ചുടലമാടസ്വാമി

ചുടലമാടസ്വാമി

HIGHLIGHTS

തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിന്‍റേയും തമിഴ്നാടിന്‍റേയം ശക്തനായ കാവല്‍ദേവനാണ് ചുടലസ്വാമി. തീപാറുന്ന ഉണ്ടക്കണ്ണുകളും കൊമ്പന്‍മീശയുമുള്ള മുഖവും വലതുകയ്യില്‍ വലിയ അരിവാളും, ഇടതുകയ്യില്‍ ചാട്ടവാറുമേന്തിയ ഭീകരരൂപമാണ് ചുടലമാടസ്വാമിയുടേത്. 

തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിന്‍റേയും തമിഴ്നാടിന്‍റേയം ശക്തനായ കാവല്‍ദേവനാണ് ചുടലസ്വാമി. തീപാറുന്ന ഉണ്ടക്കണ്ണുകളും കൊമ്പന്‍മീശയുമുള്ള മുഖവും വലതുകയ്യില്‍ വലിയ അരിവാളും, ഇടതുകയ്യില്‍ ചാട്ടവാറുമേന്തിയ ഭീകരരൂപമാണ് ചുടലമാടസ്വാമിയുടേത്. കാളവണ്ടിയിലോ, കുതിരപ്പുറത്തോ സഞ്ചാരം. ശിവ-പാര്‍വ്വതി പുത്രനാണ് ചുടലമാടസ്വാമി. ശ്മശാനങ്ങളില്‍ നിന്നും പുറപ്പെടുന്ന ചില ദുഷ്ടപൈശാചിക ശക്തികളെ തുരത്തിയോടിച്ച് ദേശത്തേയും ദേശവാസികളേയും സംരക്ഷിക്കുന്നതിനുള്ള ചുമതല ശിവഭഗവാന്‍ ചുടമാട സ്വാമിയെ ഏല്‍പ്പിച്ചിരിക്കുന്നു. തമിഴ് നാടോടി ദേവനായിട്ടാണ് സങ്കല്‍പ്പം.

തെക്കന്‍കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലകളില്‍ ചുടലമാടസ്വാമിക്കായി നിരവധി ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും തമിഴ്നാട്ടിലാണ് മാടസ്വാമിക്ക് നിറയെ ഭക്തരും ക്ഷേത്രങ്ങളും ഉള്ളത്. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലെ ഗ്രാമങ്ങളില്‍ നൂറുകണക്കിന് ചുടലമാടസ്വാമിക്ഷേത്രങ്ങളുണ്ട്. തമിഴ്നാട്ടില്‍ അയ്യനാരെപ്പോലെ ഗ്രാമപാലകനായിട്ടാണ് ചുടലമാടസ്വാമിയേയും ആരാധിക്കപ്പെടുന്നത്. അവിടുള്ള നാടാര്‍, തേവര്‍, കോനാര്‍ വിഭാഗക്കാരുടെ കുലദേവനാണ് ചുടലമാടസ്വാമി.

മാടന്‍തമ്പുരാന്‍, മദന്‍ എന്നിങ്ങനെ നിരവധി പേരുകള്‍ ഉള്ള മാടസ്വാമി ഭദ്രകാളിയുടെ ഭടനായിരുന്നതായും ഐതിഹ്യമുണ്ട്. 'ചുടല' എന്നാല്‍ ശ്മശാനം എന്നും 'മാടന്‍' എന്നാല്‍ കാവല്‍ക്കാരന്‍ എന്നുമാണ് അര്‍ത്ഥം. 

ശ്മശാനത്തിനരികിലോ തുറസ്സായ ഇടങ്ങളിലോ ആണ് സാധാരണയായി ചുടലമാടന്‍ സ്വാമിയുടെ ക്ഷേത്രങ്ങള്‍. ത്രികോണാകൃതിയിലുള്ള സ്തംഭം പോലെയുള്ള ഘടനയിലാണ് പ്രതിഷ്ഠകള്‍. മിക്ക ചുടലമാടന്‍ ക്ഷേത്രങ്ങള്‍ക്കും മേല്‍ക്കൂര ഉണ്ടാവില്ല. ഉണ്ടെങ്കിലും ലളിതമായ രീതിയിലായിരിക്കും നിര്‍മ്മിതി. പേച്ചിയമ്മന്‍, മുത്താരമ്മന്‍, ഇസക്കിയമ്മന്‍ എന്നീ ഉപദേവതകളുടെയും പ്രതിഷ്ഠകള്‍ അവിടുണ്ടാകും. മാടത്തിയാണ് ചുടലമാടസ്വാമിയുടെ പത്നി. 

തമിഴ്നാട്ടിലെ ചില ക്ഷേത്രങ്ങളുടെ കൊടിമര സംരക്ഷകനായും മാടസ്വാമിയെ ആരാധിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ പൊതുവായി വ്യക്തികള്‍ക്ക് ഇടുന്ന പേരാണ് മാടസ്വാമി.

പാര്‍വ്വതീദേവി ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്നു. ഇതിനായി ശിവഭഗവാന്‍ പാര്‍വ്വതീദേവിയോട് കൈലാസത്തിലെ ആയിരംകാല്‍മണ്ഡപത്തില്‍ തപസ്സനുഷ്ഠിക്കാന്‍ ആവശ്യപ്പെടുന്നു. 

പാര്‍വ്വതിദേവി തപസ്സനുഷ്ഠിച്ച് ശിവഭഗവാനെ പ്രസാദിപ്പിക്കുന്നു. ഭഗവാന്‍ തന്‍റെ ശിരസ്സില്‍ നിന്ന് ഒരു മുടിക്കഷ്ണം പിഴുതെടുത്ത് എറിയുന്നു. ഇത് അഗ്നിയായി പാര്‍വ്വതീദേവിയുടെ വസ്ത്രത്തിലേയ്ക്ക് പടര്‍ന്നുകയറി. ആ തീയില്‍ നിന്നും ചുടലമാടന്‍ പിറവിയെടുക്കുന്നു. ദേവി മുലപ്പാലിന് പകരമായി അമൃത് കുഞ്ഞിന് ആദ്യമായി നല്‍കുന്നു. അമൃത് കുഞ്ഞിനെ അമര്‍ത്യനാക്കുന്നു(മരണമില്ലാത്തവന്‍) അവന്‍ കൈലാസത്തിലുള്ള ശ്മശാനത്തിലെ കത്തുന്ന ശവശരീരങ്ങള്‍ ഭക്ഷിച്ചതോടെ ചുടലമാടന്‍ എന്നുപേരായി. മനുഷ്യമാംസം ഇഷ്ടപ്പെടുന്നവനാകയാല്‍ ഭൂമിയിലേയ്ക്ക് പോയി മനുഷ്യരെ സംരക്ഷിക്കാന്‍ ശിവന്‍ അവനോട് നിര്‍ദ്ദേശിക്കുന്നു.

വെള്ളിയാഴ്ച ദിവസമാണ് ചുടലമാടസ്വാമിക്ക് പ്രാധാന്യം. ആട്, കോഴി, പന്നി, പുകയില, മദ്യം എന്നിവയാണ് മാടസ്വാമിയുടെ ഇഷ്ടനിവേദ്യങ്ങള്‍. ഏപ്രില്‍-മെയ് മാസങ്ങളില്‍ മാടസ്വാമിക്ഷേത്രങ്ങളില്‍ ആഘോഷിക്കാറുള്ള 'കൊടൈ'യാണ് പ്രധാന ഉത്സവം. ഒരു ദിവസം മുതല്‍ പത്ത് ദിവസങ്ങള്‍ വരെ കൊടൈ ആഘോഷിക്കുന്ന ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലുണ്ട്. വ്രതം നോറ്റ് മാടസ്വാമിയെ ഉപാസിക്കുന്നവരുടെ മേല്‍ മാടസ്വാമി ആവാസിക്കുകയും ഉത്സവസമയത്ത് ഇവര്‍ ഉന്മാദത്തോടെ നൃത്തമാടി ഭാവിപ്രവചനം നടത്തുകയും ചെയ്യുന്നു.

'സ്വാമിയാട്ടക്കാര്‍' എന്ന പേരിലാണ് ഇവര്‍ ഇക്കാലത്ത് അറിയപ്പെടുന്നത്. ഗ്രാമവാസിക്കാര്‍ അവരുടെ പരാതികളും, പരിഭവങ്ങളും, ആഗ്രഹങ്ങളും സ്വാമിയാട്ടക്കാരനോട് ഉണര്‍ത്തിക്കുകയും സ്വാമിയാട്ടക്കാരന്‍ പ്രശ്നപരിഹാരം ചൊല്ലിക്കൊടുക്കുകയും ചെയ്യുന്ന ചടങ്ങ് തമിഴ് ഗ്രാമങ്ങളില്‍ ഇപ്പോഴുമുണ്ട്.

ചുടലസ്വാമിക്ക് ബലിയര്‍പ്പിക്കുന്ന ആടിന്‍റെ രക്തം കുടിച്ച് ഉറഞ്ഞുതുള്ളി സ്വാമിയാട്ടക്കാരന്‍ തീപ്പന്തവുമായി ശ്മശാനത്തിലും കാട്ടിലുമായി വേട്ടയ്ക്ക് പുറപ്പെടുന്ന ചടങ്ങും കൊടൈ ഉത്സവത്തിലെ പ്രധാന ചടങ്ങാണ്. 'കണിയാന്‍ കൂത്ത്' എന്ന നൃത്തരൂപത്തിലെ പാട്ടുകളും തപ്പട്ടൈ എന്ന വാദ്യോപകരണം കൊട്ടിയുള്ള താളവുമാണ് വേട്ടയാടലിന് അകമ്പടിയാകുന്നത്. കൊടൈ ഉത്സവത്തിലെ മറ്റൊരു പ്രധാന ആചാരമാണ് വില്ലുപാട്ട്. 

വേദിയില്‍ അലങ്കരിച്ച വില്ലില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ചെറിയ കമ്പുകൊണ്ട് താളാത്മകമായി അടിച്ചാണ് വില്ലുപാട്ട് അവതരിപ്പിക്കുന്നത്. ഇതില്‍ ചുടലമാടസ്വാമിയുടെ ജനനം, അഘോര രൂപധാരിയായി മാടസ്വാമിയുടെ ഭൂമിയിലേയ്ക്കുള്ള വരവ്, മാടസ്വാമി ദുഷ്ടശക്തികളെ അടിച്ചമര്‍ത്തുന്നത് തുടങ്ങിയ ചുടലമാടസ്വാമിയുടെ വീരകഥകളാണ് പാടി അവതരിപ്പിക്കുന്നത്. വില്ലുപാട്ടിനിടയില്‍ കേള്‍വിക്കാരായ ചില ഭക്തര്‍ക്ക് അരുള്‍വാക്ക്     (ദൈവിക വെളിപാട്) ഉണ്ടാകുന്നത് കൊടൈ ഉത്സവത്തിലെ പതിവ് കാഴ്ചയാണ്.

ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ തമിഴ് വംശീയര്‍ക്കിടയില്‍ ചുടലസ്വാമിയുടെ ഭക്തര്‍ ഏറെയുണ്ട്. ശ്രീലങ്കയില്‍ ഗിനിഗത്തേനയിലെ പാവലമലയിലെ ഹാട്ടന്‍ റോഡിലുള്ള ശ്രീമാടസ്വാമികോവില്‍ അന്നാട്ടില്‍ ഏറെ പ്രശസ്തമാണ്. ശുചീന്ദ്രത്തിനടുത്തുള്ള താണുമലയന്‍ പുത്തൂരിലുള്ള ശിവചുടലമാടന്‍ ക്ഷേത്രത്തിലെ മാടന്‍വിഗ്രഹം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.