ശുക്രനൊപ്പം നില്‍ക്കുന്ന ഗ്രഹങ്ങളും അവയുടെ ഫലങ്ങളും
ഭൂമിയില്‍ സകല സൗഭാഗ്യങ്ങളോടുംകൂടി സുഖങ്ങള്‍ അനുഭവിച്ച് സന്തുഷ്ടരായി ജീവിക്കണമെങ്കില്‍ ജാതകത്തില്‍ ശുക്രന്‍ ബലവാനായിരിക്കണം. ശുക്രന്‍ ബലവാനായിരിക്കുന്നതോടൊപ്പം നിശ്ചിതഗ്രഹങ്ങളുമായി ശുക്രന്‍ ചേര്‍ന്നുനില്‍ക്കുന്ന അവസ്ഥ കൂടിയായാല്‍, ഒട്ടേറെ ഗുണഫലങ്ങള്‍ കരഗതമാവും. ഏതേത് ഗ്രഹങ്ങള്‍ക്കൊപ്പം ശുക്രന്‍നിന്നാല്‍ എന്തൊക്കെ ഫലങ്ങളാണ് എന്ന് നോക്കാം.
ശുക്രന്‍-സൂര്യന്‍: ഈ ഗ്രഹങ്ങള്‍ ചേര്‍ന്ന് നിന്നാലോ, അല്ലെങ്കില്‍ ഈ ഗ്രഹങ്ങള്‍ ചേര്‍ന്നുനില്‍ക്കുന്ന സ്ഥാന (ഭാവം)ത്തേയ്ക്ക് വ്യാഴത്തിന്‍റെ ദൃഷ്ടിയോ അല്ലെങ്കില്‍ ചേര്‍ച്ചയോ ഉണ്ടെങ്കില്‍ അശുഭഫലങ്ങള്‍ മാറി, ഉന്നതരുമായിട്ടുള്ള ബന്ധവും സമ്പല്‍സമൃദ്ധിയും ഫലം. ഈ ചേര്‍ച്ച അത്ര നല്ലതല്ലെങ്കില്‍ ഈ ഗ്രഹനിലയുള്ള ജാതകക്കാര്‍ കലഹത്തില്‍ വ്യാപൃതരാവും. സ്വഭാവദൂഷ്യവും ദുര്‍നടത്തവുമുള്ളവരായിരിക്കും. ജീവിതപങ്കാളിയുടെ ബന്ധുക്കളുടെ അതൃപ്തി സമ്പാദിക്കും. മറ്റുള്ളവരെ കബളിപ്പിക്കുന്നതില്‍ സാമര്‍ത്ഥ്യശാലികളായിരിക്കും. ഒരാള്‍ ചെയ്ത ഉപകാരങ്ങള്‍ ഉടന്‍തന്നെ മറന്നുകളയും.
ശുക്രന്‍-ചന്ദ്രന്‍: ഈ കൂടിച്ചേര്‍ച്ചയുള്ളവര്‍ നല്ല വിദ്യാഭ്യാസവും ജ്ഞാനവും ബുദ്ധിചാതുരിയുമുള്ളവരായിരിക്കും. സകല സുഖസൗകര്യങ്ങളും ഉണ്ടായിരിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ മടിക്കില്ല. ഇവര്‍ നിര്‍ബന്ധവും ദേഷ്യസ്വഭാവവും മാറ്റേണ്ടത് അത്യാവശ്യമാണ്. ചെറുപ്പത്തില്‍തന്നെ അമ്മയെ പിരിയാന്‍ സാധ്യതയുള്ളവരാണിവര്‍. അല്ലെങ്കില്‍ അമ്മയില്‍നിന്നും അകന്നുകഴിയും. ശുക്രന്‍-ചന്ദ്രന്‍ ചേര്‍ച്ചയുള്ള ജാതകക്കാര്‍ സ്ത്രീകളുമായി സംസാരിക്കാന്‍ സങ്കോചമുള്ളവരായിരിക്കും.
ശുക്രന്‍-ചൊവ്വ: ഭംഗിയും ആരോഗ്യവുമുള്ള ശരീരഘടനയായിരിക്കും ഇവര്‍ക്ക്. ശുദ്ധമായും വ്യക്തമായും സംസാരിക്കുന്നവര്‍, ധൈര്യശാലികള്‍. ഏതുകാര്യവും സമര്‍ത്ഥമായി ആസൂത്രണം ചെയ്ത് പ്രാവര്‍ത്തികമാക്കി ഇവര്‍ വിജയം വരിക്കും. എങ്ങനെയെങ്കിലും തങ്ങളുടെ കാര്യം നടന്നാല്‍ മതി എന്ന് കരുതുന്നവര്‍. കലകളില്‍ താല്‍പ്പര്യമുള്ളവര്‍. ക്ഷമാശീലരും കൂടിയാണിവര്‍. എന്തൊക്കെ സമ്പന്നരാണെങ്കിലും ദയയോ, ധര്‍മ്മചിന്തകളോ, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സോ ഇവര്‍ക്കുണ്ടാവും എന്ന് പറയാനാവില്ല.
ശുക്രന്‍-ബുധന്‍: സ്നേഹസമ്പന്നരും സത്യസന്ധരും വിശ്വസ്തരുമായിരിക്കും ഇവര്‍. ഏത് കാര്യത്തിലും അശ്രാന്ത പരിശ്രമം നടത്തി വിജയം നേടും. നല്ല പ്രാസംഗികരായിരിക്കും. ചിന്തിച്ചുപ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇവര്‍ക്ക് തോല്‍വികള്‍ താങ്ങാനാവില്ല. ഉത്സാഹത്തോടെ എല്ലാവരുമായി അടുത്തിടപഴകും. ഇവര്‍ക്ക് സ്വാഭാവികമായും നര്‍മ്മരസമുണ്ടായിരിക്കും. എല്ലാ സുഖഭോഗങ്ങളും അനുഭവിച്ച് ജീവിക്കും.
ശുക്രന്‍-വ്യാഴം: ഇവര്‍ ഒരു അഭിപ്രായത്തെ അനുകൂലിച്ചും എതിര്‍ത്തും സംസാരിക്കുവാന്‍ കഴിവുള്ളവരായിരിക്കും. ദയാമനസ്കരായ ഇവര്‍ ഒപ്പംതന്നെ പിടിവാശിക്കാരുമായിരിക്കും. ചെറിയ രീതിയില്‍ ലുബ്ധരുമായിരിക്കും. മറ്റുള്ളവരെ പെട്ടെന്ന് വിശ്വസിക്കില്ല. അധികം അദ്ധ്വാനിക്കാതെ തന്നെ ധാരാളം പണമുണ്ടാക്കണമെന്ന് കരുതും. സ്വത്തുക്കള്‍ സമ്പാദിച്ച് കൂട്ടുന്നതില്‍ അതീവ താല്‍പ്പര്യമുള്ളവരായിരിക്കും. ആഗ്രഹങ്ങള്‍ ഇവര്‍ക്ക് അധികമുണ്ടാകും. കാര്യം കാണാന്‍ എന്തും ചെയ്യുന്നവരാണിവര്‍. എപ്പോഴും ഏത് കാര്യത്തിനും പോരാടിക്കൊണ്ടിരിക്കേണ്ട ജീവിതമായിരിക്കും ഇവരുടേത്.
ശുക്രന്‍-ശനി: ഗാംഭീര്യമുള്ള രൂപത്തോടുകൂടിയ ഇവര്‍ക്ക് നല്ലതും ചീത്തയും വേര്‍തിരിച്ച് നോക്കാനറിയില്ല. ഇവര്‍ നീതിയും സത്യവും പിന്തുടരുന്നവരും സത്യസന്ധരുമായിരിക്കും. ദൃഢചിത്തരായ ഇവര്‍ തങ്ങളുടെ മുന്‍കോപം കുറയ്ക്കുന്നത് ഉചിതമായിരിക്കും. അതുപോലെ ചഞ്ചലസ്വഭാവവും ഉപേക്ഷിക്കണം.
ശുക്രന്‍- രാഹു: ഭാര്യയോട് വളരെയധികം സ്നേഹവും വാത്സല്യവുമുള്ളവരായിരിക്കും ഇവര്‍. ആഗ്രഹിച്ച കാര്യങ്ങള്‍ അതേപടി പൂര്‍ത്തിയാക്കുന്നതില്‍ വല്ലഭരായിരിക്കും. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ അതീവതാല്‍പര്യം കാണിക്കും. വീട്, ഭൂമികള്‍, പശു, സമ്പത്ത്, കീര്‍ത്തി എല്ലാം ഉള്ളവരായിരിക്കും. ഏത് ജോലിയിലാണെങ്കിലും മറ്റുള്ളവരുടെ പ്രശംസ നേടുംവിധമായിരിക്കും ഇവരുടെ പ്രവര്‍ത്തനശൈലി. ഈ ഗ്രഹചേര്‍ച്ച നല്ല രീതിയില്‍ അല്ലാത്ത ജാതകത്തിന്‍റെ ഉടമകള്‍ സദാദുഃഖം ആവരണം ചെയ്ത മുഖക്കാരും രോഗികളുമായി കാണപ്പെടും.
ശുക്രന്‍-കേതു: ആത്മീയ പ്രതിപത്തിയും ക്ഷേത്രദര്‍ശനത്തില്‍ അതീവതാല്‍പ്പര്യമുള്ളവരുമായിരിക്കും. ഏത് കാര്യത്തിലും നല്ലവണ്ണം ചിന്തിച്ചശേഷം മാത്രമേ ഇടപെടുകയുള്ളൂ. ഇതുകൂടാതെ മറ്റുചില സദ്ഗുണങ്ങളും ഇവര്‍ക്കുണ്ടാവും. ഭംഗിയുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരുമായിരിക്കും ഇവര്‍. ഇവരില്‍ പലരും കവികളായും മികച്ച അദ്ധ്യാപകരായും കീര്‍ത്തി നേടും. ജ്യോതിഷത്തിലും മന്ത്രതന്ത്രങ്ങളിലും പ്രഗത്ഭരായിരിക്കും. ഇവരില്‍ മിക്കവര്‍ക്കും വരുന്ന രോഗം പിത്തസംബന്ധിയായിരിക്കും. യാതൊരു കാരണവശാലും ഇവര്‍ പറഞ്ഞ വാക്ക് മാറ്റിപ്പറയുകയില്ല.
Photo Courtesy - Google
