ശിവരാത്രി  വ്രതനിഷ്ഠകൾ

ശിവരാത്രി വ്രതനിഷ്ഠകൾ

HIGHLIGHTS

വ്രതമെടുക്കുന്നതുകൊണ്ട് ഫലമുണ്ടാകണമെങ്കിൽ വ്രതനിഷ്ഠകൾ കൃത്യമായും പാലിച്ചിരിക്കണം. അങ്ങനെ കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ എല്ലാ പാപങ്ങളും അകന്ന് ആ പരബ്രഹ്മ സ്വരൂപത്തിൽ എത്തിക്കുന്നു ശിവരാത്രി വ്രതം.

പാലാഴിമഥനത്തിലുണ്ടായ ഹലാഹല വിഷം ലോകരക്ഷയ്ക്കായി ശ്രീ പരമേശ്വരൻ പാനം ചെയ്ത രാത്രിയാണ് ശിവരാത്രി. രജോഗുണത്തേയും തമോഗുണത്തേയും നിയന്ത്രിച്ച് ഭക്തരുടെ ഉള്ളിൽ സാത്വികഭാവം വളർത്തുന്നു എന്നതാണ് ഈ വ്രതത്തിന്റെ മഹത്വം.

വ്രതമെടുക്കുന്നതുകൊണ്ട് ഫലമുണ്ടാകണമെങ്കിൽ വ്രതനിഷ്ഠകൾ കൃത്യമായും പാലിച്ചിരിക്കണം. അങ്ങനെ കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ എല്ലാ പാപങ്ങളും അകന്ന് ആ പരബ്രഹ്മ സ്വരൂപത്തിൽ എത്തിക്കുന്നു ശിവരാത്രി വ്രതം.

ശിവരാത്രി നാളിൽ വ്രതമനുഷ്ഠിക്കുന്നവർ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് സ്‌നാനാദി കർമ്മങ്ങൾക്ക് ശേഷം ഭസ്മം, രുദ്രാക്ഷം എന്നിവ ധരിക്കുക. ഗ്രഹത്തിൽ നിലവിളക്ക് കത്തിച്ച് ശ്രീ പരമേശ്വരനെ ധ്യാനിക്കണം. ഓം നമഃശിവായ എന്ന പഞ്ചാക്ഷരി മന്ത്രം 108 പ്രാവശ്യം ജപിക്കുക. പ്രാതസ്മരണ സ്‌തോത്രവും ബില്യാഷ്ടകവും ദ്വാദശ ജ്യോതിർലിംഗ സ്തുതിയും ജപിക്കുക. എന്നിട്ട് തൊഴുത് നമസ്‌ക്കരിക്കുക.

തുടർന്ന് ശിവക്ഷേത്രദർശനം നടത്തുക. പുറത്ത് മൂന്നുപ്രാവശ്യം പ്രദക്ഷിണം  വെച്ചിട്ടേ അകത്ത് കയറാവൂ. പുറത്തെ പ്രദക്ഷിണ സമയത്ത് ഓം നമഃശിവായ എന്ന മൂലമന്ത്രമോ ഏകാദശ രുദ്രൻമാരെ സ്മരിക്കുകയോ ആവാം.

ഓരോരുത്തരും കഴിവിനൊത്ത പൂജാദികൾ ക്ഷേത്രത്തിൽ ചെയ്യേണ്ടതാണ്. ശിവന് ഏറെയിഷ്ടം ജലധാരയാണ്. കൂവളത്തിലമാല സമർപ്പിക്കുക, കൂവളത്തിലയാൽ അർച്ചന നടത്തുക എന്നിവയും ഭഗവാന് ഇഷ്ടമാണ്. ദർശനശേഷം പുരുഷന്മാർ സാഷ്ടാംഗ നമസ്‌ക്കാരവും സ്ത്രീകൾ പഞ്ചാംഗ നമസ്‌ക്കാരവും ചെയ്യണം. പകലും രാത്രിയും ഉപവാസത്തോടെ ഭഗവത് നാമങ്ങൾ ഉരുവിട്ട് ശിവസ്‌തോത്രങ്ങൾ ജപിച്ച് ക്ഷേത്രത്തിൽ കഴിയുക.
വൈകുന്നേരം സ്‌നാനാദി കർമ്മങ്ങൾക്കുശേഷം ക്ഷേത്രപ്രദക്ഷിണം നടത്തി അകത്ത് കയറി ദർശനം നടത്തുക. കൂവളമാല ചാർത്തിയും അർച്ചനചെയ്തും ശ്രീമഹാദേവനെ പ്രീതിപ്പെടുത്തണം.

പ്രദോഷസമയത്ത് പൂജ്യൻ ശിവനാകുന്നു. ശിവനെ വിധിയാംവണ്ണം പൂജിച്ചാൽ മറ്റ് ദേവതകളുടെ അനുഗ്രഹവും ഭക്തന് ലഭിക്കും. പ്രദോഷസ്‌തോത്രം, മൃത്യുഞ്ജയമന്ത്രം, ശിവാഷ്‌ടോത്തര ശതനാമസ്‌തോത്രം, ശിവസ്‌തോത്രം, ശിവമംഗളാഷ്ടം മുതലായവ ജപിച്ച് പൂർണ്ണമായി ഉറക്കമൊഴിയുന്നത് നല്ലത്.
വെളുപ്പിന് സ്‌നാനാദികൾക്കുശേഷം ക്ഷേത്രദർശനം നടത്തി ശിവപൂജ ചെയ്ത ശേഷം വ്രതമവസാനിപ്പിക്കാം.

ക്ഷേത്രത്തിൽ കഴിയാൻ പറ്റാത്തവർ വീട്ടിലിരുന്ന് വ്രതാനുഷ്ഠാനത്തോടെ ശിവരാത്രി വ്രതം എടുത്താലും പൂർണ്ണഫലം ലഭിക്കും. രാവിലെയും വൈകുന്നേരവും സ്‌നാനാദി കർമ്മങ്ങൾക്കുശേഷം നിലവിളക്ക് കൊളുത്തി ശ്രീ പരമേശ്വരധ്യാനം നടത്തുക. ക്ഷേത്രദർശനം നടത്തുകയും വേണം. ഉപവാസത്തോടെ ശിവസ്തുതികൾ ജപിച്ച് ഉറക്കമൊഴിക്കണം. രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി വ്രതമവസാനിപ്പിക്കാം.

അന്ന് പകലും ഉറങ്ങരുത്. ദാനവും ബ്രാഹ്മണ ഭോജനവും ഈ വ്രതത്തിന്റെ മഹിമ വർദ്ധിപ്പിക്കും.
ഉപവാസം അനുഷ്ഠിക്കേണ്ട ദിവസമാണെങ്കിലും ഭക്ഷണം ഒഴിവാക്കാനാകാത്തവർ ഇളനീർ, പഴം, പാൽ എന്നിവ മിതമായി കഴിക്കുക.
ശിവരാത്രി വ്രതം ഭാര്യയും ഭർത്താവും ഒരുമിച്ച് അനുഷ്ഠിക്കുന്നതാണ് ഉത്തമം.