വേഗാനുഗ്രഹം നല്‍കുന്ന  കിരാതഭഗവതി

വേഗാനുഗ്രഹം നല്‍കുന്ന കിരാതഭഗവതി

HIGHLIGHTS

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രമാണ് കാടാമ്പുഴ. ഇവിടെ പ്രതിഷ്ഠ നടന്നിട്ട് 1900 വര്‍ഷമായിട്ടുണ്ടെന്നാണ് അഷ്ടമംഗല പ്രശ്നത്തില്‍ കാണപ്പെട്ടത്. മഹാഭാരതത്തില്‍ പ്രധാനമായ കിരാതം കഥയിലെ പാര്‍വ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം വേഗം നല്‍കുന്ന ദേവീഭാവം. കിരാതം കഥ ഏവര്‍ക്കും അറിവുള്ളതാണെങ്കിലും സ്ഥലനാമവും ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടതിനാല്‍ അത് ഒരിക്കല്‍കൂടി പറയുന്നു.

പാണ്ഡവരും കൗരവരും ബദ്ധവൈരികളായിരുന്നു. കൗരവന്മാരുമായി ചൂതുകളിയില്‍ തോറ്റ് പാണ്ഡവര്‍ വനവാസവും അജ്ഞാതവാസവും ചെയ്യുവാന്‍ പുറപ്പെട്ടു. ഈ കാലമെല്ലാം കഴിഞ്ഞാലും യുദ്ധം ചെയ്യാതെ ജയമുണ്ടാകില്ലെന്ന് വിചാരിച്ച മദ്ധ്യപാണ്ഡവന്‍ അര്‍ജ്ജുനന്‍ പാശുപതാസ്ത്രം ലഭിക്കാന്‍ ശിവനെ തപസ്സ് ചെയ്തു. അര്‍ജ്ജുനന്‍റെ തപസ്സില്‍ ശിവന്‍ തൃപ്തനായി. എന്നാല്‍ അഹങ്കാരം കാണുന്ന അര്‍ജ്ജുനനെ ഒന്ന് പരീക്ഷിച്ചിട്ട് അനുഗ്രഹിക്കാമെന്ന് അദ്ദേഹം നിശ്ചയിച്ചു.

ശിവന്‍ കാട്ടാള വേഷം പൂണ്ടു. കൂടെ പാര്‍വ്വതി കാട്ടാളസ്ത്രീയുമായി. ഈ സമയം അര്‍ജ്ജുനന്‍റെ തപസ്സിനെപ്പറ്റിയറിഞ്ഞ ദുര്യോധനന്‍ മൂകാസുരനെ വിളിച്ച് അര്‍ജ്ജുനനെ ഉപദ്രവിക്കാന്‍ പറഞ്ഞുവിട്ടു. മൂകാസുരന്‍ പന്നിയുടെ വേഷം പൂണ്ട് കാട്ടിലെത്തി. കാട്ടാളനും പത്നിയും പന്നിയെ ഓടിച്ച് അര്‍ജ്ജുനന്‍റെ സമീപമെത്തി. പന്നി അര്‍ജ്ജുനനെ ഉപദ്രവിക്കുമെന്ന് മനസ്സിലാക്കിയ കാട്ടാളന്‍ പന്നിയെ അമ്പയച്ചുകൊന്നുകളഞ്ഞു. 

ഇതിനിടെ തപസ്സില്‍ നിന്നുണര്‍ന്നുകഴിഞ്ഞ അര്‍ജ്ജുനനും പന്നിക്ക് നേരെ അമ്പയച്ചിരുന്നു. തുടര്‍ന്ന് ആരുടെ അമ്പേറ്റാണ് പന്നി മരിച്ചതെന്നതിനെ സംബന്ധിച്ച് വലിയ തര്‍ക്കമായി. ആ തര്‍ക്കം യുദ്ധമായി മാറുകയും അര്‍ജ്ജുനനെയ്ത അമ്പുകള്‍ കാട്ടാളനില്‍ പുഷ്പങ്ങളായി പതിക്കുകയും തന്‍റെ ആവനാഴിയില്‍ അമ്പുകള്‍ ഒഴിയുകയും ചെയ്തപ്പോള്‍ അര്‍ജ്ജുനന് മനസ്സിലായി താന്‍ യുദ്ധം ചെയ്തത് സാക്ഷാല്‍ പരമശിവനോടാണെന്നും അരികത്തു നില്‍ക്കുന്ന കാട്ടാളസ്ത്രീ ശ്രീ പാര്‍വ്വതിയുമാണെന്ന്. തന്‍റെ തെറ്റുകള്‍ പൊറുത്ത് മാപ്പുതരണമെന്ന് അപേക്ഷിച്ച അര്‍ജ്ജുനന്‍റെ അവശതകള്‍ മാറ്റി ശിവപാര്‍വ്വതിമാര്‍ അനുഗ്രഹിച്ച് പാശുപതാസ്ത്രം നല്‍കി യാത്രയാക്കി. 

കിരാതകഥയിലെ കാട്ടാളരൂപിയായ പാര്‍വ്വതിയാണ് കാടാമ്പുഴ ദേവി. പരമശിവനെതിരെ ശത്രുപക്ഷത്തുനിന്ന് യുദ്ധം ചെയ്തെങ്കിലും അതൊന്നും വകവയ്ക്കാതെ വേഗം അര്‍ജ്ജുനന് അനുഗ്രഹം നല്‍കാന്‍ ഭര്‍ത്താവിനോട് അപേക്ഷ കിരാതഭഗവതിയായാണ് ഭാവം. കിരാതം കഥ അനുസരിച്ച് കാട്ടാളനാല്‍, അതായത് കാടനാല്‍ എയ്ത അമ്പുകളുടെ കൂട്ട(അഴ)മാണ് പില്‍ക്കാലത്ത് കാടാമ്പുഴ എന്ന സ്ഥലനാമമായി പരിണമിക്കപ്പെട്ടത്. അല്ലാതെ ഇവിടെ വലിയ കാടും പുഴയും ഒന്നും കാണപ്പെടുന്നില്ല.

പ്രതിഷ്ഠ

കാടാമ്പുഴ ഭാഗത്ത് വളരെ പണ്ടുകാലം മുതല്‍ക്കേ കിരാതകിരാതന്മാരുടെ ചൈതന്യമുണ്ടെന്ന് പറയപ്പെടുന്നു. സര്‍വ്വജ്ഞപീഠം കയറി തീര്‍ത്ഥാടനം ചെയ്ത ശ്രീശങ്കരാചാര്യര്‍ ഇപ്പോഴത്തെ ക്ഷേത്രസ്ഥാനത്തിന് പടിഞ്ഞാറ് കൂടി യാത്ര ചെയ്തപ്പള്‍ ഒരു ദിവ്യതേജസ്സ് കാണപ്പെട്ടു. അതിനോട് അടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആ തേജസ്സ് അകന്നകന്ന് ഭൂമി പിളര്‍ന്ന് ഒരു ദ്വാരത്തിലൊളിച്ചു. എന്താണ് കാര്യമെന്നറിയാതെ ശങ്കരാചാര്യര്‍ ധ്യാനിച്ചപ്പോള്‍ അത് കിരാത പാര്‍വ്വതിയാണെന്നും വേഗാനുഗ്രഹഭാവമാണെന്നും കണ്ടു. സ്വാമികള്‍ ഉടന്‍ പൂജയ്ക്കുള്ള സാധനസാമഗ്രികള്‍ അടുത്തുള്ള കാടാമ്പുഴ വാര്യത്തുനിന്ന് എടുപ്പിച്ച് നല്ല മുഹൂര്‍ത്തം നോക്കി ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. വൃശ്ചികത്തിലെ കാര്‍ത്തികനാളായിരുന്നു അത്.

ശിവന്‍ കിഴക്കോട്ടും ദേവി പടിഞ്ഞാറോട്ടുമായി അഭിമുഖദര്‍ശനം നല്‍കുന്നു. കാടാമ്പുഴ ക്ഷേത്രത്തിന്‍റെ അവകാശം കാടാമ്പുഴ വാര്യത്തിനാണ് സ്വാമികള്‍ നല്‍കിയത്. ഇന്നും അവരുടെ വകയാണീ ക്ഷേത്രം. ഭൂമി പിളര്‍ന്ന് ദേവി അന്തര്‍ധാനം ചെയ്ത ദ്വാരമാണിവിടെ പ്രധാന ചൈതന്യസ്ഥാനം. ആ ദ്വാരത്തിന് മുകളില്‍ ദേവിയുടെ തിടമ്പുവച്ചാണ് പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത്. ശ്രീകോവില്‍ നാലടി നീളവും മൂന്നടി വീതിയുമുള്ള കരിങ്കല്ലുകൊണ്ട് പാകിയിരിക്കുന്നു. ഇതിന്‍റെ നടുവിലാണ് ദേവി ലയിച്ച ദ്വാരം. ദ്വാരത്തിന് ആറിഞ്ച് ചുറ്റളവുണ്ട്. ദേവിക്ക് ഉഗ്രത കൂടിയായതിനാല്‍ അത് കുറയ്ക്കാന്‍ ശ്രീകോവിലിന് പുറത്തായി, അഭിമുഖമായി നരസിംഹത്തേയും സുദര്‍ശനത്തേയും ശങ്കരാചാര്യസ്വാമികള്‍ പ്രതിഷ്ഠിച്ചു. ശ്രീകോവിലില്‍ ഗണപതി, വിഷ്ണു സങ്കല്‍പ്പപൂജകളുണ്ട്. ശ്രീകോവിനുപുറത്ത് നാഗകന്യാപ്രതിഷ്ഠയും ക്ഷേത്രത്തിന് പുറത്ത് തെക്കുഭാഗത്ത് അയ്യപ്പപ്രതിഷ്ഠയും കാണാം.

പൂമൂടല്‍

പ്രധാന വഴിപാട് പൂമൂടലാണ്. അര്‍ജ്ജുനന്‍ കാട്ടാളനില്‍ അയച്ച അമ്പുകള്‍ പുഷ്പങ്ങളായി കാട്ടാളദേഹം മൂടിയതിന്‍റെ ഓര്‍മ്മയാണത്രേ പൂമൂടല്‍. ദിവസം ഒന്നുവീതമാണ് പൂമൂടല്‍ നടക്കുന്നത്. അത് സമീപകാലത്തൊന്നും നടക്കാത്തവിധം വരുംകാലദശകളിലേയ്ക്ക് ഭക്തര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. ദേവീപ്രതിഷ്ഠ നടന്നതായി കരുതുന്ന വൃശ്ചികക്കാര്‍ത്തിക നാള്‍ മാത്രം പൂമൂടല്‍ ദേവസ്വത്തിന്‍റെ വകയാണ്. ബാക്കി ദിനങ്ങള്‍ ഭക്തജനങ്ങളുടേതും.

മുട്ടറുക്കല്‍

മനുഷ്യന് വന്നുചേരുന്ന വിഘ്നങ്ങളും ദുരിതങ്ങളും രോഗങ്ങളും മറികടക്കുന്നതിന് ചെയ്യുന്ന വഴിപാടാണ് മുട്ടറുക്കല്‍. ഒരു നാളികേരവുമായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ നാളും പേരും മുട്ടറുക്കല്‍ ഏത് കാര്യത്തിനാണോ, അതും പറഞ്ഞ് ശാന്തിക്കാരനെ ഏല്‍പ്പിക്കുന്നു. അദ്ദേഹം ശ്രീകോവിലില്‍ നാളികേരം ഉടയ്ക്കുന്നു. 

ഉടയുന്നരീതിക്കനുസരിച്ച് ശുഭമാണോ, ദോഷം തീര്‍ന്നോ എന്ന് മനസ്സിലാക്കുന്നു. ഈ വഴിപാടിന് വലിയ ഭക്തജനത്തിരക്കാണുള്ളത്. ശരാശരി 8000 ത്തോളം മുട്ടറുക്കല്‍ നടക്കാറുണ്ട്. മണ്ഡലകാലത്തും കര്‍ക്കിടകത്തിലും ഇത് 12000 വരെ കവിയും. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗല്യമുട്ട്, സന്താനമുട്ട്, ശത്രുമുട്ട്, വാഹനമുട്ട് തുടങ്ങി പലവിധത്തിലാണ് ഭക്തര്‍ തടസ്സങ്ങള്‍ നേരിടുന്നത്. ആ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതാണ് മുട്ടറുക്കല്‍. പിന്നെ ദേഹാരിഷ്ടതകള്‍ അകറ്റുന്ന ദേഹപുഷ്പാഞ്ജലി, ശത്രുദോഷം നീക്കുന്ന രക്തപുഷ്പാഞ്ജലി, ത്രികാല പൂജ ഇവയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. ഇതുകൂടാതെ മറ്റ് ക്ഷേത്രങ്ങളിലേതുപോലെയുള്ള പൂജകളും നേദ്യങ്ങളും തുലാഭാരം, ചോറൂണ് മുതലായവയും നടത്തപ്പെടുന്നു. ഭക്തജനങ്ങള്‍ക്ക് ചെയ്യുന്ന വഴിപാടുകളിലെ ആത്മാര്‍ത്ഥത ഈ ക്ഷേത്രത്തില്‍ പ്രശംസനീയമാണ്. അതുകൊണ്ടാകാം ശ്രീചൈതന്യം നിലനില്‍ക്കുന്ന കാടാമ്പുഴ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ കൂടിവരുന്നത്.

വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയും ധനുമാസത്തിലെ നവരാത്രിയും ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഇവിടെ പ്രസിദ്ധമാണ്. ധനുമാസത്തില്‍ ഋഗ്വേദ ലക്ഷാര്‍ച്ചന നടത്തുന്നു. മിക്കവാറും അത് ഡിസംബര്‍ അവസാന ആഴ്ചയായിരിക്കും. ഇവയല്ലാതെ മറ്റ് ഉത്സവമോ, ആഘോഷമോ, കാടാമ്പുഴയില്‍ നടത്താറില്ല. മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്രധാന വരുമാനമുള്ള ക്ഷേത്രമാണ്.

ക്ഷേത്രവഴി

മലപ്പുറം ജില്ലയിലാണ് ക്ഷേത്രം. കുന്നംകുളത്തുനിന്നും തിരൂര്‍- കോഴിക്കോട് റൂട്ടില്‍ വെട്ടിച്ചിറയ്ക്ക് 2. കി.മീ കിഴക്കാണ് കാടാമ്പുഴ ക്ഷേത്രം. വെട്ടിച്ചിറയില്‍ നിന്നും കാറും ട്രക്കറും നിരന്തരമുണ്ട്. ഗുരുവായൂര്‍, കോഴിക്കോട്, മഞ്ചേരി, പാലക്കാട്, നിലമ്പൂര്‍ ഭാഗത്തുനിന്നും കാടാമ്പുഴ ക്ഷേത്രം വരെ ബസ്സ് സര്‍വ്വീസുണ്ട്.

 

Photo Courtesy - Google