ശ്രീരാമനും  ശ്രീകൃഷ്ണനും പിന്നെ മയിലും

ശ്രീരാമനും ശ്രീകൃഷ്ണനും പിന്നെ മയിലും

HIGHLIGHTS

ശ്രീകൃഷ്ണന്‍റെ ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ? എല്ലാത്തിലും രസികന്‍ പീലിത്തിരുമുടി കാണാറുണ്ട് അല്ലെ? മറ്റാര്‍ക്കുമില്ലാത്ത ഒരു പീലിക്കെട്ട് ഉണ്ണികൃഷ്ണന് എങ്ങനെയുണ്ടായെന്നറിയണ്ടേ

ഗവാന്‍ ശ്രീരാമന്‍റെ വനവാസകാലം. ഒരിക്കല്‍ ദേവി സീത പതിയോട് പറയുന്നു, എനിക്ക് വല്ലാതെ ദാഹിക്കുന്നു. കുറച്ച് ജലം ലഭിച്ചിരുന്നുവെങ്കില്‍?

ലക്ഷ്മണന്‍ അപ്പോള്‍ പുറത്തെവിടെയോ പോയിരിക്കുന്നു. വിശാലമായ വെളിച്ചം അപൂര്‍വ്വമായി ലഭിക്കുന്ന വനത്തില്‍ ജലം തേടുന്നത് വളരെ കഠിനമായ ജോലിയാണ്.
വിഷണ്ണനായ ശ്രീരാമചന്ദ്രപ്രഭു കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. 'അല്ലയോ വനദേവതമാരെ, എന്നെ ജലമുള്ള ഒരു സ്ഥലത്തേക്കാനയിച്ചാലും.' അടുത്തനിമിഷം ഒരു മയില്‍ പറന്നുവന്ന് ഭഗവാന്‍റെ അടുത്തെത്തി പറഞ്ഞു.

ഹേ പ്രഭോ! അടുത്തായി ഒരു ചെറിയ പൊയ്കയുണ്ട്. അങ്ങയുടെ പൊയ്കയിലേക്കുള്ള വഴികാട്ടിയാകാന്‍ എനിക്ക് അവസരം തരൂ. അങ്ങ് ഒറ്റയ്ക്ക് നടന്നാല്‍ വഴി മറക്കാന്‍ സാധ്യതയുണ്ട്. സന്തോഷത്തോടെ ശ്രീരാമന്‍ മയിലിനോട് ചോദിച്ചു. നീ എനിക്ക് എങ്ങനെ വഴികാണിക്കും? അപ്പോള്‍ മയില്‍ ശ്രീരാമനോട്, ഞാന്‍ പറന്നുപോകുന്ന വഴിയെ ശ്രീരാമന്‍ നടന്നു തന്നെ അനുഗമിക്കണമെന്നും ഞാന്‍ എന്‍റെ പീലികള്‍ ഓരോന്നായി വഴിയില്‍ പറിച്ചെറിയും, എന്‍റെ വഴിയിലുള്ള പീലികള്‍ നോക്കി അങ്ങേയ്ക്ക് പൊയ്കയുടെ അടുത്തെത്താം എന്നും മറുപടി പറഞ്ഞു.

ശ്രീരാമന്‍ പൊയ്കയുടെ അടുത്തെത്തിയപ്പോള്‍ വേദനസഹിച്ച് തന്‍റെ ചിറകുകള്‍ മുഴുവന്‍ പറിച്ചെറിഞ്ഞതിനാല്‍ മയില്‍ തന്‍റെ അവസാനശ്വാസം എടുക്കുകയായിരുന്നു. തന്‍റെ പ്രഭുവിന്‍റെ ദാഹമകറ്റാന്‍ കാരണക്കാരനായതില്‍ താന്‍ ഭാഗ്യവാനാണെന്ന്  ചിന്തിച്ച് മയില്‍ കണ്ണുകളടച്ചു.

മയിലിന്‍റെ ഈ ആത്മത്യാഗം കണ്ട് ആര്‍ദ്രചിത്തനായ ഭഗവാന്‍, മയിലിനെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.

'ഹേ മയൂരമേ! നീ എനിക്കുവേണ്ടി നിന്‍റെ ജീവന്‍ ബലിയര്‍പ്പിച്ചു. ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു. എന്‍റെ അടുത്ത കൃഷ്ണാവതാരത്തില്‍ നിന്‍റെ തൂവല്‍ ശിരസ്സില്‍ ചൂടിക്കൊണ്ട് ഞാന്‍ തീര്‍ച്ചയായും നിന്‍റെ ഈ കടം വീട്ടും.'

ഭഗവാന്‍ ശ്രീരാമന്‍റെ/ശ്രീകൃഷ്ണന്‍റെ ഈ കഥ നമുക്ക് രണ്ട് പാഠങ്ങള്‍ പറഞ്ഞുതരുന്നു.

1. ജീവിതത്തില്‍ ഒരാള്‍ ചെയ്ത നന്മ/ ഉപകാരം ഒരിക്കലും മറക്കരുത്.എല്ലായ്പ്പോഴും സ്നേഹത്തോടും വാത്സല്യത്തോടും കൂടി ലഭിച്ചതില്‍ കൂടുതല്‍ തിരികെ നല്‍കുക.

2. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് നമ്മള്‍ നല്‍കുന്ന ഒരു സമ്മാനവും ചെറുതും വിലകുറഞ്ഞതുമല്ല. വളരെ സ്നേഹത്തോടെയും ഇഷ്ടത്തോടെയും ഞങ്ങള്‍ എന്തെങ്കിലും സമ്മാനം വാഗ്ദാനം ചെയ്യുന്നുവെങ്കില്‍ അത് ആ പ്രിയപ്പെട്ട വ്യക്തിക്ക് വളരെ അടുത്തതും വിലമതിക്കാനാവാത്തതുമാണ്.

കാലം കുറേ കടന്നുപോയി. ശ്രീരാമാവതാരവും ബാലരാമാവാതാരവും കഴിഞ്ഞു ശ്രീകൃഷ്ണാവതാരമായി.

ഉണ്ണികൃഷ്ണന് മൂന്ന് വയസ്സ് പ്രായം. ഒരു ദിവസം അമ്മ യശോദ മകന്‍റെ കഴുത്തോളം വളര്‍ന്നുകിടക്കുന്ന കറുത്തുചുരുണ്ട മുടി കെട്ടിവെച്ച് പൂമാല ചാര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ കെട്ട് മുറുകിയില്ല. മുടിയും മാലയുമെല്ലാം കൃഷ്ണന്‍റെ തോളിലേയ്ക്കുതന്നെ ഊര്‍ന്നുവീണു. യശോദ ഒരു പട്ട് ചരട് എടുത്തുകൊണ്ടുവന്ന് വീണ്ടും കണ്ണന്‍റെ മുടി മുറുക്കി കെട്ടിവച്ചു. അതാ വീണ്ടും മുടിയും പട്ടുചരടും അഴിഞ്ഞുവീഴുന്നു. എന്തു ചെയ്താലും കെട്ട് മുറുകുന്നില്ല.

ആ സമയത്ത് അമ്പാടിയുടെ കിഴക്കുവശത്തുള്ള കാട്ടില്‍ നിന്ന് വലിയൊരു ആണ്‍മയില്‍ അങ്ങോട്ട് പറന്നുവന്നു. എന്നിട്ട് മുറ്റത്തെ പൂവിതളുകളും മറ്റും തിന്നാന്‍ തുടങ്ങി. പൂക്കള്‍ തിന്നുന്ന മയിലിനെ ആട്ടിപ്പായിക്കാന്‍ ഉണ്ണികൃഷ്ണന്‍ മുറ്റത്തിറങ്ങി. കണ്ണന് പിടികൊടുക്കാതെ മയില്‍ പറന്നുപോയി. അഃിനെ പിടിക്കാന്‍ കഴിയാതെ കൃഷ്ണന്‍ കരച്ചിലുമായി.

അപ്പോഴാണ് മയിലിന്‍റെ വലിയൊരു പീലി മുറ്റത്തു വീണുകിടക്കുന്നത് കൃഷ്ണന്‍ കണ്ടത്. ഉടനെതന്നെ ആ പീലീയെടുത്ത് അമ്മയുടെ അടുത്തുചെന്നു.

'അമ്മേ ഈ പീലിയും ആ പൂമാലയോടൊപ്പം എന്‍റെ മുടിക്കെട്ടില്‍ തിരുകിത്തരൂ!'
ഉണ്ണി പറഞ്ഞത് യശോദ അനുസരിച്ചു. അവര്‍ മുടികെട്ടി പൂമാല ചൂടിച്ച് അതിനിടയില്‍ പീലി തിരുകി നിര്‍ത്തി. അപ്പോള്‍ മുടി കെട്ടഴിഞ്ഞുവീണില്ല. കെട്ടുമുറുകി. അന്നുമുതലാണ് ശ്രീകൃഷ്ണന്‍ മയില്‍പ്പീലി ചൂടാന്‍ തുടങ്ങിയത്.

ശ്രീകൃഷ്ണന്‍റെ ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ? എല്ലാത്തിലും രസികന്‍ പീലിത്തിരുമുടി കാണാറുണ്ട് അല്ലെ? മറ്റാര്‍ക്കുമില്ലാത്ത ഒരു പീലിക്കെട്ട് ഉണ്ണികൃഷ്ണന് എങ്ങനെയുണ്ടായെന്ന് ഇപ്പോള്‍ മനസ്സിലായില്ലെ!

ബാബുരാജ് പൊറത്തിശ്ശേരി
 9846025010

Photo Courtesy - Google