ക്ഷേത്രത്തിലെ  പ്രസാദം പക്ഷി-മൃഗാദികള്‍ക്ക് നല്‍കാമോ

ക്ഷേത്രത്തിലെ പ്രസാദം പക്ഷി-മൃഗാദികള്‍ക്ക് നല്‍കാമോ?

പ്രസാദം നായ്ക്ക് നല്‍കുന്നതുകണ്ട് ഭക്തന്‍ ആചാര്യനോട് ചോദിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ: മനുഷ്യര്‍ക്ക് ചില മൃഗങ്ങളുടേയും പക്ഷികളുടേയും കാരകത്വമുണ്ടത്രേ. ജനനവര്‍ഷത്തെ അടിസ്ഥാനമാക്കിയും പക്ഷിമൃഗാദികളുണ്ട്. ഏത് നേരത്തും ഇവര്‍ക്ക് ഭഗവാന്‍റെ ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാനാവും. അനന്തപത്മനാഭനെക്കാണാന്‍ അസമയത്ത് ആഗ്രഹിച്ചാല്‍ നമുക്കതിനാകില്ലല്ലോ.. പൂച്ചയ്ക്കോ, എലിക്കോ, പാറ്റയ്ക്കോ അസമയത്ത് ആണെങ്കിലും ശ്രീകോവിലിനുള്ളില്‍ കയറി ഭഗവത്സന്നിധിയണയാനാകും. 

ഈശ്വരന്മാര്‍ക്ക് എല്ലാവര്‍ക്കും വാഹനമായിരിക്കുന്നതും പക്ഷിമൃഗാദികളാണ്. ക്ഷേത്രങ്ങളില്‍ ഉത്സവകാലത്ത് പള്ളിവേട്ടയ്ക്കുശേഷം ശ്രീകോവിനടുത്ത് ഭഗവാനെ പ്രത്യേക രൂപത്തിലായിരിക്കും കിടത്തിയിരിക്കുന്നത്. അപ്പോള്‍ പശുവിനേയും കന്നിനേയും കാണിച്ച് ഭഗവാനെ പിറ്റേദിനം ഉണര്‍ത്തുന്നു. പക്ഷിമൃഗാദികളേയും ഈശ്വരന്മാര്‍ ഇഷ്ടപ്പെടുന്നു എന്നാണ് ഇതില്‍ നിന്നും അനുമാനിക്കേണ്ടത്. അവയും ഈശ്വരസൃഷ്ടികള്‍ തന്നെയല്ലേ...

ഭഗവത്പ്രസാദം പക്ഷി മൃഗാദികള്‍ക്ക് നല്‍കുക തന്നെയാണ് വേണ്ടത്. പ്രാര്‍ത്ഥനയോടും ബഹുമാനത്തോടുമാണ് നല്‍കേണ്ടത്. തറയിലേയ്ക്കോ, മണ്ണിലേയ്ക്കോ എറിഞ്ഞ്  പ്രസാദത്തെ ഉച്ചിഷ്ടമാക്കരുത്. പ്രസാദം വൃത്തിയുള്ള പാത്രത്തിലോ, ഇലയിലോ പക്ഷി മൃഗാദികള്‍ക്ക് നല്‍കുക.