ശ്രീരാമനും ഹനുമാനും

ശ്രീരാമനും ഹനുമാനും

HIGHLIGHTS

ശ്രീരാമദേവന്‍റെ ഭക്തനാണ് ഹനുമാന്‍ എന്ന് നമുക്കെല്ലാം അറിയാം. പക്ഷേ, ശ്രീരാമന്‍റെ ദാസന് രാമനുമായി ഏറ്റുമുട്ടേണ്ടിവന്നുവെന്ന് ചിന്തിക്കുമ്പോള്‍ അത്ഭുതം തോന്നാം. ഇത്തരം കഥകള്‍ നമുക്ക് ധാരാളം ഗുണപാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. ശ്രീരാമനും ആഞ്ജനേയനും തമ്മില്‍ യുദ്ധമുണ്ടാക്കിയത് നാരദമഹര്‍ഷിയാണ്. അതിനു ശുഭകരമായ ഒരു പര്യവസാനം ഉണ്ടാക്കിയതും നാരദര്‍ തന്നെ.

തുറസ്സായ ഒരു സ്ഥലത്തുനിന്ന് ജപധ്യാനാദികള്‍ ചെയ്തുകൊണ്ടിരിക്കയായിരുന്നു ശ്രീരാമന്‍. അതേസമയം അസാധാരണമായ കഴിവുകള്‍ ഉള്ള അഹങ്കാരിയായ ഒരു രാക്ഷസന്‍ ആകാശമാര്‍ഗ്ഗേ സഞ്ചരിക്കുന്നുമുണ്ടായിരുന്നു. ഇത്തരം സിദ്ധിയുള്ളവര്‍ അഹങ്കാരികളായിരിക്കുമെന്ന് വ്യക്തമാണല്ലോ. രാക്ഷസന് ഒരു തമാശ തോന്നി. തന്‍റെ ഉച്ചിഷ്ടം രാക്ഷസന്‍ ശ്രീരാമന്‍റെ തുറന്നുവെച്ച കരങ്ങളിലേക്ക് എറിഞ്ഞു. കണ്ണുതുറന്ന ശ്രീരാമനെ ഈ കാഴ്ച ക്ഷുഭിതനാക്കി. എതിരാളിയായി വന്നവനെ വെറുതെ വിടത്തക്കവിധം ഭീരുവല്ല ശ്രീരാമന്‍. രാക്ഷസന്‍റെ ശിരസ്സ് ഛേദിക്കുമെന്ന് പ്രതിജ്ഞയെടുത്തശേഷം രാമന്‍ രാക്ഷസന്‍റെ പിറകെ തിരിച്ചു.

മായാവിയായ രാക്ഷസന്‍ വനത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നാരദമഹര്‍ഷി വഴിയില്‍ നില്‍ക്കുന്നു. സംഭവത്തിന്‍റെ ഗൗരവം മഹര്‍ഷിയോട് വിശദീകരിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു. വനത്തില്‍ ഒരിടത്ത് ഒരു വാനരവൃദ്ധ തപസ്സുചെയ്യുന്നുണ്ട്. ആ വൃദ്ധയെ സമീപിക്കുക. രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്ന് വരും. ആരാണ് പിറകെ വരുന്നതെന്ന് വെളിപ്പെടുത്താതിരുന്നാല്‍ മതി. വാനരവൃദ്ധ ആരാണെന്നു ചിന്തിക്കുക.സാക്ഷാല്‍ ഹനുമാന്‍റെ മാതാവായ അഞ്ജനാദേവിയാണത്.

അസുരന്‍ പരവശനായി ആശ്രമത്തില്‍ ഓടിയെത്തി. എന്നെ രക്ഷിക്കുമെന്ന് സത്യം ചെയ്യണം എന്ന നിവേദനവുമായിട്ടാണ് രാക്ഷസന്‍ ചെന്നിരിക്കുന്നത്. വൃദ്ധയായ മാതാവിന്‍റെ ഹൃദയം പരിശുദ്ധമായിരുന്നു. ആപത്തു പിണഞ്ഞു സഹായം തേടിയെത്തുന്നവരെ സഹായിക്കുക എന്നല്ലാതെ അഞ്ജനാദേവി മറ്റൊന്നും ചിന്തിച്ചില്ല. മകന്‍റെ സഹായത്തോടെ ഞാന്‍ അങ്ങയെ രക്ഷപ്പെടുത്തിക്കൊള്ളാമെന്ന് പറഞ്ഞു. രാക്ഷസന് ആശ്വാസമായി. 

അഞ്ജനാദേവി മകനെ ധ്യാനിച്ച നിമിഷം ഹനുമാന്‍ വിവരമറിഞ്ഞു. അമ്മയാണ് വിളിക്കുന്നത്. ഹനുമാന്‍ മാതാവിന്‍റെ അരികിലെത്തി. താന്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം തനിക്കുവേണ്ടി നിര്‍വ്വഹിച്ചുതരണമെന്നാണ് മാതാവിന് പറയാനുള്ളത്.

അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കാന്‍ ഹനുമാന്‍ ഒരുക്കമാണ്. പ്രതിയോഗി ആരാണെന്ന് തിരക്കിയപ്പോഴാണ് വിവരമറിയുന്നത്. അത് സാക്ഷാല്‍ ശ്രീരാമ ദേവന്‍തന്നെ. ഹനുമാന്‍റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ. അപ്പോഴേക്കും ശ്രീരാമന്‍ രാക്ഷസ്സനെ നിഗ്രഹിക്കാനായി എത്തിക്കഴിഞ്ഞു. തടയാന്‍ വന്നുനില്‍ക്കുന്നത് തന്‍റെ ദാസനായ ഹനുമാനാണെന്ന് രാമന് മനസ്സിലായി. രാമബാണം പിന്‍വലിച്ച ചരിത്രമില്ല. രാമദാസനാണെങ്കില്‍ രാമനെപ്പോലെതന്നെ ശക്തനാണ് താനും.

അവര്‍ തമ്മില്‍ യുദ്ധം തുടങ്ങി. യുദ്ധവാര്‍ത്ത എല്ലാ ലോകങ്ങളിലും അറിഞ്ഞു. ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നു പറഞ്ഞു നാരദമഹര്‍ഷി ദേവന്മാരെ ചെന്നുകണ്ടു. ലോകത്തിന് നാശമുണ്ടാക്കുന്ന യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ബ്രഹ്മാവ് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. രണ്ടുപേരോടും ബ്രഹ്മാവ് പറഞ്ഞു. പിന്‍മാറാന്‍ ഇരുകൂട്ടരും തയ്യാറല്ലാത്ത ഈ അവസ്ഥയില്‍ ലോകക്ഷേമത്തിനുവേണ്ടി ഒരുപകാരം ചെയ്തുതരണം. 

ശ്രീരാമനും ഹനുമാനും ഒരു നിമിഷം കണ്ണടയ്ക്കണം. ആവാമെന്ന് ഇരുകൂട്ടരും സമ്മതിച്ചു. ഹനുമാന്‍ ഒരു നിമിഷം കണ്‍പോളകള്‍ അടച്ചു. ആ നിമിഷത്തില്‍ ശ്രീരാമന്‍ രാക്ഷസന്‍റെ നേര്‍ക്ക് അമ്പെയ്തു. രാമബാണം തോറ്റുപിന്തിരിഞ്ഞ ചരിത്രമില്ലല്ലോ. രാമബാണം രാക്ഷസന്‍റെ ശിരസ്സ് ഛേദിച്ചു. അടുത്ത നിമിഷം ശ്രീരാമന്‍ കണ്ണുകളടച്ചു. നൊടിയിടകൊണ്ട് ബ്രഹ്മാവ് ആ രാക്ഷസനെ സൃഷ്ടിക്കുകയും ചെയ്തു. രാമബാണമേറ്റ സ്വന്തം ശിരസ്സ് ഉടലിന് മുകളില്‍ വന്നുചേര്‍ന്നതോടെ രാക്ഷസന്‍റെ സ്വഭാവം മാറി. ശ്രീരാമനേയും ഹനുമാനേയും വണങ്ങിക്കൊണ്ടാണ് രാക്ഷസന്‍ സ്ഥലം വിട്ടത്.

ശ്രീരാമന്‍ അമ്പെയ്യുമ്പോള്‍ താന്‍ പരലോകത്ത് എത്തുമെന്ന് ഹനുമാന്‍ വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല. ഇതിന്‍റെ കാരണം എന്താണെന്ന് രാമസ്വാമിയോടല്ലാതെ ആരോടാണ് ചോദിക്കുക. രാമശരങ്ങള്‍ പുഷ്പങ്ങളായിട്ടാണ് ഹനുമാന്‍റെ ശരീരത്തില്‍ വന്നുവീണത്. ഇതിന് മറുപടിയായി രാമന്‍ പറഞ്ഞു. ഹനുമാന്‍ എന്‍റെ നാമം ജപിച്ചാണ് അമ്പെയ്തത്. സത്യത്തില്‍ എന്നെക്കാള്‍ ശക്തിയുള്ളതാണ് എന്‍റെ നാമം.

ബാബുരാജ് പൊറത്തിശ്ശേരി 
(9846025010)