ഗ്രഹനിലയില്‍ ശുക്രന്‍റെ സ്വാധീനം

ഗ്രഹനിലയില്‍ ശുക്രന്‍റെ സ്വാധീനം

HIGHLIGHTS

നവഗ്രഹങ്ങളില്‍ പ്രധാനിയും വിവാഹത്തിന്‍റെ ചുമതലക്കാരനുമാണ് ശുക്രന്‍. ഒരു രാശിയില്‍ ആവറേജ് ഒരു മാസം വീതം നില്‍ക്കും. 12 രാശി സഞ്ചരിക്കാന്‍ ഒരു വര്‍ഷം എടുക്കും. സൂര്യനോട് എപ്പോഴും അടുത്തു സഞ്ചരിക്കുന്ന ഗ്രഹമാണ് ശുക്രന്‍. ഒരു ജാതകന്‍റെയോ ജാതകയുടെയോ ജനിക്കുമ്പോഴുള്ള ഗ്രഹനിലയില്‍ ശുക്രന്‍റെ അവസ്ഥ പോലായിരിക്കും അവരുടെ വിവാഹാനന്തര ജീവിതം അനുഭവിക്കുന്നത്.

 

നവഗ്രഹങ്ങളില്‍ പ്രധാനിയും വിവാഹത്തിന്‍റെ ചുമതലക്കാരനുമാണ് ശുക്രന്‍. ഒരു രാശിയില്‍ ആവറേജ് ഒരു മാസം വീതം നില്‍ക്കും. 12 രാശി സഞ്ചരിക്കാന്‍ ഒരു വര്‍ഷം എടുക്കും. സൂര്യനോട് എപ്പോഴും അടുത്തു സഞ്ചരിക്കുന്ന ഗ്രഹമാണ് ശുക്രന്‍. ഒരു ജാതകന്‍റെയോ ജാതകയുടെയോ ജനിക്കുമ്പോഴുള്ള ഗ്രഹനിലയില്‍ ശുക്രന്‍റെ അവസ്ഥ പോലായിരിക്കും അവരുടെ വിവാഹാനന്തര ജീവിതം അനുഭവിക്കുന്നത്.
ശുക്രന്‍റെ പ്രധാന ചുമതലകള്‍ സൗന്ദര്യം, ഭാര്യ, ഭര്‍ത്താവ്, വിവാഹം, മദനകാര്യങ്ങള്‍, ലൗകിക സുഖം, ആഭരണങ്ങള്‍, അലങ്കാരങ്ങള്‍, ശയനസുഖം, ശൃംഗാരം, സംഗീതം, ചിത്രകല, അഭിനയം, കാവ്യകല, പ്രണയകാര്യങ്ങള്‍, ലൈംഗികാസക്തി, ലഹരി പാനീയങ്ങള്‍, ലൈംഗിക രോഗങ്ങള്‍, കണ്ണുകളിലെ തിളക്കം, വജ്രം, ശയനമുറി, വശീകരണശക്തി, വേശ്യാസക്തി, ജനനേന്ദ്രിയം, വ്യഭിചാരം, നൃത്തം, സംഗീതോപകരണങ്ങള്‍, മുലപ്പാല്‍, വാഹനസുഖം, സ്വര്‍ണ്ണം, ചന്ദനം, ഇവയെല്ലാം ശുക്രന്‍റെ കാരകധര്‍മ്മമാണ്.

ശുക്രനും മാളവ്യയോഗവും

ഗ്രഹനിലയില്‍ ശുക്രന്‍ സ്വക്ഷേത്രമായ ഇടവത്തിലോ മൂലക്ഷേത്രമായ തുലാത്തിലോ ഉച്ചരാശി ആയ മീനത്തിമലോ നില്‍ക്കുകയും ജന്മലഗ്നത്തിന്‍റെ 1,4,7,10 ആയി ശുക്രഗ്രഹം നില്‍ക്കുകയും ചെയ്താല്‍ മാളവ്യയോഗം കിട്ടും. 12 രീതിയിലുള്ള ഗ്രഹനിലക്കാര്‍ക്ക്  മാളവ്യയോഗം നല്‍കും. ഭൗതികസുഖഭോഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ശരീരപുഷ്ടിക്ക് ആരോഗ്യവും സൗന്ദര്യവും ബുദ്ധിസാമര്‍ത്ഥ്യവും അറിവും കഴിവും കലാബോധവും, ആര്‍ഭാടങ്ങളില്‍ താല്‍പ്പര്യവും കാണിക്കും. സുഖജീവിതത്തിലും, സുഖഭക്ഷണത്തിലും ലൈംഗിക സുഖങ്ങളിലും താല്‍പ്പര്യം കാണിക്കും.

ശുക്രനും നീചഭംഗ രാജയോഗവും

ശുക്രന്‍ അതിന്‍റെ നീചരാശി ആയ കന്നിയില്‍ നില്‍ക്കുകയും എന്നാല്‍ കന്നിരാശിയുടെ അധിപനായ ബുധന്‍ ചന്ദ്രന്‍റെ കേന്ദ്രങ്ങളായ 1,4,7,10 ല്‍ വരുകയും ചെയ്താല്‍ നീചഭംഗം കിട്ടും. ചില ആചാര്യന്മാര്‍ ലഗ്നകേന്ദ്രത്തിലും കിട്ടുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒന്നില്‍ ശരീരസൗന്ദര്യവും തേജസ്സും ആരോഗ്യവും നല്ല വിവാഹജീവിതവും കലകളില്‍ ഉയര്‍ച്ചയും നല്‍കും. 4 ലെ നീചഭംഗം അനവധി വാഹനങ്ങളും കൃഷിഭൂമിയും വീടും മാതാവിനെക്കൊണ്ടുള്ള ഭാഗ്യവും നല്ല സുഹൃത്തുക്കളും ജീവിതസുഖവും വീടിന് ഉയര്‍ച്ചയും ഉണ്ടാക്കും. ഏഴിലെ നീചഭംഗം വിവാഹം  വഴി വളരെ ഉന്നതി ഉണ്ടാക്കും. സമ്പാദ്യ ഉന്നതി, വിദേശഭാഗ്യം ഇവ അനുഭവിക്കും. പത്തിലെ നീചഭംഗം കര്‍മ്മമേഖലയില്‍ ഉയര്‍ച്ച, സ്വര്‍ണ്ണവജ്രവ്യാപാരം, വാഹനവ്യാപാരം, കലാരംഗത്ത് ശോഭിക്കും. ശരീരസൗന്ദര്യം, ഉന്നത വിവാഹം ഇവയുണ്ടാകും.

ശുക്രന് മൗഢ്യവും

ജനിക്കുമ്പോള്‍ ശുക്രഗ്രഹം സൂര്യനോട് 9 ഡിഗ്രിയില്‍ കുറഞ്ഞ് അകലത്തിലാണ് നില്‍ക്കുന്നു എങ്കില്‍ ശുക്രന് മൗഢ്യം സംഭവിക്കും. മൗഢ്യമുള്ള ശുക്രന്‍ നീചഫലം ചെയ്യും. പ്രേമപരാജയം, വിവാഹ തകര്‍ച്ച, ലൈംഗിക താല്‍പ്പര്യക്കുറവ് ഇവയാണ് അനുഭവത്തില്‍ വരുന്നത്. ഇത് പലരും പരാജയത്തിന് ശേഷമാണ് അറിയുന്നത്. പല വിവാഹബന്ധങ്ങളും ശുക്രമൗഢ്യത്താല്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇത് ഗ്രഹനില പരിശോധിച്ച് ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം ഈ ആറുലഗ്നക്കാര്‍ക്ക് വജ്രം കേരളസര്‍ക്കാര്‍ ലാബില്‍ ടെസ്റ്റ് ചെയ്തു മോതിരത്തിലും മാലയിലുമായി ധരിച്ചാല്‍ ഒരു പരിധിവരെ മാറാവുന്നതാണ്.

ശുക്രനും നവാംശകവും

വിവാഹകാരകനാണ് ശുക്രന്‍. വിവാഹകാര്യത്തിന് വധുവിന്‍റെയും വരന്‍റെയും നവാംശകം പരിശോധിക്കണമെന്നു ആചാര്യന്മാര്‍ പറയുന്നുണ്ട്. എന്നാല്‍ പല ജ്യോതിഷന്മാരും ഇന്നും നവാംശകം നോക്കാറില്ല. ഗ്രഹനിലയില്‍ ഏഴാം ഭാവാധിപനും ശുക്രനും ഉച്ചത്തില്‍ നിന്നാലും നവാംശകത്തില്‍ നീചരാശിയില്‍ അംശിച്ചാല്‍ വിവാഹജീവിതം പരാജയപ്പെടും. ഇത് മുന്‍കൂട്ടി മനസ്സിലാക്കി ആ വിവാഹം ഒഴിവാക്കാവുന്നതാണ്.

ശുക്രനും രാഹുവും

ശുക്രന്‍ വിവാഹത്തിന്‍റെ ചുമതലയും രാഹുവിന് പ്രേമത്തിന്‍റെ ചുമതലയുമാണ്. ഈ രണ്ട് ഗ്രഹവും ഗ്രഹനിലയില്‍ യോഗം ചെയ്തു ഒരു രാശിയില്‍ നിന്നാല്‍ മിക്കവാറും പ്രേമവിവാഹമായിരിക്കും. ജാതിയിലും ചിലര്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കാം.

ശുക്രന്‍ ഓരോ ഭാവത്തിലും നിന്നാലുള്ള ഫലങ്ങള്‍

ശുക്രന്‍ ലഗ്നത്തില്‍

സുന്ദരനും സ്ത്രീ ആയാല്‍, സുന്ദരിയും ആയിരിക്കും. ചന്ദനം, കുങ്കുമം, മഞ്ഞള്‍, ലേപനം ഇവ ഉപയോഗിക്കും, ആഭരണങ്ങള്‍ അണിഞ്ഞുനടക്കാന്‍ ഇഷ്ടപ്പെടും. സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കും. എതിര്‍ലിംഗത്തിലുള്ളവരെ ആകര്‍ഷിക്കാന്‍ എപ്പോഴും താല്‍പ്പര്യം കാണിക്കും. ധനപരമായ ഉയര്‍ച്ച. സദസ്സില്‍ ശോഭിക്കും. ശുക്രന് പാപബന്ധമോ ശുക്രന് നീചരാശി ബന്ധമോ മൗഢ്യമോ ഉണ്ടായാല്‍ മറ്റുള്ളവരുടെ സ്വത്തുക്കളും ഭാര്യയെയും ഭര്‍ത്താവിനെയും സ്വന്തമാക്കും. അതുകാരണം ദുഷ്പ്പേര് ഉണ്ടാകും.

ശുക്രന്‍ രണ്ടില്‍

സംഗീതം, സാഹിത്യാഭിരുചി, ധനലാഭം, വാഗ്സാമര്‍ത്ഥ്യം, പരോപകാരം, വിനയമുള്ളവരും, നല്ല കാഴ്ചശക്തിയുള്ളവരും ഫലിതപ്രിയവും സുന്ദരിയും സുശീലയുമായ സ്ത്രീയെ ഭാര്യയായി ലഭിക്കും. തിരിച്ച് സ്ത്രീക്ക് സുന്ദരനായ ഭര്‍ത്താവിനെയും ലഭിക്കും. ശുക്രന്‍ ബലമില്ലാതെ പാപയോഗത്തില്‍ നിന്നാല്‍ കുടുംബധനം നശിക്കും. കണ്ണുകള്‍ക്ക് രോഗം സംഭാഷണത്തില്‍ വൈകല്യം ഇവയുണ്ടാകാം.

ശുക്രന്‍ മൂന്നാം ഭാവം

ധൈര്യം, ഉത്സാഹം, സഹോദരഗുണം ഇവയുണ്ടാകും. ലുബ്ധനായിരിക്കും. പണം ആവശ്യത്തിന് പോലും ചെലവാക്കുകയില്ല. എല്ലാകാര്യങ്ങളും ചിന്തിച്ച് മാത്രമേ ചെയ്യുകയുള്ളൂ. ആദ്യമെല്ലാം സഹോദരങ്ങളോടു താല്‍പ്പര്യം കുറവാണെങ്കിലും പിന്നീട് സഹോദരങ്ങളോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കും.

ശുക്രന്‍ നാലാം ഭാവത്തില്‍

വാഹനങ്ങള്‍ മാറിമാറി വാങ്ങും. ഒന്നിലധികം ഗൃഹങ്ങള്‍ സ്വന്തമാക്കും. ആരോഗ്യവാനും സൗന്ദര്യവതി ആയ ഭാര്യയും ഉണ്ടാകും. സ്ത്രീകള്‍ക്കാണെങ്കില്‍ മുകളില്‍ പറഞ്ഞ ഫലങ്ങളും സൗന്ദര്യവാനായ ഭര്‍ത്താവും ഉണ്ടാകും. നല്ല സുഹൃത്തുക്കള്‍, ഉന്നത വിദ്യാഭ്യാസം ഇവ ലഭിക്കും. എന്നാല്‍ 4 ലെ ശുക്രന്  നീചനോ മൗഢ്യമോ പാപയോഗമോ ഉണ്ടായാല്‍ വാഹനാപകടങ്ങളും ഭൂമി, വീട് സംബന്ധിച്ച കേസ,് ജപ്തി ഇവയും മാതൃദുഃഖങ്ങളും വന്നുഭവിക്കും.

ശുക്രന്‍ അഞ്ചില്‍

സന്താനസുഖം, പുത്രപ്രാപ്തി, കീര്‍ത്തി, ബഹുമാനം, സൗഖ്യം, പ്രണയചിന്തകള്‍, നല്ല ബുദ്ധിയുള്ളവരും രാജ്യകാര്യങ്ങളില്‍ ഇടപെടുന്നവരും മന്ത്രിയെ ഉപദേശിക്കുന്നവരും അമ്മ, അമ്മുമ്മ എന്നിവരെ ശുശ്രൂഷിക്കുന്നവരും പുണ്യമുള്ളവരുമായിരിക്കും. അഞ്ചിലെ ശുക്രന്‍ നീചനോ മൗഢ്യമോ ആണെങ്കില്‍ സ്ത്രീകള്‍ കാരണം കേസുവഴക്കുകളും ആക്രമങ്ങളും ഉണ്ടാകാം. രോഗക്ലേശങ്ങള്‍ അനുഭവിക്കും.

ആറില്‍ ശുക്രന്‍

ബന്ധുക്കളും, സഹചാരികളും സഹായികളും ധാരാളം പേരുണ്ടാകും. മാതൃകുടുംബബന്ധുക്കളെക്കൊണ്ടും പിതൃകുടുംബബന്ധങ്ങളെക്കൊണ്ടും സഹായം ഉണ്ടാകും. ശത്രുക്കള്‍ കുറയും. പലവിധ കപടവിദ്യകളും വശത്താക്കും. മായകള്‍ കാണിക്കും. 6 ലെ  ശുക്രന്‍ നീചനോ മൗഢ്യനോ ആണെങ്കില്‍ സ്ത്രീകള്‍ കാരണം കേസ്സുവഴക്കുകള്‍ ഉണ്ടാകും. ആക്രമണങ്ങളും ഉണ്ടാകാം. രോഗക്ലേശങ്ങള്‍ അനുഭവിക്കും.

ഏഴില്‍ ശുക്രന്‍

കാമാധിക്യമുള്ളവരായിരിക്കും ധാരാളം ധനം ഉണ്ടാകും. അന്യസ്ത്രീകളെ വശീകരിച്ചും അവരുമായി പ്രണയത്തില്‍ ആയും വാഹനഭാഗ്യം ഉണ്ടാകും. കളത്രനാശം, പ്രമേഹരോഗങ്ങള്‍, ധാരാളം ബന്ധുക്കളും സഹായികളും ഉണ്ടാകും. ഏഴില്‍ ശുക്രന്‍ പാപയോഗത്തിലോ മൗഢ്യത്തിലോ നീചഭംഗമില്ലാതെ നീചരാശിയിലോ നിന്നാല്‍ കളത്രനാശം, വിവാഹബന്ധം വേര്‍പെടും. പുനര്‍വിവാഹം നടക്കും. ഏഴില്‍ നീചഭംഗത്തോട് ശുഭഗ്രഹയോഗം ചെയ്താല്‍ കളത്രദേശത്ത് ധാരാളം സ്വത്തുക്കള്‍ സമ്പാദിക്കും. ആരാധകര്‍ ഉണ്ടാകും. ഉന്നത വിവാഹബന്ധം വഴി ഉയര്‍ച്ച.

എട്ടിലെ ശുക്രന്‍

വളരെ സുഖങ്ങള്‍ അനുഭവിക്കാന്‍ പരിശ്രമിക്കുന്നവരായിരിക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും. ദീര്‍ഘായുസ്സ് ഉണ്ടാകും. കളത്രത്തെ ഇഷ്ടമുള്ളവരായിരിക്കും. എട്ടിലെ ശുക്രന്‍ നീചരാശിയിലോ മൗഢ്യത്തിലോ ആണെങ്കില്‍ സ്ത്രീകള്‍ കാരണമുള്ള സംഘട്ടനത്തില്‍ മരണംവരെ സംഭവിക്കാം. അവിഹിതബന്ധം പലപ്പോഴും സംഘട്ടനത്തില്‍ എത്തിച്ചേരും. അത് ആയുസ്സിനെ ദോഷമായി ബാധിക്കും.

ഒന്‍പതിലെ ശുക്രന്‍

ധര്‍മ്മം അറിഞ്ഞ് അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും തപസ്വിയും മതാനുഷ്ഠാനങ്ങള്‍ യഥാവിധി ആദരിച്ച് ചെയ്യുന്നവരും പണ്ഡിതനും അന്യര്‍ക്കും സമൂഹത്തിനും ശുഭകാര്യങ്ങള്‍ ചെയ്യും. പൂര്‍വ്വപുണ്യം, പിതാവിന് ഗുണവും പിതാവിന്‍റെ സഹായസഹകരണവും സന്താനങ്ങളുടെയും കൊച്ചുമക്കളുടെയും സ്നേഹവും ബഹുമാനവും ഉണ്ടാകും. എന്നാല്‍ ഭാഗ്യസ്ഥാനമായ ഒമ്പതില്‍ നീചനായ ശുക്രന്‍ പാപയോഗത്തോടോ മൗഢ്യത്തിലോ നിന്നാല്‍ സമൂഹത്തില്‍ നിന്നും പിതാവില്‍ നിന്നും അകലും. ഭാഗ്യദോഷങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അനുഭവിക്കും.

പത്തിലെ ശുക്രന്‍

വളരെ പ്രതാപമുള്ളവരും അധികാരവും ശ്രേയസ്സും പ്രസിദ്ധിയുള്ളവരും അനേകം വാഹനങ്ങള്‍, ഒന്നിലധികം സ്വര്‍ണ്ണക്കടകള്‍, അനേകം പേര്‍ക്ക് ഗുണം ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളുടെ പ്രധാനി എന്നീ ചുമതലകളില്‍ അനവധി പേര്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ പത്തിലെ ശുക്രന് നീചമോ മൗഢ്യമോ ഉണ്ടെങ്കില്‍ വ്യാപാരം തകര്‍ന്ന് കടം കയറുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്യേണ്ടിവരും. എപ്പോഴും വ്യവസായം ചെയ്യുന്നത് സ്വന്തമായി മേല്‍നോട്ടത്തിലാകണം.

പതിനൊന്നിലെ ശുക്രന്‍

വിദ്വാനും വളരെ സ്വത്തുക്കളും കൂടുതലും വനിതാജീവനക്കാരുടെ സഹായസഹകരണവും വാഹനഭാഗ്യം, ആഡംബര വസ്തുക്കളുടെ ക്രയവിക്രയം, അനവധി തൊഴില്‍സ്ഥാപനങ്ങള്‍, സഹോദരങ്ങളെ മേല്‍നോട്ടം ഏല്‍പ്പിക്കും. പതിനൊന്നില്‍ നീചനായ ശുക്രനോ, മൗഢ്യമുള്ള ശുക്രനോ നിന്നാല്‍ പ്രശസ്തിക്ക് കോട്ടവും തോല്‍വിയും ലാഭങ്ങള്‍ക്ക് പകരം നഷ്ടങ്ങളും ആദായനികുതിയുടെ വെട്ടിപ്പുകാരണം കേസുകളും ഉണ്ടാകും.

പന്ത്രണ്ടിലെ ശുക്രന്‍

നല്ല കാര്യങ്ങള്‍ക്ക് പണം ചെലവ് ചെയ്യും. ആശുപത്രികള്‍, ആഡിറ്റോറിയങ്ങള്‍, ക്ഷേത്രങ്ങള്‍ ഇവ സ്ഥാപിക്കും. സുഖഭോഗങ്ങള്‍ക്കുവേണ്ടി പണം ചെലവു ചെയ്യും. എന്നാല്‍ 12 ല്‍ നീചനായ ശുക്രനാണ് നില്‍ക്കുന്നതെങ്കില്‍ ലൗകിക വിഷയങ്ങള്‍ക്ക് പണം ചെലവഴിച്ച് ചതിപറ്റാന്‍ സാധ്യതയുണ്ട്. മരണാനന്തര കീര്‍ത്തിനേടും. ശുക്രപ്രീതിക്ക് മാസം തോറും മഹാലക്ഷ്മിദേവിക്ക് ലക്ഷ്മിപൂജ നടത്തി പ്രാര്‍ത്ഥിക്കുക.

പി.കെ. വിമലന്‍
(9446272508)

Photo Courtesy - Google