ഷഷ്ഠിവ്രതത്താല്‍ അനുഗ്രഹപുണ്യമേകുന്ന ദേവസേനാപതി

ഷഷ്ഠിവ്രതത്താല്‍ അനുഗ്രഹപുണ്യമേകുന്ന ദേവസേനാപതി

HIGHLIGHTS

ദേവന്മാരും പാര്‍വ്വതിദേവിയുമെടുത്ത ഷഷ്ഠിവ്രതമാണ് സ്കന്ദഷഷ്ഠി എന്നുപറയുന്നത്. ഈ വര്‍ഷത്തെ സ്കന്ദഷ്ഠി നവംബര്‍ 7 നാണ്.

 

ശിവ-പാര്‍വ്വതിമാര്‍ സന്തോഷത്തോടെ കൈലാസത്തില്‍ വസിച്ചുവന്ന കാലം. എന്നാല്‍ വളരെ കാലമായിട്ടും ശിവപുത്രന്‍ അവതരിച്ചില്ല. അതിനാല്‍ ദേവന്മാര്‍ വീണ്ടും ശിവ-പാര്‍വ്വതിമാരെ കാണാന്‍ കൈലാസത്തില്‍ എത്തി അവരെ സ്തുതിച്ചു. ശിവ-പാര്‍വ്വതി പുത്രനായി സ്കന്ദന് ജന്മം നല്‍കി ദേവാദികളുടെ ദുഃഖത്തിന് ശമനമുണ്ടാക്കണമെന്ന് ബ്രഹ്മാവ്, വിഷ്ണു തുടങ്ങിയവര്‍ ശ്രീ പരമേശ്വരനോട് അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് ഭഗവാന്‍ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്‍റെ അഞ്ച് മുഖങ്ങളില്‍ നിന്നും അഞ്ച് ദിവ്യജ്യോതിസ്സുകളും പാര്‍വ്വതിദേവിയുടെ മുഖത്തുനിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ഈ ദിവ്യജ്യോതിസ്സുകളെ ശിവനും പാര്‍വ്വതിദേവിയും ചേര്‍ന്ന് അഗ്നിദേവന് നല്‍കി.

അഗ്നിദേവന്‍ ദിവ്യജ്യോതിസിനെ ഗംഗാദേവിക്ക് നല്‍കുവാന്‍ തയ്യാറായി. വഴിമദ്ധ്യേ അഗ്നിദേവന് ഈ ദിവ്യജ്യോതിസിന്‍റെ താപം താങ്ങാന്‍ കഴിയാതെ വായുദേവനെ ഏല്‍പ്പിച്ചു. വായുദേവനും ഏതാനും  നാഴിക പിന്നിട്ടപ്പോള്‍ തളര്‍ന്നു. പിന്നെ അഗ്നിദേവന് ഇത് കൈമാറി. അങ്ങനെ അഗ്നിദേവനും വായുദേവനും ചേര്‍ന്ന് ഈ ദിവ്യജ്യോതിയെ ഗംഗയില്‍ നിക്ഷേപിക്കുകയും ചെയ്തു.

ഗംഗാദേവിക്കും ഈ തേജസ്സിനെ അധികനേരം വഹിക്കുവാന്‍ കഴിഞ്ഞില്ല. പിന്നീട് ബ്രഹ്മദേവന്‍റെ നിര്‍ദ്ദേശപ്രകാരം ഗംഗ ഈ തേജസ്സിനെ ശരവണ പ്പൊയ്കയില്‍ എത്തിച്ചു. നാളുകള്‍ കടന്നുനീങ്ങി. അങ്ങനെ ഒരുനാള്‍ ആ ദിവ്യജ്യോതിസ്സുകളില്‍ നിന്നും ബാല്യസൂര്യന് തുല്യമായ ശരീരകാന്തിയോട് കൂടി ഒരു ആണ്‍കുട്ടി പിറന്നു. ആ കുട്ടിയാണ് ശ്രീ സുബ്രഹ്മണ്യന്‍.

ശരവണത്തില്‍ പിറന്ന ആ ദിവ്യസായൂജ്യത്തില്‍ എല്ലാവരും ആനന്ദിച്ചു. ആ ദിവ്യാവതാരത്തെ ഒരു നോക്കുകാണാനായി ബ്രഹ്മവിഷ്ണുവും ദേവേന്ദ്രനും ദേവന്മാരും മാമുനിമാരും ശരവണപ്പൊയ്കയുടെ തീരത്തെത്തി. വിഷ്ണുവിന്‍റെ നിര്‍ദ്ദേശപ്രകാരം കാര്‍ത്തിക നക്ഷത്രത്തിന്‍റെ അധിദേവതമാരായ ആറുദേവിമാര്‍ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളര്‍ത്തുവാന്‍ എത്തി.

അവര്‍ ആ ശിശുവിനെ വാരിപ്പുണര്‍ന്ന് പാലൂട്ടാന്‍ വെമ്പല്‍പൂകി.  പരസ്പരം മത്സരിച്ചു. ഇതുകണ്ട ആ ബാലന്‍ ആറുപേര്‍ക്കും മൂന്നില്‍ ആറുബാലനായി തീര്‍ന്നു. അങ്ങനെ ശരവണപ്പൊയ്ക ശ്രീകുമാരന്‍റെ അത്ഭുത ലീലകള്‍ കൊണ്ട് പ്രകാശമയമായി. ശ്രീകുമാരനെ ദര്‍ശിക്കുവാന്‍ വന്ന ദേവന്മാര്‍ കുമാരന് പല നാമങ്ങളും നല്‍കി.

അതിശ്രേഷ്ഠമായ ബ്രഹ്മത്തില്‍ നിന്ന് ഉത്ഭവിച്ചതിനാല്‍ ശ്രീ സുബ്രഹ്മണ്യനെന്നും വൈശാഖ മാസത്തിലെ വിശാഖ നക്ഷത്രത്തില്‍ ജനിച്ചതിനാലും വൈശാഖ വിശാഖദത്തനെന്നും  പേരുകള്‍ സുബ്രഹ്മണ്യനുണ്ട്. ഉയര്‍ന്ന കാന്തിയോടുകൂടിയവനായി ജനിച്ചതിനാല്‍ ശ്രീകുമാരന്‍, അഗ്നിയില്‍ നിന്നും പിറവിയെടുത്തതിനാല്‍ ബാഹുലേയന്‍, വായു വഹിച്ചതിനാല്‍ വായുവാഹനന്‍, ഗംഗയുടെ മകനായതിനാല്‍ ഗംഗേയന്‍, കാങ്കേയന്‍. ശരവണപ്പൊയ്കയില്‍ ജനിച്ചതിനാല്‍ ശരവണഭവന്‍. ശരവണന് കാര്‍ത്തികമാര്‍ പാലൂട്ടി താരാട്ട് പാടിയതിനാല്‍ കാര്‍ത്തികേയന്‍. കാര്‍ത്തികമാര്‍ക്ക് പാലൂട്ടാന്‍ വേണ്ടി ആറുരൂപം കൈക്കൊണ്ടതിനാല്‍ ആറുമുഖന്‍, ഷണ്‍മുഖന്‍ അങ്ങനെ ആറ് ശിശുക്കളായി പിറവിയെടുത്ത ശ്രീകുമാരനും ശ്രീശങ്കരനും രണ്ടല്ല, ഒന്നാണ് എന്ന ഓങ്കാര സത്യം മനസ്സിലാക്കിയ ദേവവാസികള്‍ ഹരഹരോ ഹരഹരാ... എന്ന് ചൊല്ലി ശ്രീകുമാരനെ സ്തുതിച്ചു.

അങ്ങനെ ഒരുനാള്‍ ശിവശങ്കരനും ശ്രീപാര്‍വ്വതി ദേവിയും ഋഷഭവാഹനാരൂഢരായി ശരവണപ്പൊയ്കയില്‍ എത്തി. ശ്രീപാര്‍വ്വതിദേവി മാതൃഹൃദയത്തിന്‍റെ താരാട്ടുപാട്ടുമായി ശിശുക്കളെ ലാളിക്കാന്‍ വെമ്പല്‍ കൊണ്ടു. അങ്ങനെ ലോകജനനി ആറ് കുമാരന്മാരെ, ആറ് രൂപത്തെ ഒന്നായിക്കണ്ട്, ഈവിധം ഒന്നാണെന്ന സന്ദേശം ലോകത്തിന് അരുള്‍ ചെയ്തു. അങ്ങനെ ശ്രീകുമാരനെ ലോകമാതാവായ ശ്രീപാര്‍വ്വതി അനുഗ്രഹിച്ചപ്പോള്‍ ശ്രീകുമാരന്‍ ഏകരൂപനായി സ്കന്ദദേവനായി ഭവിച്ചു. ആ ധന്യമുഹൂര്‍ത്തത്തിന് എല്ലാ ദേവന്മാരും സാക്ഷ്യം വഹിച്ചു. ശക്തിയാല്‍ ചേര്‍ക്കപ്പെട്ടതിനാലും ശിവനില്‍ നിന്ന് സ്കലിച്ചതിനാലും സ്കന്ദദേവന്‍ എന്നും പേരുവന്നു.

അങ്ങനെ ശ്രീകുമാരനെയും കൊണ്ട് ശിവ- പാര്‍വ്വതിമാര്‍ കൈലാസത്തില്‍ പോയി. ശിവഭഗവാന്‍ പത്നിയോടും പുത്രനോടും ഒന്നിച്ച് സുവര്‍ണ്ണക്ഷേത്രത്തിലെ രത്നസിംഹാസനത്തില്‍ ഉപവിഷ്ടനായി. മദ്ധ്യത്തില്‍ ശ്രീകുമാരനും വാമഭാഗത്തായി പാര്‍വ്വതിദേവിയും ഉപവിഷ്ടയായി.

അതുവരെ നിശ്ശബ്ദമായിരുന്ന കൈലാസാദ്രി ശൃംഗങ്ങള്‍ അന്ന് മുതല്‍ അനക്കം വച്ചുതുടങ്ങി. പിന്നീട് ബ്രഹ്മലോകത്തില്‍ നിന്ന് യുദ്ധവിദ്യയും, അസ്ത്രവിദ്യയും സകല ശാസ്ത്രവിദ്യയും ശ്രീകുമാരന്‍ നേടിയെടുത്തു.

അങ്ങനെ ആ നാള്‍ വന്നെത്തി. ബ്രഹ്മാവിഷ്ണുമഹേശ്വരാദികള്‍ കുമാരനെയും കൊണ്ട് കുരുക്ഷേത്രത്തിലെ സരസ്വതി തീര്‍ത്ഥത്തില്‍ പോയി. അവിടെവച്ച് ത്രിമൂര്‍ത്തികള്‍ ശ്രീകുമാരനെ ദേവന്മാരുടെ സേനാപതിയായി അഭിഷേകം ചെയ്തു.

അങ്ങനെ ദേവന്മാരുടെ സേനാപതിയെ ദേവസേനാപതി എന്ന് വിളിച്ചു. ശ്രീമുരുകന്‍ അഭിഷേകം ചെയ്യപ്പെട്ടതിനുശേഷം ദേവകള്‍ ആ സേനാപതിക്ക് പരാക്രമികളായ സേനകളെ സംഭാവന ചെയ്തു. ഘണ്ടാകര്‍ണ്ണന്‍, ലോഹിതാക്ഷന്‍, കമുദമാലി, സ്ഥാണു, സംക്രമന്‍, വിക്രമന്‍ തുടങ്ങി നൂറ്റിയെട്ട് സേനാനായകന്മാരെ കിട്ടി.

ഇതിന് പുറമെ ഗരുഡന്‍ അതിവേഗത്തില്‍ പറക്കുന്ന സ്വപുത്രനായ മയിലിനേയും അരുണന്‍ സ്വപുത്രനായ കോഴിയേയും നല്‍കി. അഗ്നി ശക്തിവേലും, ബൃഹസ്പതി ദണ്ഡും കടില കമണ്ഡലവും വിഷ്ണു മാലയും ശിവന്‍ പതക്കവും നല്‍കി. വേല്‍ ആയുധമാക്കിയതിനാല്‍ വേലായുധന്‍, മയൂരത്തെ വാഹനം ആക്കിയതിനാല്‍ മയൂരവാഹനന്‍ കടമ്പമാല അണിഞ്ഞതിനാല്‍ കടമ്പന്‍ എന്നും സുബ്രഹ്മണ്യന്‍ അറിയപ്പെടുന്നു.

സുബ്രഹ്മണ്യനെ സേനാപതിയായി അഭിഷേകം ചെയ്യപ്പെട്ടതോടുകൂടി ദേവന്മാര്‍ക്ക് ഒരു ഉണര്‍വ്വുണ്ടായി. അങ്ങനെ വീണ്ടും ദേവാസുരയുദ്ധത്തിന് തുടക്കമായി.

പോര്‍ക്കളത്തിലേക്ക് സര്‍വ്വായുധധാരിയായ ശ്രീസുബ്രഹ്മണ്യനും എണ്ണിയാല്‍ ഒടുങ്ങാത്ത ഭൂതഗണങ്ങളും ശിവഗണങ്ങളും നൂറ്റിയെട്ട് സേനാനായകന്മാരും എത്തി. തുടര്‍ന്ന് സ്കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും വധിച്ചു. അതിനുശേഷം അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരനുമായി സ്കന്ദന്‍ അനേകകാലം യുദ്ധം ചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്‍റെ മായകൊണ്ട് സ്കന്ദനെ മറച്ചുകളഞ്ഞു.

ഇതുകണ്ട ദേവന്മാരും പാര്‍വ്വതിദേവിയും വളരെയധികം ദുഃഖിതരായി. അവര്‍ കഠിനമായ വ്രതനിഷ്ഠയോടെ ഷഷ്ഠിവ്രതം അനുഷ്ഠിക്കുകയും അതിന്‍റെ ഫലമായി സ്കന്ദന്‍ ശൂരപദ്മാസുരന്‍റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു. അങ്ങനെ ദേവന്മാരും പാര്‍വ്വതിദേവിയുമെടുത്ത ഈ ഷഷ്ഠിവ്രതമാണ് സ്കന്ദഷഷ്ഠി എന്നുപറയുന്നത്.

അസുരന്മാരെ വധിച്ച് ദേവന്മാര്‍ക്ക് ദേവലോകം തിരിച്ച്നല്‍കിയ ശ്രീസുബ്രഹ്മണ്യന്‍ കൈലാസത്തിലേക്ക് തിരിച്ചുപോയി. അങ്ങനെ അസുരന്മാരെ പരാജയപ്പെടുത്തി ജയത്തോടെ തിരിച്ചുവന്നതിനാല്‍ വേലന്‍ എന്നും പേരുവന്നു.

ശ്രീവേലായുധന്‍റെ മാഹാത്മ്യ കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല. ശ്രീസുബ്രഹ്മണ്യസ്വാമിക്ക് ഓരോ മാഹാത്മ്യ കഥകളില്‍ നിന്നും ഓരോ നാമങ്ങള്‍ ലഭിച്ചിട്ടുള്ളതായി കാണാന്‍ സാധിക്കും. അതിന് ഉദാഹരണമാണ് ഗുഹന്‍, ആണ്ടവന്‍, വള്ളിമണാളന്‍, സ്വാമിനാഥന്‍ തുടങ്ങിയ നാമങ്ങള്‍.

തരവത്ത് ശങ്കരനുണ്ണി,
(9847118340)