സര്‍പ്പദോഷവും ശനിദോഷവും അകറ്റുന്ന ശ്രീ കാളഹസ്തി ക്ഷേത്രം
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കാളഹസ്തിയിലെ സ്വര്‍ണ്ണമുഖീനദീതീരത്താണ് ശ്രീകാളഹസ്തീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്കന്ദപുരാണത്തിലും ശിവപുരാണത്തിലും കാളഹസ്തിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ദക്ഷിണകൈലാസമെന്ന് പ്രസിദ്ധമായ ഈ ക്ഷേത്രപരിസരം നദീതീരം മുതല്‍ കുന്നിന്‍ ചരിവുവരെ പരന്നുകിടക്കുന്നു. ശ്രീ(ചിലന്തി), കാള(സര്‍പ്പം) ഹസ്തി(ആന) എന്നീ മൂന്ന് ജിവികള്‍ ഇവിടെ ശിവനെ പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചതിനാലാണ് ക്ഷേത്രത്തിന് ശ്രീകാളഹസ്തി എന്ന പേര് ലഭിച്ചത് എന്നാണ് ഐതിഹ്യം. അര്‍ജ്ജുനന്‍ ഇവിടെയെത്തി ശിവഭഗവാനെ പ്രാര്‍ത്ഥിച്ചുവെന്ന് സ്കന്ദപുരാണത്തിലും പരാമര്‍ശിക്കുന്നുണ്ട്.
പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിന്‍റെ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണിത്. കാളഹസ്തിയിലെ ഗോപുരങ്ങള്‍ക്ക് പോലും പ്രത്യേക അഴകാണ്.
ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശ്രീകാളഹസ്തീ ക്ഷേത്രം.
ദക്ഷിണകൈലാസമെന്നാണ് ഇത് അറിയപ്പെടുന്നത്. കാളഹസ്തിയെക്കുറിച്ചുള്ള കേട്ടറിവിനേക്കാള്‍ അത്ഭുതകരവും ആനന്ദദായകവുമാണ് അവിടുത്തെ കാഴ്ചകള്‍. ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ക്ഷേത്രഗോപുരം വിദൂരത്തില്‍ നിന്നുതന്നെ കാണാം. അതോടെ മനസ്സിലേക്ക് ഭഗവാന്‍റെ തിരുരൂപം കുടിയിരുത്തപ്പെടും. പിന്നെ മനസ്സും ശരീരവും ആത്മീയ ചിന്തകളിലേക്ക് മാത്രമായി ചുരുങ്ങും. ക്ഷേത്രകവാടത്തിന് അടുത്തെത്തുമ്പോഴേക്കും നമഃശിവായ മന്ത്രധ്വനികള്‍ കാതില്‍ അലയടിക്കും. അലങ്കരിച്ച ഗോക്കളും കാളകളും ചുറ്റിലുമുണ്ടാകും.
അവര്‍ക്കിടയിലൂടെ നടന്ന് കാളഹസ്തീശ്വരസന്നിധിയിലേക്ക് നീങ്ങുമ്പോള്‍ എങ്ങും കര്‍പ്പൂരഗന്ധമാകും നമ്മെ വരവേല്‍ക്കുക. ഒപ്പം മഞ്ഞളിന്‍റെയും കുങ്കുമത്തിന്‍റെയും പരിമളവും എങ്ങും നിറയും. കടന്നുവരുന്ന ഓരോ ഭക്തന്‍റെയും പാദങ്ങള്‍ മഞ്ഞള്‍പ്പൊടിയുടെ നിറത്തിലേക്ക് മാറും. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു അനുഭൂതിയാണ് ഈ ക്ഷേത്രദര്‍ശനം.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കാളഹസ്തിയിലെ സ്വര്‍ണ്ണമുഖീനദീതീരത്താണ് ശ്രീകാളഹസ്തീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്കന്ദപുരാണത്തിലും ശിവപുരാണത്തിലും കാളഹസ്തിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ദക്ഷിണകൈലാസമെന്ന് പ്രസിദ്ധമായ ഈ ക്ഷേത്രപരിസരം നദീതീരം മുതല്‍ കുന്നിന്‍ ചരിവുവരെ പരന്നുകിടക്കുന്നു. ശ്രീ(ചിലന്തി), കാള(സര്‍പ്പം) ഹസ്തി(ആന) എന്നീ മൂന്ന് ജിവികള്‍ ഇവിടെ ശിവനെ പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചതിനാലാണ് ക്ഷേത്രത്തിന് ശ്രീകാളഹസ്തി എന്ന പേര് ലഭിച്ചത് എന്നാണ് ഐതിഹ്യം. അര്‍ജ്ജുനന്‍ ഇവിടെയെത്തി ശിവഭഗവാനെ പ്രാര്‍ത്ഥിച്ചുവെന്ന് സ്കന്ദപുരാണത്തിലും പരാമര്‍ശിക്കുന്നുണ്ട്.
ക്ഷേത്രക്കാഴ്ചകള്‍ ഇങ്ങനെ
സ്വര്‍ണ്ണമുഖീനദീതീരത്ത് അതിവിശാലമായ പാര്‍ക്കിംഗ് കേന്ദ്രമുണ്ട്. ബസിലെത്തുന്നവര്‍ക്കും ക്ഷേത്രത്തിന് തൊട്ടടുത്ത് തന്നെ എത്താന്‍ സാധിക്കും. ഇവിടെ നിന്നും നെടുനീളന്‍ പടിക്കെട്ട് വഴി തിരുസന്നിധിയിലേക്ക് വന്നുചേരാം. പ്രധാനകവാടം കടന്ന് അകത്തെത്തുമ്പോള്‍ കൊത്തുപണികളാല്‍ നിറഞ്ഞുനില്‍ക്കുന്ന ധാരാളം ഗോപുരങ്ങളും കല്‍മണ്ഡപങ്ങളും കാണാന്‍ സാധിക്കും. ചുറ്റും സര്‍പ്പവിഗ്രഹങ്ങളും നവഗ്രഹ വിഗ്രഹങ്ങളുമുണ്ട്. ഗണപതിയുടേയും മറ്റ് ദേവീദേവന്മാരുടേയും അപൂര്‍വ്വചിത്രങ്ങളും ഇവിടെയുണ്ട്. ഗോപൂജയ്ക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രത്തിനുള്ളില്‍ ധാരാളം പശുക്കളും കാളകളും വിഹരിക്കുന്നത് പതിവാണ്. ക്ഷേത്രപുരത്തോളം തന്നെ വിസ്മയകരമാണ് കൊടിമരവും. സ്വര്‍ണ്ണക്കൊടിമരത്തില്‍ ആന, ചിലന്തി, സര്‍പ്പം, കണ്ണപ്പസ്വാമി എന്നിവയുടെ കൊത്തുപണികള്‍ ഉണ്ട്. കൊടിമരത്തിനോട് ചേര്‍ന്ന് ഒറ്റക്കല്ലില്‍ തീര്‍ത്ത മനോഹരമായ ഒരു കരിങ്കല്‍ സ്തൂപമുണ്ട്.
പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിന്‍റെ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണിത്. കാളഹസ്തിയിലെ ഗോപുരങ്ങള്‍ക്ക് പോലും പ്രത്യേക അഴകാണ്. നൂറ് തൂണുകളുള്ള ക്ഷേത്രത്തിലെ മണ്ഡപം വിസ്മയകരമാണ്. ക്ഷേത്രത്തിലെ ഉന്നതമായ മൂന്ന് ഗോപുരങ്ങള്‍ ശില്‍പ്പകലാ വൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്നവയാണ്. അഞ്ചാം നൂറ്റാണ്ടില്‍ പല്ലവ രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ചോളരാജാക്കന്മാര്‍ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു. പതിനഞ്ചാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരുടെ കാലത്താണ് ക്ഷേത്രം കൂടുതല്‍ വിപുലീകരിക്കപ്പെട്ടിട്ടുള്ളതെന്നും പറയപ്പെടുന്നു.
പടിഞ്ഞാറ് ദിക്കിലേക്ക് ദര്‍ശനം അരുളുന്ന വായുലിംഗമാണ് പ്രധാന പ്രതിഷ്ഠ. ശ്വസിക്കുന്ന ശിവലിംഗമാണ് ഇവിടെയുള്ളതെന്ന് പറയപ്പെടുന്നു. ശിവലിംഗത്തില്‍ ഒരു ആനയുടെയും ചുവട്ടിലായി ചിലന്തിയുടേയും പിറകുവശത്തായി ഒരു സര്‍പ്പത്തിന്‍റെയും രൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്വയംഭൂവായ ഈ ശിവലിംഗത്തില്‍ പൂജാരിപോലും സ്പര്‍ശിക്കാറില്ലത്രേ. അഭിഷേകവും മറ്റും മറ്റൊരു വിഗ്രഹത്തിലാണ് നടത്തുന്നത്. കാറ്റിന്‍റെ സഞ്ചാരപഥമില്ലാത്ത ശ്രികോവിലില്‍ ഒരു വിളക്കിന്‍റെ നാളം എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്നത് വിസ്മയകരമാണ്.
പാര്‍വ്വതിദേവി ജ്ഞാനപ്രസൂനാംബികാദേവി എന്നാണ് ഇവിടെ അറിയപ്പെടുന്നത്. ദേവിക്ക് പ്രത്യേക നടയുമുണ്ട്. പാതാള ഗണപതി, ദക്ഷിണാമൂര്‍ത്തി, നടരാജമൂര്‍ത്തി, കാശിവിശ്വനാഥന്‍, സൂര്യനാരായണന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയവരുടെ ക്ഷേത്രവും ഇവിടെയുണ്ട്. ഭക്ത കണ്ണപ്പക്ഷേത്രം മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. സൂര്യഗ്രഹണ സമയത്തും ചന്ദ്രഗ്രഹണസമയത്തും പ്രധാന ക്ഷേത്രം തുറന്നുതന്നെയിരിക്കും എന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
ശിവഭക്തനായ കണ്ണപ്പന്‍
കാട്ടാളനായ കണ്ണപ്പന്‍ ഒരിക്കല്‍ നായാട്ടിന് പോയപ്പോള്‍ ഒരു ശിവലിംഗം കാണാനിടയായി. തുടര്‍ന്ന് അദ്ദേഹം സ്വര്‍ണ്ണമുഖീനദിയില്‍ നിന്ന് ജലമെടുത്ത് അഭിഷേകം നടത്തി. പിന്നീട് എല്ലാദിവസവും രാവിലെ കണ്ണപ്പന്‍ ഈ ശിവലിംഗത്തില്‍ പൂജ തുടര്‍ന്നു. ഒരിക്കല്‍ പൂജയ്ക്കെത്തിയ കണ്ണപ്പന്‍ ശിവലിംഗത്തിന്‍റെ ഒരു കണ്ണില്‍ നിന്ന് രക്തം വരുന്നതുകണ്ട് തന്‍റെ ഒരു കണ്ണ് ചൂഴ്ന്നെടുത്ത് ശിവലിംഗത്തിന്‍റെ കണ്ണിന്‍റെ സ്ഥാനത്ത് വെച്ചു. അപ്പോഴതാ രണ്ടാമത്തെ കണ്ണില്‍ നിന്നും രക്തം വരുന്നു. ഇതുകണ്ട് കണ്ണപ്പന്‍ തന്‍റെ രണ്ടാമത്തെ കണ്ണും ചൂഴ്ന്നെടുക്കാന്‍ തുടങ്ങിയപ്പോള്‍ ശിവന്‍ ദര്‍ശനം നല്‍കി മോക്ഷം നല്‍കിയെന്നാണ് വിശ്വാസം.
ക്ഷേത്രത്തിന്‍റെ വടക്കേ ഗോപുര ഭാഗത്താണ് പാതാള വിഘ്നേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുഹയ്ക്കുള്ളില്‍ മുപ്പത്തിയഞ്ച് അടി താഴ്ചയിലാണ് ഗണപതിവിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഇടുങ്ങിയ ഇരുപത്തിയഞ്ചോളം പടികള്‍ ഇറങ്ങിച്ചെന്നാല്‍ ഗണപതിയുടെ അരികിലെത്താം. വിഘ്നേശ്വരനെ തൊഴുതതിനുശേഷം മാത്രമേ കാളഹസ്തീശ്വരനെ ദര്‍ശിക്കാവൂ എന്നാണ് സങ്കല്‍പ്പം.
പ്രധാന പൂജകള്‍
ശനിദശയിലും ശനി, രാഹു, കേതു എന്നിവരുടെ അപഹാരകാലത്തും ശ്രീകാളഹസ്തീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ ദോഷശമനമുണ്ടാകുമെന്നാണ് വിശ്വാസം. രാഹു, കേതു ദോഷപരിഹാരപൂജയാണ് ഇവിടത്തെ പ്രധാന പൂജ. ടിക്കറ്റിനോടൊപ്പം പൂജാസാധനങ്ങളും അവിടെ നിന്നും ലഭ്യമാകും. തുടര്‍ന്ന് അനുവദിക്കപ്പെട്ട മണ്ഡപത്തിനകത്ത് എല്ലാവരും നിരയായി ഇരിക്കണം. തുടര്‍ന്ന് പ്രധാന തന്ത്രി എത്തി പൂജാകര്‍മ്മങ്ങള്‍ നിര്‍ദ്ദേശിക്കും. മൂന്ന് ഭാഷകളില്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കും. അത് കണ്ടും കേട്ടും നാം തന്നെ പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണം. പൂജ 30 മിനിറ്റോളം നീളും. തുടര്‍ന്ന് രണ്ട് നാഗവിഗ്രഹങ്ങള്‍ നാം തന്നെ നേരിട്ട് ചെന്ന് ക്ഷേത്രത്തിലെ പ്രത്യേക ഭണ്ഡാരത്തില്‍ നിക്ഷേപിക്കണം. സര്‍പ്പദോഷങ്ങള്‍ അകലാനും വിശേഷിച്ച് കാളസര്‍പ്പദോഷശമനത്തിനും ഈ പൂജ ഉത്തമമാണ്. രാവിലെ 5 മണി മുതല്‍ രാത്രി 9 മണിവരെ നട തുറന്നുകിടക്കും. വൈകിട്ട് ആറരവരെയാണ് ശനീശ്വര പൂജയുടെ സമയം ചൊവ്വയും വ്യാഴവുമാണ് പ്രധാന ദിവസങ്ങള്‍. പതിമൂന്ന് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ശിവരാത്രി മഹോത്സവമാണ് പ്രധാന ഉത്സവം.
യാത്രാവഴി
ട്രെയിനില്‍ പോകുന്നവര്‍ റെനിഗുണ്ട സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. സമീപത്തെ ഡിപ്പോയില്‍ നിന്നും കാളഹസ്തിയിലേക്ക് എപ്പോഴും ബസ് ലഭിക്കും. ആവശ്യമെങ്കില്‍ ഓട്ടോയും ടാക്സിയും ലഭ്യമാണ്. ചെന്നൈയും തിരുപ്പതിയുമാണ് അടുത്തുള്ള എയര്‍പോര്‍ട്ടുകള്‍. തിരുപ്പതിയില്‍ നിന്ന് 37 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. സാധാരണഗതിയില്‍ തിരുപ്പതിയില്‍ എത്തുന്ന ഭക്തര്‍ ശ്രീകാളഹസ്തിയില്‍ കൂടി ദര്‍ശനം നേടിയാണ് മടങ്ങാറുള്ളത്.