വിനകളൊഴിക്കും വിഘ്നേശ്വരന്‍ -പാളയം ശ്രീ ശക്തി വിനായക ക്ഷേത്രം
സ്ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും ഇവിടത്തെ സ്ഥിരം സാന്നിദ്ധ്യമാണ്. പരീക്ഷാദിനങ്ങളില്‍ പല വിദ്യാര്‍ത്ഥികളും വിഘ്നേശ്വരന്‍റെ മുന്നില്‍ വന്ന് കുമ്പിട്ട് വണങ്ങിയശേഷമാണ് പരീക്ഷാഹാളിലേക്ക് പോകുന്നത് തന്നെ. നഗരത്തിരക്കുകളിലേക്ക് കടക്കാതെ ഓടിവന്ന് ഭഗവാനെ കണ്ട് തൊഴുത് മടങ്ങാം എന്നതും തിരക്ക് കുറവാണ് എന്നതും പലരേയും ആകര്‍ഷിക്കുന്ന സംഗതിയാണ്.
ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥ ജമ്പൂ ഫലസാര ഭക്ഷിതം
ഉമാസുതം ശോകവിനാശ കാരണം
നമാമി വിഘ്നേശ്വര പാദപങ്കജം
ഇത്രയും ചൊല്ലിയാല്‍ മതി വിഘ്നേശ്വരന്‍ പ്രസാദിക്കും. സര്‍വ്വവിഘ്നങ്ങളും അവന്‍ ഒഴിക്കും. സര്‍വ്വകാല ദുരിതങ്ങള്‍ക്കും ആശ്വാസമേകും. ഗണപതി ഭഗവാനെ ആരാധിക്കുന്ന ഓരോ ഭക്തനും ഇതൊക്കെ കാണാപ്പാഠമാണ്. അതുകൊണ്ടുതന്നെ അവന്‍ വിഘ്നേശ്വരന്‍റെ സന്നിധി എവിടെയുണ്ടോ അവിടെല്ലാം ചെന്ന് കുമ്പിട്ട് തൊഴും. തലസ്ഥാനനഗരിയിലേക്ക് വന്നാല്‍ ഏറെ കീര്‍ത്തികേട്ട വിഘ്നേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കിഴക്കേക്കോട്ട പഴവങ്ങാടിയിലാണ്. പ്രതിദിനം അവിടെ ആയിരങ്ങളാണ് വിഘ്നേശ്വരനെ കണ്ട് ദര്‍ശനസായൂജ്യമടയാന്‍ എത്തുന്നത്. എന്നാല്‍ നഗരത്തിരക്കിനിടയിലൂടെ അവിടെത്താന്‍ സാധിക്കാനാകാത്ത പലരും ആശ്രയിക്കുന്ന മറ്റൊരു ക്ഷേത്രമുണ്ട്. അത് പാളയം വിനായകക്ഷേത്രമാണ്.
കിഴക്കോട്ട് ദര്‍ശനമരുളുന്ന വിനായകന്‍ തന്നെയാണ് മുഖ്യപ്രതിഷ്ഠ. അങ്കി ചാര്‍ത്തിയാണ് ഇവിടെ ഭഗവാനെ പൂജിക്കുന്നത്. മുന്നില്‍ മുഖമണ്ഡപത്തോട് കൂടിയ ചെമ്പുമേഞ്ഞ ശ്രീകോവില്‍ ചതുരാകൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. തെക്കുവശത്ത് ഭജനമഠമുണ്ട്. അവിടെ പീഠത്തില്‍ ശ്രീകൃഷ്ണന്‍റെ ചെറിയ പ്രതിമയും ഗരുഡവാഹനവുമുണ്ട്. പ്രധാന ശ്രീകോവിലിന് പിന്നിലായി നാഗരാജ, നാഗയക്ഷി പ്രതിഷ്ഠകളുണ്ട്. സമീപത്ത് തന്നെ മറ്റൊരു പീഠത്തില്‍ പാര്‍വ്വതീസമേതനായ ഭഗവാന്‍ പരമശിവനും കുടികൊള്ളുന്നുണ്ട്. സാധാരണ ശിവക്ഷേത്രങ്ങളില്‍ ഇല്ലാത്തൊരു പ്രത്യേകത ഇവിടത്തെ വിഗ്രഹത്തിനുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇവിടെ ഭഗവാന്‍ ശനീശ്വരഭാവത്തിലാണത്രേ വിരാജിക്കുന്നത്. ദിവസവും രണ്ടുനേരം പൂജ നടക്കുന്ന ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയാണ് ആട്ടവിശേഷം.
പണ്ട് പാളയം പ്രദേശമൊട്ടുക്ക് പട്ടാളത്തിന്‍റെ അധീനതയിലായിരുന്നു. പട്ടാളക്കാര്‍ തമ്പടിക്കുന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് പാളയം എന്ന പേര് വന്നതുതന്നെ. ആദ്യകാലത്ത് തിരുവിതാംകൂര്‍ പട്ടാളത്തിലെ ഉദ്യോഗസ്ഥരായിരുന്നു ഇവിടത്തെ പതിവ് ഭക്തന്മാര്‍. അക്കാലത്ത് പുറത്തുനിന്നുള്ള ഭക്തന്മാരും ഇവിടെ കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു. പിന്നീട് പട്ടാളക്യാമ്പ് പാങ്ങോട്ടേയ്ക്ക് മാറിയെങ്കിലും വിനായകക്ഷേത്രം അവിടെത്തന്നെ നിലനിര്‍ത്തി. തുടര്‍ന്ന് രാജഭരണം അവസാനിച്ചതോടെ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലായി.
സ്ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും ഇവിടത്തെ സ്ഥിരം സാന്നിദ്ധ്യമാണ്. പരീക്ഷാദിനങ്ങളില്‍ പല വിദ്യാര്‍ത്ഥികളും വിഘ്നേശ്വരന്‍റെ മുന്നില്‍ വന്ന് കുമ്പിട്ട് വണങ്ങിയശേഷമാണ് പരീക്ഷാഹാളിലേക്ക് പോകുന്നത് തന്നെ. നഗരത്തിരക്കുകളിലേക്ക് കടക്കാതെ ഓടിവന്ന് ഭഗവാനെ കണ്ട് തൊഴുത് മടങ്ങാം എന്നതും തിരക്ക് കുറവാണ് എന്നതും പലരേയും ആകര്‍ഷിക്കുന്ന സംഗതിയാണ്.
ഗണപതിഹോമം തന്നെയാണ് ഇവിടെ ഏറ്റവും വിശേഷപ്പെട്ട വഴിപാട്. വിനായകചതുര്‍ത്ഥിനാളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്താറുണ്ട്. അന്നേദിവസങ്ങളില്‍ ഇവിടെ ക്ഷേത്രകാര്യങ്ങളില്‍ പങ്കെടുക്കാന്‍ ജില്ലയ്ക്ക് പുറത്തുനിന്നും നിരവധി ഭക്തര്‍ എത്താറുണ്ട്.
