സ്കന്ദഷഷ്ഠി
സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാരോഗങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠിവ്രതം എടുത്താല്‍ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.
തലേദിവസം ഒരുനേരമേ ഭക്ഷണം കഴിക്കാവൂ. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍ നിന്നും വാങ്ങി കഴിക്കാം. അരിയാഹാരം ഒരുനേരം മാത്രമേ കഴിക്കുവാന്‍ പാടുള്ളൂ.
ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം.
കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം. ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് ഷണ്‍മുഖപൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധമാക്കി(ചാണകം മെഴുകി ശുദ്ധി വരുത്തുന്നത് ഉത്തമം) ഭഗവാന്‍റെ ചിത്രം വയ്ക്കണം. പുഷ്പങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്കന്ദസ്തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം.
സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലുകയും പുരാണപാരായണം ചെയ്യുകയും വേണം. രാത്രി പൂജ ദര്‍ശിച്ച് വ്രതം പൂര്‍ത്തിയാക്കാം. ഷഷ്ഠി ദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്നപോലെ ആറുദിവസം തുടര്‍ച്ചയായും ഈ വ്രതമെടുക്കാം. തികഞ്ഞ ശ്രദ്ധയും ഭക്തിയും ഈ വ്രതത്തിന് ആവശ്യമാണ്. വ്രത ദിവസവും തലേന്നും പകലുറക്കം അരുത്. വെറും നിലത്തേ കിടക്കാവൂ. ആഡംബരം പാടില്ല. ശ്രദ്ധയോടെ 6, 12, 18 തുടങ്ങി യഥാശക്തി ദിവസം വ്രതം പാലിക്കണം.
സന്താനലാഭം, സന്തതികളുടെ ശ്രേയസ്സ്, ഉദ്ദിഷ്ടകാര്യസിദ്ധി, സര്‍പ്പദോഷശാന്തി, ത്വക് രോഗശാന്തി, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠി വ്രതാനുഷ്ഠാനത്തിന്‍റെ പൊതുവായ ഫലങ്ങള്‍.
പാര്‍വ്വതീപരമേശ്വരന്മാരുടെ പുത്രനായി, താരകാസുര നിഗ്രഹത്തിനായി ഗംഗാനദിയിലെ ശരവണപ്പൊയ്കയില്‍ സുബ്രഹ്മണ്യസ്വാമി അവതരിച്ചു. മനോഹരമായ രൂപസൗന്ദര്യത്തോടുകൂടിയവനും, ഭക്തരില്‍ മനസ്സ് ഉരുകുന്നവനും ആയതിനാല്‍ മുരുകന്‍ എന്നും, അഗ്നിയില്‍(ശിവന്‍റെ നേത്രാഗ്നി) നിന്നും ജനിച്ചതുകൊണ്ട് ബാഹുലേയന്‍ എന്നും, വേല്‍ ആയുധമാക്കിയതുകൊണ്ട് വേലായുധന്‍ എന്നും, വേദശാസ്ത്ര പണ്ഡിതനും ബ്രഹ്മജ്ഞാനിയുമാകയാല്‍ സുബ്രഹ്മണ്യന്‍ എന്നും, പാര്‍വ്വതിദേവിയുടെ ആശ്ലേഷത്തിനാല്‍ ഏക ശരീരവാനാകയാല്‍ കുമാരനെന്നും, സോമനാഥനാകുന്ന ശ്രീ മഹാദേവന് പ്രണവമന്ത്രം ഉപദേശിച്ചവനാകയാല്‍ സ്വാമിനാഥന്‍ എന്നും, ആറുമുഖങ്ങളോടുകൂടിയവനാകയാല്‍ ഷണ്‍മുഖനെന്നും, അനന്തവും ഗോപ്യവുമായ ജ്ഞാനത്തിന്‍റെ അധികാരിയാകയാല്‍ ഗുഹനെന്നും, ആറ് താമരപ്പൂക്കളിലായി ഗംഗയിലെ ശരവണപൊയ്കയില്‍ അവതരിച്ചതിനാല്‍ ശരവണഭവനെന്നും, കാര്‍ത്തിക നക്ഷത്ര ദേവതകളായ ആറ് കൃത്തികമാര്‍(മാതാക്കള്‍) വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും, ഗ്രഹനക്ഷത്രാദികളുടെ അധിപതിയാകയാല്‍ താരബ്രഹ്മമെന്നും ഭഗവാന്‍ വാഴ്ത്തപ്പെടുന്നു.
ഏഴാം വയസ്സില്‍ തന്നെ താരകാസുര നിഗ്രഹത്തിനായി സ്കന്ദനെബ്രഹ്മാദികള്‍ ദേവന്മാരുടെ സേനാപതിയായി വാഴിക്കുകയും ചെയ്തു. ഇന്ദ്രിയങ്ങളാകുന്ന സേനകളുടെ പതിയായിരുന്നതുകൊണ്ട് ദേവസേനാപതി എന്നും പറയുന്നു. തുടര്‍ന്ന് സ്കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനേയും സിംഹവക്ത്രനേയും വധിച്ചു. അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരനുമായി സ്കന്ദന്‍ അനേകനാള്‍ യുദ്ധം ചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്‍റെ മായകൊണ്ട് സ്കന്ദനെമറച്ചുകളഞ്ഞു. ഇതുകണ്ട് ദേവന്മാരും പാര്‍വ്വതിദേവിയും വളരെയധികം ദുഃഖിതരായി തീര്‍ന്നു. അവര്‍ ആറുദിനങ്ങള്‍ കഠിനമായ വ്രതം അനുഷ്ഠിക്കുകയും അതിന്‍റെ ഫലമായി സ്കന്ദന്‍ ശൂരപദ്മാസുരന്‍റെ മായയെ ഇല്ലാതാക്കി അസുരനെ വധിക്കുകയും ചെയ്തു. ഇതാണ് ഷഷ്ഠിവ്രതത്തിന്‍റെ പിന്നിലുള്ള ഐതിഹ്യം.
ശ്രീസുബ്രഹ്മണ്യന്‍ ശൂരപദ്മാസുരനെനിഗ്രഹിച്ച ദിവസമാണ് തുലാത്തിലെ ഷഷ്ഠി. അതുകൊണ്ടാണ് തുലാത്തിലെ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നത്. അതിനാല്‍ തുലാത്തിലെ ഷഷ്ഠി സ്കന്ദഷഷ്ഠി എന്നറിയപ്പെടുന്നു.
പ്രണവത്തിന്‍റെ അര്‍ത്ഥം അറിയാത്തതിന് ശ്രീസുബ്രഹ്മണ്യന്‍ ബ്രഹ്മാവിനെ കാരാഗൃഹത്തില്‍ അടച്ചു. പാപം തീര്‍ക്കുന്നതിന് സര്‍പ്പരൂപിയായി സഞ്ചരിക്കാന്‍ തുടങ്ങി. സര്‍വ്വരൂപത്തില്‍ നിന്നും സുബ്രഹ്മണ്യന് മോചനം സിദ്ധിച്ചത് വൃശ്ചികമാസത്തിലെ ഷഷ്ഠി നാളിലായിരുന്നു.
അതുകൊണ്ട് സര്‍പ്പദോഷങ്ങള്‍ തീരുന്നതിന് വൃശ്ചികത്തിലെ ഷഷ്ഠിനാളില്‍, അതായത് ചമ്പാഷഷ്ഠിനാളില്‍ വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെപൂജിക്കുന്നത് ഉത്തമമാണ്.
തരവത്ത് ശങ്കരനുണ്ണി,
(9847118340)
