സര്‍വ്വദോഷ സംഹാരിണി -കുലശേഖരപട്ടണം ശ്രീ മുത്താരമ്മന്‍ ക്ഷേത്രം

സര്‍വ്വദോഷ സംഹാരിണി -കുലശേഖരപട്ടണം ശ്രീ മുത്താരമ്മന്‍ ക്ഷേത്രം

HIGHLIGHTS

നിര്‍മ്മല ഭക്തിയോടെ തന്നെ സമീപിക്കുന്ന ഭക്തരുടെ വ്യാധികള്‍, കടങ്ങള്‍, ദരിദ്ര്യം എന്നിവ അകറ്റുന്നതോടൊപ്പം ശത്രുദോഷവും, ആഭിചാരദോഷം, ദൃഷ്ടി ദോഷം എന്നിവയും അകറ്റുന്നു. വിവാഹതടസ്സങ്ങള്‍ അകലാനും, ഉദ്യോഗം കിട്ടാനും, വിദ്യാ അഭിവൃദ്ധിക്കും, സമ്പല്‍സമൃദ്ധിക്കും എന്നു തുടങ്ങി പല പല പ്രാര്‍ത്ഥനകളുമായി ഭക്തര്‍ മുത്താരമ്മന്‍റെ സന്നിധിയിലെത്തി അനുഗ്രഹം നേടുന്നു. 

തമിഴ്നാട്ടില്‍ കീര്‍ത്തികേട്ട ഒട്ടനവധി ദേവീ ക്ഷേത്രങ്ങളുണ്ട്. അവയെല്ലാം ഭക്തര്‍ക്ക് അനുഭവം കൊണ്ട് അനുഗ്രഹങ്ങള്‍ സിദ്ധിച്ചിട്ടുളളവയുമാണ്. അതിലൊന്നാണ് തിരുച്ചെന്തൂരിനടുത്ത് കുലശേഖരപട്ടണത്തുളള ശ്രീ മുത്താരമ്മന്‍ ക്ഷേത്രം. കുലശേഖര പാണ്ഡ്യന്‍ എന്ന രാജാവാണ് ഈ പുരാതനക്ഷേത്രം പണി കഴിച്ചത്. മഹിഷാസുരനെ വധിക്കാനായി ഒന്‍പതു ദിവസം കടുത്ത തപസ്സനുഷ്ഠിച്ച് പത്താംനാള്‍ കാളീരൂപമെടുത്ത് പാര്‍വ്വതീദേവി കൃത്യം നിര്‍വ്വഹിച്ചു. ദേവി തപസ്സനുഷ്ഠിച്ച ഒന്‍പത് ദിവസവും കുലശേഖര പട്ടണത്തില്‍ ദസറാ ഉത്സവമായി കൊണ്ടാടപ്പെടുന്നു. മഹിഷാസുരനെ വധിച്ച പത്താംനാള്‍ വിജയദശമിയില്‍ ഉത്സവം സമാപ്തിയിലെത്തുന്നു.

ഇവിടുത്തെ ക്ഷേത്രത്തില്‍ പരമേശ്വരന്‍ ജ്ഞാനമൂര്‍ത്തീശ്വരന്‍ എന്ന നാമത്തിലും ദേവി മുത്താരമ്മന്‍ എന്ന നാമത്തിലും സ്വയംഭൂവായി ഒരോ പീഠത്തില്‍ വടക്കോട്ട് അഭിമുഖമായിട്ട് ആസനസ്ഥരായി ഭക്തരില്‍ അനുഗ്രഹം ചൊരിയുന്നു. കാലത്ത് മുത്താരമ്മന്‍റെയും ജ്ഞാനമൂര്‍ത്തീശ്വരന്‍റേയും സ്വയംഭൂ വിഗ്രഹങ്ങളെ പൂജിച്ചുപോന്ന ഭക്തര്‍ക്ക് ദേവീദേവന്മാരെ വലിയ രൂപത്തില്‍ പൂജിക്കണമെന്ന ആഗ്രഹം തോന്നി. 

ഭക്തരുടെ മനസ്സറിയുന്ന മുത്താരമ്മന്‍ ദേവി ക്ഷേത്രപൂജാരിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് തങ്ങളിരുവരുടേയും തിരുമേനി കന്യാകുമാരിയിലെ മയിലാടിയിലുളള സുബ്ബയ്യന്‍ എന്ന ശില്പിയുടെ പക്കലുണ്ടെന്നും അദ്ദേഹത്തിന്‍റെയടുത്ത് നിന്നും സ്വീകരിച്ച് കൊളളാനും അരുളി ചെയ്തു. ദേവിയുടെ അരുളപ്പാട് പ്രകാരം മയിലാടിയില്‍ നിന്നും ദേവീദേവന്മാരുടെ ശില കൊണ്ടുവന്ന് പ്രതിഷ്ഠിച്ച് പൂജകള്‍ ആരംഭിച്ചു. പഴയ സ്വയംഭൂ വിഗ്രഹങ്ങള്‍ ശ്രീകോവിലിനടിയില്‍ പീഠത്തിനു കീഴെ ഇപ്പോഴുമുണ്ടെന്ന് പറയപ്പെടുന്നു.

ദേവി മുത്താരമ്മന് ചെറുനാരങ്ങാ മാലയും ചുവന്ന അരളിമാലയുമാണ് വഴിപാടുകളില്‍ പ്രിയപ്പെട്ടവ. ക്ഷേത്രത്തില്‍ മഹാമണ്ഡപത്തില്‍ കറുപ്പുസാമിയും പേച്ചിയമ്മനും, ഭൈരവര്‍ എന്നിവരുടെ സന്നിധികളുമുണ്ട്. പ്രേതപിശാചുക്കളും മറ്റു ദുഷ്ടശക്തികളും ഭക്തരെ അടുക്കാതെ കറുപ്പുസാമി  കാത്തുരക്ഷിക്കുമെന്നാണ് ഭക്തവിശ്വാസം. മൂന്നു വയസ്സു പ്രായമായിട്ടും നല്ലവണ്ണം സംസാരിക്കാനുളള കഴിവില്ലാത്ത കുട്ടികളെ പേച്ചിയമ്മന്‍റെ മുന്നില്‍ കൊണ്ട് വന്ന് നല്ലെണ്ണ ദീപം കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഫലം കിട്ടുത്തതായിട്ടാണത്രെ ഭക്തരുടെ അനുഭവം.

ഇവിടുത്തെ ഭൈരവന് അഷ്ടമി ദിവസം വൈകുന്നേരം നെയ്ദീപം കത്തിച്ച് വില്വദള അര്‍ച്ചന നടത്തി, ഉഴുന്നുവട മാല അണിയിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദാരിദ്ര്യമകന്ന് ജീവിത സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. ക്ഷേത്രത്തെ പ്രദക്ഷിണം വെച്ചു വരുമ്പോള്‍ ചുറ്റമ്പലത്തില്‍ ഗണപതി, ദുര്‍ഗ്ഗ, അര്‍ദ്ധനാരീശ്വരന്‍, മീനാക്ഷി എന്നീ ദൈവങ്ങളുടെ സന്നിധികളുമുണ്ട്.

വ്യാധികളകറ്റുന്ന ദേവി

തീരാവ്യാധികള്‍ മാറ്റുന്ന മഹാശക്തിയാണ് ദേവീ മുത്താരമ്മന്‍. പ്രത്യേകിച്ച് വസൂരി രോഗം. വസൂരി രോഗം മൂത്താല്‍ ആവണക്ക് വിത്ത് വാങ്ങിച്ച് ദേവിക്ക് കാണിക്കയായി സമര്‍പ്പിക്കുന്നു. പൊടി പൊടി പോലെയാണെങ്കില്‍ അരിയും തടിപ്പാണെങ്കില്‍ ഇളവനും ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്നു. ഈ വഴിപാടുകള്‍ക്ക് ഉടന്‍തന്നെ ഫലവും കിട്ടുന്നു. ചൊവ്വാഴ്ച മുത്താരമ്മന് ചുവന്ന അരളിമാല അണിയിച്ച് ദീപം കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ ചൊവ്വാദോഷം മാറുന്നു. ചൊവ്വാഴ്ച രാഹുകാലവേളയില്‍ ചെറുനാരങ്ങാ ദീപം കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ രാഹുദോഷത്തിന് ശമനം കിട്ടുമെന്നും വിശ്വാസം. ഓരോ മാസത്തേയും അവസാനത്തെ ചൊവ്വാഴ്ചതോറും മുത്താരമ്മന് പ്രത്യേക പൂജകള്‍ നടത്തപ്പെടുന്നു. 

നിര്‍മ്മല ഭക്തിയോടെ തന്നെ സമീപിക്കുന്ന ഭക്തരുടെ വ്യാധികള്‍, കടങ്ങള്‍, ദരിദ്ര്യം എന്നിവ അകറ്റുന്നതോടൊപ്പം ശത്രുദോഷവും, ആഭിചാരദോഷം, ദൃഷ്ടി ദോഷം എന്നിവയും അകറ്റുന്നു. വിവാഹതടസ്സങ്ങള്‍ അകലാനും, ഉദ്യോഗം കിട്ടാനും, വിദ്യാ അഭിവൃദ്ധിക്കും, സമ്പല്‍സമൃദ്ധിക്കും എന്നു തുടങ്ങി പല പല പ്രാര്‍ത്ഥനകളുമായി ഭക്തര്‍ മുത്താരമ്മന്‍റെ സന്നിധിയിലെത്തി അനുഗ്രഹം നേടുന്നു. 
                

Photo Courtesy - Google