യാത്ര പോകുന്ന വഴിയിലെ ശുഭശകുനങ്ങളും അപശകുനങ്ങളും

യാത്ര പോകുന്ന വഴിയിലെ ശുഭശകുനങ്ങളും അപശകുനങ്ങളും

HIGHLIGHTS

ഇന്നത്തെ തലമുറയ്ക്ക് ശകുനം, മുഹൂര്‍ത്തം എന്നൊക്കെ പറഞ്ഞാല്‍ അത്രയ്ക്കങ്ങ് ദഹിച്ചെന്ന് വരില്ല. പക്ഷേ ബഹുഭൂരിപക്ഷത്തിനും ശകുനത്തിലും മുഹൂര്‍ത്തത്തിലും(നല്ല സമയം) വിശ്വാസമുണ്ടെന്നുള്ളതാണ് പരമമായ സത്യം. ശകുനം എന്നാല്‍ ഒരു കാര്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും ആയ സംഗതികള്‍ ആണ്. നല്ല ശകുനത്തിലും സമയത്തും ചെയ്യുന്ന കാര്യങ്ങള്‍ പരിപൂര്‍ണ്ണ വിജയം നേടും. അതുപോലെ അശുഭസമയത്തും ദുഃശ്ശകുനത്തിലും തുടങ്ങുന്ന കാര്യങ്ങള്‍ പരിപൂര്‍ണ്ണ പരാജയത്തില്‍ കലാശിക്കും. 

ന്നത്തെ തലമുറയ്ക്ക് ശകുനം, മുഹൂര്‍ത്തം എന്നൊക്കെ പറഞ്ഞാല്‍ അത്രയ്ക്കങ്ങ് ദഹിച്ചെന്ന് വരില്ല. പക്ഷേ ബഹുഭൂരിപക്ഷത്തിനും ശകുനത്തിലും മുഹൂര്‍ത്തത്തിലും(നല്ല സമയം) വിശ്വാസമുണ്ടെന്നുള്ളതാണ് പരമമായ സത്യം. ശകുനം എന്നാല്‍ ഒരു കാര്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും ആയ സംഗതികള്‍ ആണ്. നല്ല ശകുനത്തിലും സമയത്തും ചെയ്യുന്ന കാര്യങ്ങള്‍ പരിപൂര്‍ണ്ണ വിജയം നേടും. അതുപോലെ അശുഭസമയത്തും ദുഃശ്ശകുനത്തിലും തുടങ്ങുന്ന കാര്യങ്ങള്‍ പരിപൂര്‍ണ്ണ പരാജയത്തില്‍ കലാശിക്കും. ശകുനങ്ങളില്‍ ഗ്രാമ്യം, ആരണ്യം, ജലചരം, സ്ഥലചരം, ആകാശചരം, ദിവാചരം, രാത്രിചരം എന്നിവ  പ്രധാനമാണ്.

രാമായണത്തില്‍ ഭഗവാന്‍ രാമചന്ദ്രന്‍ യുദ്ധത്തിന് പുറപ്പെടുന്നതിന് മുന്‍പ് പറയുന്നത് ശ്രദ്ധിക്കുക. ഇപ്പോള്‍ വിജയം നേടാന്‍ പറ്റിയ അവസരമാണ്. നക്ഷത്രം ഉത്രം, രാക്ഷസവര്‍ഗ്ഗത്തിന്‍റെ ജന്മ നക്ഷത്രമായ മൂലം ഹത്യാകരവും എന്‍റെ വലതുകണ്ണ് തുടിക്കുന്നുമുണ്ട്. ഇതെല്ലാം വിജയലക്ഷണമാണ്. രാമായണത്തില്‍ തന്നെ മറ്റൊരു ഭാഗത്ത് പറയുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഹനുമാന്‍ ലങ്കയില്‍ കാലുകുത്തിയപ്പോള്‍ സീതാദേവിയുടേയും രാവണന്‍റേയും ഇടതുകണ്ണുകള്‍ തുടിച്ചെന്നും സ്ത്രീകള്‍ക്ക്  ഇടതുകണ്ണ് തുടിക്കുന്നത് സന്തോഷപ്രദവും പുരുഷന്മാര്‍ക്ക് സന്താപകരവുമാകുന്നു. ദ്വാപരയുഗത്തില്‍ കുചേലന്‍ ശ്രീകൃഷ്ണ ഭഗവാനെക്കാണാന്‍ പുറപ്പെട്ടപ്പോള്‍ ചകോരം വലതുവശത്തേക്ക് പറന്നെന്നു കാണുന്നു(ചകോരം വലതുവശത്തേയ്ക്ക് പറക്കുന്നത് ശുഭലക്ഷണമാണ്). ഫലമോ കുചേലന്‍ ആഗ്രഹിച്ചതിലും കൂടുതല്‍ ഭഗവാന്‍ കൊടുത്തു എന്നുള്ളതാണ്.

പണ്ട് രാജാക്കന്മാര്‍ രാജ്യഭാരം കയ്യേല്‍ക്കുമ്പോഴും യുദ്ധത്തിന് പുറപ്പെടുമ്പോഴും നല്ല സമയം നോക്കാറുണ്ടായിരുന്നു. ഇന്ന് നമ്മളുടെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കുമ്പോഴും രാജ്യഭരണം കയ്യേല്‍ക്കുമ്പോഴും നല്ല സമയം നോക്കുന്നുണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണ്. ക്ഷേത്രങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തുമ്പോഴും ഗൃഹാരംഭത്തിനും ഗൃഹപ്രവേശത്തിനും വിവാഹത്തിനും കുട്ടികളെ എഴുത്തിനിരുത്തുന്നതിനും കാതുകുത്തുന്നതിനും എന്നുവേണ്ട സിസ്സേറിയന്‍ ശസ്ത്രക്രിയയ്ക്കുപോലും നല്ലസമയം നോക്കാറുണ്ട്.

നമ്മള്‍ ഒരു കാര്യത്തിന് പുറപ്പെടുമ്പോള്‍ ആരെങ്കിലും പുറകില്‍ നിന്ന് വിളിക്കുന്നതും ഉടുത്തവസ്ത്രം ഏതെങ്കിലും വസ്തുവില്‍ ഉടക്കുന്നതും ചില പക്ഷിമൃഗാദികള്‍ വിലങ്ങനെ സഞ്ചരിക്കുന്നതും ദുര്‍ലക്ഷണങ്ങളാണ്. വേണാടിന്‍റെ ചരിത്രത്തില്‍ ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം ഒരു യുദ്ധത്തിന് പുറപ്പെട്ടപ്പോള്‍ ഒരു പൂച്ച കുറുകെ ചാടിയെന്നും ആ യുദ്ധത്തില്‍ അദ്ദേഹം വധിക്കപ്പെട്ടെന്നും രേഖകളില്‍ കാണുന്നു.

ചില ശുഭശകുനങ്ങള്‍ താഴെപ്പറയുന്നവയാണ്. 

ശുഭശകുനങ്ങള്‍: മദ്യം, പച്ച ഇറച്ചി, തൈര്, നെയ്യ്, അക്ഷതം, കരിമ്പ്, ചന്ദനം,  കദളിപ്പഴം, വെളുത്ത പൂക്കള്‍, മണ്ണ്, ആളിക്കത്തുന്ന തീയ്, മൃതശരീരം, ഇരട്ട ബ്രാഹ്മണര്‍, രാജാവ്, പല്ലക്ക്, കുതിര, മൂക്കുകയറിട്ട കാള, പശു, വേശ്യ, തേള്‍, ആന, വെണ്‍ചാമരം, മധുരമുള്ളതും പാലും ചേര്‍ത്ത ആഹാരം, ദേവന്‍റെ എഴുന്നെള്ളത്ത്, ശംഖ്, കണ്ണാടി, ആഭരണങ്ങള്‍, വീണാനാദം, മംഗല്യസ്ത്രീകള്‍ മുതലായവ.

ദുശ്ശകുനങ്ങള്‍: മാര്‍ജ്ജാരന്‍, ബലിപുഷ്പം, ചാരം, എണ്ണ, ഉപ്പ്, വിറക്, കഴുത, പോത്ത്, എള്ള്, ചൂല്, കയറ്, മഴു, മോര്,  ശീതികന്‍, അംഗവൈകല്യമുള്ളവന്‍, തലമുണ്ഡനം ചെയ്തവന്‍, ഇരുമ്പ്, വിധവ, ഉരഗം,  വൈക്കോല്‍, ഉലക്ക, ഉടഞ്ഞ കലം, ഒറ്റബ്രാഹ്മണര്‍, കുരങ്ങ്, കൂനന്‍, മൂകന്‍, ഭ്രാന്തന്‍, സന്യാസി, ചണ്ഡാലന്‍, ഉമി, പുഴുങ്ങിയ നെയ്യ്, ഈറന്‍ തുണി ഉടുത്തവന്‍, പൂച്ചകള്‍ കടിപിടികൂടുന്ന ശബ്ദം, ആളുകള്‍ തമ്മിലുള്ള കലഹം, കോഴിപ്പോര്, പാത്രങ്ങള്‍ ഉടയുന്ന ശബ്ദം, നിലവിളി ശബ്ദം മുതലയവ.

ഇപ്രകാരമുള്ള അപശകുനങ്ങള്‍ കണ്ടാല്‍ മടങ്ങി വന്നുകുളിച്ച് പതിനൊന്ന് തവണ പ്രാണായാമം ചെയ്തശേഷം യാത്ര പുറപ്പെടുക.

പക്ഷേ ഒന്നോര്‍ക്കണം ശകുനം എത്ര നന്നായാലും പുലരുവോളം കാക്കരുത്. എല്ലാറ്റിനും ഒരു ലക്ഷ്മണരേഖ ഉണ്ട്.

കെ.എന്‍. നാരായണന്‍,
(9400481576)