ജ്ഞാനത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും ക്ഷേമത്തിന്‍റെയും ദേവസേനാധിപന്‍
ഭാരതീയ ആത്മീയപാരമ്പര്യത്തില്‍ ജ്ഞാനം, ധൈര്യം, ധര്‍മ്മം, കരുണ, ഭക്തസംരക്ഷണം എന്നിവയുടെ ദിവ്യസങ്കല്‍പ്പമായി ആരാധിക്കപ്പെടുന്ന ദേവനാണ് ശ്രീ സുബ്രഹ്മണ്യസ്വാമി. രാഹു-കേതു ദോഷങ്ങളുമായി ബന്ധപ്പെട്ട ഭയങ്ങള്‍, സര്‍പ്പദോഷം, സന്താനതടസം, തൊഴില്‍തടസ്സം എന്നിവയ്ക്കും ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം തേടുന്നു. ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ മന്ത്രങ്ങളുടെ ജപം, ഷഷ്ഠിവ്രതം, ചൊവ്വാഴ്ച ഉപവാസം, കന്തഷഷ്ഠി കവചം, തിരപ്പുകഴ്, കന്തര്‍ അനുഭൂതി, സുബ്രഹ്മണ്യ ഭുജംഗം എന്നിവയുടെ പാരായണം ഭക്തന്‍റെ ജീവിതത്തില്‍ ധൈര്യവും ജ്ഞാനവും ആത്മീയശാന്തിയും വളര്‍ത്തുന്ന ഉന്നതസാധകമാണെന്ന് കൗമാരസമ്പ്രദായം പഠിപ്പിക്കുന്നു.
വേലും മയിലും തുണ! വെട്രിവേല്‍ മുരുഗനുക്ക് ഹര ഹരോ
ഹര ഹര
ഭാരതീയ ആത്മീയപാരമ്പര്യത്തില്‍ ജ്ഞാനം, ധൈര്യം, ധര്‍മ്മം, കരുണ, ഭക്തസംരക്ഷണം എന്നിവയുടെ ദിവ്യസങ്കല്‍പ്പമായി ആരാധിക്കപ്പെടുന്ന ദേവനാണ് ശ്രീ സുബ്രഹ്മണ്യസ്വാമി. ശിവഭഗവാന്‍റെ ജ്ഞാനതേജസ്സില്‍ നിന്ന് അവതരിച്ച ദേവസേനാധിപനായ അദ്ദേഹം അസുര സംഹാരകന്‍ മാത്രമല്ല, ലോകത്തിലെ സകല ജീവജാലങ്ങളുടെയും ക്ഷേമത്തിനായി എപ്പോഴും ജാഗരൂകനായ ജഗദ്ഗുരുവുമാണ്. ശക്തിവേല്‍ ജ്ഞാനത്തിന്‍റെ പ്രതീകവും മയില്‍ അഹങ്കാരത്തെ കീഴടക്കിയ മനസ്സിന്‍റെ പ്രതീകവുമാണ്. ശൈവ- കൗമാര സമ്പ്രദായങ്ങളിലും ഭക്തിസാഹിത്യത്തിലും ശ്രീ സുബ്രഹ്മണ്യ സ്വാമി ധര്‍മ്മസംരക്ഷകനായും ഭക്തവത്സലനായും ഗ്രഹദോഷ നിവാരകനായും വിശേഷിപ്പിക്കപ്പെടുന്നു. പഴനി, തിരുച്ചെന്തൂര്‍, സ്വാമിമലൈ തുടങ്ങിയ ക്ഷേത്രങ്ങള്‍ അദ്ദേഹത്തിന്‍റെ മഹത്വം വിളിച്ചോതുന്ന പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ അവതാരലക്ഷ്യം, ആത്മീയതത്ത്വം, കേരളവുമായുള്ള ആത്മീയബന്ധം, ജ്യോതിഷപ്രാധാന്യം എന്നിവയെ സമഗ്രമായി പരിചയപ്പെടുത്തുന്നു.
അവതാരലക്ഷ്യം
സ്കന്ദപുരാണവും കന്തപുരാണവും സുബ്രഹ്മണ്യ ആഗമവും വിവരിക്കുന്നത് അനുസരിച്ച് താരകാസുരന്‍, സിംഹമുഖന്‍, ശൂരപദ്മന്‍ തുടങ്ങിയ അധര്‍മ്മശക്തികളുടെ പീഡനത്തില്‍ ലോകം വലയുമ്പോള്‍, ശിവന്‍റെ ദിവ്യതേജസ്സില്‍ നിന്ന് ശ്രീ സ്കന്ദന്‍ അവതരിച്ചു. ശക്തിവേല്‍ കൈയില്‍ ധരിച്ച ദേവസേനാധിപനായ അദ്ദേഹം അസുരന്മാരെ സംഹരിച്ച് ധര്‍മ്മം പുനഃസ്ഥാപിച്ചു.
ഈ അസുരസംഹാരം വെറും ബാഹ്യശത്രുക്കളുടെ നാശമല്ല, മനുഷ്യന്‍റെ ഉള്ളിലെ അഹങ്കാരം, അജ്ഞാനം, ഭയം, അസൂയ, ക്രോധം, വിദ്വേഷം എന്നിവയെ ജയിക്കാനുള്ള ആത്മീയ സന്ദേശമാണ്. അതുകൊണ്ടാണ് ശക്തിവേല്‍ ജ്ഞാനത്തിന്‍റെ പ്രതീകമായും, മയില്‍ അഹങ്കാരത്തെ കീഴടക്കിയ മനസ്സിന്‍റെ പ്രതീകമായും ആരാധിക്കപ്പെടുന്നത്.
ഉറക്കമില്ലാത്ത ദൈവം
തമിഴ് ആത്മീയലോകത്ത് തലമുറകളായി പറഞ്ഞുവരുന്ന ഒരു ഹൃദയസ്പര്‍ശിയായ സംഭവമുണ്ട്. പ്രശസ്ത ആത്മീയ പ്രഭാഷകനായ തിരുമുരുകകൃപാനന്ദ വാരിയാര്‍ സ്വാമികളും പ്രശസ്ത നടന്‍ എം.ആര്‍. രാധയും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ആത്മീയസംഭാഷണത്തിനിടയില്‍ എം.ആര്‍. രാധ പുഞ്ചിരിയോടെ ചോദിച്ചു.
ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് ആറുമുഖങ്ങളാണല്ലോ. എന്നാല്‍ അദ്ദേഹം രാത്രിയില്‍ എങ്ങനെ ഉറങ്ങും?
വാരിയാര്‍ സ്വാമികള്‍ ഉടന്‍ മറുപടി പറഞ്ഞില്ല. പകരം വധുവിന്‍റെ പിതാവിനെ വിളിച്ച് ചോദിച്ചു.
ഇന്നലെ രാത്രി നന്നായി ഉറങ്ങിയോ?
അദ്ദേഹം മറുപടി പറഞ്ഞു.
ഇന്ന് എന്‍റെ മകളുടെ വിവാഹമാണ്. എല്ലാം നല്ല രീതിയില്‍ നടക്കണമെന്ന ആശങ്കയില്‍ എനിക്ക് രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല?
അപ്പോള്‍ വാരിയാര്‍ സ്വാമികള്‍ പുഞ്ചിരിയോടെ പറഞ്ഞു.
ഒരു മകളുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന ഈ പിതാവിന് പോലും ഉറക്കം ലഭിച്ചില്ല. അങ്ങനെയിരിക്കെ ലോകത്തിലെ കോടിക്കണക്കിന് ജീവജാലങ്ങളെയും സ്വന്തം മക്കളായി കരുതി അവരുടെ ക്ഷേമത്തിനായി എപ്പോഴും കരുതുന്ന ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും? അദ്ദേഹത്തിന് വിശ്രമിക്കാന്‍ സമയമെവിടെയാണ്?
ഈ സംഭവം ഭക്തിപാരമ്പര്യത്തില്‍ വ്യാപകമായി പ്രചരിക്കുന്ന ആത്മീയ സന്ദേശമാണ്. ഇതിലൂടെ ശ്രീ സുബ്രഹ്മണ്യസ്വാമി എപ്പോഴും ഭക്തരുടെ ക്ഷേമത്തിനായി ജാഗരൂകനാണെന്ന വിശ്വാസം വ്യക്തമാകുന്നു.
ആറുമുഖങ്ങളുടെ ആത്മീയതത്ത്വം
ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ആറുമുഖങ്ങള്‍ ശരീരഘടനയെ സൂചിപ്പിക്കുന്നതല്ല. അവ പ്രതിനിധീകരിക്കുന്നത് സര്‍വ്വജ്ഞത, അനന്തകരുണ, ഭക്തസംരക്ഷണം, ലോകക്ഷേമ ചിന്ത, അജ്ഞാനനിവാരണം,ധര്‍മ്മസംസ്ഥാപനം എന്നിവയെയാണ്.
അതുകൊണ്ടാണ് അദ്ദേഹം ദേവസേനാധിപന്‍, ജഗദ്ഗുരു, കരുണാസാഗര്‍ എന്നീ വിശേഷണങ്ങളാല്‍ സ്തുതിക്കപ്പെടുന്നത്.
പഴനിയും കേരളവും
ദക്ഷിണേന്ത്യയിലെ ഭക്തിപാരമ്പര്യത്തില്‍ പഴനി ശ്രീ ദണ്ഡായുധപാണിക്ഷേത്രത്തിന് അത്യുന്നത സ്ഥാനമുണ്ട്. ഭക്തിപാരമ്പര്യത്തില്‍ വ്യാപകമായി പറയപ്പെടുന്ന ഒരു തമിഴ്വാക്യമുണ്ട്.
'മലൈക്ക് മലൈ നടുവേ മലയാള ദേശമെല്ലാം
അവര്‍ അടക്കി വാഴ്കിറാന്‍ സുബ്രഹ്മണ്യ വേലോരേ.'
അതിന്‍റെ ഭാവാര്‍ത്ഥം ഇപ്രകാരമാണ്: പര്‍വ്വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മലയാളദേശത്തെ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ ദിവ്യശക്തി സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
പഴനി ദണ്ഡായുധപാണി സ്വാമി ദക്ഷിണാഭിമുഖനായി വിരാജിക്കുന്നതിനാല്‍, കേരളത്തിലേക്കാണ് അദ്ദേഹത്തിന്‍റെ അനുഗ്രഹദൃഷ്ടി പതിയുന്നതെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ അനേകം കുടുംബങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പഴനി ദര്‍ശനം നടത്തുന്നത് ഒരു പുണ്യവ്രതമായി കണക്കാക്കുന്നു. ഈ ദര്‍ശനം ജീവിതത്തിലെ ശത്രുത, വൈരം, അഹങ്കാരം, ഭയം, മാനസിക സംഘര്‍ഷം എന്നിവ അകറ്റി സമാധാനം, ഐക്യം, ധൈര്യം, ആത്മീയജ്ഞാനം എന്നിവ പ്രദാനം ചെയ്യുമെന്നത് ഭക്തിപാരമ്പര്യത്തിലെ വിശ്വാസമാണ്.
ഭക്തിപാരമ്പര്യത്തിലെ വിശ്വാസമനുസരിച്ച്, പഴനിയിലെ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ദര്‍ശനം മനുഷ്യന്‍റെ ജീവിതത്തിലെ വിവിധ തരത്തിലുള്ള ശത്രുത, വൈരം, അസൂയ, ഭയം, മാനസികസംഘര്‍ഷം, കുടുംബകലഹം, കുജദോഷ ബാധകള്‍, ആത്മീയതടസ്സങ്ങള്‍ എന്നിവ നീക്കി സമാധാനവും ധൈര്യവും ആത്മവിശ്വാസവും നല്‍കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് ഭക്തരുടെ പരമ്പരാഗത വിശ്വാസമാണ്; ആത്മീയാനുഭവത്തിന്‍റെ ഭാഗമായി അവര്‍ തലമുറകളായി കൈമാറിവരുന്ന ഭക്തിസമ്പ്രദായവുമാണ്.
ശ്രീ സുബ്രഹ്മണ്യ ഭക്തിയുടെ യഥാര്‍ത്ഥ ലക്ഷ്യം
ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ആരാധന ഭൗതികവിജയം മാത്രം ലക്ഷ്യമിടുന്നതല്ല. മനസ്സിന്‍റെ ശുദ്ധി, സദാചാരം, ധര്‍മ്മനിഷ്ഠ, ഭക്തി, ആത്മവിശ്വാസം, കരുണ, സേവാഭാവം എന്നിവ വളര്‍ത്തുകയാണ് അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം.
'ഓം ശരവണഭനായ നമഃ', 'ഓം സുബ്രഹ്മണ്യായ നമഃ', 'ഓം സ്കന്ദായ നമഃ' ഓം ഹ്രീം വചത് ഭുവേ നമഃ എന്നീ മന്ത്രങ്ങളുടെ ജപം, ഷഷ്ഠിവ്രതം, ചൊവ്വാഴ്ച ഉപവാസം, കന്തഷഷ്ഠി കവചം, തിരപ്പുകഴ്, കന്തര്‍ അനുഭൂതി, സുബ്രഹ്മണ്യ ഭുജംഗം എന്നിവയുടെ പാരായണം ഭക്തന്‍റെ ജീവിതത്തില്‍ ധൈര്യവും ജ്ഞാനവും ആത്മീയശാന്തിയും വളര്‍ത്തുന്ന ഉന്നതസാധകമാണെന്ന് കൗമാരസമ്പ്രദായം പഠിപ്പിക്കുന്നു.
സുബ്രഹ്മണ്യസ്വാമിയും ജ്യോതിഷവും
ഭാരതീയ ജ്യോതിഷശാസ്ത്രത്തില്‍ ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് അത്യുന്നത സ്ഥാനമാണുള്ളത്. ശിവന്‍റെ ജ്ഞാനതേജസ്സില്‍ നിന്ന് അവതരിച്ച ദേവസേനാധിപനായ അദ്ദേഹം ധര്‍മ്മസംരക്ഷകനും ജ്ഞാനഗുരുവും ഗ്രഹദോഷനിവാരകനുമായാണ് ആരാധിക്കപ്പെടുന്നത്. ജ്യോതിഷപരമായി കുജന്‍(ചൊവ്വ), രാഹു, കേതു എന്നീ ഗ്രഹങ്ങളുമായി ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് പ്രത്യേക ആത്മീയബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
അതിനാല്‍ കുജദോഷം, സര്‍പ്പദോഷം, രാഹു-കേതു ദോഷങ്ങള്‍, വിവാഹതടസം, ശത്രുബാധ, സന്താനതടസം, മാനസിക അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ ആരാധന പ്രധാനപ്പെട്ട പരിഹാരമായി കണക്കാക്കപ്പെടുന്നു.
ചൊവ്വ ധൈര്യം, വീര്യം, നേതൃത്വം, ഊര്‍ജ്ജം എന്നിവയുടെ കാരകനാണ്. ജാതകത്തില്‍ ചൊവ്വ ദുര്‍ബലമാകുകയോ ദോഷസ്ഥാനത്ത് നില്‍ക്കുകയോ ചെയ്താല്‍ ദാമ്പത്യപ്രശ്നങ്ങള്‍, അമിതകോപം, അപകടസാധ്യത, ഭൂമിസംബന്ധമായ തടസ്സങ്ങള്‍ എന്നിവ ഉണ്ടാകാമെന്ന് ജ്യോതിഷം പറയുന്നു.
അത്തരം സന്ദര്‍ഭങ്ങളില്‍ ചൊവ്വാഴ്ചകളില്‍ ശ്രീ സുബ്രഹ്മണ്യസ്വാമിയെ ആരാധിക്കുന്നതും, 'ഓം ശരവണഭവായ നമഃ', 'ഓം സുബ്രഹ്മണ്യായ നമഃ' എന്നീ മന്ത്രങ്ങള്‍ ജപിക്കുന്നതും, ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതും ഉത്തമപരിഹാരങ്ങളായി കരുതപ്പെടുന്നു.
രാഹു-കേതു ദോഷങ്ങളുമായി ബന്ധപ്പെട്ട ഭയങ്ങള്‍, സര്‍പ്പദോഷം, സന്താനതടസം, തൊഴില്‍തടസ്സം എന്നിവയ്ക്കും ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം തേടുന്നത് ദക്ഷിണേന്ത്യയിലെ പ്രാചീന ആചാരമാണ്. പഴനി, തിരുച്ചെന്തൂര്‍, സ്വാമിമലൈ, തിരുപ്പുറംകുണ്ഡ്രം, പഴമുതിര്‍ച്ചോലൈ തുടങ്ങിയ സുബ്രഹ്മണ്യക്ഷേത്രങ്ങള്‍ ജ്യോതിഷപരിഹാരങ്ങള്‍ക്ക് വിശേഷമായി പ്രസിദ്ധമാണ്.
ജ്യോതിഷത്തില്‍ പറയുന്ന ശത്രു എന്നത് പുറം ശത്രുക്കളെ മാത്രമല്ല; കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറ് അന്തര്‍ശത്രുക്കളെയും സൂചിപ്പിക്കുന്നു. ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ശക്തിവേല്‍ ഈ അന്തര്‍ശത്രുക്കളെ നശിപ്പിച്ച് ഭക്തനെ ജ്ഞാനത്തിലേയ്ക്കും ധര്‍മ്മത്തിലേയ്ക്കും നയിക്കുന്ന ദിവ്യശക്തിയുടെ പ്രതീകമാണ്. അതിനാല്‍ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ആരാധന ഗ്രഹദോഷ പരിപാരത്തിനപ്പുറം ആത്മവിശ്വാസവും മനഃശാന്തിയും ധര്‍മ്മനിഷ്ഠയും ആത്മീയോന്നതിയും പ്രദാനം ചെയ്യുന്ന സമഗ്രമായ ആത്മീയസാധനയാണ് ഭാരതീയ ജ്യോതിഷപാരമ്പര്യം വിലയിരുത്തുന്നത്.
ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ആരാധന ഭൗതികവിജയങ്ങള്‍ നേടുന്നതിനുള്ള മാര്‍ഗ്ഗം മാത്രമല്ല, ആത്മശുദ്ധിയും ധര്‍മ്മനിഷ്ഠയും ജ്ഞാനവും കരുണയും വളര്‍ത്തുന്ന സമഗ്രമായ ആത്മീയസാധനയാണ്. പഴനിയുള്‍പ്പെടെയുള്ള വിശുദ്ധ ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനം ഭക്തിയില്‍ ആത്മവിശ്വാസവും മാനസികസമാധാനവും വളര്‍ത്തുന്ന ആത്മീയാനുഭവമാണ്.
ജ്യോതിഷപരമായി കുജന്‍, രാഹു, കേതു സംബന്ധമായ ദോഷങ്ങള്‍ക്കുള്ള പരിഹാരദേവനായും അദ്ദേഹം ആരാധിക്കപ്പെടുന്നു. അതിനാല്‍ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ഭക്തി മനുഷ്യനെ ദൈവവിശ്വാസത്തിലേക്കും സദാചാരത്തിലേയ്ക്കും ആത്മീയമോക്ഷത്തിലേക്കും നയിക്കുന്ന നിത്യപ്രകാശമായി നിലകൊള്ളുന്നു.
