ചരിത്രവും പുരാണവും കൈകൂപ്പി നില്‍ക്കുന്ന സന്നിധി  -ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

ചരിത്രവും പുരാണവും കൈകൂപ്പി നില്‍ക്കുന്ന സന്നിധി -ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

HIGHLIGHTS

കേരളത്തിലെ വളരെ പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് പഴയ വള്ളുവനാടന്‍ ആസ്ഥാനമായ അങ്ങാടിപ്പുറത്ത് സ്ഥിതി ചെയ്യുന്ന ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം.  അവിവാഹിതരായ സ്ത്രീകള്‍ മംഗല്യഭാഗ്യത്തിന് ഇവിടെ നേര്‍ച്ച നടത്തുന്നു. 

 

കേരളത്തിലെ വളരെ പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് പഴയ വള്ളുവനാടന്‍ ആസ്ഥാനമായ അങ്ങാടിപ്പുറത്ത് സ്ഥിതി ചെയ്യുന്ന ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. പ്രധാന നിരത്തില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തെക്കേനട കയറിച്ചെല്ലുമ്പോള്‍ നമ്മെ എതിരേല്‍ക്കുന്നത് കിഴക്കോട്ട് അഭിമുഖമായുള്ള മൂലസ്ഥാനമാണ്. ദര്‍ശനത്തിനെത്തുന്നവര്‍ ആദ്യമായി വന്ദിക്കേണ്ടത് ഇവിടെയാകുന്നു. ശ്രീമൂലസ്ഥാനം വലം വച്ച് വടക്കേനടയിലെത്താം. വടക്കേ ബലിക്കല്‍പ്പുരയിലൂടെ അകത്തുകടന്നാല്‍ തിരുമാന്ധാംകുന്നിലമ്മ മാതൃക്കളോടുകൂടി ഇവിടെ വിരാജിക്കുന്നത് കാണാം. ശ്രീമൂലസ്ഥാനത്തിനും മാതൃശാലയ്ക്കുമാണ് ക്ഷേത്രത്തില്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചുവരുന്നത്.

ക്ഷേത്രപുരാണം

ഇവിടത്തെ ക്ഷേത്രപുരാണം സൂര്യവംശജനായ മാന്ധാതാവ്  രാജാവുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹം രാജ്യഭാരമെല്ലാം ഒഴിഞ്ഞ് പരമപദം പ്രാപിക്കുന്നതിനാഗ്രഹിച്ച് പരമശിവനെ തപസ്സ് ചെയ്തു. തപസ്സില്‍ സംപ്രീതനായ ദേവന്‍ ഇഷ്ടമുള്ള വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ഭൗതിക ദേഹത്യാഗം വരെ അങ്ങയെ പൂജിക്കാന്‍ പ്രിയപ്പെട്ട ഒരു ചിഹ്നം വേണമെന്നാണ് മാന്ധാതാവ് അപേക്ഷിച്ചത്. പരമശിവന്‍ കൈലാസത്തില്‍ തനിക്ക് ഏറ്റവും ശ്രേഷ്ഠവും ശ്രീപാര്‍വ്വതി പൂജിക്കുന്നതും പ്രിയപ്പെട്ടതുമായ ശിവലിംഗം ആ ഭക്തരാജന് നല്‍കി അന്തര്‍ധാനം ചെയ്തു. മാന്ധാതാവ് ദിവ്യമായ ശിവലിംഗം ശിരസ്സില്‍ വഹിച്ച്, തെക്കോട്ട് യാത്ര തിരിച്ച് ഇന്ന് തന്‍റെ പേരില്‍ അറിയപ്പെടുന്ന കുന്നില്‍ വന്നുചേര്‍ന്നു. ഭഗവാന്‍ വരം നല്‍കിയ സമയത്ത് അരുചെയ്തതുപോലെ പെട്ടെന്ന് ശിരസ്സില്‍ വഹിച്ചിരുന്ന ശിവലിംഗത്തില്‍ ഭാരക്കൂടുതല്‍ തോന്നുകയും മാന്ധാതാവ് അത് താഴെവയ്ക്കവെ ഭൂമിയില്‍ ഉറയ്ക്കുകയും ചെയ്തു.

ശ്രീപാര്‍വ്വതി നീരാട്ടിന് പോയ സമയത്താണ് പരമശിവന്‍ ശിവലിംഗം മാന്ധാതാവിന് നല്‍കിയത്. ശ്രീ പാര്‍വ്വതി പതിവുപോലെ പൂജാസമയമായപ്പോള്‍ തന്‍റെ പ്രിയപ്പെട്ട ശിവലിംഗം കാണാതെ പരിഭ്രാന്തയാകുകയും തനിക്ക് നിത്യപൂജയ്ക്ക് അത് കൂടിയേ തീരൂവെന്ന് പരാതിപ്പെടുകയും ചെയ്തു. അപ്പോള്‍ ഭഗവാന്‍ അരുളി ചെയ്തത് ദേവിക്ക് ആ ശിവലിംഗം കിട്ടാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നായിരുന്നു. അതിന്‍പ്രകാരം ശിവലിംഗം വീണ്ടെടുക്കുന്നതിന് ശ്രീപാര്‍വ്വതി ഭദ്രകാളിയെയും വീരഭദ്രനെയും നന്ദി മഹാകാളന്മാരെയും ഭൃംഗീരടി തുടങ്ങിയ ശിവപാര്‍ഷദന്മാരെയും നിയോഗിച്ചു. ഭദ്രകാളി അസംഖ്യം ഭൂതപ്പടയോടുംകൂടി കുന്നിനടുത്തെത്തിയപ്പോള്‍ ശിവലിംഗത്തില്‍ നിന്നും ഉത്ഭവിച്ച കാന്തിക പ്രസരത്താല്‍ അവര്‍ക്കാര്‍ക്കും കുന്നുകയറാന്‍ കഴിഞ്ഞില്ല. 

അതിനിടയില്‍ മാന്ധാതാവിന്‍റെ പരിചരണത്തിനെത്തിയ രാജര്‍ഷി പുത്രന്മാരും പരിജനങ്ങളും ആട്ടങ്ങകളും ആവണപ്പലകകളും രാമച്ചവിശറികളും കൊണ്ട് ഭദ്രകാളിയുടെയും ശിവപാര്‍ഷദന്മാരുടെയും കടന്നുവരവിനെ ചെറുക്കുകയും രാജര്‍ഷിയുടെ മന്ത്രശക്തിയാലും ശിവശക്തിയാലും അതൊക്കെ ദിവ്യാസ്ത്രങ്ങളായി പരിണമിക്കുകയും ചെയ്തു. ഈ സംഭവത്തെ സൂചിപ്പിച്ചുകൊണ്ട് ഇന്നും തുലാംമാസം ഒന്നാം തീയതിയും കറുത്തവാവിന്‍ നാള്‍ പന്തീരടിക്ക് മുമ്പും ആട്ടങ്ങയേറ് എന്ന ചടങ്ങ് നടന്നുവരുന്നുണ്ട്.

ഒടുവില്‍ രാജര്‍ഷി മാന്ധാതാവിന്‍റെയും കൂട്ടരുടെയും ചെറുത്തുനില്‍പ്പ് സഹിക്കാനാകാതെ മഹാമായയായ ഭദ്രകാളിക്ക് വിശ്വരൂപം കൈക്കൊള്ളേണ്ടിവന്നു. ഭഗവതിയുടെ യഥാര്‍ത്ഥ രൂപം കണ്ട് മാന്ധാതാവിന്‍റെ അനുചരന്മാരെല്ലാം ബോധരഹിതരായി. 

കുന്നിന്‍മുകളിലെത്തിയ ഭദ്രകാളിയെക്കണ്ട് നിസ്സഹായനായ മാന്ധാതാവ് ശിവലിംഗം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്‍ ഫലമായി അത് രണ്ടായി പിളരുകയും തന്മൂലം ഉത്ഭൂതമായ അത്ഭുതജ്യോതിസ്സില്‍ ത്രിമൂര്‍ത്തികളും പാര്‍വ്വതിയും പ്രത്യക്ഷമായി വിളങ്ങുകയും ചെയ്തു. ശ്രീപാര്‍വ്വതി മാന്ധാതാവിനോട് ഇപ്രകാരം അരുളി ചെയ്തു.

'എനിക്ക് വളരെ പ്രിയപ്പെട്ടതാണ് ഈ വിഗ്രഹം എന്നിരിക്കിലും ഇത്രയും ഭക്തനായ അങ്ങില്‍ നിന്നും ഇത് തിരികെ കൊണ്ടുപോകാന്‍ ഞാന്‍ ശക്തയല്ല. ഇതിനെ വിട്ടുപിരിയുക എന്നതും അസാധ്യം. അതിനാല്‍ ഞാനും ഈ വിഗ്രഹത്തില്‍ ലയിച്ച് ഇവിടെ നിത്യസാന്നിധ്യം കൊള്ളുവാന്‍ ആഗ്രഹിക്കുന്നു.കാളിയും ഞാനും ഇവിടെ ഭിന്നരല്ല. എന്‍റെ കാര്യാര്‍ത്ഥം ആദ്യമിവിടെ വന്നത് കാളിയാണ്. അതിനാല്‍ എന്‍റെ അടുത്തുതന്നെ വടക്കോട്ട് ദര്‍ശനമായി ഭദ്രകാളിയെയും പ്രതിഷ്ഠിച്ച് പൂജയും ഉത്സവങ്ങളും നടത്തിപ്പോരുക.' ഇത്രയും പറഞ്ഞ് ശ്രീപാര്‍വ്വതി ശാന്തഭാവത്തില്‍ പിളര്‍ന്ന നിലയിലുള്ള ശിവലിംഗത്തില്‍ ലയിച്ചു. 

മൂലപ്രകൃതി വസിക്കുന്നതുകൊണ്ട് ആ സ്ഥാനത്തിന് ശ്രീമൂലസ്ഥാനം എന്ന പേര്‍ വന്നു. ശ്രീമൂലസ്ഥാനത്തെ ശിവലിംഗം ഇന്നും പിളര്‍ന്ന നിലയില്‍ തന്നെ കാണപ്പെടുന്നു. പീഠത്തിനും പ്രഭാമണ്ഡലത്തിനും കീഴിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ഭദ്രദീപങ്ങള്‍ സാക്ഷിയാകുന്ന ഈ പൂര്‍ണ്ണലിംഗം ഉഷഃപൂജയ്ക്കും മലര്‍നിവേദ്യത്തിനും മുമ്പായി നടക്കുന്ന അഭിഷേക സമയത്തുമാത്രമേ ദര്‍ശിക്കാന്‍ കഴിയൂ. ശ്രീപാര്‍വ്വതിയുടെ അരുളപ്പാടനുസരിച്ച് ഭഗവതിയെ സപ്തമാതൃക്കളോടും വീരഭദ്രനോടും ഗണപതിയോടും കൂടി വടക്കോട്ട് ദര്‍ശനമായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതാണ് മാതൃശാല. 

മാതാക്കളോട് കൂടി വസിക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. പൂരം, പാട്ട് തുടങ്ങിയ അലങ്കാരച്ചടങ്ങുകള്‍ ദേവിയെ ഉദ്ദേശിച്ചാണ് നടത്തുന്നത്. ശ്രീ പാര്‍വ്വതി പ്രത്യക്ഷപ്പെട്ട സമയത്ത് ഉണ്ണിഗണപതിയും ഒപ്പമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ശ്രീമൂല സ്ഥാനപ്രതിഷ്ഠയായ ശിവലിംഗത്തിന് കിഴക്കോട്ടാണ് ദര്‍ശനം. അതിനാല്‍ പടിഞ്ഞാറോട്ടും ഒരു നടവേണമെന്ന ആവശ്യവുമുണ്ടായി. അങ്ങനെ ശ്രീമൂലസ്ഥാനത്തിന് രണ്ട് നടകളുണ്ടായി. പടിഞ്ഞാറെ നട സാധാരണയായി തുറക്കാറില്ല. 

വള്ളുവക്കോനാതിരിയുടെ വംശപരമ്പരയില്‍പ്പെട്ടവര്‍ ദര്‍ശനത്തിനെത്തുമ്പോള്‍ മാത്രമേ പടിഞ്ഞാറെ നട തുറക്കാറുള്ളൂ. മറ്റ് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി വാതിലിന് ഇരുവശത്തുമായി ഓരോ കിളിവാതിലുകള്‍ തുറന്നുവയ്ക്കപ്പെട്ടിട്ടുണ്ട്. പൗരോഹിത്യകര്‍മ്മങ്ങള്‍ക്കും ശാന്തിക്കുമായി പറയിപെറ്റ പന്തിരുകുലത്തിലെ മേഴത്തോള്‍ അഗ്നിഹോത്രിയുടെ പിന്‍ഗാമികളായ അടികള്‍മാരെയാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.

ഉത്സവങ്ങള്‍ ആചാരങ്ങള്‍

വള്ളുവനാടിന്‍റെ ദേശീയോത്സവമായി വിശേഷിപ്പിക്കപ്പെടുന്ന തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരോത്സവം ഇന്ന് ഷൊര്‍ണ്ണൂരിനും കോഴിക്കോടിനും ഇടയ്ക്കുള്ള വലിയ ഉത്സവമാണ്. പൂരത്തിന് ഒരാഴ്ച മുമ്പ് പ്രദേശത്തെ പെരുവണ്ണാന്‍ സമുദായത്തില്‍പ്പെട്ടവര്‍ പൂതന്മാരുടെ വേഷം കെട്ടി വീടുകള്‍ തോറും കയറിയിറങ്ങി തുടികൊട്ടി നൃത്തം ചെയ്ത് പൂരാഘോഷവിളംബരം ചെയ്യും. 

പാണസമുദായത്തില്‍പ്പെട്ടവര്‍ ആണ്ടിപ്പൂതന്മാരായും നായാടികളാലും ഒപ്പമുണ്ടാകും. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പൂരാഘോഷത്തിന് തുടക്കം കുറിക്കുന്നത് മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ്. ശ്രീമൂലസ്ഥാനത്തെ ഗണപതി സര്‍വ്വാര്‍ത്ഥദായകനാണ്. അവിവാഹിതരായ സ്ത്രീകള്‍ മംഗല്യഭാഗ്യത്തിന് ഇവിടെ നേര്‍ച്ച നടത്തുന്നു. എട്ടുദിവസം നടത്തുന്ന ഋഗ്വേദലക്ഷാര്‍ച്ചന പ്രസിദ്ധമാണ്. തൃശൂര്‍, തിരുനാവായ യോഗങ്ങളിലെ വേദജ്ഞന്മാര്‍, പണ്ഡിതന്മാര്‍, തന്ത്രികള്‍ എന്നിവര്‍ക്ക് പുറമെ പരശ്ശതം ഭക്തജനങ്ങളും സാക്ഷ്യം വഹിക്കുന്ന ചടങ്ങാണിത്. 

ചാന്താട്ടം ഇവിടുത്തെ പ്രധാന വഴിപാടാണ്. മിഥുനം, കര്‍ക്കിടക മാസങ്ങളിലാണ് ഇത് നടത്തുന്നത്. വിഗ്രഹത്തിന് ചൈതന്യം പകരുവാന്‍ നടത്തുന്ന ഈ വഴിപാട് ഭഗവതിക്ക് അമൃതാഭിഷേക തുല്യമാണ്. ചാന്താടിയ ദേവീവിഗ്രഹത്തില്‍ കന്നിമാസത്തിലെ ആയില്യം നാള്‍ മുതലാണ് തിരുവാഭരണങ്ങള്‍ വീണ്ടും അണിയുക.  മുന്‍പ് പ്രതിപാദിച്ച പന്തീരടിപൂജയ്ക്ക് തൊട്ടുമുന്‍പായി ഇത് നടത്തുന്നു. നിറയും തിരുമാന്ധാംകുന്നിലെ ആചാരമാണ്. കര്‍ക്കിടകത്തിലെ കറുത്ത വാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും പ്രതീകമായി നിറ ആചരിച്ചുവരുന്നു. 

ക്ഷേത്രാചരണത്തില്‍ കൊട്ടിച്ചിറ എഴുന്നെള്ളിപ്പ് പ്രധാനമാണ്. സ്ഥാനലബ്ധിക്കുശേഷം വല്ലഭ വലിയ രാജാവ് തിരുമാന്ധാം കുന്ന് ക്ഷേത്രത്തില്‍ ആദ്യമായി ദര്‍ശനത്തിനെത്തിയ ഓര്‍മ്മദിനമാണ് കൊട്ടിച്ചിറ എഴുന്നെള്ളിപ്പ്. കൊട്ടി അറിയിച്ചുള്ള എഴുന്നെള്ളിപ്പ് എന്നാണ് ഇതിനര്‍ത്ഥം. 1987 ലാണ് അവസാനമായി കെട്ടിച്ചിറ എഴുന്നെള്ളിപ്പ് ആചരിച്ചത്. രാജാവിന്‍റെ കാലശേഷം രാജവംശത്തില്‍പ്പെട്ടവരാണ്  ഇത് ആചരിച്ചുവരുന്നത്. വലിയ കണ്ടം നടീല്‍ ഭക്തജനങ്ങളെ ആവേശം കൊള്ളിക്കുന്ന കര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട ചടങ്ങാണ്. ചിങ്ങമാസം അവസാനമാണ് ഇത് കൊണ്ടാടപ്പെടുന്നത്. ഞെരളത്ത് സംഗീതോത്സവം ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം പോലെ പ്രസിദ്ധമാണ്. എല്ലാവര്‍ഷവും ഫെബ്രുവരി 16 ന് ആരംഭിക്കുന്ന സംഗീതാര്‍ച്ചനയില്‍ സോപാനസംഗീതം ഉള്‍പ്പെടെ വിവിധ സംഗീതമേഖലയിലെ പ്രഗത്ഭന്മാര്‍ പങ്കെടുക്കുന്നു.

പലകുറികൊണ്ടാടിയ മാമാങ്ക മഹോത്സവത്തില്‍ അനുഗ്രഹവര്‍ഷിണിയായി നിന്ന തിരുമാന്ധാംകുന്നിലമ്മ ഭക്തജനങ്ങളുടെ ഏത് അഭീഷ്ടങ്ങളും സാധിതമാക്കുന്ന പ്രകൃതീശ്വരിയാണ്, ഭക്തവത്സലയായ സ്വന്തം മാതാവുതന്നെയാണ്.

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട് റോഡില്‍ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ക്ഷേത്രത്തിലെത്താം. ഷൊര്‍ണ്ണൂര്‍- നിലമ്പൂര്‍- റെയില്‍പ്പാതയില്‍ പ്രധാന സ്റ്റേഷനാണ് അങ്ങാടിപ്പുറം.