ശിവതേജസ്സില്‍  ഊര്‍ജ്ജം

ശിവതേജസ്സില്‍ ഊര്‍ജ്ജം

HIGHLIGHTS

ചൊവ്വാദോഷത്തില്‍പ്പെട്ടുഴലുന്നവരും കുജദശയുടെ കഷ്ടതകളനുഭവിക്കുന്നവരും അഭയം തേടേണ്ടത് സുബ്രഹ്മണ്യസ്വാമിയുടെ പാദാരവിന്ദങ്ങളിലാണ്. രോഗശമനം, കുടുംബഭദ്രത, സാമ്പത്തികാഭിവൃദ്ധി, കലാപരമായ കാര്യങ്ങളിലെ വിജയം, ബുദ്ധിശക്തി, മംഗല്യപ്രാപ്തി, സന്താനലബ്ധി, ജീവിതവിജയം എന്നിങ്ങനെ സകലവിധ ഐശ്വര്യങ്ങള്‍ക്കും മുരുകനെ പ്രാര്‍ത്ഥിച്ചാല്‍ മതി.

 

അനവധി തത്വങ്ങളാല്‍ വലയം ചെയ്യപ്പെട്ട ദേവനാണ് സുബ്രഹ്മണ്യന്‍. ശിവതേജസ്സില്‍ നിന്നും പ്രസരിക്കുന്ന ഊര്‍ജ്ജമാണ് സുബ്രഹ്മണ്യ സ്വാമിയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് സങ്കല്‍പ്പം.

ചൊവ്വാദോഷത്തില്‍പ്പെട്ടുഴലുന്നവരും കുജദശയുടെ കഷ്ടതകളനുഭവിക്കുന്നവരും അഭയം തേടേണ്ടത് സുബ്രഹ്മണ്യസ്വാമിയുടെ പാദാരവിന്ദങ്ങളിലാണ്. ചൊവ്വാഴ്ച തോറുമുള്ള മുരുകക്ഷേത്രദര്‍ശനം, പൂയം- ഷഷ്ഠി ദിനങ്ങളിലെ വ്രതങ്ങള്‍, നാമജപങ്ങള്‍, കാവടിയെടുക്കല്‍ എന്നിവ ചൊവ്വാദശയുടെ കാഠിന്യം കുറയ്ക്കുന്നു.

രോഗശമനം, കുടുംബഭദ്രത, സാമ്പത്തികാഭിവൃദ്ധി, കലാപരമായ കാര്യങ്ങളിലെ വിജയം, ബുദ്ധിശക്തി, മംഗല്യപ്രാപ്തി, സന്താനലബ്ധി, ജീവിതവിജയം എന്നിങ്ങനെ സകലവിധ ഐശ്വര്യങ്ങള്‍ക്കും മുരുകനെ പ്രാര്‍ത്ഥിച്ചാല്‍ മതി.

സ്വാമിയുടെ അടയാളങ്ങള്‍ ദാനം കിട്ടിയതാണ്. അതിവേഗത്തില്‍ പറക്കുന്ന മയിലിനെ നല്‍കിയത് ഗരുഡനാണ്. കോഴിയെ അരുണഭഗവാനും, അമ്മ പാര്‍വ്വതി വേലും നല്‍കി. അച്ഛനായ മഹാദേവന്‍ പതക്കവും അദ്രിജ വസ്ത്രവും ബൃഹസ്പതി ദണ്ഡും നല്‍കി. ഇന്ദ്രന്‍ മുത്തുമാലയും നല്‍കി. സ്വാമിയുടെ മയിലിന്‍റെ പീലികള്‍ ആകാശത്തെ സൂചിപ്പിക്കുന്നു.

സുബ്രഹ്മണ്യസ്വാമിയുടെ അഭിഷേകഫലങ്ങള്‍

1. ജലാഭിഷേകം: മനശാന്തിക്ക്.
2. മഞ്ഞളാഭിഷേകം: തിന്മ അകറ്റാന്‍
3. വാസനദ്രവ്യാഭിഷേകം: ആയുസ്സിന്
4. ചന്ദനാഭിഷേകം: ധനത്തിന്
5. പാലഭിഷേകം: ദീര്‍ഘായുസ്സിന്
6. തൈരാഭിഷേകം: സന്താനലബ്ധിക്ക്.
7. ശര്‍ക്കരാഭിഷേകം: ശത്രുവിജയത്തിന്
8. എള്ളെണ്ണ അഭിഷേകം: ജീവിതസൗഖ്യത്തിന്.

പ്രധാന മുരുക സന്നിധികള്‍

പഴനി: പഴനി ആണ്ടവന്‍ സന്യാസി ബാലന്‍റെ രൂപത്തിലാണ്. മൂന്നടിയോളം പൊക്കമുള്ള പ്രതിഷ്ഠയില്‍ വലതുകയ്യില്‍ ദണ്ഡ് ഉണ്ട്. കൗപീനമാണ് വേഷം. ആടയാഭരണങ്ങള്‍, കിരീടം, വര്‍ണ്ണമാലകള്‍ എന്നിവയൊന്നും വിഗ്രഹത്തിലില്ല. പഴനിയിലെ പഞ്ചാമൃതം പ്രസിദ്ധമാണ്. മുണ്ഡിത ശിരസ്സുള്ള ഭഗവാനെ ദര്‍ശിച്ചാല്‍ ആരോഗ്യമാണ്ഫലം.

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: പയ്യന്നൂരിലെ പെരുമാള്‍ രാജഭാവത്തിലാണ്. താരകാസുരനെ നിഗ്രഹിച്ച ഭാവത്തിലാണ് ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നത്. ശത്രുസംഹാരത്തിനും ജീവിത വിജയത്തിനും പെരുമാള്‍ ദര്‍ശനം ഉത്തമമാകുന്നു.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം:  തന്ത്രസമുച്ചയപ്രകാരമുള്ള വര്‍ണ്ണനയ്ക്ക് യോജിച്ച തരത്തിലാണ് ഇവിടെ പ്രതിഷ്ഠ. ചതുര്‍ബാഹു പ്രതിഷ്ഠയാണ്. ഒരു കയ്യില്‍ ചക്രായുധവും മറ്റേക്കയ്യില്‍ വേലും ഉണ്ട്. ഇടതുകൈ താഴെ തുടയില്‍ വിശ്രമിക്കുകയാണ്. ഹരിപ്പാട്ടെ മുരുകനെ പ്രാര്‍ത്ഥിച്ചാല്‍ ശിവന്‍റെയും വിഷ്ണുവിന്‍റെയും പ്രീതി ലഭിക്കും. അലങ്കാരപ്രിയനായ ദേവന്‍ മനഃസന്തോഷം നല്‍കും.

ഉദയനാപുരം: വൈക്കത്തപ്പന്‍റെ മടിയിലിരിക്കുന്ന സങ്കല്‍പ്പമാണ് ഉദയനാപുരത്ത്. പിതാവും പുത്രനും തമ്മിലുള്ള അഗാധവും ഊഷ്മളവും പവിത്രവുമായ ബന്ധത്തിന്‍റെ സത്തയാണ് ഇവിടെ കുടികൊള്ളുന്നത്. പിതൃ- പുത്രബന്ധം ദൃഢമാകാന്‍ ഉദയനാപുരത്തെ ദര്‍ശനം ഉത്തമമാണ്.

ഉള്ളൂരിലെയും പന്മനയിലെയും ബാലമുരുകന്‍: രണ്ട് സ്ഥലത്തും മുരുകന്‍ ബാലസ്വരൂപത്തിലാണ്. ഗുരുത്വവും ബുദ്ധിയും വര്‍ദ്ധിക്കാന്‍ ഇവിടുത്തെ ദര്‍ശനം ഉത്തമം.

പെരളശ്ശേരി: നാഗാരാധനയ്ക്ക് ഇവിടെ പ്രാധാന്യം. സര്‍പ്പദോഷങ്ങള്‍ അകലാന്‍ പെരളശ്ശേരി മുരുകനെ ദര്‍ശിച്ചാല്‍ മതി. ത്വക്ക്രോഗം, മാറാരോഗം എന്നിവ മാറാന്‍ പെരളശ്ശേരി സ്വാമിയെ ഭജിക്കുന്നത് നല്ലതാണ്.

കിടങ്ങൂരും കൊടുമ്പിലും: കൊടുമ്പിലെ(പാലക്കാട്) സ്വാമിയെ കണ്ടാല്‍ പഴനിയില്‍ പോയതിന്‍റെ പാതി ഫലം ലഭിക്കും എന്നാണ് വിശ്വാസം.
കാവടിയാട്ടവും ഷഷ്ഠിയും മുരുകപ്രീതിക്കുള്ള പ്രധാന വഴിപാടുകളാണ്. ശൂരപത്മനുമായി മുരുകന്‍ യുദ്ധം ചെയ്തപ്പോള്‍ മാതാവ് പാര്‍വ്വതി ദേവി അനുഷ്ഠിച്ച വ്രതമാണ് ഷഷ്ഠി.

അരളിപ്പൂവാണ് സ്വാമിക്ക് ഏറെ പ്രിയങ്കരം. മഞ്ഞ, ചുവപ്പ് അരളികള്‍, മഞ്ഞച്ചെമ്പകം എന്നിവയും മുരുകപ്രീതിക്ക് പ്രധാനമാണ്.

സുബ്രഹ്മണ്യസ്വാമിക്ക് ആറുതവണയാണ് പ്രദക്ഷിണം.

ചൊവ്വാദോഷം ഉള്ളവര്‍ ചൊവ്വാഴ്ച ദിവസങ്ങളില്‍ സുബ്രഹ്മണ്യസ്വാമിയെ ദര്‍ശിക്കുന്നത് നല്ലതാണ്.

വള്ളിസമേതനായ സ്വാമിയെ കണ്ടാല്‍ വിവാഹതടസ്സം നീങ്ങും.

ഗ്രഹദോഷങ്ങള്‍ അകലാനും ജീവിതം ശ്രേയസ്കരമാക്കാനും താഴെ കൊടുത്തിരിക്കുന്ന സുബ്രഹ്മണ്യമന്ത്രം ഉത്തമമാണ്.

'ഷഡാനനം കുങ്കുമരക്തവര്‍ണ്ണം
മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യസൂനും സുരസൈന്യനാഥം
ഗൃഹം സദാഹം ശരണം പ്രപദ്യേ.چ

തരവത്ത് ശങ്കരനുണ്ണി
(9847118340)