകര്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. കേട്ടവരെല്ലാം വളരെ മികച്ച രീതിയില്‍ സപ്താഹം ചെയ്തുവെന്ന് അഭിപ്രായപ്പെട്ടത് ശോഭയ്ക്ക് ആത്മവിശ്വാസം നല്‍കി. മാത്രമല്ല സപ്താഹം വില്ലേജിലെ പരിപാടി കഴിഞ്ഞ അതേദിവസം തന്നെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും ഭാരവാഹികള്‍ വിളിച്ചു അവിടെ സപ്താഹം നടത്തണമെന്നായിരുന്നു ആവശ്യം. പുറത്തെ ആദ്യ പരിപാടി തന്നെ അമ്പലപ്പുഴ കൃഷ്ണനുമുമ്പിലാണെന്നത് ശോഭയ്ക്ക് സന്തോഷം നല്‍കി.

പിന്നീട് പതിയെ ഭാഗവത സപ്താഹത്തിന്‍റെ ലോകത്തായിരുന്നു ശോഭ രവീന്ദ്രന്‍. കോവിഡ് കാലം മാറ്റി നിര്‍ത്തിയാല്‍ തുടര്‍ച്ചയായി ക്ഷേത്രവേദികളില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ എല്ലാ മാസവും സപ്താഹം ചെയ്യുന്ന രീതിയിലേക്കെത്തി. ഇതിനകം 32 സപ്താഹങ്ങള്‍ ശോഭ രവീന്ദ്രന്‍ ചെയ്തുകഴിഞ്ഞു.
ജീവിതം ഒന്നേയുള്ളുവെന്നും അത് കരഞ്ഞുതീര്‍ക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനുമുള്ളതല്ലെന്നും സമൂഹത്തോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് വേണ്ടതെന്നും ശോഭ ഉപദേശിക്കുന്നു. ഓരോരുത്തരും തങ്ങളുടെ കഴിവുകള്‍ കണ്ടെത്തി മുന്നേറാന്‍ ശ്രമിക്കണം. ദൈവം മനുഷ്യര്‍ക്ക് ഓരോരോ കഴിവുകള്‍ നല്‍കിയിട്ടുണ്ടെന്നും ശോഭ രവീന്ദ്രന്‍ തിരിച്ചറിയുന്നു, ലോകത്തോട് വിളിച്ചു പറയുന്നു.
ശ്രീകുമാര്‍ ഗുരുവായൂര്‍
ഫോട്ടോ- മില്‍ട്ടന്‍ ആന്‍റണി
(9447725649)
