ശ്രീദേവിയും കര്‍ക്കിടകവും

ശ്രീദേവിയും കര്‍ക്കിടകവും

HIGHLIGHTS

സാക്ഷാല്‍ ദക്ഷിണേശ്വരനായ ദേവന്‍റെ കലകളെല്ലാം നിറഞ്ഞുനില്‍ക്കുന്ന മാസമാണ് കര്‍ക്കിടകം. തിരുജഡ കാര്‍മേഘങ്ങളായും, തിരുഗംഗ ഭൂമിക്ക് അമൃതവര്‍ഷമായും മാറുന്ന കര്‍ക്കിടക ദിനങ്ങള്‍. ആദിമഗംഗയും ആദിമബീജവുമായ ഭഗവതി ദേവകളുടേയും ഭൂമിദേവിയുടെയും പരിഭവങ്ങള്‍ക്ക് പരിഹാരമായി 'കര്‍ക്കിടകി' എന്ന ഭാവത്തില്‍, നാമത്തില്‍ അവതരിച്ച്  അന്നവും ഐശ്വര്യവും, ആരോഗ്യവും പ്രദാനം ചെയ്യുന്നു.ആയുസ്സും, ആരോഗ്യവും സമ്പത്തും മാനവരാശിക്ക് പ്രദാനം ചെയ്യുന്ന പുണ്യമാസമാണ് കര്‍ക്കിടകം. കര്‍ക്കിടകത്തെ വരവേല്‍ക്കാം. ഭക്തിയോടെ, വിശ്വാസത്തോടെ.

 

മാസങ്ങളില്‍ ശ്രേഷ്ഠം ഏതാണെന്ന് ചോദിച്ചാല്‍ ചിങ്ങം, മേടം, വൃശ്ചികം, വൈശാഖം എന്നെല്ലാം പലരും മാറിമാറിപ്പറയും. എന്നാല്‍ സൂര്യന്‍ ഉത്തരായനത്തില്‍ നിന്നും ദക്ഷിണായനത്തിലേക്ക് കാല്‍വയ്ക്കുന്ന കര്‍ക്കിടകമാസത്തിനെയാണ് മോക്ഷമാസം എന്ന പേരിനാല്‍ വിളിക്കപ്പെടുന്നത്

സാക്ഷാല്‍ ദക്ഷിണേശ്വരനായ ദേവന്‍റെ കലകളെല്ലാം നിറഞ്ഞുനില്‍ക്കുന്ന മാസമാണ് കര്‍ക്കിടകം. തിരുജഡ കാര്‍മേഘങ്ങളായും, തിരുഗംഗ ഭൂമിക്ക് അമൃതവര്‍ഷമായും മാറുന്ന കര്‍ക്കിടക ദിനങ്ങള്‍.

ഭഗവാന്‍ ശ്രീപരമേശ്വരന്‍ ധ്യാനത്തില്‍ മുഴുകുന്ന പുണ്യമാസം പരമശിവന്‍ തിരുമിഴികള്‍ അടച്ച് ധ്യാനത്തില്‍ മുഴുകിയാല്‍ പ്രപഞ്ചത്തിന്‍റെ പരിപാലനം ആര് നടത്തും. ഭൂമിദേവി പരിഭ്രമിച്ചു. ദേവകള്‍ ഭയന്നു. പ്രപഞ്ചരക്ഷ നിലച്ചാല്‍ സകലപ്രാണികളും ഇല്ലാതെയാവും. ദേവകളോടൊപ്പം ചേര്‍ന്ന് ഭൂമിദേവി, ശ്രീപരമേശ്വരിയുടെ മുന്നില്‍ സങ്കടം ഉണര്‍ത്തിച്ചു.

ആദിമഗംഗയും ആദിമബീജവുമായ ഭഗവതി ദേവകളുടേയും ഭൂമിദേവിയുടെയും പരിഭവങ്ങള്‍ക്ക് പരിഹാരമായി 'കര്‍ക്കിടകി' എന്ന ഭാവത്തില്‍, നാമത്തില്‍ അവതരിച്ച്  അന്നവും ഐശ്വര്യവും, ആരോഗ്യവും പ്രദാനം ചെയ്യുന്നു. ഭഗവതീഭാവമായി ദേവി രൂപം ധരിച്ചു. 'ശാകംഭരി' എന്ന ഭാവത്തില്‍ പ്രകൃതിക്ക് ജീവനായി ദേവി ഉണര്‍ന്നുയര്‍ന്നു.

ദേവിയെ എതിരേല്‍ക്കാന്‍; കര്‍ക്കിടകത്തെ വരവേല്‍ക്കാന്‍

മറ്റ് ഏതൊരു മാസങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത പല പല പ്രത്യേകതകളും കര്‍ക്കിടകത്തിന് കല്‍പ്പിക്കുന്നതിന് കാരണങ്ങള്‍ അനവധിയുണ്ട്. അതില്‍ ആദ്യത്തെ പ്രത്യേകതയാണ് 'കര്‍ക്കിടകത്തെ എതിരേല്‍ക്കുക' എന്നത്. മറ്റ് ഏതൊരു മാസങ്ങളേയും നാം എതിരേല്‍ക്കാറില്ല. അപ്രകാരമൊരു ചടങ്ങുമില്ല. എന്നാല്‍ കര്‍ക്കിടകത്തെ എതിരേറ്റുകൊണ്ടുവരുക എന്നത് വളരെ വിശേഷപ്പെട്ട ചടങ്ങാണ്.

മൂധേവിയെ മാറ്റി ശ്രീദേവിയെ കുടിയിരുത്തുന്നു

ചേട്ടാഭഗവതിയെ അടിച്ചിറക്കുക എന്നതാണ് ഈ ചടങ്ങ്. വീടുകളില്‍ മാത്രമല്ല ക്ഷേത്രങ്ങളിലും ഈ ചടങ്ങ് ആചരിക്കപ്പെടുന്നു. കര്‍ക്കിടകത്തിന്‍റെ തലേദിവസമാണ് ഈ ചടങ്ങ് ആചരിക്കുന്നത്. വീടിനകവും പുറവും നന്നായി അടിച്ചുവാരി വൃത്തിയാക്കും. പഴയ മുറം, ചൂല് മറ്റ് ചപ്പും ചവറുമെല്ലാം തൂത്തുവാരി മുറ്റത്ത്(മിക്കവാറും അടുക്കളപ്പുറത്ത്) കൂട്ടിവയ്ക്കും. 

വൈകുന്നേരം അഞ്ച് മണിയോടുകൂടി ഈ ചപ്പും ചവറും കത്തിക്കും. 'ചേട്ട പുറത്ത് ചേട്ട പുറത്ത്' എന്നിങ്ങനെ ഉറക്കെ പറയുകയും ചെയ്യും. അതിനുശേഷം കുളിച്ചുവന്ന് വസ്ത്രം മാറ്റി ശുദ്ധമായ ശേഷം ശ്രീ ഭഗവതിയെ വീടിനുള്ളില്‍ കുടിയിരുത്താനായി ഒരുക്കുകയാണ് വേണ്ടത്. രണ്ട് തിരി വീതം കിഴക്കും പടിഞ്ഞാറുമായി നിലവിളക്ക് കൊളുത്തിവയ്ക്കുക. ചാലിച്ചെടുത്ത അരിമാവുകൊണ്ട് പൂജാമുറിയുടെ വാതിലും പ്രധാന വാതിലും അലങ്കരിക്കുകയാണ് അടുത്ത ചടങ്ങ്.

അതിനുശേഷം ശ്രീ ഭഗവതിയെ വീടിനുള്ളിലേയ്ക്ക് എതിരേറ്റ് കുടിയിരുത്താനായി അഷ്ടമംഗല്യം ഒരുക്കുന്നു. ദശപുഷ്പമാണ് പ്രധാന ഇനം. എന്നാല്‍ ദശപുഷ്പം പലപ്പോഴും ലഭ്യമല്ല. അതിനാല്‍, മുക്കുറ്റി, തുളസി, കറുക എന്നിവ ആയാലും മതി. ഒരു പിച്ചളപ്പാത്രത്തില്‍ ദശപുഷ്പം, കണ്ണാടി(വാല്‍ക്കണ്ണാടിയാണ്) സിന്ദൂരചെപ്പ്, കണ്‍മഷി ചെപ്പ്, ഒരു ചെറിയ നേര്യത് മടക്കിയത് എന്നിവ വയ്ക്കുക. 

അഷ്ടമംഗല്യം വിളക്കിന് മുന്നിലായി വയ്ക്കുക. മൂധേവി ഒഴിവായി വീടിനുള്ളില്‍ ശ്രീദേവി ഇടം കൂടി എന്നതാണ് ഈ സങ്കല്‍പ്പം. സന്ധ്യക്ക് മുന്നേതന്നെ ഈ ചടങ്ങ് പൂര്‍ത്തീകരിക്കണം.(കര്‍ക്കിടകസംക്രമത്തിന് മുന്‍പായി) കര്‍ക്കിടകമാസത്തില്‍ അടുക്കളയും പാതുകമ്പുറവും ചൂലുകൊണ്ട് അടിച്ചുവാരാന്‍ പാടില്ല എന്നൊരു ആചാരവും ഉണ്ട്. പുല്ലിന്‍റെ തലകൂട്ടിക്കെട്ടിയാണ് അടിച്ചുവാരുന്നത്.

ദേവീപൂജ

കര്‍ക്കിടകമാസം ദേവീപ്രീതിയുടെ വിശേഷാല്‍ മാസമാണ്. പൂജാവിധികള്‍ ആചരിച്ചിരുന്ന പരമ്പരകളില്‍ കര്‍ക്കിടമാസം മുഴുവന്‍ മൂന്നുനേരത്തെ ഭഗവതിസേവ(ത്രികാല പൂജ) ആചരിച്ചിരുന്നു. കുറഞ്ഞത് പന്ത്രണ്ട് ദിവസമെങ്കിലും ത്രികാല പൂജ ആചരിക്കുമായിരുന്നു. എല്ലാ ക്ഷേത്രങ്ങളിലും (പ്രതിഷ്ഠാഭാവം ഏതുതന്നെ ആയാലും) കര്‍ക്കിടകത്തില്‍ ഭഗവതിസേവ ഇന്നും ആചരിച്ചുപോരുന്നു. വരാന്‍ പോകുന്ന ഒരു വര്‍ഷത്തിന്‍റെ മഹാഭാഗ്യങ്ങളുടെ കാരണമാണ് കര്‍ക്കിടകത്തിലെ ഭഗവതി പ്രീതി. കര്‍ക്കിടകത്തില്‍ കുറഞ്ഞത് പന്ത്രണ്ട് ദിവസമെങ്കിലും ദേവീക്ഷേത്രത്തില്‍ വലംവെച്ച് തൊഴണം എന്നത് നിര്‍ബന്ധമാണ്. ദേവതകള്‍ക്കുപോലും ദേവിയുടെ കാല്‍വണങ്ങുന്ന കര്‍ക്കിടകത്തിന്‍റെ മഹത്വം പറഞ്ഞറിയിക്കാനാവുന്നതല്ല.

ഇല്ലം നിറ

കര്‍ക്കിടകത്തിന്‍റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ചടങ്ങാണ് ഇല്ലംനിറ. മഹാലക്ഷ്മിയേയും അന്നപൂര്‍ണ്ണേശ്വരിയേയും വീടുകളിലേയ്ക്കും ക്ഷേത്രങ്ങളിലേയ്ക്കും വ്യാപാരസ്ഥാപനങ്ങളിലേയ്ക്കും എതിരേല്‍ക്കുന്ന ചടങ്ങാണ് ഇല്ലം നിറ. ഭാഗ്യങ്ങളിലെ മഹാഭാഗ്യങ്ങളെ നമ്മളിലേയ്ക്ക് സ്വാംശീകരിക്കുന്ന പുണ്യമാസമാണ് കര്‍ക്കിടകം എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

ആരോഗ്യം

ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുന്ന മാസമാണ് കര്‍ക്കിടകമെന്ന് ഏവര്‍ക്കും അറിവുള്ള വസ്തുതയാണ്. മരുന്നും ആഹാരവും മനുഷ്യശരീരത്തിന് ഏറെ അനുകൂലമായി പ്രതികരിക്കുന്ന മാസമാണ് കര്‍ക്കിടകം. പ്രകൃതിയിലെ എല്ലാ വിഭവങ്ങള്‍ക്കും ഇരട്ടിയിലേറെ പോഷകം ഉള്ള മാസമാണ് കര്‍ക്കിടകം. ആയുസ്സും, ആരോഗ്യവും സമ്പത്തും മാനവരാശിക്ക് പ്രദാനം ചെയ്യുന്ന പുണ്യമാസമാണ് കര്‍ക്കിടകം. കര്‍ക്കിടകത്തെ വരവേല്‍ക്കാം. ഭക്തിയോടെ, വിശ്വാസത്തോടെ.