അക്ഷയതൃതീയയും അവല്‍ക്കിഴി വഴിപാടും
തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്തുള്ള പട്ടീശ്വരം ശ്രീഗോപിനാഥ് പെരുമാള്‍(വിഷ്ണു) ക്ഷേത്രത്തില്‍ വര്‍ഷം തോറും അക്ഷയതൃതീയ ദിവസം ഭഗവാന് ഭക്തര്‍ അവരവരുടെ കൈകള്‍ കൊണ്ട് മൂന്നുപിടി അവല് പുതിയ തുണികൊണ്ട് കിഴികെട്ടി അതുമായി ക്ഷേത്രത്തെ മൂന്ന് പ്രദക്ഷിണം വച്ച് വിഷ്ണുവിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് പുഷ്പാഞ്ജലി നടത്തി പ്രാര്‍ത്ഥിക്കുന്നു. ഈ അവല്‍ക്കിഴി പ്രസാദം സേവിക്കുന്നവര്‍ക്ക് കുചേലന് ലഭിച്ച കുബേരജീവിതവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ഒപ്പം തൊഴില്‍ അഭിവൃദ്ധിയും ലഭിക്കും.
പുണ്യനഗരമായ ദ്വാരകയില്‍ ഭഗവാന് വിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ച് അവിടുത്തെ ചക്രവര്‍ത്തിയായി രാജ്യം ഭരിച്ചിരുന്ന കാലം. വേദങ്ങള്‍ ഹൃദിസ്ഥമാക്കിയ കുചേലന് ദാരിദ്ര്യത്തില്‍പ്പെട്ട് ഉഴലുകയായിരുന്നു. തന്റെ പത്നിയുടെ ആവശ്യപ്രകാരം കൃഷ്ണന്റെ ബാല്യകാല സുഹൃത്തായ കുചേലന് കൃഷ്ണനെക്കണ്ട് തന്റെ അവസ്ഥ അറിയിക്കുവാനായി ദ്വാരകയിലെത്തി. കൃഷ്ണന് കുചേലനെ സ്നേഹപൂര്‍വ്വം ആശ്ലേഷിച്ച് സ്വീകരിച്ച് മൃഷ്ടാന്നഭോജനത്തോടുകൂടിയ വിരുന്ന് നല്കി തന്റെ ബാല്യകാല സുഹൃത്തിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു. കുചേലന് കൃഷ്ണന് നല്കാനായ ഒരു കീറത്തുണിയില്‍ പൊതിഞ്ഞുകൊണ്ടുവന്ന അവല്‍പ്പൊതി കൃഷ്ണന് ചോദിച്ചുവാങ്ങി.
അവിടുത്തെ ഉപചാരങ്ങള്‍ സ്വീകരിച്ച കുചേലന് താന്‍ കൊണ്ടുവന്ന അവല്‍പ്പൊതി കൃഷ്ണന് നല്‍കുന്നത് കുറച്ചിലായി കണ്ട കുചേലന് ആ പൊതി മറച്ചുവയ്ക്കുകയായിരുന്നു. കൃഷ്ണനാകട്ടെ എനിക്കുള്ളതല്ലേ എന്ന് ചോദിച്ച് കുചേലന് ഉത്തരം നല്‍കാന്‍പോലും സാവകാശം നല്‍കാതെ കൃഷ്ണന് അത് പിടിച്ചുവാങ്ങുകയായിരുന്നു. അതില്‍നിന്ന് രണ്ട് പിടി എടുത്ത് ഭക്ഷിച്ചപ്പോള്‍ കുചേലന്റെ ചെറ്റകുടില്‍ വിണ്ണിനെ തൊടുന്ന കൊട്ടാരമായി മാറി. ദ്വാരകയ്ക്ക് സമാനമായ സമ്പത്ത് അവിടെ നിറഞ്ഞുതുളുമ്പി. ഇത് നടന്നത് ഒരു അക്ഷയതൃതീയ നാളിലായിരുന്നുവത്രേ.
ഈ സംഭവത്തെ അനുസ്മരിപ്പിക്കുംവിധം തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്തുള്ള പട്ടീശ്വരം ശ്രീഗോപിനാഥ് പെരുമാള്‍(വിഷ്ണു) ക്ഷേത്രത്തില്‍ വര്‍ഷം തോറും അക്ഷയതൃതീയ ദിവസം ഭഗവാന് ഭക്തര്‍ അവരവരുടെ കൈകള്‍ കൊണ്ട് മൂന്നുപിടി അവല് പുതിയ തുണികൊണ്ട് കിഴികെട്ടി അതുമായി ക്ഷേത്രത്തെ മൂന്ന് പ്രദക്ഷിണം വച്ച് വിഷ്ണുവിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് പുഷ്പാഞ്ജലി നടത്തി പ്രാര്‍ത്ഥിക്കുന്നു. അന്നേദിവസം രാവിലെ 8 മണിക്ക് രുഗ്മിണി, സത്യഭാമ സമേതനായ ഗോപിനാഥ പെരുമാളിന് 108 ലിറ്റര്‍ പാലുകൊണ്ട് അഭിഷേകവും അതിനുശേഷം പ്രത്യേക അലങ്കാരവും ദീപാരാധനയും നടത്തപ്പെടുന്നു. അതിനെത്തുടര്‍ന്ന് ഭക്തര്‍ കൊണ്ടുവന്ന അവല്ക്കിഴികള് ഭഗവാന്റെ പാദത്തില്‍ സമര്‍പ്പിച്ച് സഹസ്രനാമ അര്‍ച്ചനയും നടത്തുന്നു.
ഭഗവാന്റെ പാദത്തില്‍ സമര്‍പ്പിച്ച അവല് ദീപാരാധനയ്ക്കുശേഷം എടുത്ത് അതിനൊപ്പം നാടന്‍ ശര്‍ക്കരയും തേങ്ങ ചിരകിയതും ചേര്‍ത്ത് ഭക്തര്‍ക്ക് പ്രസാദമായി നല്കുന്നു. അക്ഷയതൃതീയ ദിവസം മാത്രം ഈ വിഷ്ണുക്ഷേത്രത്തിന്റെ നട രാവിലെ മുതല്‍ രാത്രിവരെ തുറന്നുവയ്ക്കുന്നു. രാവിലെ മുതല്‍ നട അടയ്ക്കുന്നതുവരെ ഭക്തര്‍ അവല്‍ക്കിഴി വഴിപാട് നടത്തുന്നു. ഈ അവല്‍ക്കിഴി പ്രസാദം സേവിക്കുന്നവര്‍ക്ക് കുചേലന് ലഭിച്ച കുബേരജീവിതവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ഒപ്പം തൊഴില്‍ അഭിവൃദ്ധിയും ലഭിക്കും.
Photo Courtesy - Google
