സുന്ദരകാണ്ഡ പാരായണം എന്തിന്? എങ്ങനെ?
ഏത് പ്രതിസന്ധിവേളയിലും സുന്ദരകാണ്ഡം പാരായണം ചെയ്താല്‍ ആശ്വാസവും പരിഹാരവും ലഭിക്കുമെന്നാണ് വിശ്വാസം
വിവാഹതടസ്സം, സന്താനലബ്ധിയില്ലായ്മ, ഋണ(കടം) ബാധ്യതകള്‍, ജോലി- ഉദ്യോഗ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കൊക്കെ സുന്ദരകാണ്ഡപാരായണം പ്രതിവിധിയേകുമെന്നാണ് വിശ്വാസം. സീതയെ അന്വേഷിച്ച് ലങ്കയിലേക്ക് പുറപ്പെട്ട ഹനുമാന് മാര്‍ഗ്ഗമദ്ധ്യേയും ലങ്കയിലും നേരിടേണ്ടിവന്ന പ്രതിസന്ധികളും പ്രശ്നങ്ങളും ഒട്ടനവധിയാണ്. അവയെ തന്‍റെ വിവേകം കൊണ്ടും വീരം കൊണ്ടും എതിരേറ്റ് ഹനുമാന്‍ വിജയം നേടുന്നു.
എന്നാല്‍ അതിനുമുമ്പ് വാനരസ്വഭാവത്താല്‍ ആകെ ചിന്താക്കുഴപ്പത്തിലായ ഹനുമാന്‍ ശേഷം സ്ഥിരചിത്തതയോടെ പ്രവര്‍ത്തിക്കുകയായിരുന്നു. മനുഷ്യമനസ്സ് കുരങ്ങിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ചാടുന്നതാണ്. എന്നാല്‍ അതിന് ഏതുസമുദ്രത്തേയും കടന്നുചെല്ലാനുള്ള ശക്തിയും ആര്‍ജ്ജവവുമുണ്ട്.
എന്നിരുന്നാലും പ്രശ്നങ്ങളെ നേരിടേണ്ടിവരുമ്പോള്‍ മനസ്സ് ആകെ ചിന്താക്കുഴപ്പത്തിലാവുന്നു. പിന്നീട് വ്യക്തത വന്ന് ചിന്തിക്കുമ്പോള്‍ പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗം ലഭിക്കുന്നു. ഇതിനെയാണ് സുന്ദരകാണ്ഡം വിവരിക്കുന്നതും വിശദീകരിക്കുന്നതും.
അതായത് ഏത് പ്രതിസന്ധിയേയും പ്രശ്നത്തേയും നേരിടേണ്ടിവന്നാലും ആശയക്കുഴപ്പം കൂടാതെ വ്യക്തതയോടെ ചിന്തിച്ചാല്‍ തീര്‍ച്ചയായും പരിഹാരം കിട്ടും. ഇത് മനസ്സിലാക്കിയാല്‍ തന്നെ എല്ലാസമയത്തും വിജയം നേടാം. ഇന്നത്തെ ഈ ധൃതിപിടിച്ച ലോകത്ത് ചുരുക്കമായി, വളരെ ലളിതമായി സുന്ദരകാണ്ഡം വായിക്കാന്‍ സഹായകമാവും വിധം ഇവിടെ വിവരിക്കുന്നു.
സുന്ദരകാണ്ഡം
മഹേന്ദ്രഗിരി(മല)യുടെ മുകളില്‍ വാനോളം ഉയര്‍ന്നുനിന്നു ഹനുമാന്‍. അവന്‍റെ മഹാരൂപം കണ്ടിട്ട് മല തന്നെ അന്ധാളിച്ചുപോയി. തനിക്ക് വിജയം വരിക്കണം എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഹനുമാന്‍ വാനരവീരന്മാരോട്
'സുഹൃത്തുക്കളേ.. ഒറ്റച്ചാട്ടത്തിന് ഞാന്‍ ലങ്കയില്‍ എത്തും. അവിടെ ഞാന്‍ സീതാദേവിയെ അന്വേഷിച്ചുകണ്ടെത്തും. ഒരുപക്ഷേ അതിനുകഴിയാതെ വന്നാല്‍, ലങ്കാധിപനെ ഹിംസിച്ച് വലിച്ചിഴച്ച് കൊണ്ടുവരും' എന്നുപറഞ്ഞ് ദക്ഷിണദിശ ലക്ഷ്യമാക്കി ആകാശത്തിലേയ്ക്ക് കുതിച്ചു.
പരീക്ഷണങ്ങള്‍
രാമബാണത്തിന് സമാനമായ വേഗതയില്‍ ലങ്കയെ ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു ഹനുമാന്‍. ഹനുമാന്‍റെ വഴിതടയും വിധം കടലില്‍ നിന്നും പെട്ടെന്ന് ഒരു മല മുളച്ചുപൊന്തി. മൈനാകം എന്നാണ് അതിന്‍റെ പേര്. തന്‍റെ വഴി മറച്ചുനിന്ന മൈനാക പര്‍വ്വതത്തെ കണ്ട് തെല്ലും ഭയക്കാതെ അതിവേഗം അതിന്‍റെ മീതെ ഇടിച്ചു. ഹനുമാന്‍റെ ഇടിയുടെ ശക്തി താങ്ങാനാവാതെ കുലുങ്ങിയ മൈനാകമല, ഝടുതിയില്‍ സംസാരിക്കുവാന്‍ തുടങ്ങി.. 'വായുപുത്രാ.. രാമന്‍റെ സേവയില്‍ വ്യാപൃതനായിട്ടുള്ള താങ്കളെ സഹായിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഉയര്‍ന്നുനില്‍ക്കുന്നത്.
രാമചന്ദ്രന്‍റെ പൂര്‍വ്വികനായ സഗരചക്രവര്‍ത്തിയാല്‍ സൃഷ്ടിക്കപ്പെട്ടതാണ് സാഗരം. താങ്കളുടെ ക്ഷീണമകറ്റി ഉപചരിക്കാന്‍ സമുദ്രരാജന്‍ എനിക്ക് ഉത്തരവിട്ടു. അതിലൂടെ രാമസേവയില്‍ താനും സഹായിച്ച് നന്ദി ചെലുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സമുദ്രരാജന്‍റെ ആജ്ഞയനുസരിച്ചാണ് ഞാന്‍ ഇവിടെ ഉയര്‍ന്നുനില്‍ക്കുന്നത്. തന്‍റെ ശിഖരത്തില്‍ തങ്ങി അല്‍പ്പം വിശ്രമിച്ചുകൊള്ളു' എന്ന് സ്നേഹപൂര്‍വ്വം ക്ഷണിച്ചു മൈനാഗം.
അതുകേട്ട് സന്തുഷ്ടനായ ഹനുമാന്‍, സീതയെ കണ്ടെത്തുന്നതുവരെ വിശ്രമത്തിന് അവധി നല്‍കിയിരിക്കുകയാണ് എന്ന് പറഞ്ഞു. അതുകേട്ട മൈനാഗം മടക്കവേളയിലെങ്കിലും തന്‍റെയടുത്ത് വന്ന് വിശ്രമിച്ചിട്ട് പോകണം എന്ന് അഭ്യര്‍ത്ഥിച്ചു. അതിന് സമ്മതം പറഞ്ഞുകൊണ്ട് തെല്ലും വേഗത കുറയാതെ അവിടെ നിന്നും യാത്ര തുടര്‍ന്നു ഹനുമാന്‍.
ഹനുമാന്‍റെ കഴിവിനേയും ശക്തിയേയും പരീക്ഷിക്കാന്‍ നിശ്ചയിച്ച ദേവന്മാര്‍ രാക്ഷസി ഒരുവളെ ഹനുമാന് നേരെ അയച്ചു. മാര്‍ഗ്ഗമദ്ധ്യേ വാപൊളിച്ചു നിന്നു അവള്‍. തന്‍റെ വായില്‍ കിടന്ന് തനിക്ക് ആഹാരമാവണമെന്ന് പറഞ്ഞ് അവള്‍ ഹനുമാനെ വിരട്ടി. ഭയം തെല്ലും ഇല്ലാത്ത ഹനുമാന്‍ ആ രാക്ഷസിയെ ബുദ്ധികൊണ്ട് വെല്ലാന്‍ തീരുമാനിച്ചു. തന്‍റെ രൂപം അദ്ദേഹം വീണ്ടും വീണ്ടും വലുതാക്കിക്കൊണ്ടിരുന്നു. രാക്ഷസി അവളുടെ വായ ഹനുമാന്‍റെ രൂപത്തിന് അനുസരിച്ച് വലുതാക്കവേ, ഹനുമാന്‍ തന്‍റെ രൂപം പെട്ടെന്ന് ചെറുതാക്കി അവളുടെ വായയുടെ അകത്ത് പ്രവേശിച്ച് അരഞൊടി കൊണ്ട് പുറത്തുവന്നു. ഹനുമാന്‍റെ ബുദ്ധിസാമര്‍ത്ഥ്യം കണ്ട ദേവന്മാര്‍, സന്തുഷ്ടരായി. രാക്ഷസി സുന്ദരിയായി മാറി.
'സുന്ദരാ.. നാഗങ്ങളുടെ അമ്മയായ എന്‍റെ പേര് സുരസ എന്നാണ്. നിന്‍റെ ആര്‍ജ്ജവത്തെ പരീക്ഷിക്കാന്‍ ദേവന്മാരുടെ ആജ്ഞപ്രകാരമാണ് ഞാന്‍ നിന്‍റെ വഴി തടഞ്ഞത്. നീ എന്തിന് പോകുന്നുവോ അതില്‍ നീ വിജയിക്കട്ടെ' എന്നുപറഞ്ഞ് സുരസ ഹനുമാനെ ആശംസിച്ചു.
നിഴലിനെ പിടിച്ചുവലിച്ച് നിജത്തെ തന്‍റെ ആഹാരമാക്കാന്‍ കഴിവുള്ള സിംഹിക എന്ന രാക്ഷസി, കടലിന് മീതെ അസ്ത്രം കണക്കെ പാഞ്ഞുപോയിക്കൊണ്ടിരുന്ന ഹനുമാന്‍റെ നിഴല്‍ കടലിന്‍റെ മേല്‍ ഭാഗത്ത് പതിയുന്നത് കണ്ടു. വലിയ രൂപം, വലിയ വിരുന്നാണ് തനിക്ക് ഇന്ന് കിട്ടുന്നത് എന്ന് കരുതി സിംഹിക മനസാ ആഹ്ലാദിച്ചു. അവള്‍ ഹനുമാന്‍റെ നിഴലിനെ പിടിച്ച് വലിച്ചു. വായ തുറന്നുപിടിച്ചുകൊണ്ട് അവള്‍ ഹനുമാനോട് അടുത്തു. മനസ്സില്‍ ഒരു പദ്ധതിയിട്ട് അവളുടെ വായ്ക്കകത്ത് പ്രവേശിച്ച ഹനുമാന്‍ അടുത്തക്ഷണം തന്നെ അവളുടെ മാറ് പിളര്‍ന്നുകൊണ്ട് പുറത്തുവന്നു. മലപോലെയുള്ള രാക്ഷസി മരണമടയവേ മാരുതി തന്‍റെ പാതയില്‍ മുന്നേറി.
ലങ്കാദേവത
ലങ്കാനഗരത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വായുപുത്രന്‍റെ മുന്നില്‍ നടുക്കുന്ന രൂപത്തില്‍ വന്നുനിന്നു അതിഭയങ്കരിയായ രാക്ഷസി. 'വനത്തില്‍ വസിക്കേണ്ട വാനരന് ശക്തരായ അസുരന്മാര്‍ വസിക്കുന്ന ലങ്കയില്‍ എന്ത് ജോലി.. എന്ത് കാര്യം. ആരാണ് നീ? എന്തിന് വേണ്ടിയാണ് ഇവിടെ വന്നത്?' എന്ന് ഗര്‍ജ്ജിച്ചുകൊണ്ടുചോദിച്ചു.
'എന്നെ തടഞ്ഞുനിര്‍ത്തുന്ന നീ ആരാണ് എന്ന് ആദ്യം പറയൂ' എന്ന മറുചോദ്യം ഹനുമാന്‍ തൊടുത്തു. അതുകേട്ട് കോപാകുലയായ രാക്ഷസി 'ഹേ, നിസ്സാരക്കാരനായ വാനരാ.. കാലനാണെങ്കിലും എന്‍റെ അനുമതി ഇല്ലാതെ ഇവിടെ പ്രവേശിക്കാനാവില്ല. ദശമുഖന്‍റെ(രാവണന്‍) ആജ്ഞ അനുസരിച്ച് ലങ്കയെ കാക്കുന്ന കാവല്‍ ദേവതയാണ് ഞാന്‍' എന്ന് അവള്‍ അഹങ്കാരത്തോടെ പറഞ്ഞു.
'സുന്ദരമായ ഈ നഗരത്തെ ആശ തീരുവോളം ചുറ്റിക്കാണണം എന്നതാണ് എന്‍റെ ലക്ഷ്യം' എന്ന് ഹനുമാന്‍ സൗമ്യമായി പറഞ്ഞു. പക്ഷേ, രാക്ഷസിയാകട്ടെ ദേഷ്യപ്പെട്ട് ഹനുമാനെ വിരട്ടി ഓടിക്കാന്‍ ശ്രമിച്ചു. അതുവരെ ക്ഷമിച്ചുനിന്ന വായുപുത്രന്‍ തന്‍റെ ഇടതുകൈ മടക്കി അവളെ പതുക്കെ ഒന്നുകുത്തി.
അത് ലങ്കാദേവിയെ ഇടിപോലെ പ്രഹരമേല്‍പ്പിച്ചു. സമനിലതെറ്റി താഴെ വീണ രാക്ഷസി നടുക്കത്തോടെ തൊണ്ടയിടറിക്കൊണ്ട് 'ശക്തനായ വാനരാ.. വാനരവീരന്‍ ഒരുവന്‍ എന്നെ എതിര്‍ത്ത് വിജയിക്കുമ്പോള്‍ ലങ്കയ്ക്കും രാവണന്‍റെ കുലത്തിനും അന്ത്യം അടുത്തു എന്ന് മനസ്സിലാക്കിക്കൊള്ളൂ എന്ന് ബ്രഹ്മദേവന്‍ മുമ്പൊരിക്കല്‍ എന്നോട് പറഞ്ഞു. ബ്രഹ്മാവ് പറഞ്ഞ ആ ദിവസം ഇന്ന് എത്തി എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ലങ്കയില്‍ പ്രവേശിക്കാന്‍ ഇനി നിങ്ങള്‍ക്ക് എന്‍റെ അനുമതിയുടെ ആവശ്യമില്ല' എന്നുപറഞ്ഞ് ലങ്കാദേവി ഹനുമാന് വഴിവിട്ടുനിന്നു. ഹനുമാന്‍ ആദ്യം തന്‍റെ ഇടതുകാല്‍ വെച്ച് ലങ്കയില്‍ പ്രവേശിച്ചു.
സീത എവിടെ?
ഹനുമാന്‍ ലങ്കയില്‍ പ്രവേശിക്കുന്ന വേളയില്‍ നിലാവ് മാത്രമേ ഉണര്‍ന്നിരുന്നുള്ളൂ. നിശ്ശബ്ദമായിരുന്ന ലങ്കയില്‍ പ്രവേശിച്ച ഹനുമാന്‍, ഒരിടം വിടാതെ സീതയെ അന്വേഷിച്ചുകൊണ്ടുനടന്നു. രാത്രിയിലും പ്രകാശപൂരിതമായ ലങ്കയുടെ സമൃദ്ധിയെക്കുറിച്ച് ചിന്തിച്ച് വിസ്മയിച്ചുകൊണ്ട് നടന്ന ഹനുമാന്‍ വളരെ പെട്ടെന്ന് തന്നെ രാവണന്‍റെ അരമനയില്‍ എത്തിച്ചേര്‍ന്നു.
അപ്സരസുകളെപ്പോലുള്ള സുന്ദരിമാരായ സ്ത്രീകള്‍ അരമനയില്‍ മുഴുവന്‍ അങ്ങിങ്ങായി ഗാഢനിദ്രയില്‍ ആണ്ടിരിക്കവേ അവര്‍ക്കിടയില്‍ സീതയുണ്ടോ എന്ന് അന്വേഷിച്ചു. ഒരു മുറിയില്‍ വിലമതിക്കാനാവാത്ത ആസനത്തില്‍ ഇരുന്നുകൊണ്ട് ഉറങ്ങുകയായിരുന്നു രാവണന്‍. അവനെക്കണ്ട മാത്രയില്‍ തന്നെ അവന്‍റെ അതിരറ്റ വീരം ഹനുമാന് ബോധ്യമായി. രാവണന്‍റെ അടുത്ത് തന്നെ അതിവിശിഷ്ടമായ ഒരു കിടക്കയില്‍ കിടന്ന് ഉറങ്ങിക്കൊണ്ടിരിക്കുന്നു രാവണപത്നിയായ മണ്ഡോദരി. അവളുടെ ശാന്തസുന്ദരമായ സൗന്ദര്യം കണ്ട ഹനുമാന്‍, സീതാദേവിയെ കണ്ടെത്തിയതായി കരുതി ഉള്ളം കൊണ്ട് സന്തോഷിച്ചു. അതുതന്നെയാണ് സീതാദേവി എന്നുകരുതി ആഹ്ലാദിച്ച മാരുതി ചില ഞൊടികള്‍ കഴിഞ്ഞ് ചിന്തിച്ചുതുടങ്ങി.
'സ്നേഹനിധിയായ രാമനെ പിരിഞ്ഞ് അസുരന്മാരുടെ പിടിയില്‍ അകപ്പെട്ട സീതയ്ക്ക് എങ്ങനെ സ്വസ്ഥമായി ഉറങ്ങാനാവും?' ദേവിയെ അന്യരുടെ അന്തപ്പുരത്തില്‍ തിരയുന്നത് ബുദ്ധിശൂന്യമായ പ്രവര്‍ത്തിയല്ലേ' എന്ന് ചിന്തിച്ച് ഹനുമാന്‍ പെട്ടെന്നുതന്നെ അവിടം വിട്ടു.
ലങ്കാനഗരത്തില്‍ സീതാദേവിയെ തിരയാത്ത ഒരിടവും ബാക്കിയില്ല എന്ന് ഹനുമാന് ബോധ്യമായപ്പോഴേക്കും രാത്രി കടന്ന് അര്‍ദ്ധരാത്രിയായിക്കഴിഞ്ഞിരുന്നു. കനത്ത ഇരുള്‍ ചൂഴ്ന്ന ആ വേളയില്‍ മാരുതിയുടെ മനസ്സില്‍ അസ്വസ്ഥതയുടെ ചൂഴ്ന്നുതുടങ്ങി. അതുകൊണ്ട് തന്‍റെ ഇച്ഛയ്ക്ക് വഴങ്ങാത്തതുകൊണ്ട് സീതാദേവിയെ രാവണന്‍ കൊന്നിട്ടുണ്ടാവുമോ? അതല്ല അവന്‍റെ പീഡനം സഹിക്കവയ്യാതെ ദേവി സ്വയം തന്‍റെ ജീവന്‍ ഒടുക്കിയിട്ടുണ്ടാവുമോ? എന്നിങ്ങനെ പലതരം ചിന്തകളോടെ മനോദുഃഖത്തിലായി ഹനുമാന്‍. അല്‍പ്പസമയത്തിനുശേഷം ചിന്തകളില്‍ വ്യക്തത നേടിയ ഹനുമാന്‍റെ ദൃഷ്ടിയില്‍പ്പെട്ടു ആ വനം! മനോഹരമായ അശോകവനം! ഹനുമാന്‍ അതിനുള്ളില്‍ പ്രവേശിച്ചു.
കണ്ടുസീതയെ!
പൂമരങ്ങള്‍ ചാമരം വീശുന്ന, പഴങ്ങളുടെ ഭാരം താങ്ങാനാവാതെ കനിവൃക്ഷങ്ങള്‍ തലതാഴ്ത്തി നില്‍ക്കുന്ന, അതീവ സമൃദ്ധിയുള്ള അശോകവനത്തിനടുത്ത് ദേവിയെ തിരഞ്ഞു ഹനുമാന്‍. അപ്പോള്‍ വനമദ്ധ്യത്തിലെ മണ്ഡപത്തിനരികെ, മേഘാവൃതമായ പൂര്‍ണ്ണനിലാവുപോലെ, ശോകം മൂടിയ മുഖവുമായി ഒരു മരച്ചുവട്ടില്‍ അതിസുന്ദരിയായ ഒരു മങ്ക ഇരിക്കുന്നതുകണ്ടു. സ്ത്രീകളില്‍ ഇവള്‍ക്ക് ഈടില്ലാ എന്നപോലെ അതിരറ്റ സുന്ദരിയായ അവള്‍, അഴുക്കുള്ള വസ്ത്രമണിഞ്ഞ്, ദുഃഖത്തെ ആഭരണമായി അണിഞ്ഞ് ദര്‍ശനം നല്‍കി. ശോകത്തിന്‍റെ നിഴല്‍ പോലും എത്താത്തവനം എന്ന അര്‍ത്ഥത്തില്‍ 'അശോകവനം' എന്ന പേരുള്ള ആ വനത്തില്‍, ശോകത്തിന്‍റെ പൂര്‍ണ്ണരൂപമായി ഇരിക്കുന്ന അവളെ കണ്ടയുടന്‍, ദേവി സീത അവള്‍ തന്നെയാണെന്ന് മനസ്സിലാക്കി ഹനുമാന്‍.
സിംഹങ്ങള്‍ക്ക് മധ്യേ അകപ്പെട്ട പേടമാന്‍ പോലെ, രാക്ഷസിമാര്‍ക്കിടയില്‍ ഭയന്നുകൊണ്ടിരിക്കയായിരുന്നു സീത. പെട്ടെന്നുതന്നെ സീത ഇരിക്കുന്ന ഇടത്ത് എത്തുവാനും, രാക്ഷസിമാരുടെ ശ്രദ്ധയില്‍ പെടാതെ താന്‍ ആരാണെന്ന് സീതയെ അറിയിക്കുവാനും എന്താണ് മാര്‍ഗ്ഗം എന്ന് ചിന്തിച്ച മാരുതി ചെറിയ കുരങ്ങായി തന്‍റെ രൂപം മാറ്റി മരംതോറും ചാടി സീത ഏത് വൃക്ഷത്തിന്‍റെ ചുവട്ടില്‍ ആസനസ്ഥയായിരുന്നുവോ, ആ വൃക്ഷത്തിന്‍റെ ചില്ലയില്‍ വന്ന് ഇരുന്നു. അതേസമയം അരമനയില്‍, അന്തഃപുരത്തില്‍ ഗാഢനിദ്രയിലായിരുന്ന രാവണന്‍ പെട്ടെന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. അതേ വിനാഴികയില്‍ സീതയെക്കുറിച്ചുള്ള ചിന്തയും അവനില്‍ ഉണരവേ, ഝടുതിയില്‍ അശോകവനത്തിലേക്ക് പുറപ്പെട്ടു.
സീതാദേവിയുടെ മനോദുഃഖത്തിന് മരുന്ന് നല്‍കാനായി, മരത്തില്‍ നിന്നും ഇറങ്ങാന്‍ തീരുമാനിച്ച മാരുതി അവിടെ രാവണന്‍ എത്തിയത് കണ്ടയുടന്‍ മരച്ചില്ലയുടെ പിന്നില്‍ മറഞ്ഞിരുന്നുകൊണ്ട് അവിടെ നടക്കുന്നതൊക്കെ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു.
വാടിയ മലര്‍പോലെ ആസനസ്ഥയായിരുന്ന സീതയോടടുത്ത രാവണന്‍, അസഭ്യമായി വാക്കുകള്‍ അവള്‍ക്ക് നേരെ വര്‍ഷിച്ചു. തന്‍റെ ആഗ്രഹത്തിന് വഴങ്ങണമെന്ന് സീതയോട് കെഞ്ചി- വിരട്ടി ഒടുവില്‍ അഭ്യര്‍ത്ഥിച്ചു. പുലസ്ത്യമഹര്‍ഷിയുടെ ചെറുമകനായിരുന്നിട്ടും 'പുല്ലനെ'പ്പോലെ വില കുറഞ്ഞ പ്രവര്‍ത്തി ചെയ്ത് മ്ലേച്ഛനായി തീര്‍ന്ന രാവണനെ പുല്ലിന് സമാനമായി കരുതുന്നത് ബോധ്യപ്പെടുത്തുവാനായി, ഒരു പുല്ല് പറിച്ച് രാവണനും തനിക്കും മദ്ധ്യേ ഇട്ടു സീത. പിന്നീട് ആ പുല്ലിനെനോക്കിക്കൊണ്ട് സീത സംസാരിച്ചുതുടങ്ങി.
'രാവണാ, എന്നെ അപഹരിച്ചുകൊണ്ട് വന്നതിലൂടെ നീ നിന്‍റെ ജീവനേയും നിന്‍റെ കുലത്തിലുള്ളവരുടേയും ജീവന്‍ അപഹരിച്ചുകൊണ്ടുപോകുന്ന കാലനെ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ബുദ്ധി നഷ്ടപ്പെട്ട നീ കാരണം ലങ്കയുടെ വിധി ദുര്‍വിധിയായി എല്ലാവരും നശിക്കാന്‍ പോവുകയാണെന്നത് നിശ്ചയം...'
രാവണന്‍ അവിടെ നിന്നും പോയ ഉടന്‍ അശോകവനത്തിലെ രാക്ഷസിമാര്‍ സീതയ്ക്ക് ചുറ്റും വട്ടമിട്ടു നിന്നു. സ്നേഹപ്രകടനം നടത്തിയും, 'നിന്നെ ഞങ്ങള്‍ ഭക്ഷിച്ചുകളയും' എന്ന് ഭീഷണിപ്പെടുത്തിയും സീതയുടെ മനസ്സ് മാറ്റാന്‍ ശ്രമിച്ചു. ആ രാക്ഷസിമാരില്‍ ഒരുവളായ ത്രിജഡ 'ഇവളെ പീഡിപ്പിക്കുന്നത് നിര്‍ത്തൂ' എന്ന് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. അതുകേട്ട് മറ്റ് രാക്ഷസന്മാര്‍ ഒന്നടങ്കം അമ്പരന്നുനില്‍ക്കേ ത്രിജഡ 'അതിരാവിലെ ഞാന്‍ ഒരു സ്വപ്നം കണ്ടു.
അതില്‍ അതിപരാക്രമശാലിയായ അസുരരാജാവ് അല്‍പ്പവസ്ത്രധാരിയായി, അലങ്കോലപ്പെട്ട വസ്ത്രവുമായി കഴുതപ്പുറത്ത് കയറി തെക്കോട്ട് പോകുന്നു. രാമന്‍ വിജയശ്രീ വീരനായി വെണ്‍കുതിരപ്പുറത്ത് എഴുന്നെള്ളിവരവേ, അദ്ദേഹത്തോടൊപ്പം സീതാദേവിയും. മാത്രമല്ല ലങ്കയാകെ നശിച്ചുകിടക്കുകയും ചെയ്യുന്നു' എന്ന് താന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് വിവരിച്ചു.
രാവണന്‍റെ അനുജന്‍ വിഭീഷണന്‍റെ പുത്രിയാണ് ഏവര്‍ക്കും ആരാധ്യയായ ത്രിജഡ. അവര്‍ തന്നെ ഇങ്ങനെ പറഞ്ഞപ്പോള്‍ രാക്ഷസിമാര്‍ ഭയചകിതരായി നടുങ്ങി. അവര്‍ സീതയെ പീഡിപ്പിക്കുന്നത് നിറുത്തി. ഇനി എന്ത് സംഭവിക്കുമോ എന്ന ഭയാശങ്കയോടെ പരസ്പരം സംസാരിക്കാന്‍ തുടങ്ങി.
രാവണരാജ്യത്തില്‍
രാമനാമമുഴക്കം
സീതയെ കാണുവാന്‍ പറ്റിയ സന്ദര്‍ഭം ഇതുതന്നെയാണ് എന്ന് മനസ്സിലാക്കിയ ഹനുമാന്‍, അടുത്ത ക്ഷണംതന്നെ മഹിമയാര്‍ന്ന രാമനാമം നേര്‍ത്ത സ്വരത്തില്‍ ജപിക്കാന്‍ തുടങ്ങി. രാമനാമം ചെവിയില്‍ വീണയുടന്‍ തന്നെ സീതയുടെ മനം കുളിര്‍ത്തു. എങ്കിലും രാവണന്‍റെ രാജ്യത്തില്‍ ആരാണ് രാമനാമം ചെല്ലുന്നത് എന്ന് മനസ്സിലാക്കാതെ അമ്പരന്നു. ആ സമയത്ത് മാരുതി മരത്തില്‍ നിന്നും താഴെ ഇറങ്ങി. തന്‍റെ എതിരെ വന്നുനിന്ന കൊച്ചുവാനരനെക്കണ്ട സീത ആശയക്കുഴപ്പത്തിലായി. മായാവിയായ രാവണന്‍ തന്നെ മയക്കുവാനായി ചെയ്യുന്ന വിദ്യകളില്‍ ഇതും ഒന്നായിരിക്കുമോ എന്ന സംശയമുദിച്ചു സീതയ്ക്ക്.
അത് മനസ്സിലാക്കിയ ഹനുമാന്‍ രാമന്‍ സുഗ്രീവനെ കണ്ടുമുട്ടിയതുമുതല്‍ താന്‍ അശോകവനത്തില്‍ എത്തിയതുവരെയുള്ള എല്ലാ കാര്യങ്ങളും സീതയ്ക്ക് ചുരുക്കി വിവരിച്ചുകൊടുത്തു. 'എവിടെയെങ്കിലും വാനരന്‍ സാഗരം താണ്ടിവരുമോ' എന്ന സംശയം സീതയ്ക്ക് ഉണ്ടാവരുത് എന്നതിനായി വായുപുത്രനായ തന്നെക്കുറിച്ചും, രാമന്‍റെ ദൂതനായി എത്തിയതായും വിനയപൂര്‍വ്വം സീതയോട് പറഞ്ഞു. ഒപ്പം രാമന്‍റെ മുദ്രമോതിരവും ഹനുമാന്‍ സീതയ്ക്ക് നല്‍കി.
പതിയുടെ മുദ്രമോതിരം കണ്ടതും, അദ്ദേഹത്തെ നേരില്‍ കണ്ടതുപോലെ ആഹ്ലാദചിത്തയായി സീത. തന്‍റെ മനം കുളിര്‍പ്പിച്ച ഹനുമാനെ അവള്‍ മനം കുളിര്‍ക്കെ അനുഗ്രഹിച്ചു. ശേഷം സീത ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ ഹനുമാന്‍, ഉടന്‍തന്നെ രാമന്‍ ലങ്കയിലെത്തി രാവണനെ തോല്‍പ്പിച്ച് സീതയെ മോചിപ്പിച്ചുകൊണ്ടുപോകുമെന്നുപറഞ്ഞ് സീതയ്ക്ക് ആത്മവിശ്വാസമേകി. ഹനുമാന്‍റെ വാക്കുകള്‍ കേട്ട് അല്‍പ്പം ആശ്വസിച്ച സീത 'വാനരവീരാ.. രാവണന്‍ എനിക്ക് കല്‍പ്പിച്ച കാലാവധി തീരാന്‍ ഈനി രണ്ടുമാസമേ ബാക്കിയുള്ളൂ. അതിനുള്ളില്‍ വന്ന് എന്നെ മോചിപ്പിക്കണമെന്ന് അദ്ദേഹത്തോട് പറയൂ. രണ്ടുമാസത്തിനുള്ളില്‍ അദ്ദേഹം വന്ന് എന്നെ മോചിപ്പിച്ചില്ലെങ്കില്‍, ഞാന്‍ എന്‍റെ ജീവന്‍ ത്യജിക്കും എന്ന വിവരവും അദ്ദേഹത്തോട് പറയൂ' എന്നുപറഞ്ഞു.
'ദേവീ... ശ്രീരാമന്‍ വളരെ പെട്ടെന്ന് വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും എന്നതില്‍ അണുവിട സംശയമില്ല. അതേസമയം താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ നിമിഷം തന്നെ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്ത് എത്തിക്കാംچ എന്നുപറഞ്ഞു ഹനുമാന്‍.
മനസ്സില്‍ തെല്ലും ചാഞ്ചല്യമില്ലാതെ മാരുതി പറയുന്നതുകേട്ട സീത തനിക്ക് ഒപ്പം വരാനാവില്ലെന്നും, കരം ഗ്രഹിച്ച കണവന്‍ രക്ഷിച്ചു വിളിച്ചുകൊണ്ടുപോകുന്നതാണ് ചാരിത്ര്യധര്‍മ്മം എന്നും ഹനുമാനോട് പറഞ്ഞു സീത. അതിനുശേഷം രാമനും തനിക്കും മാത്രം അറിയാവുന്ന ചില കാര്യങ്ങള്‍ സീത ഹനുമാനോട് പറഞ്ഞു. മറ്റൊരു അടയാളമായി രാമന് നല്‍കാന്‍ തന്‍റെ ചേലത്തുമ്പില്‍ ചുരുട്ടികെട്ടി വെച്ചിരുന്ന ചൂഢാമണി എടുത്തു.
'വായുപുത്രാ.. എന്‍റെ വിവാഹവേളയില്‍ എന്‍റെ മാതാവ്, എന്‍റെ പിതാവില്‍ നിന്നും ഇത് വാങ്ങി എന്‍റെ ഭര്‍തൃപിതാവ് ദശരഥമഹാരാജാവിന്‍റെയടുത്ത് കൊടുത്ത് എനിക്ക് തരാന്‍ പറഞ്ഞു. അത് രാമന്‍ വീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. അതുകൊണ്ട് ഇതുകണ്ടാല്‍ അദ്ദേഹത്തിന് തീര്‍ച്ചയായും എല്ലാം ഓര്‍മ്മ വന്ന് ആഹ്ലാദം പകരും. അതുകൊണ്ട് ഇത് അദ്ദേഹത്തിന് നല്‍കൂ' എന്നുപറഞ്ഞുകൊണ്ട് ചൂഢാമണി ഹനുമാനെ ഏല്‍പ്പിച്ചു.
പ്രകാശമുള്ള ആ ആഭരണം വാങ്ങി, അത് ഭദ്രമായി സൂക്ഷിച്ചുവച്ച് സീതയുടെ അനുഗ്രഹവും നേടി അശോകവനത്തില്‍ നിന്നും പുറപ്പെട്ടു ഹനുമാന്‍. എല്ലാം ഭംഗിയായി നടന്ന സംതൃപ്തിയോടെ വീണ്ടും മഹാരൂപമായി മാറി പുറപ്പെടാന്‍ ഒരുങ്ങവേ, 'ശത്രുവിന്‍റെ ബലവും, അവനെ സഹായിക്കുന്നവരുടെ ശക്തിയും മനസ്സിലാക്കി വയ്ക്കുന്നത്, അവനെ(ശത്രുവിനെ) വെല്ലാന്‍ വഴികാട്ടും എന്നത് രാജതന്ത്രമാണല്ലോ. അതുകൊണ്ട് രാവണനെ നേരിട്ട് കണ്ടിട്ടുമടങ്ങാം' എന്ന് തോന്നി ഹനുമാന്. അതിനെത്തുടര്‍ന്ന് രാവണനെ എങ്ങനെ കാണും? എന്ന് ചിന്തിച്ചു ഹനുമാന്‍ രാവണന് ഏറ്റവും പ്രിയപ്പെട്ട സുന്ദരമായ അശോകവനത്തെ നശിപ്പിക്കാന്‍ തുടങ്ങി.
ശോകവനമായി മാറിയ അശോകവനം
ഹനുമാന്‍റെ അട്ടഹാസത്താല്‍ അശോകവനം അതിശോകവനമായി മാറി. ഹനുമാന്‍ മരങ്ങള്‍ വേരോടെ പിഴുത് താഴെയിട്ടു. മണ്ഡപങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി. അവിടെയുണ്ടായിരുന്ന രാക്ഷസിമാര്‍ ഭയന്നോടി അവിടവിടെ ഒളിച്ചിരുന്നു. വിവരം രാവണന്‍റെ അടുത്തെത്തി. അതീവ കോപാകുലനായ രാവണന്‍ 'അശോകവനം നശിപ്പിച്ച ആ കുരങ്ങനെ കൊന്നിട്ടുവരൂ' എന്ന് ആജ്ഞാപിച്ചു. തന്നെ എതിര്‍ക്കാന്‍ എത്തിയ അസുരന്മാരെയൊക്കെ ഹനുമാന്‍ കാലപുരിയിലേക്കയച്ചു.
ഇതോടെ രാവണന്‍റെ ദേഷ്യം അതിരുകവിഞ്ഞു. തന്‍റെ പുത്രന്മാരില്‍ ഒരാളും അതിപരാക്രമശാലിയുമായ അക്ഷനെ അയച്ചു രാവണന്‍. പോരാട്ടത്തില്‍ ഹനുമാന് സമാനമായ ശക്തിയും വീര്യവും പ്രകടിപ്പിച്ചു അക്ഷന്‍. അത് ഹനുമാനെ അമ്പരപ്പിച്ചു. അവന്‍റെ ശക്തിയും വീര്യവും കണ്ട ഹനുമാന്‍ അവനെ കൊല്ലാന്‍ മനസ്സുവരാതെ മടിച്ചുനിന്നു. അതേസമയം തീ ഭംഗിയുള്ളതാണെന്ന് കരുതി ആസ്വദിച്ചുകൊണ്ടിരുന്നാല്‍ ഒടുവില്‍ അത് നമ്മളെ തന്നെ ഇല്ലാതാക്കും എന്ന് ചിന്തിച്ച് വായുപുത്രന്‍ അക്ഷനെ ദേവലോകത്തേയ്ക്ക് അയച്ചു. തന്‍റെ പുത്രന്‍ അക്ഷന്‍ മരിച്ചു എന്ന വാര്‍ത്തയറിഞ്ഞ് അരിശവും ദേഷ്യവും മൂത്ത് രാവണന്‍റെ മനസ്സില്‍ കോപാഗ്നി കത്തിജ്വലിച്ചു.
ശ്രമപ്പെട്ട് ദേഷ്യം നിയന്ത്രിച്ച് രാവണന്‍ തെല്ല് ആലോചിച്ചു. പിന്നെ മറ്റൊരു മകന്‍ ഇന്ദ്രജിത്തിനെ വിളിച്ചു. എന്നിട്ട് 'പുത്രാ.. ത്രിമൂര്‍ത്തികളേയും ദേവന്മാരേയും മറ്റുള്ളവരേയും വെല്ലാന്‍ ശക്തിയുള്ളവനാണ് നീ. സേനാനായകന്മാരും ആയിരക്കണക്കിന് സൈന്യവും മൃത്യുവരിച്ച് നശിച്ചു. നിന്‍റെ സഹോദരന്‍ അക്ഷന്‍ വീണു. ഇതൊക്കെ സംഭവിച്ച ശേഷവും ആ കുരങ്ങന്‍റെ ബലത്തെ നിസ്സാരമായി കാണുന്നത് തെറ്റാണ് എന്നതുകൊണ്ടാണ് ഇപ്പോള്‍ നിന്നെ അയയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുള്ളത്. ശത്രുവിന്‍റെ ബലവും ബലഹീനതയും മനസ്സിലാക്കി, ശത്രുവിനെ വെല്ലാനുള്ള വഴി കണ്ടെത്താനുള്ള കഴിവ് നിനക്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്നുപറഞ്ഞ് രാവണന്‍ ഇന്ദ്രജിത്തിനെ അനുഗ്രഹിച്ച് ഹനുമാനെ നിഗ്രഹിക്കുവാനായി അയച്ചു.
ഹനുമാനുമായി പോരിടാന്‍ തന്‍റെ രഥത്തില്‍ കയറി അതിവേഗം അശോകവനത്തിലെത്തി ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിനെക്കണ്ട ഹനുമാന്‍ തന്‍റെ ശരീരം പലമടങ്ങ് പെരുപ്പിച്ച് അവനുമായി മല്ലിടാന്‍ തയ്യാറായി. 'വികൃതികള്‍ പലതും കാണിച്ച്, വനത്തേയും സൈന്യത്തേയും നശിപ്പിച്ച നിന്നെ അമ്പുകള്‍ കൊണ്ട് തുളയ്ക്കും' എന്നുപറഞ്ഞ് ഹനുമാന് നേരെ അമ്പുകള്‍ എയ്തു ഇന്ദ്രജിത്ത്. ആ ശരങ്ങളൊന്നും തന്‍റെ ശരീരത്തില്‍ ഏല്‍ക്കാത്ത വിധം തെന്നിമാറിക്കൊണ്ടിരുന്നു ഹനുമാന്‍. ഇന്ദ്രജിത്തിനെതന്നെ ഭുജം (കൈ) കൊണ്ട് മര്‍ദ്ദിച്ചു ഹനുമാന്‍. ഇരുവരും തമ്മിലുള്ള പോര് അനന്തമായി നീളവേ, ഹനുമാനെ ബ്രഹ്മാസ്ത്രം കൊണ്ട് കെട്ടി ബന്ധനസ്ഥനാക്കാന്‍ നിശ്ചയിച്ചു ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം തൊടുത്തു.
ബ്രഹ്മാവ് നല്‍കിയ വരമനുസരിച്ച് ബ്രഹ്മാസ്ത്രത്തിന് തന്നെ ബന്ധനസ്ഥനാക്കാനാവില്ല എന്നറിയാമായിരുന്നു ഹനുമാന്. എന്നാല്‍ രാവണനെ മുഖാമുഖം കാണണം എന്ന ആകാംക്ഷയാല്‍, ഇന്ദ്രജിത്തിന്‍റെ ബ്രഹ്മാസ്ത്രത്തിന് വിധേയനായതുപോലെ ഹനുമാന്‍ അഭിനയിച്ചു. അത് മനസ്സിലാക്കാതെ ഇന്ദ്രജിത്ത് ഹനുമാന്‍ അകപ്പെട്ടു എന്ന് കരുതി അര്‍മാദിച്ചു. ഹനുമാനെ വലിച്ചുകൊണ്ടുവന്ന് രാക്ഷസന്മാര്‍ രാവണന്‍റെ മുന്നില്‍ നിര്‍ത്തി.
രാമദൂതനായി രാവണസഭയില്‍
ഹനുമാനെ ബ്രഹ്മാസ്ത്രത്താല്‍ ബന്ധനസ്ഥനാക്കി സിംഹാസനത്തില്‍ ആസനസ്ഥനായിരിക്കുന്ന രാവണന്‍റെ മുന്നിലെത്തിച്ചു. കോപം ജ്വലിക്കുന്ന കണ്ണുകളോടെ രാവണന്‍ ഹനുമാനെ ഉറ്റുനോക്കി. അതേവേളയില്‍ രാവണന്‍റെ ശക്തിയേയും കഴിവിനേയും അളന്നുനോക്കുംവിധം ഹനുമാന്‍ രാവണനെ ശ്രദ്ധിച്ചുനോക്കി. വീരം, വിവേകം, ധൈര്യം, ഗാംഭീര്യം എന്നിങ്ങനെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഇവന്‍, അതിപരാക്രമശാലിയാണ്. ദുഷ്പ്രവര്‍ത്തികള്‍ മാത്രം ഇവന്‍ ചെയ്യാതിരുന്നുവെങ്കില്‍ ദേവന്മാര്‍ പോലും ആരാധിക്കുന്നവനായിരുന്നേനെ എന്ന് രാവണനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്ന വേളയില്‍, ഹനുമാനെ വിസ്തരിക്കാന്‍ തന്‍റെ മന്ത്രിയായ ഭൃഗസ്ത്രന് ആജ്ഞയിട്ടു രാവണന്‍.
'ആരാണ് നീ? എന്തിനാണ് ഇവിടെ വന്നത്? അശോകവനത്തെ നശിപ്പിക്കാന്‍ എന്താണ് കാരണം? ആരാണ് നിന്നെ ഇങ്ങോട്ട് അയച്ചത്... സത്യം പറയൂ' എന്ന് വിരട്ടി ചോദിച്ചു മന്ത്രി ഭൃഗസ്തന്‍.
'രാമന്‍ന്‍റെ ദൂതനായി ലങ്കയില്‍ വന്ന വാനരനാണ് ഞാന്‍.' ഹനുമാന്‍ രാവണന്‍റെ മുഖത്തെ നേര്‍ക്കുനേര്‍ നോക്കിക്കൊണ്ട് തെല്ലും ഭയക്കാതെ തുടര്‍ന്നു.
'ഏഃ് അസ്ത്രത്താലും എനിക്ക് അപായമില്ലാ എന്ന വരം നേടിയ ഞാന്‍ ബ്രഹ്മാസ്ത്രത്താല്‍ ബന്ധിതനായ പോലെ നടിച്ച് ഇവിടെ വന്നത് നിങ്ങളെ കാണാനായിട്ടാണ്' എന്നുപറഞ്ഞുകൊണ്ട് രാമന്‍റെ പരാക്രമം, ബാലിയെ വീഴ്ത്തിയത്, സുഗ്രീവനുമായിട്ടുള്ള സൗഹൃദം, ലക്ഷ്മണന്‍റെ വീരം എന്നിങ്ങനെ രാമനെക്കുറിച്ച് എല്ലാം വിശദീകരിച്ച ശേഷം
'രാവണാ... ബുദ്ധിസാമര്‍ത്ഥ്യമുള്ള നീ, മറ്റൊരാളുടെ ഭാര്യയെ കവര്‍ന്നുകൊണ്ടുവന്നുവെച്ചിരിക്കുന്നത് ബുദ്ധിശൂന്യതയാണ്. രാമന്‍റെ പത്നിയായ സീതാദേവിയെ പൊക്കിക്കൊണ്ടുവന്ന് ലങ്കയില്‍ വെച്ചിരിക്കുന്നത് ലങ്കയുടെ നാശത്തിന് കാരണമാവാന്‍ പോകുന്ന ഊഴിത്തീയെ(മഹാഗ്നി) നീ തന്നെ എടുത്തുകൊണ്ടുവന്ന് വെച്ചതിന് തുല്യമാണ്. അതുകൊണ്ട് തക്കബഹുമാനത്തോടെ ദേവിയെ രാമന് തിരികെ ഏല്‍പ്പിക്കൂ' എന്നുപറഞ്ഞ് ഹനുമാന്‍ താക്കീത് നല്‍കി.
ഹനുമാന്‍ പറഞ്ഞതുകേട്ട് അവന്‍റെ അറിവിന്‍റെ കണ്ണ് തുറക്കുന്നതിനുപകരം കോപത്തിന്‍റെ കണ്ണ് തുറന്ന് തീക്ഷ്ണമാവുകയായിരുന്നു. ശത്രുവിന്‍റെ ദൂതന്‍ താക്കീത് നല്‍കുന്നുവോ എന്ന് ചിന്തിച്ചുകൊണ്ട് രാവണന്‍ ഹനുമാനെ വധിക്കാന്‍ മന്ത്രിമാര്‍ക്ക് ഉത്തരവിട്ടു. ദേഷ്യത്തോടെ രാവണന്‍ പറഞ്ഞത് നിറവേറ്റാന്‍ അവന്‍റെ മന്ത്രിമാര്‍ തയ്യാറായ അതേവേളയില്‍, ഝടുതിയില്‍ എഴുന്നേറ്റു നിന്ന് വിഭീഷണന്‍ രാവണനോട് 'ജ്യേഷ്ഠാ, ദൂതനെ കൊല്ലുന്നത് രാജധര്‍മ്മത്തിന് വിരുദ്ധമാണ്' എന്നുപറഞ്ഞു.
'വിഭീഷണാ, ദൂതനെ കൊല്ലുന്നത് തെറ്റായിക്കാം. എന്നാല്‍ അവനെ ശിക്ഷിക്കാമല്ലോ?' എന്നുപറഞ്ഞ് അല്‍പ്പനേരം ആലോചിച്ചശേഷം 'പൊതുവേ, വാനരങ്ങള്‍ക്ക് തങ്ങളുടെ വാലിനോട് ഏറെ പ്രിയമാണ്. അതുകൊണ്ട് അവന്‍റെ വാലില്‍ എണ്ണത്തുണി ചുറ്റി തീവെച്ച് കാഴ്ചവസ്തു കണക്കെ നമ്മുടെ തെരുവുകളിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി അതിനുശേഷം വിരട്ടി ഓടിച്ചേക്കൂ' എന്ന് ഉത്തരവിട്ടു രാവണന്‍.
രാജാവിന്‍റെ കല്‍പ്പന അനുസരിച്ച് വെച്ച തീ എരിക്കാന്‍ പോകുന്നത് തങ്ങളെത്തന്നെയാണെന്ന് അറിയാത്ത രാക്ഷസര്‍, അതിവേഗം ഹനുമാന്‍റെ വാലില്‍ തുണിചുറ്റി തീവെച്ചു. ആ ക്ഷണം തന്നെ രാക്ഷസകുലത്തെ ഒന്നടങ്കം തനിക്ക് വേരറുക്കാനാവുമെങ്കിലും സീത പറഞ്ഞപ്രകാരം അത് രാമന്‍ ചെയ്യേണ്ട പ്രവര്‍ത്തിയാണെന്നതിനാല്‍, സ്വയം നിയന്ത്രിച്ച ഹനുമാന്‍, രാക്ഷസന്മാര്‍ തന്നെ തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുമ്പോഴും എതിര്‍പ്പൊന്നും കാണിക്കാതെ നടന്നു.
ലങ്കയില്‍ തീ
ആളിക്കത്തിക്കൊണ്ടിരുന്ന കുളിമയാര്‍ന്ന അഗ്നിയെ വാലില്‍ ചുമന്നുകൊണ്ടുനടന്ന വായുപുത്രന്‍ രാവണനെ വീണ്ടും ഒരിക്കല്‍കൂടി പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. അതുകൊണ്ടുതന്നെ ചുറ്റിയിരുന്ന കെട്ടുകള്‍ ഞൊടിയിടകൊണ്ട് തകര്‍ത്ത് പെട്ടെന്ന് മേല്‍പ്പോട്ട് കുതിച്ചു. തന്‍റെ വാലിലെ തീ ലങ്കാനഗരമാകെ പടര്‍ത്തി. തന്‍റെ പുത്രന്‍റെ പ്രവര്‍ത്തിയെ പ്രശംസിക്കുംവിധം വായുദേവന്‍ വേഗതയില്‍ ആഞ്ഞ് വീശി. അതോടെ തീ നഗരമാകെ വ്യാപിച്ച് അത് എല്ലാറ്റിനേയും വിഴുങ്ങാന്‍ തുടങ്ങി. എങ്ങും രോദനങ്ങളും, അഭയം യാചിച്ചുകൊണ്ടുള്ള അലമുറകളും പ്രതിധ്വനിച്ചു.
ദുര്‍വിനയാല്‍ ദുഷ്ടത്തരം ചെയ്ത ദുഷ്ടന്‍റെ ദുര്‍വിനയെ അഗ്നിക്കിരയാക്കിയ സന്തോഷത്തോടെ ഹനുമാന്‍, തന്‍റെ വാല് സമുദ്രത്തില്‍ മുക്കി തീകെടുത്തി. ആ സമയത്തുതന്നെ അവന്‍റെ മനസ്സില്‍ ഒരു സംശയത്തീ ചുട്ടെരിക്കുവാനും തുടങ്ങി.
'അഗ്നിദേവന്‍റെ കൊടുംവിശപ്പിന് അശോകവനവും ഇരയായിട്ടുണ്ടാവുമോ, ദേവി അഗ്നിക്കിരയായിക്കാണുമോ' എന്നിങ്ങനെ ചിന്താക്കുഴപ്പത്തിലായ ഹനുമാന്‍, അശോകവനം ലക്ഷ്യമാക്കി പാഞ്ഞു. അശോകവനം അഗ്നിക്കിരയായി കനല്‍ക്കാടായി മാറിയിരിക്കുന്നു. ധൃതിപ്പെട്ട് അതിനകത്ത്പ്രവേശിച്ച ഹനുമാന്‍ സീതയുണ്ടായിരുന്ന സ്ഥലത്തെത്തി. അവിടെ സീതയുണ്ടായിരുന്ന സ്ഥലം മാത്രം ഒന്നും സംഭവിക്കാത്തതുപോലെയുണ്ട്. അവിടെ അതേ മരച്ചുവട്ടില്‍ തന്നെ വിഷാദഭാവമായി ആസനസ്ഥയായിരിക്കുകയായിരുന്നു സീത.
വീണ്ടും തന്‍റെ മുന്നില്‍ വന്നുനില്‍ക്കുന്ന മാരുതിയെക്കണ്ട് ആഹ്ലാദവതിയായി സീത. രാവണനെ കണ്ടതുമുതല്‍ ലങ്കയ്ക്ക് തീവെച്ചതുവരെയുള്ള എല്ലാ സംഭവങ്ങളും ഹനുമാന്‍ സീതയോട് വിവരിച്ചു. എല്ലാം സശ്രദ്ധം കേട്ട സീതാദേവി എത്രയും പെട്ടെന്നുവന്ന് തന്നെ മോചിപ്പിച്ചുകൊണ്ടുപോകാന്‍ രാമനോട് പറയാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഹനുമാനെ അനുഗ്രഹിച്ച് യാത്രയാക്കി.
കണ്ടു സീതയെ!
സീതാദേവിയെ കണ്ട വാര്‍ത്ത എത്രയും വേഗം ശ്രീരാമനോട് പറയണം എന്ന തീരുമാനത്തില്‍ ഉടന്‍ ഹനുമാന്‍ 'അരിഷ്ടം' എന്ന മലയുടെ ശിഖരത്തിലെത്തി മഹാരൂപമെടുത്ത് നിന്നു. എന്നിട്ട് വടക്കോട്ടായി ആകാശത്തിലേയ്ക്ക് കുതിച്ചു. വിജയിച്ചുമടങ്ങിവന്ന വായുപുത്രനെ വാനരവീരന്മാര്‍ ആഹ്ലാദഘോഷം മുഴക്കി സ്വീകരിച്ചു.
'കണ്ടു ദേവിയെ എന്നു പറഞ്ഞുതുടങ്ങിയ മാരുതി ലങ്കയില്‍ ചെന്നതുമുതല്‍ തിരിച്ചുവരുന്നതുവരെ നടന്ന എല്ലാകാര്യങ്ങളും വിശദീകരിച്ചു.چ
