സോമനാഥക്ഷേത്രം വെറുമൊരു ആരാധനാകേന്ദ്രം മാത്രമല്ല...

സോമനാഥക്ഷേത്രം വെറുമൊരു ആരാധനാകേന്ദ്രം മാത്രമല്ല...

HIGHLIGHTS

ശ്രീകൃഷ്ണന്‍റെ ജീവന്‍ വെടിഞ്ഞ സ്ഥലവും, അന്തിമ സംസ്ക്കാരം നടന്നതും മറ്റും ഈ പുരാണസ്ഥലങ്ങളില്‍ വെച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ ത്രിവേണി സംഗമം സരസ്വതി, കപില, ഹിരണ്യ എന്നീ നദികളുടെ സംഗമസ്ഥാനമാണ്. ഈ സംഗമസ്ഥാനത്ത് സ്നാനം ചെയ്താല്‍ പാപങ്ങള്‍ മാറി മോക്ഷം കിട്ടുമെന്നും കരുതിപ്പോരുന്നു. ഇവിടം പിതൃശ്രാദ്ധത്തിന് ഉത്തമമാണെന്നും യാദവരും പാണ്ഡവരും ഈ സംഗമസ്ഥാനത്ത് സ്നാനം ചെയ്ത് ഹൃദയശുദ്ധി വരുത്തിയതായും ഐതിഹ്യങ്ങളില്‍ രേഖപ്പെടുത്തുന്നു...

 

സോമനാഥക്ഷേത്രം വെറുമൊരു ആരാധനാകേന്ദ്രം മാത്രമല്ല, അതൊരു സഹനത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും കഥകൂടിയാണ്. ഗുജറാത്ത് സംസ്ഥാനത്തിന്‍റെ 'സൗരാഷ്ട്ര' പശ്ചിമതീരത്ത് അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന 'ഗീര്‍ സോമനാഥ്' ജില്ലയിലെ 'പ്രഭാസ് പട്ടാന്‍' എന്ന സ്ഥലത്താണ്, ഭാരതത്തിലെ ഇന്നുകാണുന്ന പുണ്യപുരാണ ക്ഷേത്രനഗരിയായ 'സോംനാഥ്' അഥവാ 'സോമനാഥ്' ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ അറിയപ്പെടുന്ന പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ പ്രഥമസ്ഥാനമാണ് സോമനാഥക്ഷേത്രത്തിനുള്ളത്

സരസ്വതി, കപില, ഹിരണ്യ എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.

സോമനാഥിന്‍റെ ഉല്‍പ്പത്തിയെപ്പറ്റി മനോഹരമായ ഒരു പുരാണ കഥയുണ്ട്. പുരാണ ഇതിഹാസത്തിലെ 'ദക്ഷന്‍റെ' ഇരുപത്തിയേഴ് പുത്രിമാരെയാണ് 'ചന്ദ്രന്‍' അഥവാ 'സോമന്‍' വിവാഹം കഴിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രന്, 'രോഹിണി'യെന്ന ഭാര്യയോടാണ് ഏറ്റവുമധികം കൂറും, സ്നേഹവും, ബഹുമാനവുമൊക്കെയുണ്ടായിരുന്നത്. ചന്ദ്രന്‍റെ ഈ പ്രത്യേക സ്വഭാവത്തില്‍ അതൃപ്തരായ മറ്റ് ഇരുപത്തിയാറ് ഭാര്യമാരും ഈ അവഗണന സഹിക്കാന്‍ വയ്യാതെ തങ്ങളെ അകറ്റിനിറുത്തിയതില്‍നിന്നും എന്നേക്കും മോക്ഷം കിട്ടുന്നതിനുവേണ്ടി അവരുടെ പിതാവായ ദക്ഷന്‍റെയടുത്ത് തങ്ങളുടെ സങ്കടം അറിയിക്കുന്നു. ഇതുകേട്ട ദക്ഷന്‍ കുപിതനാവുകയും ചന്ദ്രന്‍റെ പ്രഭ നശിച്ചുപോകട്ടെയെന്നും ശപിക്കുന്നു. ശാപമേറ്റ ചന്ദ്രന്‍ ക്ഷയിക്കുവാനും പ്രഭ മങ്ങിത്തുടങ്ങുവാനും ഇതുകാരണമായി.

പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിക്കുമെന്ന് മനസ്സിലാക്കിയ ചന്ദ്രന്‍, ഈ പ്രതിസന്ധിക്ക് പരിഹാരം കാണുവാന്‍ ബ്രഹ്മാവിനെ സമീപിച്ചു. അങ്ങനെ ബ്രഹ്മാവിന്‍റെ നിര്‍ദ്ദേശപ്രകാരം ചന്ദ്രന്‍ 'പ്രഭാസ തീര്‍ത്ഥത്തില്‍ ഭഗവാന്‍ ശിവനെ ധ്യാനിച്ചുകൊണ്ട് തപസ്സനുഷ്ഠിച്ചു. ഇതില്‍ പ്രസന്നചിത്തനായ ഭഗവാന്‍ ശിവന്‍, ചന്ദ്രനെ ശാപമുക്തനാക്കുന്നു. പൂര്‍ണ്ണമായും ശാപം നീക്കാന്‍ കഴിയുകയില്ലായെന്നും പതിനഞ്ചുദിവസം ക്ഷയിക്കുകയും അടുത്ത പതിനഞ്ചുദിവസം വളരുകയും ചെയ്യുന്ന രീതിയില്‍ ശാപത്തിന് ഇളവ് നല്‍കി. അങ്ങനെ ചന്ദ്രന് പ്രഭ തിരിച്ചുകിട്ടുകയും പഴയപടി ആവുകയും ചെയ്യുന്നു. ചന്ദ്രന്‍ തപസ്സനുഷ്ഠിച്ച ഈ സ്ഥലം പിന്നീട് പ്രഭാസ് എന്നറിയപ്പെടുകയുമുണ്ടായി.

ഒന്‍പതാം നൂറ്റാണ്ടുമുതല്‍ ഗുജറാത്തിലെ അറബിക്കടലിന്‍റെ തീരത്ത് സോമേശ്വരം എന്നൊരു തീര്‍ത്ഥസ്ഥലമുണ്ടായിരുന്നതായി പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിരിക്കുന്നു. ചാലൂക്യരാജവംശത്തില്‍പ്പെട്ട ഒരു രാജാവാണ് ആദ്യമായി സോമനാഥക്ഷേത്രം നിര്‍മ്മിച്ചതെന്നും കരുതിപ്പോരുന്നു. 

ചാലൂക്യരാജാവ് ഇവിടെ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുമ്പ് ഒരു ചെറിയ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് പിന്നീട് പുനര്‍നിര്‍മ്മിതി ചെയ്യപ്പെടുകയായിരുന്നുവെന്നും പറയപ്പെടുന്നു.

ചരിത്രപരമായി നോക്കിയാല്‍ സോമനാഥക്ഷേത്രത്തിന് ചില പ്രത്യേകതകള്‍ കണ്ടുവരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതുമായ ഹിന്ദുക്ഷേത്രം ഏതെന്ന് ചോദിച്ചാല്‍ അത് ഗുജറാത്തിലെ സോമനാഥക്ഷേത്രമാണെന്ന് നിസ്സംശയം പറയാം. സംഭവബഹുലവും കണ്ണുനീരും ചോരയും നിറഞ്ഞതാണ് സോമനാഥിന്‍റെ ചരിത്രം.

തുര്‍ക്കിയിലെയും, അഫ്ഗാനിസ്ഥാനിലെയും, പേര്‍ഷ്യന്‍ രാജ്യങ്ങളിലെയും ഇസ്ലാമിക ഭരണാധികാരികളുടെ നിരന്തരമായ ആക്രമണങ്ങളാണ് സോമനാഥ് ക്ഷേത്രം ആ കാലയളവില്‍ നേരിട്ടുകൊണ്ടിരുന്നത്. മുഹമ്മദ് ഗസ്നിയാണ് 1026 ല്‍ ആദ്യമായി സോമനാഥ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നത്. കോടിക്കണക്കിന് വിലമതിക്കുന്ന സ്വര്‍ണ്ണങ്ങളും രത്നങ്ങളും ഗസ്നി കൊള്ളയടിച്ചതായി അന്നത്തെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം തകര്‍ത്ത് സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതിനുപരി അവര്‍ ക്ഷേത്രദ്വംസകരെന്ന പേരില്‍ അറിയപ്പെടാന്‍ കൂടുതല്‍ ആഗ്രഹിച്ചിരുന്നു.

ഈ ആക്രമണങ്ങള്‍ നടക്കുമ്പോഴും തകര്‍ക്കപ്പെടുമ്പോഴും അപ്പപ്പോള്‍ ഈ ക്ഷേത്രത്തിന്‍റെ പുനര്‍നിര്‍മ്മിതികളും ഇതോടൊപ്പം നടന്നുപോന്നിരുന്നതായും ചരിത്രരേഖകളില്‍ പ്രതിപാദിക്കുന്നു. ഇങ്ങനെ വിദേശശക്തികളുടെ ആക്രമണങ്ങളും കൊള്ളകളും നിര്‍ബാധം തുടരുമ്പോഴും അതിനെ ചെറുത്തുനില്‍ക്കുവാനും പ്രതിരോധിക്കുവാനും നമ്മുടെ ചില രാജാക്കന്മാര്‍ക്ക് കഴിഞ്ഞിരുന്നു. ഇങ്ങനെയുള്ള വിദേശ രാജാക്കന്മാരുടെ ആക്രമണങ്ങള്‍ പതിനേഴുപ്രാവശ്യം നടന്നതായും ടണ്‍കണക്കിന് സ്വര്‍ണ്ണങ്ങളും രത്നശേഖരങ്ങളും കൊള്ളയടിച്ചതായും പറയപ്പെടുന്നു.

വിദേശ ആക്രമണങ്ങളിലും മുഗള്‍രാജാക്കന്മാരുടെ ആക്രമണങ്ങളിലും പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ട സോമനാഥ ക്ഷേത്രത്തിന്‍റെ വീണ്ടുമുള്ള പുനര്‍നിര്‍മ്മിതി അന്നത്തെ ഇന്‍ഡോര്‍ ഭരണാധികാരിയും രാജ്ഞിയുമായിരുന്ന 'അഹല്യാബായി ഹോള്‍ക്കറു'ടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. അങ്ങനെ ഇവിടെയൊരു ചെറിയ ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു. ഇന്നുകാണുന്ന സോമനാഥ ക്ഷേത്രത്തിന് അടുത്തായി കാണപ്പെടുന്ന ഈ ക്ഷേത്രത്തിന് 'അഹല്യാബായി മന്ദിര്‍' എന്നാണ് അറിയപ്പെടുന്നത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട സോമനാഥക്ഷേത്രം, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മുതലായ അന്നത്തെ ദേശീയ നേതാക്കളും മറ്റും സന്ദര്‍ശിച്ചശേഷം ഈ ക്ഷേത്രത്തിന്‍റെ പുനര്‍നിര്‍മ്മാണം പൂര്‍ണ്ണമായും നടത്തുവാനുള്ള നിര്‍ദ്ദേശം കൈക്കൊള്ളുകയുണ്ടായി. അങ്ങനെ 1951 ല്‍ സോമനാഥക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠ നടക്കുകയുണ്ടായി. എന്നാല്‍ ഈ ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിനും പുനര്‍നിര്‍മ്മിതിക്കും മുന്‍കയ്യെടുത്തു പ്രവര്‍ത്തിച്ച ഗാന്ധിജിക്കും, സര്‍ദാര്‍ വല്ലഭായി പട്ടേലിനും ഈ അസുലഭമുഹൂര്‍ത്തം കാണാന്‍ സാധിക്കാതെ അതിനുമുമ്പുതന്നെ അവരുടെ ദേഹവിയോഗം സംഭവിക്കുകയാണുണ്ടായത്.

പുതുതായി പണികഴിച്ച സോമനാഥക്ഷേത്രം പൗരാണിക വാസ്തുകലയുടെയും ഭാരതീയ ശില്‍പ്പകലയുടെയും ഉത്തമ ഉദാഹരണമാണ്. മഞ്ഞകലര്‍ന്ന തേന്‍നിറത്തിലുള്ള കല്ലുകളില്‍ നിര്‍മ്മിക്കപ്പെട്ടതാണ് സോമനാഥ ക്ഷേത്രം. 155 അടി ഉയരമുള്ള ഉള്ളറയായ ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വിശാലമായ കൃഷ്ണശിലയില്‍ തീര്‍ത്ത ഒരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രസഭാമണ്ഡപം അതീവ കൊത്തുപണികളാല്‍ അലംകൃതമാണ്. 

ഇവിടുത്തെ ഹാളും തൂണുകളിലെ മനോഹരങ്ങളായ കലാരൂപങ്ങളും കൊത്തുപണികളും അതീവ വശ്യതയാര്‍ന്നതും ആരേയും അത്ഭുതപ്പെടുത്തുന്നതും ആകര്‍ഷിക്കുന്നതുമാണ്. ക്ഷേത്രത്തിന്‍റെ പുറംചുമരുകളില്‍ പുരാണത്തിലെ ദേവീദേവന്മാരെയും മറ്റ് കഥാപാത്രങ്ങളെയും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് എവിടെയും കാണാന്‍ കഴിയാത്ത ഒരു കാഴ്ചതന്നെയാണ്. സോമനാഥക്ഷേത്രത്തിന്‍റെ ആകെ ഉയരം 155 അടിയും മുകളില്‍ക്കാണുന്ന താഴികക്കുടത്തിന് 10 ടണ്‍ ഭാരവുമാണുള്ളത്.

സോമനാഥക്ഷേത്രത്തിനും അതിന്‍റെ സമീപപ്രദേശങ്ങളിലും ചരിത്രപ്രാധാന്യമുള്ള ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളും ഐതിഹാസിക സ്ഥലങ്ങളും കാണുവാന്‍ കഴിയും. ഇതില്‍ ഗീതാമന്ദിര്‍, ഫാല്‍ക്കാതീര്‍ത്ഥം, ബലദേവ് ക്ഷേത്രം, ബാണഗംഗ, സോമനാഥ് ബീച്ച്, ത്രിവേണി സംഗമം, സൂര്യമന്ദിര്‍ മുതലായവ ഇതില്‍ ചിലതുമാത്രമാകുന്നു. ശ്രീകൃഷ്ണന്‍റെ കാലില്‍ വേടന്‍ അമ്പ് തൊടുത്തത് ഫാല്‍ക്കാതീര്‍ത്ഥത്തിലെ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുന്ന സമയത്താണെന്നാണ് വിശ്വാസം. 

ശ്രീകൃഷ്ണന്‍റെ ജീവന്‍ വെടിഞ്ഞ സ്ഥലവും, അന്തിമ സംസ്ക്കാരം നടന്നതും മറ്റും ഈ പുരാണസ്ഥലങ്ങളില്‍ വെച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ ത്രിവേണി സംഗമം സരസ്വതി, കപില, ഹിരണ്യ എന്നീ നദികളുടെ സംഗമസ്ഥാനമാണ്. ഈ സംഗമസ്ഥാനത്ത് സ്നാനം ചെയ്താല്‍ പാപങ്ങള്‍ മാറി മോക്ഷം കിട്ടുമെന്നും കരുതിപ്പോരുന്നു. ഇവിടം പിതൃശ്രാദ്ധത്തിന് ഉത്തമമാണെന്നും യാദവരും പാണ്ഡവരും ഈ സംഗമസ്ഥാനത്ത് സ്നാനം ചെയ്ത് ഹൃദയശുദ്ധി വരുത്തിയതായും ഐതിഹ്യങ്ങളില്‍ രേഖപ്പെടുത്തുന്നു.

സോമനാഥ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ശിവരാത്രി, നവരാത്രി, ദീപാവലി, ശ്രാവണമാസം, കാര്‍ത്തികമാസത്തിലെ പൂര്‍ണ്ണചന്ദ്രന്‍റെ ദിവസം ഇവ ഇവിടുത്തെ പ്രധാന ആഘോഷവും ഉത്സവവുമായി ആചരിച്ചുപോരുന്നു.

സോമനാഥ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് ട്രെയിന്‍മാര്‍ഗ്ഗവും, റോഡുമാര്‍ഗ്ഗവും, വ്യോമമാര്‍ഗ്ഗവും ഇവിടെയെത്തിച്ചേരാം. ട്രെയിന്‍മാര്‍ഗ്ഗം വരുന്നവര്‍ക്ക് 'വെരാവല്‍' സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ഇവിടെനിന്നു ഏഴുകിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലേക്ക്. ധാരാളം ബസ്സുകള്‍ ലഭ്യമാണ്. രാജ്ക്കോട്ട്, പോര്‍ബന്തര്‍, ജാംനഗര്‍ മുതലായ വിമാനത്താവളങ്ങളിലൂടെ വ്യോമമാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണ്.

 കണ്ണാനി കാനം