ശ്രീ ഭ്രമരാംബിക മല്ലികാര്‍ജ്ജുന ക്ഷേത്രം ശ്രീശൈലം
ശ്രീശൈലത്തില്‍ ശിവരാത്രി മാത്രമല്ല അതോടൊപ്പം ശ്രീമല്ലികാര്‍ജ്ജുന(ശിവന്‍)നും ഭ്രമരാംബിക (പാര്‍വ്വതി)യ്ക്കും നടക്കുന്ന കല്യാണ ഉത്സവവും അതിവിശിഷ്ടമായ ആഘോഷമാണ്. ശിവരാത്രി നാളില്‍ നടക്കുന്ന ശ്രീമല്ലികാര്‍ജുനന്‍- ശ്രീഭ്രമാരംബികാ കല്യാണ മഹോത്സവത്തിന് ബന്ധുക്കള്‍ എന്ന രീതിയില്‍ സമ്മാനം (സ്ത്രീധനം) എടുത്തുകൊണ്ടുവന്ന് കാണിക്ക ചെയ്യുന്ന സമ്പ്രദായം ശ്രീശൈലത്ത് തുടരുന്നു.
ശ്രീശൈലത്തില്‍ ശിവരാത്രി മാത്രമല്ല അതോടൊപ്പം ശ്രീമല്ലികാര്‍ജ്ജുന(ശിവന്‍)നും ഭ്രമരാംബിക(പാര്‍വ്വതി)യ്ക്കും നടക്കുന്ന കല്യാണ ഉത്സവവും അതിവിശിഷ്ടമായ ആഘോഷമാണ്. അതിന് ഒരു പുരാണ പശ്ചാത്തലകഥയും കൂടിയുണ്ട്. ഈ കഥയില്‍ ദേവി ഭ്രമരാംബികയെ ഒരു മനുഷ്യസ്ത്രീയായാണ് ചിത്രീകരിച്ചിട്ടുള്ളത്.
കന്നടദേശക്കാരിയായ ഭ്രമരാംബിക താന്‍ നിത്യവും തൊഴുത് പ്രാര്‍ത്ഥിക്കുന്ന ശിവനെത്തന്നെ മണവാളനായി ലഭിക്കണം എന്ന് ആഗ്രഹിച്ചു. ഒരു ദിവസം അവളുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ശിവന്‍, താന്‍ ഒരു മരച്ചുവട്ടില്‍ കാത്തുനില്‍ക്കാമെന്നും അവിടെ വന്നാല്‍ ഭ്രമരാംബികയെ വിവാഹം ചെയ്തുകൊള്ളാമെന്നും അറിയിച്ചുവത്രേ. അതുപ്രകാരം ഭ്രമരാംബിക അവിടെയെത്തി.
അവളുടെ ഭക്തിയുടെ വിശുദ്ധി മാലോകരെ അറിയിക്കണമെന്ന് ആഗ്രഹിച്ച പരമേശ്വരന്‍ ഒരു വൃദ്ധന്‍റെ വേഷത്തില്‍ അവിടെയെത്തിയിട്ട് ഭ്രമരാംബികയുടെ അടുത്തുചെന്നു. എങ്കിലും വൃദ്ധനായി എത്തിയിരിക്കുന്നത് സാക്ഷാല്‍ ശിവന്‍ തന്നെയാണെന്ന് മനസ്സിലാക്കിയ അവള്‍ വൃദ്ധന്‍റെ അടുത്തേക്ക് ചെന്നു. അവളുടെ ഈ നിര്‍മ്മല ഭക്തിയെ പാര്‍വ്വതിദേവിയെ ഉണര്‍ത്തിച്ച്, പാര്‍വ്വതിദേവിയുടെ അനുവാദത്തോടെ ശിവന്‍ ഭ്രമരാംബികയുടെ കരം ഗ്രഹിച്ചുവത്രേ. ഈ കഥയെ ആധാരമാക്കി വണങ്ങപ്പെടുന്ന ലിംഗ തിരുമേനിയെ 'വൃദ്ധ മല്ലികാര്‍ജ്ജുനന്‍' എന്ന നാമധേയത്തില്‍ നമുക്ക് ശ്രീശൈലം ക്ഷേത്രത്തില്‍ ദര്‍ശിക്കാവുന്നതാണ്.
ഇതിനെത്തുടര്‍ന്ന് അവളുടെ ബന്ധുമിത്രാദികളില്‍ ഒരാളെത്തി. 'ആരോ ഒരാള്‍, അതും വൃദ്ധന്‍ ഞങ്ങളുടെ കുലത്തിലെ പെണ്ണിനെ വിവാഹം ചെയ്യുകയോ' എന്നുപറഞ്ഞ് അരിശംകൊണ്ടുവത്രേ. മാത്രമല്ല ശിവനുമായി പോരിടുവാനും അയാള്‍ തയ്യാറായി. എന്നാല്‍ ഭ്രമരാംബിക അയാളെ തടഞ്ഞ്, തന്‍റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്ന് വിശദമാക്കി. അങ്ങനെ ദേഷ്യം അടങ്ങിയ ബന്ധു നിശബ്ദനായി. അയാള്‍ വധൂവരന്മാര്‍ക്ക് അനുഗ്രഹമേകി. ഇന്നും കൊങ്കണ്‍, മൈസൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും ശിവരാത്രി നാളില്‍ നടക്കുന്ന ശ്രീമല്ലികാര്‍ജുനന്‍- ശ്രീഭ്രമാരംബികാ കല്യാണ മഹോത്സവത്തിന് ബന്ധുക്കള്‍ എന്ന രീതിയില്‍ സമ്മാനം (സ്ത്രീധനം) എടുത്തുകൊണ്ടുവന്ന് കാണിക്ക ചെയ്യുന്ന സമ്പ്രദായം ശ്രീശൈലത്ത് തുടരുന്നു.
