പ്രസാദവും ഫലങ്ങളും
ക്ഷേത്രങ്ങളിലെ പ്രസാദങ്ങള്‍ക്ക് മഹാരോഗങ്ങളെപ്പോലും ശമിപ്പിക്കാനുള്ള ദിവ്യ സിദ്ധിയുണ്ടെന്നാണ് വിശ്വാസവും അനുഭവും. നമുക്ക് പരിചിതമായ ചില ക്ഷേത്രങ്ങളിലെ വിശേഷാല്‍ പ്രസാദങ്ങളും അവയുടെ ഫലവും.
1. മുക്കുടി
പാലക്കാട് നഗരത്തില്‍ കുന്നത്തൂര്‍മേട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ കൃഷ്ണജയന്തി ദിവസം രാത്രി 11 നും 12 നും മദ്ധ്യേ നടത്തപ്പെടുന്ന ജന്മപൂജ ഏറെ പ്രസിദ്ധമാണത്രേ. ഈ പൂജയിലെ നിവേദ്യത്തെ മുക്കുടി എന്നാണ് അറിയപ്പെടുന്നത്. ചുക്ക്, തിപ്പലി, ഏലക്കായ്, പെരുങ്കായം, അയമോദകം, ശര്‍ക്കര എന്നിവ ഉള്‍പ്പെടുന്നതാണ് മുക്കുടി. ഭഗവാന് നേദിച്ച ശേഷം ഇത് പ്രസാദമായി ഭക്തര്‍ക്ക് നല്‍കുന്നു. ഈ പ്രസാദം സേവിച്ചാല്‍ പല രോഗങ്ങളും പ്രത്യേകിച്ച് ഉദരരോഗങ്ങള്‍ക്കും ശമനം ഉണ്ടാകുമത്രേ.
ശ്രീകൂടല്‍മാണിക്യക്ഷേത്രത്തിലെ തൃപ്പുത്തരിയും മുക്കുടിയും ഏറെ പ്രശസ്തം. തുലാം മാസത്തിലെ തിരുവോണനാളില്‍ പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. പ്രസിദ്ധ ഭിഷഗ്വരനായ കുട്ടഞ്ചേരി മൂസത് പ്രത്യേക പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരില്‍ കലര്‍ത്തി ദേവന് നിവേദിച്ചശേഷം ഭക്തര്‍ക്കു നല്‍കുന്നു. ഇത് സേവിക്കുന്നവര്‍ക്ക് ഒരു വര്‍ഷക്കാലം ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാവുകയില്ല എന്നതാണത്രേ വിശ്വാസം.
2. തേന്‍പ്രസാദം
തിരുച്ചിറപ്പള്ളിയിലെ വെക്കാളിയമ്മന്‍ ക്ഷേത്രത്തിനടുത്തുള്ള കാളികാമ്പാള്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച തോറും രാഹുകാലവേളയില്‍ ദുര്‍ഗ്ഗയ്ക്ക് ഇഞ്ചിനീരും തേനും ചേര്‍ത്ത് അഭിഷേകം ചെയ്യുന്നുണ്ട്. ഈ അഭിഷേകദ്രവ്യം കുട്ടികളുടെ നാവില്‍ തടവുന്നു. തുടര്‍ച്ചയായി ഇപ്രകാരം ചെയ്താല്‍ സംസാരശേഷി ഇല്ലാത്ത കുട്ടികള്‍ സംസാരിച്ചുതുടങ്ങുന്നു.
3. പാവയ്ക്കപ്രസാദം
തമിഴകത്തെ പുതുക്കോട്ട ജില്ലയിലെ ആവുടയാന്‍ ക്ഷേത്രത്തിലെ അര്‍ദ്ധയാമപൂജാവേളയില്‍ പാവയ്ക്കാ കറിയോടുകൂടി ചോറ് നേദിച്ച് പ്രസാദമായി നല്‍കുന്നുണ്ട്. തുടര്‍ച്ചയായി നാല് ആഴ്ച ഇവിടെ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പ്രസാദവും കഴിച്ചാല്‍ പ്രമേഹത്തിന് ശമനം ഉണ്ടാകുമെന്നാണ് വിശ്വാസം.
4. വിഷമുറിപ്രസാദം
ആലപ്പുഴയ്ക്കടുത്തുള്ള തിരുവിഴാ ശിവക്ഷേത്രത്തിലെ വിഷമുറിപ്രസാദം കഴിച്ചാല്‍ മാന്ത്രിക വിദ്യകളാല്‍ ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ള വിഷം പുറത്തുപോകുമത്രേ. ക്ഷേത്രത്തിന് ചുറ്റും വളരുന്ന പ്രത്യേകതരം മൂലികാച്ചെടിയുടെ നീര് ശിവനെ പൂജിച്ച പാലില്‍ കലര്‍ത്തിയാണ് നല്‍കുന്നത്. പ്രസാദം കുടിച്ചശേഷം ക്ഷേത്രപ്രദക്ഷിണം വയ്ക്കണം. താമസിക്കാതെ ഛര്‍ദ്ദി ഉണ്ടാവുകയും വിഷം പുറത്തുവരുമെന്നതുമാണ്
വിശ്വാസം.
5. വലിയെണ്ണ പ്രസാദം
തശഴി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നല്‍കപ്പെടുന്ന പ്രസാദമായ എണ്ണ വാതരോഗങ്ങളെ അകറ്റുന്ന ദിവ്യഔഷധമായിട്ടാണത്രേ കരുതപ്പെടുന്നത്. ഈ ക്ഷേത്രപരിസരത്ത് ജീവിച്ചിരുന്ന അണക്കേഴത്ത് വലിയച്ഛന്‍ എന്നയാളുടെ സ്വപ്നത്തില്‍ അയ്യപ്പന്‍ പ്രത്യക്ഷനാവുകയും വാതരോഗശമനത്തിനുള്ള ദിവ്യ ഔഷധമായ വലിയെണ്ണ കാച്ചാനുള്ള കൂട്ടുകളുടെ രഹസ്യം ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഇതിന്‍പ്രകാരം അദ്ദേഹം എണ്ണ കാച്ചിയെടുക്കുകയും ചെയ്തു. തത്സമയം ക്ഷേത്രമണി മുഴങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ എണ്ണ പാകപ്പെട്ടുവെന്നത് മനസ്സിലാക്കിയതോടൊപ്പം അന്നേദിവസം നേദിച്ച ശര്‍ക്കരപ്പായസത്തില്‍ എണ്ണയുടെ സുഗന്ധം അനുഭവപ്പെട്ടു എന്നതുമാണ് ചരിത്രം.
ഓതറ മലമ്പ്രദേശത്തുള്ള 84 തരം പച്ചിലമൂലികളും എണ്ണകളും ചേര്‍ത്തതാണ് ഈ എണ്ണ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ കഠിനമായ പഥ്യവും നിര്‍ദ്ദേശിക്കപ്പെടുന്നു. ഈ പ്രസാദയെണ്ണ നാവിലോ പല്ലിലോ സ്പര്‍ശിക്കാതെ ശംഖുകൊണ്ട് കണ്ഡത്തിലേയ്ക്ക് ഒഴിക്കുകയാണത്രേ പതിവ്. ഏഴ് ദിനം ഇവിടെ താമസിച്ച് പ്രാര്‍ത്ഥിച്ച് ഈ മരുന്ന് കഴിച്ചശേഷം ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്ന ചോറ് ഇന്തുപ്പും, കുരുമുളകും ചേര്‍ത്ത് കഴിക്കണം. വെള്ളം, ചായ എന്നിവ വര്‍ജ്ജിക്കണം. മിഥുനം, കര്‍ക്കിടകം മാസങ്ങളിലാണ് ഈ എണ്ണ തയ്യാറാക്കുന്നത്. ഈ കാലമാണ് എണ്ണ സേവിക്കാന്‍ ഉത്തമം. പൂര്‍ണ്ണഭക്തിയോടെ അയ്യപ്പനോട് പ്രാര്‍ത്ഥിച്ച് മരുന്ന് സേവിച്ചാല്‍ കടുത്ത വാതരോഗത്തിന് ശമനമുണ്ടാകുമെന്നാണത്രേ ഭക്തവിശ്വാസം.
6. താള്‍കറിപ്രസാദം
ആലപ്പുഴ മരുത്തോര്‍വട്ടം ശ്രീധന്വന്തരി ക്ഷേത്രത്തിലെ പ്രത്യേക വഴിപാടാണിത്. താള്‍കറി എന്ന് അറിയപ്പെടുന്ന ഈ വഴിപാടു പ്രസാദത്തിന് രക്തസംബന്ധിയായ പല രോഗങ്ങളേയും അകറ്റാനുള്ള അത്ഭുതശക്തിയാണുള്ളത്. സ്വാതിതിരുനാള്‍ താള്‍കറിപ്രസാദം സേവിച്ച് രോഗമുക്തി നേടിയതായി പറയപ്പെടുന്നു. കര്‍ക്കിടകത്തിലെ കറുത്തവാവ് നാളിലാണ് താള്‍കറി നിവേദിക്കപ്പെടുന്നത്. കാട്ടുചേമ്പിലത്തണ്ട് നന്നായി അരിഞ്ഞ് ഒപ്പം ചില പച്ചിലകളും ചേര്‍ത്താണത്രേ താള്‍കറിപ്രസാദം തയ്യാറാകുന്നത്. വഴിപാടിനുശേഷം നേദ്യത്തോടൊപ്പം താള്‍കറി ലഭിക്കും.
7. അടുക്കളപ്രസാദം
അന്നദാനപ്രഭുവായ വൈക്കത്തപ്പന്‍റെ ക്ഷേത്രസന്നിധിയില്‍ നല്‍കുന്ന പ്രധാന പ്രസാദം അടുക്കള വിഭൂതി പ്രസാദമാണത്രേ. വില്വമംഗലം സ്വാമിയാര്‍ക്ക് ഭഗവാന്‍ അടുക്കളയില്‍ ദര്‍ശനം നല്‍കി അടുപ്പിലെ ചാമ്പല്‍ പ്രസാദമായി നല്‍കിയെന്നാണ് ഐതിഹ്യം. ഈ വിഭൂതി ഭക്തിപൂര്‍വ്വം ധരിച്ചാല്‍ ഹിസ്റ്റീരിയ തുടങ്ങിയുള്ള എല്ലാവിധ ചിത്തരോഗങ്ങളും സുഖപ്പെടുമെന്നാണ് വിശ്വാസവും, അനുഭവങ്ങളും.
8. നെയ്പ്രസാദം
ദക്ഷിണ മൂകാംബിക ക്ഷേത്രമായി അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലെ പ്രധാന വഴിപാട് സാരസ്വതം നെയ്യാണ്. ഇത് ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ്വ് നല്‍കുന്നു. സാരസ്വതസൂക്തം വിധിയാംവണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവുമാക്കിയാണത്രേ ഇത് തയ്യാറാക്കുന്നത്.
9. ചന്ദനപ്രസാദം
വിഷഹാരിയാണ് അച്ചന്‍കോവില്‍ ശാസ്താവെന്നാണ് വിശ്വാസം. ശാസ്താവിന്‍റെ കൈക്കുമ്പിളില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സര്‍പ്പവിഷത്തിനെതിരെയുള്ള ഔഷധം. അത്താഴ പൂജയ്ക്കുശേഷം രാത്രിയില്‍ ആവശ്യമാത്രയില്‍ നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രസന്നിധിയാണിതത്രേ. വിഷമേറ്റുവരുന്നവര്‍ക്ക് കിഴക്കേ ഗോപുരനടയിലെ മണിമുഴക്കി എപ്പോള്‍ വേണമെങ്കിലും സഹായമഭ്യര്‍ത്ഥിക്കാമത്രേ. സര്‍പ്പദംശനമേറ്റ് വരുന്നവര്‍ക്ക് ശാസ്താവിഗ്രഹത്തിന്‍റെ വലതുകൈക്കുമ്പിളിലുള്ള ചന്ദനം തീര്‍ത്ഥത്തില്‍ ചാലിച്ച് നല്‍കും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിനനിയന്ത്രണമുണ്ട്. ആദ്യദിവസം കടുംചായ മാത്രം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉപ്പ് ചേര്‍ക്കാത്ത പൊടിയരിക്കഞ്ഞി. ദാഹമകറ്റാന്‍ ക്ഷേത്രക്കിണറിലെ വെള്ളം മാത്രം. വിഷം പൂര്‍ണ്ണമായി നീങ്ങിയതിനുശേഷമേ രോഗിയെ വീട്ടിലേയ്ക്ക് അയക്കൂ.
