ശിലാത്ഭുതങ്ങള്‍ നിറഞ്ഞ രക്തകണ്ഠസ്വാമി ക്ഷേത്രം
കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ ജന്മസ്ഥലമായ പന്തളത്തുനിന്നും ശബരിമലയിലേക്കുള്ള യാത്രാവഴിയില്‍ ഇടത്താവളങ്ങള്‍ നിരവധിയുണ്ട്. നിരവധിയായ ആ ഇടത്താവളങ്ങളില്‍ ഏറെ പ്രധാനമാണ് ഓമല്ലൂര്‍ രക്തകണ്ഠസ്വാമിക്ഷേത്രം. പത്തനംതിട്ട ടൗണില്‍ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം 8-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണെന്നാണ് വിശ്വാസം. പ്രത്യേകിച്ച് ഒരു രൂപവും ഇല്ലാത്ത ഇവിടുത്തെ ശിലാവിഗ്രഹം, ആശ്രിതവത്സലനും, കരുണാമയനും കലിയുഗവരദനുമായ ശബരിമല അയ്യപ്പന്‍ തന്നെയാണെന്നാണ് വിശ്വാസം. അതുകൊണ്ടുകൂടി മണ്ഡല- മകരവിളക്കുകാലത്ത് കാനനവാസനെ കാണുവാനായി ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ ഓമല്ലൂര്‍ രക്തകണ്ഠസ്വാമിയെക്കൂടി കാണുവാന്‍ മറക്കാറില്ല.
കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ ജന്മസ്ഥലമായ പന്തളത്തുനിന്നും ശബരിമലയിലേക്കുള്ള യാത്രാവഴിയില്‍ ഇടത്താവളങ്ങള്‍ നിരവധിയുണ്ട്. നിരവധിയായ ആ ഇടത്താവളങ്ങളില്‍ ഏറെ പ്രധാനമാണ് ഓമല്ലൂര്‍ രക്തകണ്ഠസ്വാമിക്ഷേത്രം. പത്തനംതിട്ട ടൗണില്‍ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം 8-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണെന്നാണ് വിശ്വാസം.
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത കൊത്തുപണികളും, കല്‍നാദസ്വരവും കല്‍ച്ചങ്ങലയും കല്‍മണിയുമൊക്കെ ആ വിശ്വാസത്തെ സാധൂകരിക്കാന്‍ പോന്നതാണ്; പ്രത്യേകിച്ച് കല്‍നാദസ്വരവും, കല്‍ച്ചങ്ങലയും, കല്‍മണിയും. ഇവിടുത്തെപ്പോലെ തന്നെ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഏറ്റുമാനൂരും വൈക്കത്തും കല്‍നാദസ്വരം ഉണ്ടെന്നാണ് പറയപ്പെടുന്നത്. പക്ഷേ ഇവിടെ മാത്രമേ അത് വായിക്കുന്നുള്ളൂ എന്ന പ്രത്യേകതയുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്ഷേത്രം പണിയുവാനായി തമിഴ്നാട്ടില്‍നിന്നും വന്ന തച്ചന്മാരാണത്രേ ഈ ശിലാത്ഭുതങ്ങളുടെ സൃഷ്ടാക്കള്‍. കൊത്തിയെടുത്ത് ഉരച്ച കല്ലുകള്‍ ഒരുതരം പശകൊണ്ട് ഒട്ടിച്ചാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്. കല്ലൊട്ടിക്കുന്ന ആ സവിശേഷ പശ മുമ്പ് ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതാണെന്നാണ് പറയപ്പെടുന്നത്. അതെന്തായാലും ആനപിടിച്ചാല്‍പ്പോലും വേര്‍പെടാത്തത്ര ബലത്തിലാണ് കല്‍ച്ചങ്ങലയിലെ കണ്ണികള്‍ ചേര്‍ത്തിരിക്കുന്നത്.

അതുമാത്രമല്ല, എടുത്തുപറയേണ്ടുന്ന പ്രത്യേകതകള്‍ വേറെയുമുണ്ട്. ഓമല്ലൂര്‍ രക്തകണ്ഠേശ്വരസ്വാമി ക്ഷേത്രത്തിന്. അതിലൊന്ന് പടിഞ്ഞാറോട്ടുള്ള ദര്‍ശനമാണ്. പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ക്ഷേത്രങ്ങള്‍ പൊതുവെ കുറവായിട്ടാണ് കാണപ്പെടുന്നത്. അങ്ങനൊരപൂര്‍വ്വത ഓമല്ലൂര്‍ ക്ഷേത്രത്തിന് കൈവന്നതുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന ഒരു ഐതിഹ്യമുണ്ട്. അതുതന്നെയാണ് ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിചരിത്രവും. പണ്ടുകാലത്ത് 'നല്ലൂര്‍' എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.
അതായത് നല്ല ഊര് എന്ന് അര്‍ത്ഥം. പില്‍ക്കാലത്ത് ഓംകാരമൂര്‍ത്തിയുടെ സാന്നിധ്യം ഉണ്ടായതോടെ നല്ലൂര്‍ ഓംനല്ലൂര്‍ ആവുകയും കാലാന്തരത്തില്‍ ഓമല്ലൂര്‍ എന്നായി മാറുകയുമായിരുന്നു. പ്രത്യേകിച്ച് ഒരു രൂപവും ഇല്ലാത്ത ഇവിടുത്തെ ശിലാവിഗ്രഹം, ആശ്രിതവത്സലനും, കരുണാമയനും കലിയുഗവരദനുമായ ശബരിമല അയ്യപ്പന്‍ തന്നെയാണെന്നാണ് വിശ്വാസം. അതുകൊണ്ടുകൂടി മണ്ഡല- മകരവിളക്കുകാലത്ത് കാനനവാസനെ കാണുവാനായി ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ ഓമല്ലൂര്‍ രക്തകണ്ഠസ്വാമിയെക്കൂടി കാണുവാന്‍ മറക്കാറില്ല.
ഉല്‍പ്പത്തി
കല്ലേലി ഗ്രാമത്തിലെ അരത്തകണ്ഠന്‍മൂഴി എന്ന സ്ഥലത്തെ ക്ഷേത്രമാണ് ഓമല്ലൂര്‍ രക്തകണ്ഠസ്വാമിയുടെ മൂലസ്ഥാനം എന്നാണ് കരുതപ്പെടുന്നത്. സുഖലോലുപരും ദുര്‍മാര്‍ഗ്ഗികളുമായി മാറിയ അന്നത്തെ കല്ലേലി ഗ്രാമക്കാര്‍ ദേവകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നതിനാല്‍ സ്വാഭാവികമായും നാടിന്‍റെ ഐശ്വര്യമായിരുന്ന ക്ഷേത്രം നാശോന്മുഖമായി മാറി. ആ നാശം നാടിനേയും നാട്ടാരേയും ബാധിച്ചപ്പോള്‍, എല്ലാറ്റിനും കാരണം നാടിന്‍റെ ദേവനാണെന്ന് മനസ്സിലാക്കി പ്രതിവിധികള്‍ ചെയ്യുന്നതിന് പകരം ക്ഷേത്രത്തെ ശത്രുതാമനോഭാവത്തോടെ നോക്കിക്കാണുവാനാണ് നാട്ടുകാര്‍ തയ്യാറായത്.
ചൂതുകളി ഭ്രാന്തനായിരുന്ന നാട്ടുപ്രമാണിയാകട്ടെ, തനിക്ക് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പരാജയങ്ങള്‍ക്ക് ഉത്തരവാദി ഭഗവാനാണെന്ന് ധരിച്ച് ദേവവിഗ്രഹം പിഴുതെടുത്ത് അച്ചന്‍കോവിലാറ്റില്‍ എറിയുകയും ചെയ്തു.
തുടര്‍ന്ന് വിഗ്രഹത്തിലെ ദേവചൈതന്യം തേജോമയമായ ഒരു പുഷ്പത്തിന്‍റെ രൂപത്തില്‍ ആറ്റിലൂടെ ഒഴുകി തീരത്തുള്ളതായ ക്ഷേത്രങ്ങളിലെ ദേവതകളോടെല്ലാം അഭയം ചോദിച്ചെങ്കിലും ലഭിച്ചില്ല. വീണ്ടും താഴേയ്ക്കൊഴുകി ഓമല്ലൂരിലെ ഉഴുവത്ത് ദേവീക്ഷേത്രക്കടവിലെത്തി ഉഴുവത്ത് ദേവിയോടും അഭയം ചോദിച്ചു. അപ്പോള്‍ തനിക്കുള്ളതിന്‍റെ മുക്കാല്‍ പങ്കുനല്‍കാമെന്നു സമ്മതിച്ച ഉഴുവത്ത് ദേവി അഭയം നല്‍കി. തനിക്കുള്ള അഞ്ചേകാലിടങ്ങഴി നിവേദ്യത്തില്‍ അഞ്ചിടങ്ങഴിയും നല്‍കാമെന്നുള്ള ദേവിയുടെ സന്മനസ്സില്‍ സംപ്രീതനായ ഭഗവാന്‍ ഉഴുവത്തമ്മയുടെ ആതിഥ്യം സ്വീകരിച്ച് ഓമല്ലൂരില്‍ കുടികൊള്ളാന്‍ തീരുമാനിക്കുകയും ചെയ്തു.
ഭഗവത്ചൈതന്യമുള്ള തേജോമയമാര്‍ന്ന ആ പുഷ്പം അപ്പോള്‍ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീയേയും കുട്ടിയേയും ഭ്രമിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയ സ്ത്രീ പുഷ്പത്തെ തന്‍റെ താളിക്കിണ്ണത്തില്‍ കോരിയെടുത്ത് കടവിലെ പാറപ്പുറത്തുവച്ചു. എന്നാല്‍ കുളികഴിഞ്ഞ് പോകാന്‍ നേരം താളിക്കിണ്ണമെടുക്കാന്‍ ആവത് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ വിവരം കേട്ടറിഞ്ഞെത്തിയ നാട്ടുപ്രമാണിമാരുടെ നിര്‍ദ്ദേശപ്രകാരം ദേവപ്രശ്നം വച്ചപ്പോഴാണ് പൂവിലെ ദേവചൈതന്യം തിരിച്ചറിഞ്ഞത്. അതിന്‍പ്രകാരം ഊരാളി അസ്ത്രം അയയ്ക്കുകയും അസ്ത്രം പതിച്ച സ്ഥലത്ത് ക്ഷേത്രംപണിത് ദേവനെ കുടിയിരുത്തുകയും ചെയ്തു.
കിഴക്കോട്ട് ദര്‍ശനമായിട്ടാണ് വിഗ്രഹം പ്രതിഷ്ഠിച്ചതെങ്കിലും പിറ്റേന്ന് നോക്കുമ്പോള്‍ പടിഞ്ഞാറോട്ട് ദര്‍ശനം നല്‍കുന്ന ഭഗവാനെയാണ് ഭക്തര്‍ കണ്ടത്. തന്നെ ഉപേക്ഷിച്ച കിഴക്കന്‍ ദേശക്കാരെ തനിക്കും കാണണ്ട എന്ന ഭഗവാന്‍റെ തീരുമാനമാണ് പടിഞ്ഞാറോട്ട് ദര്‍ശനം നല്‍കാന്‍ കാരണമായതെന്നാണ് പ്രശ്നത്തില്‍ കണ്ടത്. അന്നുമുതല്‍ ക്ഷേത്രത്തിലെ കിഴക്കേനട തുറക്കാറില്ല.
ആറാട്ട് ഒന്‍പതുദിവസം
പടിഞ്ഞാറോട്ട് ദര്‍ശനം എന്നതുപോലെ ഓമല്ലൂര്‍ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഒന്‍പതുദിവസത്തെ ആറാട്ടാണ്. സാധാരണക്ഷേത്രങ്ങളില്‍ ഉത്സവത്തിന്‍റെ സമാപനദിവസം മാത്രമാണ് ആറാട്ട് നടക്കുന്നതെങ്കില്‍ ഇവിടെ ഒന്‍പത് ദിവസവും ആറാട്ട് നടത്താറുണ്ട്. വിഗ്രഹം കണ്ടുകിട്ടിയ ഉഴുവത്ത് ദേവീക്ഷേത്രക്കടവിലാണ് ആറാട്ട് നടത്തുന്നത്.
മേടമാസത്തിലെ ഉത്രത്തിന് കൊടിയേറി പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന തിരുവുത്സവം മധ്യതിരുവിതാംകൂറിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ജാതിമതഭേദമെന്യേ ദേശത്തിന്‍റെ ഉത്സവമായിട്ടുതന്നെയാണ് ഓമല്ലൂരില്‍ രക്തകണ്ഠസ്വാമിയുടെ തിരുവുത്സവം കൊണ്ടാടുന്നത്.
ഓമല്ലൂര്‍ വയല്‍വാണിഭം
ഓമല്ലൂര്‍ വയല്‍വാണിഭം ഏറെ പ്രശസ്തമാണ്. മീനം 1 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വയല്‍വാണിഭത്തില്‍ അച്ഛനേയും അമ്മയേയും ഒഴിച്ച് എന്തും വിലയ് ക്ക് വാങ്ങുവാന്‍ കിട്ടുമത്രേ. മുഖ്യമായും കാര്‍ഷികോല്‍പ്പന്നങ്ങളുടെയും, ഗൃഹോപകരണങ്ങളുടേയും പ്രദര്‍ശന വില്‍പ്പനമേളയാണെങ്കിലും, ആദ്യത്തെ ഒരാഴ്ച പഴമയെ ഓര്‍മ്മിപ്പിക്കും വിധം കന്നുകാലിക്കച്ചവടവും നടക്കാറുണ്ട്.
കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ തെക്കേവയലില്‍ നിന്നും വിറളിപിടിച്ച് ഓടിവന്ന ഒരു കാളക്കൂറ്റനുമായി ബന്ധപ്പെട്ടാണ് ഓമല്ലൂര്‍ വയല്‍വാണിഭം തുടങ്ങിയതും ഇന്നും തുടരുന്നതും. വെളിനല്ലൂരില്‍ നിന്നും ഓടിയെത്തി ആക്രമണഭാവത്തോടെ നിന്ന കാളക്കൂറ്റനെ വരുതിയിലാക്കാന്‍ ആരൊക്കെ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ എവിടെ നിന്നോ വന്ന ധീരനായ ഒരു കര്‍ഷകന്‍ അവിടെക്കണ്ട ഒരു പാലക്കുറ്റിയില്‍ കാളക്കൂറ്റനെ മെരുക്കി കെട്ടിയിട്ടു. ഓമല്ലൂര്‍ രക്തകണ്ഠ സ്വാമിയായിരുന്നത്രെ ആ കര്‍ഷകന്‍. ആ സംഭവത്തിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇന്നും, ആ കാളക്കൂറ്റനെ പിടിച്ചുകെട്ടിയ അതേ വയലില്‍ അതേ പാലച്ചുവട്ടില്‍ വയല്‍വാണിഭവും കന്നുകാലിക്കച്ചവടവും തുടരുന്നത്. ഓമല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നും ആളുപോയി വെളിനല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നും ദീപം തെളിച്ചുകൊണ്ടുവന്നിട്ടാണ് വയല്‍ വാണിഭം തുടങ്ങുന്നത്.

ആകെ സ്വര്‍ണ്ണമയം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലെ വരുമാനമുള്ള മേജര്‍ക്ഷേത്രങ്ങളിലൊന്നാണെങ്കിലും ഓമല്ലൂര്‍ ക്ഷേത്രത്തിന്‍റെ നാലമ്പലവും ശ്രീകോവിലുമൊക്കെ കണ്ടാല്‍ ഒരു മൈനര്‍ ക്ഷേത്രത്തിന്‍റെ എടുപ്പും വലിപ്പവുമൊക്കെയേയുള്ളൂ. പക്ഷേ എല്ലാറ്റിനും ഒരു സ്വര്‍ണ്ണവര്‍ണ്ണം. കതകും ജനലും ബലിക്കല്ലും എന്നുവേണ്ട എവിടെ തിരിഞ്ഞാലും പിത്തളയുടെ മഞ്ഞപ്രഭ കണ്ണഞ്ചിപ്പിക്കും.
രക്തകണ്ഠസ്വാമിയൂടെ സങ്കല്‍പ്പപ്രതിഷ്ഠയ്ക്ക് പുറമെ നാലമ്പലത്തില്‍ ശിവന്‍, ദേവി, വിഷ്ണു, കന്നിമൂല ഗണപതി എന്നീ പ്രതിഷ്ഠകളും, പുറത്ത് നാഗരാജാവ്, മൂര്‍ത്തി, രക്ഷസ്സ്, വസൂരിമാല എന്നീ പ്രതിഷ്ഠകളുമാണുള്ളത്.
നീരാജനം, ഗണപതിഹോമം, പുഷ്പാഞ്ജലി, ഉണ്ണിയപ്പം തുടങ്ങി മറ്റ് ക്ഷേത്രങ്ങളിലേതുപോലുള്ള വഴിപാടുകളും നിവേദ്യങ്ങളുമൊക്കെയുണ്ടെങ്കിലും ദോഷപരിഹാരത്തിനും കാര്യസിദ്ധിക്കുമായി ഇവിടെ നടത്തുന്ന 'ചതുശ്ശതം' വഴിപാട് പ്രസിദ്ധമാണ്. കദളിപ്പഴം, മുന്തിരിങ്ങ, ശര്‍ക്കര, ചുക്കുപൊടി, ജീരകപ്പൊടി, തേങ്ങ തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന പായസമാണ് ചതുശ്ശതം. 100 പായസ പടച്ചോറാണ് ഒരു ചതുശ്ശതം. വലിയ ചെലവുള്ള വഴിപാടാണെങ്കിലും മിക്കവാറും ദിവസങ്ങളില്‍ ഈ വഴിപാട് നടത്താറുണ്ട്. വഴിപാടിന്‍റെ ഫലം ഭക്തര്‍ക്ക് അനുഭവവേദ്യമാകുന്നു എന്നുള്ളതിന്‍റെ തെളിവായിട്ടാണ് അത് കരുതേണ്ടത്.
