സര്‍പ്പാരാധന കേരളത്തില്‍

സര്‍പ്പാരാധന കേരളത്തില്‍

HIGHLIGHTS

നഗ്നനേത്രങ്ങളാല്‍ കാണാനാകുന്ന പ്രത്യക്ഷ ദൈവങ്ങളാണ് നാഗങ്ങളെന്നും, അവയെ വിധിയാം വണ്ണം ആരാധിക്കുകയും വിശ്വാസത്തോടെ പൂജിക്കുകയും ചെയ്താല്‍ എത്ര വലിയ ദുരിതത്തിനും പരിഹാരമാകുമെന്നുമാണ് വിശ്വാസം. സങ്കടമോചനം, സന്താനദുരിതമോചനം, സന്താനസൗഭാഗ്യം, ആയുരാരോഗ്യസൗഖ്യം, സമ്പല്‍സമൃദ്ധി, മനസ്സമാധാനം- ഇതിനെല്ലാം നാഗാരാധനപോലെ മറ്റൊന്നുമില്ല. ലോകത്തെല്ലായിടത്തും നാഗാരാധനയ്ക്ക് പ്രാധാന്യമുണ്ടാകുവാന്‍ കാരണം ഇതുതന്നെ.

 

പാമ്പിനെ ദൈവമായി കണക്കാക്കുകയും ആരാധിക്കുകയും ചെയ്യുന്ന രീതിക്കാണ് സര്‍പ്പാരാധന അഥവാ നാഗാരാധന എന്നുപറയുന്നത്. പ്രാചീനകാലം മുതല്‍ക്കേ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് മഹാവിഷ്ണു നാഗത്തിലാണ് ശയിക്കുന്നത്. മഹാദേവന് നാഗം കണ്ഠാഭരണമാണ്. ഗണപതിക്ക് പൂണൂലും, ദുര്‍ഗ്ഗയ്ക്ക് ആയുധവും, കാളിക്ക് വളയും, സൂര്യന് തന്‍റെ രഥത്തില്‍ ഏഴുകുതിരകളെ പൂട്ടാനുള്ള കയറും നാഗങ്ങളാണ്. ദക്ഷിണാമൂര്‍ത്തിക്ക് തോള്‍വളയും, ഗരുഡന് ആഭരണവും ശ്രീകൃഷ്ണന് കാളിയഫണങ്ങള്‍ നടനവേദിയുമാണ്.

സര്‍പ്പാരാധനയും കേരളവും

ഇന്‍ഡ്യയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും സര്‍പ്പാരാധന നിലനില്‍ക്കുന്നുണ്ടെങ്കിലും സര്‍പ്പാരാധനാസമ്പ്രദായത്തിലെ കേരളീയത എടുത്തുപറയേണ്ടുന്നതാണ്. ഇന്‍ഡ്യയില്‍ തന്നെ സര്‍പ്പാരാധന ഏറ്റവും വ്യാപകമായ പ്രദേശം കേരളമാണ്. സര്‍പ്പങ്ങളെ കാവുകള്‍ എന്ന വൃക്ഷനിബിഢമായ ഒരിടത്ത് കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്‍റെ സവിശേഷതയാണ്. സര്‍പ്പപ്രീതിക്കായി കേരളത്തില്‍ രൂപം കൊണ്ടിട്ടുള്ള അനുഷ്ഠാനകലകള്‍ നിരവധിയാണ്. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സര്‍പ്പക്കാവുകള്‍ കണ്ടുവരുന്നത്. കേരളത്തിലെ സര്‍പ്പാരാധനാ സമ്പ്രദായത്തിന്‍റെ സവിശേഷതകളാണ് സര്‍പ്പംപാട്ട് അഥവാ പുള്ളുവന്‍പാട്ട്, പാമ്പുതുള്ളല്‍, നൂറും പാലും തുടങ്ങിയവ.

കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചത് പരശുരാമനാണെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിര്‍വ്വഹിച്ചപ്പോള്‍ അവിടം വാസയോഗ്യമാകണമെങ്കില്‍ സര്‍പ്പശല്യം ഇല്ലാതാകണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയ പരശുരാമന്‍ അതിനായി അനന്തനേയും വാസുകിയേയും പ്രത്യക്ഷപ്പെടുത്തി അവരെ ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരും എന്ന നിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. പകരം, സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാംശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.

നഗ്നനേത്രങ്ങളാല്‍ കാണാനാകുന്ന പ്രത്യക്ഷ ദൈവങ്ങളാണ് നാഗങ്ങളെന്നും, അവയെ വിധിയാം വണ്ണം ആരാധിക്കുകയും വിശ്വാസത്തോടെ പൂജിക്കുകയും ചെയ്താല്‍ എത്ര വലിയ ദുരിതത്തിനും പരിഹാരമാകുമെന്നുമാണ് വിശ്വാസം. സങ്കടമോചനം, സന്താനദുരിതമോചനം, സന്താനസൗഭാഗ്യം, ആയുരാരോഗ്യസൗഖ്യം, സമ്പല്‍സമൃദ്ധി, മനസ്സമാധാനം- ഇതിനെല്ലാം നാഗാരാധനപോലെ മറ്റൊന്നുമില്ല. ലോകത്തെല്ലായിടത്തും നാഗാരാധനയ്ക്ക് പ്രാധാന്യമുണ്ടാകുവാന്‍ കാരണം ഇതുതന്നെ.

നാഗം, സര്‍പ്പം എന്നീ രണ്ട് വാക്കുകളും സാധാരണ ഒരേ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. പക്ഷേ താന്ത്രികമായി രണ്ടും രണ്ടാണ്. നാഗങ്ങള്‍ പൊതുവേ വൈഷ്ണവവും സര്‍പ്പങ്ങള്‍ ശൈവവുമാണ്. അനന്തന്‍ നാഗവും(വൈഷ്ണവം), വാസുകി സര്‍പ്പവു(ശൈവം)മാണ്. നാഗത്തിന് വിഷമില്ല. സര്‍പ്പത്തിന് വിഷമുണ്ട്. സര്‍പ്പങ്ങള്‍ക്ക് നാഗങ്ങളെ അപേക്ഷിച്ച് ദേഷ്യം കൂടുതലാണ്. ആകൃതിഭേദമനുസരിച്ച് ചിലതിനെ നാഗങ്ങള്‍ എന്നും ചിലതിനെ സര്‍പ്പങ്ങള്‍ എന്നും വിളിക്കുന്നു. സ്ഥിരമായി ഒരു സ്ഥലത്തുതന്നെ നില്‍ക്കുന്നവയാണ് നാഗങ്ങള്‍. 

എന്നാല്‍ സര്‍പ്പങ്ങള്‍ സര്‍വ്വവ്യാപിയാണ്. നാഗങ്ങള്‍ പാതാളത്തില്‍ വസിക്കുന്നതായാണ് സങ്കല്‍പ്പം. ഭൂമിയിലെ അവരുടെ പ്രതീകങ്ങളാണ് സര്‍പ്പങ്ങള്‍. ഭഗവത്ഗീതയില്‍ സര്‍പ്പശ്രേഷ്ഠനായ വാസുകിയും നാഗശ്രേഷ്ഠനായ അനന്തനും താന്‍തന്നെയാണെന്ന് മഹാവിഷ്ണു സൂചിപ്പിക്കുന്നു.

സര്‍പ്പങ്ങളും നാഗങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. അതില്‍ പ്രധാനം സര്‍പ്പത്തിന് ഒരു ഫണമേയുള്ളൂ. എന്നാല്‍ നാഗത്തിന് ഫണങ്ങള്‍ പലതുണ്ട്. ബഹുഫണങ്ങളുള്ള സര്‍പ്പങ്ങളാണ് നാഗങ്ങള്‍. അവയില്‍ ആയിരം ഫണങ്ങളുള്ള ആദിശേഷനെ മെത്തയാക്കിയാണ് മഹാവിഷ്ണു നിദ്രകൊള്ളുന്നത്. കാവും, കുളവും, ചിത്രകൂടവുമൊക്കെ സര്‍പ്പാരാധനയുടെ ഭാഗമായിട്ടാണ് കരുതിപ്പോരുന്നത്.
നാഗാരാധന ഏറ്റവും വ്യാപകമായുള്ളത് കേരളത്തിലാണ്. സര്‍പ്പപ്രതിഷ്ഠ, അഷ്ടനാഗപൂജ, സര്‍പ്പസംസ്ക്കാരം,  സര്‍പ്പബലി,  സര്‍പ്പംപാട്ട്, പുള്ളുവന്‍പാട്ട്, നാഗത്തെയ്യം, നാഗത്തോറ്റം, കുറുന്തിനിപ്പാട്ട്, നാഗപഞ്ചമി, തിരുകുഴിച്ചില്‍, കമ്പളം, ആയില്യപൂജ, പാല്‍പ്പായസ ഹോമം, കളമെഴുത്ത്, മഞ്ഞള്‍പ്പൊടിനേദ്യം, നൂറും പാലും തുടങ്ങിയവയാണ് സര്‍പ്പാരാധനയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന അനുഷ്ഠാനങ്ങള്‍.

കാവുകളിലും ക്ഷേത്രങ്ങളിലുമാണ് സര്‍പ്പങ്ങളെ പ്രതിഷ്ഠിച്ചാരാധിക്കുന്നത്. കരിങ്കല്‍ ബിംബങ്ങള്‍, ചിത്രകൂടങ്ങള്‍ എന്നിവ കൂടാതെ നാഗരാജാവിന്‍റെ വലിയ പ്രതിമകള്‍ കാവുകളില്‍ പൂജിക്കുന്ന പതിവുണ്ട്. ചില പുരാതന കുടുംബങ്ങളിലും നാഗപ്രതിഷ്ഠ കാണാം. നാഗപ്രതിഷ്ഠ ഏറ്റവും ശുദ്ധമായി സംരക്ഷിക്കേണ്ടതാണ്. മാസമുറ, പുല, വാലായ്മ തുടങ്ങിയ സമയങ്ങളില്‍ പ്രതിഷ്ഠയെയോ കാവിനെയോ തീണ്ടാന്‍ പാടില്ല. അതിനാല്‍ വീടുകളില്‍ സര്‍പ്പപ്രതിഷ്ഠ സ്ഥാപിക്കാത്തതാണ് നല്ലത്. പകരം ക്ഷേത്രങ്ങളിലോ കാവിലോ നടക്കുന്ന ആയില്യപൂജയിലും മറ്റും ഭക്തിയോടെ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുന്നതാണ് ഫലപ്രദം.

ആയില്യപൂജ

ആയില്യം സര്‍പ്പങ്ങളുടെ ജന്മനക്ഷത്രമാണെന്നാണ് സങ്കല്‍പ്പം. കന്നിയിലെ ആയില്യമാകട്ടെ നാഗരാജാവിന്‍റെ ജന്മദിനമത്രേ. അതുകൊണ്ടാണ് കന്നിമാസത്തിലെ ആയില്യത്തിന് പ്രാധാന്യമേറുന്നത്. എല്ലാ മാസത്തിലും ആയില്യം നാളില്‍ സര്‍പ്പപ്രീതിക്ക് നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ നൂറും പാലും, സര്‍പ്പബലി തുടങ്ങിയവ നടത്താറുണ്ട്. കേരളത്തിലെ നാഗരാജ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനം മണ്ണാറശാല നാഗരാജാക്ഷേത്രമാണ്. വെട്ടിക്കോട്, പാമ്പുമേക്കാട്, ആമേട എന്നിവയാണ് മറ്റ് പ്രധാന നാഗരാജാക്ഷേത്രങ്ങള്‍.

അഷ്ടനാഗപൂജ

ഏറെ വിശേഷപ്പെട്ട പൂജയാണ് അഷ്ടനാഗപൂജ. വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖപാലന്‍, ഗുളികന്‍,  പത്മന്‍, മഹാപത്മന്‍, അനന്തന്‍ എന്നീ അഷ്ടനാഗങ്ങളെ ശ്രീപരമേശ്വരനൊപ്പം പത്മമിട്ട് പൂജിച്ച്, നൂറും പാലും നല്‍കുന്നതിനാണ് അഷ്ടനാഗപൂജ എന്നുപറയുന്നത്. സര്‍പ്പത്തെ കൊല്ലുക, സര്‍പ്പസ്ഥാനം തകര്‍ക്കുക എന്നിവയ്ക്കുള്ള പരിഹാരമാണ് പാല്‍പ്പായസഹോമം. സ്വര്‍ണ്ണനാഗവും, വെള്ളിമുട്ടയും ചെമ്പുറ്റില്‍ വച്ച് സകലദുരിതങ്ങളും ആവാഹിച്ചുവേണം പായസഹോമം നടത്താന്‍. ഒപ്പം നൂറും പാലും സര്‍പ്പബലിയും കൂടി നടത്തേണ്ടതാണ്.

സര്‍പ്പസംസ്ക്കാരം

മറ്റൊരു പ്രധാന പൂജയാണ് സര്‍പ്പസംസ്ക്കാരം. അറിഞ്ഞോ അറിയാതെയോ ജന്മാന്തരങ്ങളായി ചെയ്തുപോയ സര്‍പ്പവധം, സര്‍പ്പക്കാവ് നശിപ്പിക്കല്‍, സര്‍പ്പമുട്ട നശിപ്പിക്കല്‍ തുടങ്ങിവയ്ക്കുള്ള പ്രായശ്ചിത്തക്രിയയാണ് സര്‍പ്പസംസ്ക്കാരം. ഇത്തരം പാപങ്ങള്‍ക്ക് സര്‍പ്പസംസ്ക്കാരം നടത്തിയില്ലെങ്കില്‍ വരുംതലമുറകള്‍ക്ക് അത് ദോഷമായി മാറും. മഹാരോഗങ്ങളും മാറാരോഗങ്ങളും സന്താനദുരിതവും ഇതിന്‍റെ ഫലമായി ഉണ്ടാകും. കൊലചെയ്യപ്പെട്ട നാഗചൈതന്യത്തെ ആവാഹിച്ച് പുതിയൊരു വിഗ്രഹത്തിലാക്കി പാല്‍പ്പായസഹോമം സഹിതം അനുയോജ്യമായ സ്ഥലത്ത് കുടിയിരുത്തി സര്‍പ്പബലി നടത്തി സര്‍പ്പത്തെ പ്രീതിപ്പെടുത്തുന്ന ചടങ്ങാണ് സര്‍പ്പസംസ്ക്കാരം. ആമേട മനക്കാര്‍ ആണ് ആധികാരികമായി സര്‍പ്പസംസ്ക്കാരം നടത്തുന്നത്. എറണാകുളം ജില്ലയിലാണ്  ഈ മന. കാസര്‍കോട്ടെ ശ്രീമദനന്തേശ്വര ക്ഷേത്രത്തിലും ഈ കര്‍മ്മം നടത്തുന്നുണ്ട്. കേരള കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള കുക്കേശ്രീ സുബ്രഹ്മണ്യക്ഷേത്രമാണ് ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ സര്‍പ്പസംസ്ക്കാരം നടത്തുന്നത്. ദിവസം ഏതാണ്ട് ആയിരത്തോളം സര്‍പ്പസംസ്ക്കാരം ഇവിടെ നടത്തുന്നുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടും ഇതുതന്നെ.

നൂറും പാലും

സര്‍പ്പങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വഴിപാടാണ് നൂറും പാലും. സര്‍പ്പങ്ങള്‍ക്ക് നല്‍കുന്ന വിശിഷ്ഠ ഭോജ്യമാണിത്. ആയില്യദിവസം സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും സമര്‍പ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സര്‍പ്പഊട്ട് എന്നും ആയില്യ ഊട്ട് എന്നും ഇതിനെ പറയും. കളംവരച്ച്, നാഗപ്രതിഷ്ഠ കഴുകിത്തുടച്ച് വൃത്തിയാക്കി പുണ്യാഹശുദ്ധി നടത്തി, എണ്ണ, പാല്‍, കരിക്ക് എന്നിവയാല്‍ പ്രതിഷ്ഠയില്‍ അഭിഷേകം ചെയ്ത്, കമുകിന്‍ പൂക്കുല, മഞ്ഞള്‍പ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടുവേണം നൂറും പാലും സമര്‍പ്പിക്കുവാന്‍. അരിപ്പൊടി, മഞ്ഞള്‍പ്പൊടി, പാല്‍, കരിക്ക്, കദളിപ്പഴം ഇവ ചേര്‍ത്താണ് നൂറും പാലും ഉണ്ടാക്കുന്നത്.

സര്‍പ്പബലി

ഏറ്റവും ചെലവേറിയ നാഗാരാധനാ അനുഷ്ഠാനം സര്‍പ്പബലിയാണ്. വലിയ ചെലവായതിനാല്‍ അപൂര്‍വ്വമായേ ഈ ദോഷപരിഹാരകര്‍മ്മം നടത്താറുള്ളൂ. സര്‍പ്പപ്രതിഷ്ഠ കഴിഞ്ഞാല്‍ അന്നുതന്നെ സര്‍പ്പബലി നടത്തുകയാണ് പതിവ്. നാഗാരാധനാകേന്ദ്രങ്ങളിലും മറ്റും സര്‍പ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും. സര്‍പ്പബലിപ്പുര എന്നാണ് ഇതിനെ പറയുന്നത്. സര്‍പ്പബലി കഴിഞ്ഞാലുടന്‍ തന്നെ സര്‍പ്പബലിപ്പുര അടയ്ക്കും. പിന്നെ പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്താണ് സര്‍പ്പങ്ങള്‍ വന്ന് ബലി സ്വീകരിക്കുന്നത് എന്നാണ് വിശ്വാസം. മനുഷ്യര്‍ അത് കാണുവാന്‍ പാടില്ല. ഓലമറയ്ക്കുള്ളിലാണ് സര്‍പ്പബലി നടത്തുന്നത്. ഇതിന്‍റെ വാതില്‍ പടിഞ്ഞാറ് ആയിരിക്കണം. ബലിപ്പുര അലങ്കരിച്ച് കളം വരച്ച് നെല്ലും അരിയും നാളികേരവും ദര്‍ഭ കൊണ്ടുള്ള കുര്‍ച്ചവും വച്ച് മഞ്ചേശ്വരനെ സങ്കല്‍പ്പിച്ച് വേണം പൂജിക്കുവാന്‍. അഷ്ടനാഗങ്ങളേയും മറ്റ് നാഗങ്ങളേയും സങ്കല്‍പ്പിച്ചും പൂജ നടത്തണം. നിവേദ്യം കഴിഞ്ഞ് ഹവിസ് ഉരുളകളായി തൂകണം. അതിനുശേഷം നൂറും പാലും അര്‍പ്പിച്ച് ചടങ്ങവസാനിപ്പിക്കാം.

പുള്ളുവന്‍പാട്ട്

നാഗാരാധനയുടെ ഏറ്റവും പ്രധാന ഘടകമാണ് പുള്ളുവന്‍പാട്ട്. പുള്ളുവര്‍ പാടുന്നതുകൊണ്ടാണ് പുള്ളുവന്‍പ്പാട്ട് എന്നുപറയുന്നത്. നാഗപ്രീതിക്കാണ് പുള്ളുവര്‍ പാട്ട് നടത്തുന്നത്. പുള്ളുവക്കുടവുമായി വീടുകള്‍ തോറും കയറിയിറങ്ങി നാഗസ്തുതി പാടുന്ന പുള്ളുവര്‍ ഇന്ന് അപൂര്‍വ്വമാണെങ്കിലും ക്ഷേത്രങ്ങളിലാണ് ഇവരെ കൂടുതല്‍ കാണുന്നത്. വീണയും കുടവുമാണ് ഇവരുടെ പ്രധാന സംഗീതോപകരണങ്ങള്‍. ബ്രഹ്മാവ് കുടവും, വിഷ്ണു താളവും, ശിവന്‍ വീണയുമെന്നാണ് വിശ്വാസം. അതിനാല്‍ ഇതിന് ത്രിമൂര്‍ത്തീ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നു.

നാഗപഞ്ചമി

ചിങ്ങത്തിലെ വെളുത്ത പഞ്ചമിദിവസമാണ് നാഗപഞ്ചമി. ശ്രീകൃഷ്ണന്‍ കാളിയന്‍റെ അഹങ്കാരം ശമിപ്പിച്ചത് ഈ ദിവസമാണെന്ന വിശ്വാസത്തില്‍ ശ്രീകൃഷ്ണന്‍ നേടിയ വിജയത്തിന്‍റെ അനുസ്മരണമായിട്ടാണ് ഈ ദിവസം ആഘോഷിക്കുന്നത്. നാഗപൂജയ്ക്ക് വിധിക്കപ്പെട്ട ദിവസമാണിത്. ചിലയിടങ്ങളില്‍ ഈ ദിവസം ഓണംപോലെ ആഘോഷിക്കുന്നു. മറ്റ് ചിലയിടങ്ങളില്‍ സര്‍പ്പരൂപങ്ങള്‍ വരച്ച് നാഗപൂജ നടത്തിയും, സര്‍പ്പക്കളം വച്ച് പാട്ടുപാടിയും ഊഞ്ഞാലാടിയും ആഘോഷിക്കുന്നു. പാമ്പിന്‍റെ ഉപദ്രവത്തില്‍ നിന്ന് രക്ഷനേടാന്‍ ഈ ദിവസം മനസാ ദേവിയെ പൂജിക്കുന്ന പതിവുമുണ്ട്.