ഗോപാലകനായി ദര്‍ശനം നല്‍കുന്ന മന്നന്‍
മന്ദസ്മിതവദനനായി മുട്ടുമടക്കി ചാഞ്ഞുനില്‍ക്കുന്ന ആ സുന്ദരരൂപം ദര്‍ശിക്കുന്ന മാത്രയില്‍തന്നെ ഭക്തന്‍റെ ദുഃഖങ്ങളും ദുരിതങ്ങളും അകന്ന് മനസ്സിന് ആനന്ദവും ആത്മബലവും വര്‍ദ്ധിക്കുന്നു. മണ്ണാര്‍ക്കുടി ശ്രീരാജഗോപാലനെ ഒരിക്കല്‍ കണ്ടാല്‍ വീണ്ടും വീണ്ടും കാണണമെന്ന് മനസ്സ് ആഗ്രഹിക്കും. അത്രയ്ക്ക് വശ്യതയാണ് ഭഗവാന്‍റെ ആ ദിവ്യരൂപത്തിന്.
ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ഭഗവാന്‍ മഹാവിഷ്ണു നടത്തിയ ഓരോ അവതാരങ്ങള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. ഭഗവാന്‍റെ ദശാവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധയാര്‍ന്നത് ശ്രീനരസിംഹ, ശ്രീരാമ, ശ്രീകൃഷ്ണ അവതാരങ്ങളാണ്. ഒരു മനുഷ്യന് ഏതെല്ലാം മാര്‍ഗ്ഗങ്ങളില്‍ മരണം സംഭവിക്കാമോ, അവയെല്ലാം തന്‍റെ തപസ്സിന്‍റെ ഫലമായി നേടി തനിക്ക് മരണമില്ല എന്ന് അഹങ്കരിച്ചു ഹിരണ്യകശിപു. അഹംഭാവം നാശത്തിന്‍റെ ആദ്യചവിട്ടുപടിയാണ്. അഹങ്കാരത്തിന്‍റെ ഫലം എന്തായിരിക്കുമെന്ന് ഉണര്‍ത്തുന്നതാണ് നരസിംഹ അവതാരം.
അടുത്തതായി ശ്രീരാമ അവതാരം. ഓരോ മനുഷ്യനും എങ്ങനെ പരിശുദ്ധനായി ജീവിക്കാം, ജീവിതത്തില്‍ സമാധാനം, സന്തോഷം, ദൈവികം എന്നിവ അനുഭവിച്ച് അവസാനം മോക്ഷസാമ്രാജ്യം പ്രാപിച്ച് ജനന-മരണ-പുനര്‍ജ്ജന്മമില്ലാത്ത മുക്തിനില പ്രാപിക്കാം എന്നത് താന്‍തന്നെ ജീവിച്ചുകാണിച്ചു ജനങ്ങളെ നേര്‍വഴിക്ക് നയിച്ച അവതാരമാണ് ശ്രീരാമാവതാരം.
സുഖം, ദുഃഖം ഇവയിലേതായാലും മനസ്സിനെ നേരായമാര്‍ഗ്ഗത്തില്‍നിന്നും അല്‍പ്പംപോലും വ്യതിചലിപ്പിക്കാതെ ജീവിച്ചാല്‍ മനുഷ്യന്‍ ദൈവതുല്യനായി തീരും എന്ന് നിരൂപിച്ചയാളാണ് ശ്രീരാമന്‍. അതുകൊണ്ടാണ് ശ്രീരാമന്‍റെ അവതാരമാഹാത്മ്യത്തെക്കുറിച്ചുള്ള ശ്രീമദ്രാമായണം നാലുവേദങ്ങള്‍ക്ക് തുല്യമായി കരുതി മഹാത്മാരാലും മഹര്‍ഷിമാരാലും പൂജിക്കപ്പെടുന്നത്.
രാമ എന്ന താരകമന്ത്രവും സുന്ദരകാണ്ഡവും പാരായണം ചെയ്താല്‍ ഗായത്രിമന്ത്രം ജപിച്ച പുണ്യഫലം ലഭിക്കുമെന്നാണ് വിശ്വാസം. എവിടെ രാമായണം പാരായണം ചെയ്യപ്പെടുന്നുവോ അവിടെ അഷ്ടലക്ഷ്മികളും വസിക്കുന്നു. ശ്രീമദ്രാമായണത്തിന്‍റെ ദൈവിക മഹത്വത്തെയും അളവറ്റ ശക്തിയേയും ആയിരം നാവുള്ള ആദിശേഷനുപോലും പൂര്‍ണ്ണമായി വിവരിക്കാനാവില്ല എന്നാണ് ബ്രഹ്മാവുപോലും അരുളി ചെയ്തിട്ടുള്ളത്.
രാമ അവതാരത്തിനുശേഷം ഭഗവാന്‍ ധര്‍മ്മം നിലനിര്‍ത്താന്‍ എടുത്ത അവതാരം കൃഷ്ണന്‍റേതാണ്. ദേവകീ- വസുദേവദമ്പതിമാര്‍ക്കു സുന്ദരശിശുവായി പിറന്ന ഭഗവാന്‍, നന്ദഗോപന്‍ വസിച്ച അമ്പാടിയില്‍, അമ്പാടി ബാലനായി യശോദയുടെ ലാളനയില്‍ വളര്‍ന്നു. കണ്ണന്‍റെ സൗന്ദര്യവും അവന്‍റെ ലീലകളും ഇന്ദ്രാദിദേവന്മാരേയും ആകര്‍ഷിച്ചു.
ദേവന്മാരും മഹര്‍ഷിമാരും അമ്പാടി ബാലന്മാരും ബാലികമാരുമായി പിറന്ന് കണ്ണനോടൊപ്പം പൈക്കളെ മേച്ചുനടന്ന് അവനെ പിരിയാതെ ഒപ്പം നടന്ന് ആഹ്ലാദിച്ചു. കൃഷ്ണന്‍ അവതരിച്ചു ജനങ്ങളെ ആനന്ദത്തിലാഴ്ത്തി ധര്‍മ്മം നിലനിര്‍ത്തിയത് ദ്വാപരയുഗത്തിലാണ്.
ദ്വാപരയുഗം അവസാനിച്ച് കലിപിറന്നു. കൃഷ്ണന്‍ തന്‍റെ അവതാരലക്ഷ്യം പൂര്‍ത്തിയാക്കി വീണ്ടും തന്‍റെ വാസസ്ഥലമായ വൈകുണ്ഠത്തേക്ക് തിരിച്ചുപോയി. എന്നാല്‍ കൃഷ്ണന്‍റെ അനുഗ്രഹവും സൗന്ദര്യവും ജനങ്ങളുടെ ഹൃദയം വിട്ടകന്നില്ല. ജനങ്ങള്‍ മാത്രമല്ല പല മഹര്‍ഷിമാരും മുനിമാരും കണ്ണനെ വീണ്ടും കാണമെന്ന് ആഗ്രഹിച്ചുവെങ്കിലും ആ ഭാഗ്യം കിട്ടിയില്ല.
ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാത്തകാലം കൊഴിഞ്ഞുകൊണ്ടേയിരുന്നു. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് തിരുക്കുടന്തൈ(ഇന്നത്തെ കുംഭകോണം)യുടെ തെക്കുകിഴക്കായി ഒരു ചെമ്പകവനം ഉണ്ടായിരുന്നു. സുന്ദരമായ തടാകങ്ങളോടുകൂടിയ ആ വനത്തില്‍ ആയിരത്തിയെട്ട് മഹാമുനിമാര്‍ തപസ്സനുഷ്ഠിച്ചിരുന്നു. അവരില്‍ ഏറ്റവും തപശ്രേഷ്ഠനായിരുന്നു വഹ്നിമുഖന്‍ എന്ന മഹര്‍ഷി.
അദ്ദേഹത്തിന്‍റെ പുത്രന്മാരാണ് ഗോപ്രളയനും ഗോപിലനും. ഇരുവരും അച്ഛനെപ്പോലെ തപോസിദ്ധിയും ഭക്തിയും ഉള്ളവരായിരുന്നു. ഇരുവരും മുക്തി നേടാനായി അഗ്നിമദ്ധ്യേ ഒറ്റക്കാലില്‍നിന്ന് പഞ്ചേന്ദ്രിയങ്ങളേയും അടക്കി കടുത്ത തപസ്സനുഷ്ഠിച്ചു. ഇരുവരുടേയും തപസ്സില്‍ സംപ്രീതനായ ഭഗവാന്‍ ഒരു വൃദ്ധന്‍റെ വേഷത്തില്‍ അവരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു. ദ്വാരകയില്‍ ചെന്ന് ശ്രീകൃഷ്ണനെ ദര്‍ശിച്ചാല്‍ മുക്തികിട്ടും എന്ന് അരുളിചെയ്തു.
മഹര്‍ഷിമാര്‍ ഇരുവരും സന്തുഷ്ടരായി. അവര്‍ കണ്ണനെ ദര്‍ശിക്കാനായി ദ്വാരകയിലേക്ക് പുറപ്പെട്ടു. പല പുണ്യനദികളിലും നീരാടി പുണ്യസ്ഥലങ്ങള്‍ ദര്‍ശിച്ചുകൊണ്ട് ഇരുവരും യാത്രതുടര്‍ന്നു. യാത്രാമദ്ധ്യേ ഒരു ദിവസം അവര്‍ നാരദമഹര്‍ഷിയെ കണ്ടുമുട്ടി. അദ്ദേഹത്തെ വണങ്ങി പൂജിച്ചശേഷം ദ്വാരകയിലേക്കുള്ള വഴി ആരാഞ്ഞു.
കുരുക്ഷേത്രയുദ്ധം കഴിഞ്ഞു ദുഷ്ടരെ നിഗ്രഹിച്ച് പാണ്ഡവരേയും ദ്രൗപദിയേയും കാത്ത് വീണ്ടും കൃഷ്ണന്‍ സ്വര്‍ഗ്ഗലോകത്തേക്കുപോയ കാര്യം നാരദമഹര്‍ഷി അവരെ അറിയിച്ചു. തങ്ങളറിയാതെ കാലം വളരെ വേഗം കടന്നുപോയതറിഞ്ഞു അവര്‍ ദുഃഖിതരായി. ഇനി കണ്ണനെ എങ്ങനെയാണ് കാണാനാവുകയെന്ന് അവര്‍ നാരദനോട് ഗദ്ഗദകണ്ഠത്തോടെ ആരാഞ്ഞു.
അവരുടെ ഭക്തിയുടെ ആഴംകണ്ട് സന്തോഷിച്ച നാരദന്‍ അഷ്ടാക്ഷരമന്ത്രം ഇരുവര്‍ക്കും ഉപദേശിച്ചുകൊണ്ട് ദ്വാരക, നന്ദഗോകുലം, അമ്പാടി, യമുന എന്നിവിടങ്ങള്‍ ദര്‍ശിച്ചശേഷം ചോഴനാട്ടില്‍ കുടന്തൈയ്ക്കു തെക്കുള്ള ചെമ്പകാരണ്യം എന്ന സ്ഥലത്തു ചെല്ലാന്‍ നിര്‍ദ്ദേശിച്ചു. അവിടെ ഹരിദ്രാനദിക്കരയില്‍ ചെന്ന് നീരാടി ഒരു വര്‍ഷക്കാലം തപസ്സനുഷ്ഠിച്ചാല്‍ ഭഗവാന്‍ കണ്ണനായി ദിവ്യദര്‍ശനം നല്‍കുമെന്നും അറിയിച്ചു.
നാരദമഹര്‍ഷിയുടെ ആജ്ഞസ്വീകരിച്ച ഗോപ്രളയനും ഗോപിലനും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം തന്നെ ഹരിദ്രാനദിക്കരയില്‍ ആശ്രമം സ്ഥാപിച്ച് കൊടും തപസ്സനുഷ്ഠിച്ചു. ഒരുദിവസം കോടിസൂര്യന്മാര്‍ ഒന്നിച്ച് ഉദിച്ചപോലുള്ള പ്രകാശത്തോടെ ഭഗവാന്‍ നാരായണന്‍ ബാലന്‍ കണ്ണനായി അവരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു. പണ്ട് ഇന്ദ്രാദിദേവന്മാരും, മഹര്‍ഷിമാരും ഗന്ധര്‍വ്വന്മാരും, മനുഷ്യരും കണ്ടുമയങ്ങി മതിമറന്ന അതേ സൗന്ദര്യസ്വരൂപത്തോടെ മന്ദഹാസവദനനായി ദര്‍ശനമരുളിയ കണ്ണനെ കണ്ട് ഇരുവരും രോമാഞ്ചമണിഞ്ഞു.
കണ്ണനായി തങ്ങളുടെ മുന്നില്‍നില്‍ക്കുന്ന ഭഗവാനെ ഇരുവരും കൈക്കൂപ്പി വണങ്ങിക്കൊണ്ട് ഭഗവാനെ, അന്ന് ബാലനായിരിക്കെ വൃന്ദാവനത്തില്‍ അങ്ങ് ചെയ്ത ലീലകള്‍ ഇന്ന് ഞങ്ങളും കണ്ട് ആനന്ദിക്കാനായി അനുഗ്രഹിക്കണം. എന്ന് ആവശ്യപ്പെടവേ, കണ്ണന്‍ തന്‍റെ ലീലകള്‍ ആവര്‍ത്തിച്ചു ഇരുവര്‍ക്കും കാണിച്ചുകൊടുത്തു.
കണ്ണന്‍റെ മുപ്പതു ത്രിലോകങ്ങളേയും അവര്‍ ദര്‍ശിച്ചു ആനന്ദം കൊണ്ടു. ഇരുവരും ആ പാദാരവിന്ദങ്ങളില്‍ വീണു നമസ്കരിച്ചുകൊണ്ട് കലിയുഗത്തില്‍ ഈ ആനന്ദം എല്ലാ ജനങ്ങളും അനുഭവിച്ചു സായൂജ്യം കൊള്ളുന്നതിനായി ഈ ദിവ്യരൂപത്തില്‍ ഇവിടെ എഴുന്നെള്ളണമെന്ന് ഭഗവാനോട് അഭ്യര്‍ത്ഥിച്ചു.
ഇരുവരുടേയും അഭ്യര്‍ത്ഥനമാനിച്ച് ഭഗവാന്‍ ചെമ്പകാരണ്യത്തില്‍ ശ്രീരാജഗോപാലനായി എഴുന്നെള്ളി. ഈ ചെമ്പകാരണ്യമാണ് പില്‍ക്കാലത്ത് മണ്ണാര്‍കുടി എന്നുമാറിയത്. മന്ദസ്മിതവദനനായി മുട്ടുമടക്കി ചാഞ്ഞുനില്‍ക്കുന്ന ആ സുന്ദരരൂപം ദര്‍ശിക്കുന്ന മാത്രയില്‍തന്നെ ഭക്തന്‍റെ ദുഃഖങ്ങളും ദുരിതങ്ങളും അകന്ന് മനസ്സിന് ആനന്ദവും ആത്മബലവും വര്‍ദ്ധിക്കുന്നു. മണ്ണാര്‍ക്കുടി ശ്രീരാജഗോപാലനെ ഒരിക്കല്‍ കണ്ടാല്‍ വീണ്ടും വീണ്ടും കാണണമെന്ന് മനസ്സ് ആഗ്രഹിക്കും. അത്രയ്ക്ക് വശ്യതയാണ് ഭഗവാന്‍റെ ആ ദിവ്യരൂപത്തിന്.
Photo Courtesy - Google
