ആരാണ് സ്വാഹാദേവി?
ഹോമകുണ്ഡത്തില്‍ ഹവിസ്സുകള്‍ ഹോമിക്കപ്പെടുമ്പോള്‍ ചൊല്ലുന്ന മന്ത്രങ്ങളുടെ എല്ലാം പിന്നില്‍ സ്വാഹാ ശബ്ദം കൂടി ഉള്‍പ്പെടുത്തുന്നുണ്ട്. ഉദാഹരണമായി ഓം സ്വാഹാ, ഭുവസ്വാഹാ, സ്വസ്വഹാ തുടങ്ങിയവ മന്ത്രങ്ങളുടെയെല്ലാം പിന്നില്‍ 'സ്വാഹാ' ശബ്ദം വരുന്നതിന് പ്രത്യേകമായ ഒരു ചരിത്രമുണ്ട്. ശ്രീകൃഷ്ണ ഭഗവാന്‍ 'സ്വാഹാ' ദേവിക്ക് നല്‍കിയ ഒരു അനുഗ്രഹമാണ് പിന്നിലുള്ളത്.(64 കലാംശാദേവികളില്‍ ഉള്‍പ്പെട്ടതാണ് സ്വാഹാദേവി)
ബ്രഹ്മദേവന്‍ സൃഷ്ടി നിര്‍വ്വഹണം കഴിഞ്ഞപ്പോള്‍ ദേവകള്‍ തങ്ങള്‍ക്ക് ആഹാരത്തിനുള്ള മാര്‍ഗ്ഗം എന്താണെന്ന് ചോദിച്ചു. ബ്രഹ്മാവ് അരുളി ച്ചെയ്തു, ഭൂമിയില്‍ നടത്തപ്പെടുന്ന ഹോമയാഗാദികളില്‍ ഹോമിക്കപ്പെടുന്ന 'ഹവിസ്സ്' നിങ്ങള്‍ ആഹാരമായി സ്വീകരിക്കുക. അഗ്നിദേവന്‍ അത് നിങ്ങള്‍ക്ക് എത്തിച്ചുതരും. അങ്ങനെ ഭൂമിയില്‍ ഹോമയാഗാദികളില്‍ അര്‍പ്പിക്കപ്പെടുന്ന 'ഹവിസ്സ്' ദേവകള്‍ക്ക് ലഭിച്ചുതുടങ്ങി.
കാലങ്ങള്‍ പിന്നിട്ടതോടുകൂടി ഭൂമിയില്‍ ഹോമയോഗാദികള്‍ വര്‍ദ്ധിച്ചു. ഹവിസ്സുകള്‍ ദേവകള്‍ക്ക് എത്തിക്കുവാന്‍ അഗ്നിദേവന് കഴിയാതെ വന്നു. ദേവകള്‍ വീണ്ടും ബ്രഹ്മാവിനെക്കണ്ടു സങ്കടം ഉണര്‍ത്തിച്ചു. ഹവിസ്സുകള്‍ എത്തിക്കുവാനുള്ള ശക്തി അഗ്നിദേവന് ഇല്ലാതെ വന്നിരിക്കുന്നു. അങ്ങുതന്നെ ഇതിന് ഒരു പോംവഴി കണ്ട് ഞങ്ങളെ സഹായിക്കണം. ദേവകളുടെ അപേക്ഷ കേട്ട് ബ്രഹ്മദേവന്‍ മറുപടി പറഞ്ഞു. ശക്തിസ്വരൂപിണിയായ ദേവിയുടെ സഹായമില്ലാതെ അഗ്നിക്ക് പൂര്‍ണ്ണശക്തി ലഭിക്കുകയില്ല. ഞാന്‍ വേണ്ടത് ചെയ്യാമെന്ന് ഉറപ്പുകൊടുത്തു.
ബ്രഹ്മദേവന്‍ ഉടന്‍തന്നെ മൂലപ്രകൃതിയായ ദേവിയെ മനസ്സില്‍ സ്മരിച്ചു. ഉടന്‍തന്നെ ദേവിയുടെ അംശാവതാരമായ 'സ്വാഹാദേവി' ബ്രഹ്മദേവന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ബ്രഹ്മദേവന്‍ സ്വാഹാദേവിയോട് നിവദിച്ചു. അല്ലയോ ദേവി ഭൂമിയില്‍ ഹോമയാഗാദികളില്‍ അര്‍പ്പിക്കപ്പെടുന്ന ഹവിസ്സുകള്‍ ദേവകള്‍ക്ക് യഥാസമയം എത്തിച്ചുകൊടുക്കുവാന്‍ അഗ്നിദേവന് ശക്തിയില്ലാതെ വന്നിരിക്കുന്നു. അതുകൊണ്ട് ദേവി അഗ്നിദേവനെ സ്വീകരിച്ച് അദ്ദേഹത്തിന്‍റെ ശക്തി വര്‍ദ്ധിപ്പിച്ച് ദേവകള്‍ക്ക് ഹവിസ്സുകള്‍ എത്തിച്ചുകൊടുക്കുവാന്‍ സഹായിക്കണം.
ഇതുകേട്ട് സ്വാഹാദേവി ബ്രഹ്മദേവനെ വണങ്ങിക്കൊണ്ട് ഉരചെയ്തു. അല്ലയോ ബ്രഹ്മദേവാ ഞാന്‍ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാനില്‍ അനുരക്തയായി കഴിഞ്ഞിരിക്കുകയാണ്. എനിക്ക് വേറെ ആരെയും ചിന്തിക്കുവാന്‍ പോലും സാധിക്കുകയില്ല. അദ്ദേഹത്തിന്‍റെ ആ കോമളരൂപം സദാ എന്‍റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ആ കോമളരൂപത്തെ ധ്യാനിച്ചുകൊണ്ടാണിരിക്കുന്നത്.
സ്വാഹാദേവിയുടെ ഈ വാക്കുകള്‍ കേട്ട് ബ്രഹ്മദേവന്‍ ആശ്ചര്യപ്പെട്ടുപോയി. അല്ലയോ ദേവി എനിക്ക് പോലും അറിയാന്‍ പാടില്ലാത്ത ഈ രഹസ്യം ദേവി മനസ്സിലാക്കിയതില്‍ ഞാന്‍ അതിശയിക്കുന്നു. വൈവസ്വത മനുവിന്‍റെ മന്വന്തരത്തില്‍, ദ്വാപരയുഗത്തിന്‍റെ അന്ത്യഘട്ടത്തില്‍, മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിക്കുമെന്നത് മന്വന്തര സംഭവരഹസ്യമാണ്. ആ ശ്രീകൃഷ്ണന്‍റെ രൂപം ദേവി എങ്ങനെ കണ്ടു. എനിക്കു പോലും ആ രൂപത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്നില്ല.
ഇതുകേട്ട് സ്വാഹാദേവി ഉണര്‍ത്തിച്ചു. ഒരു ദിവസം മഹാലക്ഷ്മിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് വിഷ്ണുഭഗവാന്‍, താന്‍ ശ്രീകൃഷ്ണനായി അവതരിക്കുമ്പോള്‍ ഉള്ള മോഹനരൂപം കാണിച്ചുകൊടുത്തു. ആ മോഹനരൂപം കാണുവാനുള്ള ഭാഗ്യം യാദൃച്ഛികമായി എനിക്കും കാണാന്‍ അവസരമുണ്ടായി. അതുകൊണ്ട് അദ്ദേഹത്തിന്‍റെ പത്നി ആകുവാന്‍ വേണ്ടി ഹിമവല്‍പാര്‍ശ്വത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അപ്രത്യക്ഷയായി.
സ്വാഹാദേവി ഹിമവല്‍പാര്‍ശ്വങ്ങളില്‍ പോയി കഠിനതപസ്സില്‍ മുഴുകി. കാലങ്ങള്‍ വളരെ കടന്നുപോയി. ഒരു ദിവസം മഹാവിഷ്ണു താന്‍ അവതരിക്കാന്‍ പോകുന്ന ശ്രീകൃഷ്ണരൂപത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ടു. ശ്രീകൃഷ്ണ ഭഗവാന്‍ അരുളി ചെയ്തു. അല്ലയോ ദേവി, ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നു. ദേവി ആഗ്രഹിച്ചതെല്ലാം നടക്കും.
ശ്രീകൃഷ്ണാവതാരത്തിന് കാലങ്ങള്‍ വളരെ കഴിയണം. ദ്വാപരയുഗത്തിന്‍റെ അന്ത്യഘട്ടത്തിലെ അതുണ്ടാകുകയുള്ളൂ.
ഭാവിയില്‍ ദേവി നഗ്നജിത്ത് എന്ന കോസല നരേന്ദ്രന്‍റെ മകളായി സത്യ എന്ന നാമധേയത്തില്‍ ജനിക്കും. ആ കാലഘട്ടത്തില്‍ ശ്രീകൃഷ്ണാവതാരമെടുക്കുന്ന ഞാന്‍ ദേവിയെ പത്നിയായി സ്വീകരിച്ചുകൊള്ളാം. ശ്രീകൃഷ്ണന്‍റെ ഭാര്യമാരില്‍ ഒരാളായിരുന്നു അത്. അനന്തരം സ്വാഹാദേവിയോട് ശ്രീകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ ബ്രഹ്മദേവന്‍ നിര്‍ദ്ദേശിച്ചപോലെ അഗ്നിദേവനെസ്വീകരിക്കുക. ഇത് ദേവകാര്യാര്‍ത്ഥം ഉള്ള ഒരു കാര്യമാണ്.
ശ്രീകൃഷ്ണന്‍ വീണ്ടും അരുളി ചെയ്തു. അല്ലയോ ദേവി അഗ്നിദേവന്‍ എല്ലാം കൊണ്ടും യോഗ്യനാണ്. അഗ്നിയും ഞാനാണ്. പഞ്ചഭൂതങ്ങള്‍ എല്ലാം ഞാന്‍തന്നെ. ക്ഷണനേരം കൊണ്ട് ശ്രീകൃഷ്ണന് ചുറ്റിലും ഉഗ്രമായ ഒരു അഗ്നിപടലം ഉണ്ടായി. സ്വാഹാദേവിപോലും ഭയന്നുപോയി. ക്ഷണനേരം കൊണ്ടുതന്നെ അത് ശ്രീകൃഷ്ണ ഭഗവാനില്‍ തന്നെ ചെന്നു ലയിക്കുകയും ചെയ്തു. സ്വാഹാദേവിക്ക് ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ശ്രീകൃഷ്ണന്‍(വിഷ്ണു) അംശമാണെന്ന് മനസ്സിലായി.
ശ്രീകൃഷ്ണന്‍ വീണ്ടും സ്വാഹാദേവിയോടായി അരുളി ചെയ്തു. അല്ലയോ ദേവി. യാതൊരു സന്ദേഹവും കൂടാതെ അഗ്നിഭഗവാനെ സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ ശക്തി വര്‍ദ്ധിപ്പിച്ചു ഹവിസ്സുകള്‍ ദേവകള്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ സഹായിക്കുക. ദേവിയുടെ നാമമായ 'സ്വാഹാ' ശബ്ദം ചേര്‍ത്തുച്ചരിക്കാത്ത മന്ത്രങ്ങള്‍ക്കൊന്നും ഫലസിദ്ധി ഉണ്ടാവുകയില്ല.
ഇത്രയും പറഞ്ഞ് പെട്ടെന്ന് ശ്രീകൃഷ്ണഭഗവാന്‍ അപ്രത്യക്ഷനായി. തല്‍സ്ഥാനത്ത് തേജോമയനായ അഗ്നിദേവന്‍ പ്രത്യക്ഷപ്പെട്ടു. ഉടന്‍തന്നെ സ്വാഹാ ദേവി അഗ്നിദേവന്‍റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. സ്വാഹാദേവി അഗ്നിദേവന്‍റെ പത്നി ആയതോടെ അഗ്നിക്ക് ശക്തി വര്‍ദ്ധിച്ചു. ഭൂമിയിലെ ഹോമയാഗാദികളിലെ ഹവിസ്സ് യഥാസമയം ദേവകള്‍ക്ക് ലഭിക്കുവാന്‍ തുടങ്ങി. ഇങ്ങനെയാണ് മന്ത്രങ്ങള്‍ക്ക് പിന്നില്‍ സ്വാഹാ എന്ന ശബ്ദം കൂടി ചേര്‍ത്തു ഉച്ചരിക്കുവാന്‍ തുടങ്ങിയതെന്ന് ശ്രീമഹാദേവി ഭാഗവതത്തില്‍ പറയുന്നുണ്ട്.
ആര്‍.എസ്
