59-ാം വയസ്സില്‍ വീണുകിട്ടിയ സൗഭാഗ്യം - സുധാകരന്‍ നമ്പൂതിരി (ഗുരുവായൂര്‍ പുതിയ മേല്‍ശാന്തി)

59-ാം വയസ്സില്‍ വീണുകിട്ടിയ സൗഭാഗ്യം - സുധാകരന്‍ നമ്പൂതിരി (ഗുരുവായൂര്‍ പുതിയ മേല്‍ശാന്തി)

HIGHLIGHTS

'ഗുരുവായൂരപ്പന്‍റെ കൃപാകടാക്ഷംകൊണ്ട് മാത്രമാണ് എനിക്ക് നറുക്ക് വീണതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ പാദങ്ങളെ തഴുകി താലോലിക്കാനും ഉണ്ണി ക്കണ്ണനായിക്കണ്ട് ഗുരുവായൂരപ്പനെ പൂജിക്കാനും കിട്ടുന്ന ഭാഗ്യം അമൂല്യമാണ്. ഭഗവാനെ ഒരു കുറവും കൂടാതെ പരിചരിക്കാനും കുളിപ്പിച്ച് കളഭ ച്ചാര്‍ത്തണിയിച്ച് സുന്ദരനാക്കാനും നിവേദ്യങ്ങള്‍ അര്‍പ്പിച്ച് ഊട്ടി ഉറക്കാനുമുള്ള സൗഭാഗ്യം ലഭിക്കുകയെന്നത് മുജ്ജന്മപുണ്യമായി കരുതുന്നു. ആ ഒരു പുണ്യം തനിക്ക് സായത്തമായത് ഭഗവത് കടാക്ഷം ഒന്നുകൊണ്ടു മാത്രമാണ്.

 

ഗുരുവായൂര്‍ അമ്പലത്തിലെ നിയുക്ത മേല്‍ശാന്തി എം.എസ്.എന്‍.സുധാകരന്‍ നമ്പൂതിരിക്ക് 59-ാം വയസ്സില്‍ വീണു  കിട്ടിയ സൗഭാഗ്യമാണ് ഈ പുതിയ നിയമനം. ഇനിയുള്ള ആറു മാസക്കാലം  പുറപ്പെടാ ശാന്തിയായി ഗുരുവായൂരമ്പലത്തില്‍ത്തന്നെ ഭഗവത്പാദസേവചെയ്ത് പുറപ്പെടാ ശാന്തിയായി കഴിയുക എന്നത് ഒരു നിയോഗം മാത്രമാണ്. മുന്‍പ് മൂന്നു തവണ മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഭഗവാന്‍റെ അനുഗ്രഹമുണ്ടായത് ഇപ്പോള്‍ മാത്രമാണ്.

ഇപ്രാവശ്യം 67 പേരാണ് മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നള്‍കിയത്. അതില്‍ 63 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അവരില്‍ ക്ഷേത്രംതന്ത്രി ഡോ: ചേന്നാസ് ദിനേശന്‍ നമ്പൂതിരി അര്‍ഹരായ 51 പേരെ നറുക്കെടുപ്പിനായി തെരഞ്ഞെടുത്തു. ആ 51 പേരുടെ പേരുകള്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷം നിലവിലെ മേല്‍ശാന്തി കവപ്രമാറത്ത് അച്ച്യുതന്‍ നമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയര്‍മാന്‍ വി.കെ.വിജയന്‍, അഡ്മിനിസ്ട്രേറ്റര്‍ ഒ ബി.അരുണ്‍കുമാര്‍, ഭരണ സമതി അംഗങ്ങളായ സി.മനോജ്, കെ.എസ്.ബാലഗോപാല്‍ എന്നിവര്‍ തത്സമയം സന്നിഹിതരായിരുന്നു.

2025 ഒക്ടോബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ  ആറുമാസം ഗുരുവായൂര്‍ മേല്‍ശാന്തിയായി സുധാകരന്‍ നമ്പൂതിരി തുടരും.

വലമ്പിരിമംഗലം മൂര്‍ത്തിയേടത്തു മനയില്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടേയും കൂനത്തറ തിയ്യന്നൂര്‍മന ഉമാദേവി അന്തര്‍ജനത്തിന്‍റേയും മകനായി ജനനം. സഹോദരന്‍ കൃഷ്ണന്‍ നമ്പൂതിരി. 2020-ല്‍ കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്നു. 'ജ്യേഷ്ഠനെപ്പോലെ ജോലിയില്‍ നിന്നു വിരമിച്ച ശേഷമാണ് സുധാകരന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി നിയമനത്തിന് അപേക്ഷ നല്‍കിത്തുടങ്ങിയത്. 2022- ല്‍ ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നും സ്ഥാനമൊഴിഞ്ഞു. ശാസ്ത്രീയ സംഗീതരംഗത്ത് തനതായ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള സുധാകരന്‍ നമ്പൂതിരി മൃദംഗ വിദ്വാനായ കുറുവട്ടൂര്‍ കൃഷ്ണയ്യരില്‍ നിന്നുമാണ് മൃദംഗം അഭ്യസിച്ചുതുടങ്ങിയത്.

തുടര്‍ന്ന് ശ്രേഷ്ഠരായ പലരില്‍ നിന്നും മൃദംഗ വയനയില്‍ പ്രാവീണ്യം നേടി.ഘടവും നന്നായി അഭ്യസിച്ച അദ്ദേഹം വേദികളില്‍ തിളങ്ങി പ്രശംസ നേടിയിട്ടുണ്ട്.
സാഹിത്യരംഗത്തും നിപുണത തെളിയിച്ച ഇദ്ദേഹം ആനുകാലികങ്ങളില്‍ ലേഖനങ്ങളും കവിതകളും രചിക്കാറുണ്ട്. രണ്ടു കവിതാ സമാഹാരങ്ങള്‍ പുസ്തക രൂപത്തിലിറക്കിയ സുധാകരന്‍ നമ്പൂതിരി ഒരു സകലകലാവല്ലഭന്‍ തന്നെയാണ്. തള്ളേലൊട്ടി, ജീവിതത്തേയും മരണത്തേയും കുറിച്ച് എന്നിവയാണ് കവിതാ സമാഹാരങ്ങള്‍... ഇപ്പോള്‍ അദ്ദേഹം ശ്രീകൃഷ്ണപുരം വി.ടി.ഭട്ടതിരിപ്പാട് കോളേജില്‍ മാനേജരായി സേവനമനുഷ്ഠിക്കുന്നു. കര്‍മ്മപഥത്തില്‍ എപ്പോഴും തിളങ്ങിനില്‍ക്കുന്ന ഇദ്ദേഹത്തിന്,  ഗുരുവായൂരപ്പന്‍ തന്നെ കൈവിടില്ല എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. 

ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് ഗുരുവായൂരിലെ പൂജാവിധികളെക്കുറിച്ചും പൂജാകര്‍മ്മങ്ങളെക്കുറിച്ചും മന്ത്രോച്ചാരണങ്ങളെക്കുറിച്ചും മന്ത്രികവിധികളെ ക്കുറിച്ചുമൊക്കെ കൂടുതല്‍ പഠിച്ചത്. മാന്ത്രിക കര്‍മ്മങ്ങളും മന്ത്രോച്ചാരണങ്ങളും ഹൃദിസ്ഥമാക്കാന്‍ സഹായിച്ചത് ജ്യേഷ്ഠന്‍ കൃഷ്ണന്‍ നമ്പൂതിരിയാണ്. കൊറോണ കഴിഞ്ഞ സമയത്താണ്  2020-ല്‍ കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്.

'ഗുരുവായൂരപ്പന്‍റെ കൃപാകടാക്ഷംകൊണ്ട് മാത്രമാണ് എനിക്ക് നറുക്ക് വീണതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ പാദങ്ങളെ തഴുകി താലോലിക്കാനും ഉണ്ണി ക്കണ്ണനായിക്കണ്ട് ഗുരുവായൂരപ്പനെ പൂജിക്കാനും കിട്ടുന്ന ഭാഗ്യം അമൂല്യമാണ്. ഭഗവാനെ ഒരു കുറവും കൂടാതെ പരിചരിക്കാനും കുളിപ്പിച്ച് കളഭ ച്ചാര്‍ത്തണിയിച്ച് സുന്ദരനാക്കാനും നിവേദ്യങ്ങള്‍ അര്‍പ്പിച്ച് ഊട്ടി ഉറക്കാനുമുള്ള സൗഭാഗ്യം ലഭിക്കുകയെന്നത് മുജ്ജന്മപുണ്യമായി കരുതുന്നു. ആ ഒരു പുണ്യം തനിക്ക് സായത്തമായത് ഭഗവത് കടാക്ഷം ഒന്നുകൊണ്ടു മാത്രമാണ്.

ഒന്നും ആഗ്രഹിക്കാതെ, ഒന്നിലും പ്രതീക്ഷയര്‍പ്പിക്കാതെ ഭഗവാനില്‍ മാത്രം സ്വയം അര്‍പ്പണം ചെയ്ത് ഉണ്ണിക്കണ്ണനെ പൊന്നുണ്ണിയായി താലോലിക്കാന്‍ കഴിയുന്നത് മുജ്ജന്മ ഭാഗ്യവും ഗുരു കാരണവന്മാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹവും മൂലമാണെന്ന് അദ്ദേഹം മറകൂടാതെ പറയുന്നു.

ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ഭഗവാന്‍റെ ചൈതന്യവത്തായ രൂപം കണ്‍കുളിര്‍ക്കെ കാണാനും അവര്‍ മനസ്സ് നിറഞ്ഞ് ഭഗവാനെ ദര്‍ശിച്ച് തൃപ്തിയോടെ തൊഴുത് മടങ്ങാനും വേണ്ടതൊക്കെ ഭഗവാന്‍റെ അനുഗ്രഹത്താല്‍ തന്‍റെ കരങ്ങള്‍ കൊണ്ട് ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വാസം. ഭഗവത് ദര്‍ശനത്തിനെത്തുന്ന ഭക്തരില്‍ ഭൂരിഭാഗവും തന്നെക്കാള്‍ അറിവും ഭക്തിയും ഉള്‍ക്കൊണ്ടവരാകും എന്നാണ് തന്‍റെ നിഗമനം. തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യം ഭക്ത്യാദരപൂര്‍വം നിറവേറ്റാന്‍ ഗുരുവായൂരപ്പന്‍ തന്നെ പ്രാപ്തനാക്കുമെന്ന വിശ്വാസത്തോടെ ആ തൃപ്പാദത്തില്‍ നമസ്ക്കരിക്കുന്നു.

നറുക്കെടുപ്പു ദിവസം ഗുരുവായൂരമ്പലത്തില്‍ ഭഗവത് ദര്‍ശനത്തിനെത്തിയിരുന്നു. അതും ഭഗവാന്‍ മുന്‍കൂട്ടി ഗുരുവായൂരപ്പ സന്നിധിയിലേക്ക് എത്തിച്ചതാകാമെന്ന് അദ്ദേഹം നിനയ്ക്കുന്നു. പെട്ടെന്നാണ് ഗുരുവായൂരിലേക്ക് എത്തണമെന്നു തോന്നിയതും ദര്‍ശനസായുജ്യം നേടാന്‍ കഴിഞ്ഞതും. തനിക്കാണ് നറുക്ക് വീണതെന്നറിഞ്ഞ നേരം ആ ഉണ്ണിക്കണ്ണന്‍റെ രൂപം മനസ്സില്‍ നിറയുകയായിരുന്നു. പിന്നെ സര്‍വം ഭഗവത് മയം. അതില്‍ അങ്ങനെ ലയിച്ചു. ആ അനുഭൂതി  പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ഒന്നും ആഗ്രഹിച്ചല്ല ഭഗവാനില്‍ അര്‍പ്പിതമാകുന്നത്. തന്‍റെ ഉണ്ണിക്കണ്ണനെ പരിപാലിക്കാന്‍ കിട്ടുന്ന സമയം പൂര്‍ണമായും തന്നിലേയ്ക്കാവാഹിച്ച് ഭഗവത് ചൈതന്യത്തെ ജീവസ്സുറ്റതാക്കാനും ഊട്ടി ഉറക്കാനുമുള്ള ശേഷി ആ കൃപാകടാക്ഷത്താല്‍ സാധ്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ആ നിമിഷം എന്നെ ധന്യമാക്കട്ടെ- സുധാകരന്‍ നമ്പൂതിരി പറഞ്ഞു നിര്‍ത്തി.

മണ്ണാര്‍ക്കാട് കല്ലടി ഹയര്‍ സെക്കന്‍ററി സ്കൂളിലെ റിട്ടയേഡ് അദ്ധ്യാപിക ഷാജിനിയാണ് ഭാര്യ. സുമനേഷ്, നിഖലേഷ് എന്നിവര്‍ മക്കളും വാണി പരമേശ്വരന്‍ മരുമകളുമാണ്. സുമനേഷ് ഷാര്‍ജയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. നിഖിലേഷ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യുന്നു.

ശ്രീകുമാര്‍ ഗുരുവായൂര്‍
(9447725649)