താലിയുടെ പവിത്രതയും ജീവാത്മാ-പരമാത്മാ ബന്ധവും

താലിയുടെ പവിത്രതയും ജീവാത്മാ-പരമാത്മാ ബന്ധവും

HIGHLIGHTS

സ്ത്രീയുടെ ഏറ്റവും വലിയ സ്വത്താണ് താലി. അവരുടെ വൈവാഹിക ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് താലിക്കാണ്. പണ്ടേ താലിക്ക് എല്ലാ മതങ്ങളിലുംപ്പെട്ട സ്ത്രീകള്‍ വലിയ പ്രാധാന്യം നല്‍കാറുണ്ട്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ശസ്ത്രക്രിയയ്ക്ക് തിയേറ്ററില്‍ കഴിയേണ്ടി വരുമ്പോഴൊഴികെ കഴുത്തില്‍നിന്ന് താലി മാറ്റില്ല.

 

സാധാരണ സംസാരഭാഷയില്‍ താലി എന്നുപറയുമെങ്കിലും മംഗല്യസൂത്രമെന്നാണ് അതിന്‍റെ അര്‍ത്ഥം. മംഗല്യവാന്‍ എന്നാല്‍ ഭാഗ്യവാന്‍. മംഗല്യവതി എന്നാല്‍ ഭാഗ്യമുള്ളവള്‍ അഥവാ ഭര്‍ത്താവുള്ളവള്‍, താലികെട്ടി കഴിഞ്ഞാല്‍ അതവളുടെ ശരീരത്തിന്‍റെ ഒരു ഭാഗമായി മാറുമെന്നാണ് വിശ്വാസം. കേരളത്തില്‍ മാത്രമല്ല, ഭാരതമൊട്ടാകെ താലിക്ക് വലിയ പ്രാധാന്യമുണ്ട്. ഭര്‍ത്താവില്ലാത്തവര്‍ അല്ലെങ്കില്‍ അവിവാഹിതര്‍ മാത്രമാണ് താലി അണിയാത്തത്. എല്ലാ ജാതി മതക്കാര്‍ക്കിടയിലും വിവാഹം കഴിഞ്ഞ സ്ത്രീകള്‍ അതിന്‍റെ സൂചനയെന്ന വണ്ണമാണ് താലി ധരിക്കുന്നത്.

ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ക്ഷേത്രങ്ങളിലെ പ്രസാദം താലിയില്‍ തൊടുന്നത് ഐശ്വര്യകരമാണ്. അതൊക്കെ ഒരു വിശ്വാസം എന്നുചിലര്‍ പറയുമെങ്കിലും, ഒന്നോര്‍ക്കുക ജീവിതം തന്നെ ഒരു വിശ്വാസത്തിന്‍റെ പുറത്ത് നീങ്ങുന്നതാണ്. മംഗല്യം എന്നാല്‍ സ്വര്‍ണ്ണം, ചന്ദനം, സിന്ദൂരം എന്നൊക്കെയാണ് അര്‍ത്ഥം. താലി എന്ന പദം ജനിച്ചത് ഒരുപക്ഷേ, താലി- തൂങ്ങികിടക്കുന്ന എന്നര്‍ത്ഥം വരുന്ന വാക്കില്‍ നിന്നാകാം.

പണ്ട് പനയുടെ കുരുത്തോലയില്‍ ഒരുക്കിയ ആഭരണങ്ങള്‍ സ്ത്രീകള്‍ ധരിച്ചിരുന്നു. ഇന്നും ചില പ്രദേശങ്ങളില്‍ ചില വര്‍ഗ്ഗക്കാര്‍ അപൂര്‍വ്വമായെങ്കിലും പനയോല കൊണ്ട് ചതുരാകൃതിയിലോ, ചുരുണ്ടതോ ആയ ആഭരണം അണിയുന്നു. രക്ഷ എന്ന പേരിലോ താലിയായോ ആണ് കണ്ഠത്തില്‍ ഇത് ധരിക്കുന്നത്. താളിയോലയില്‍ നിന്നുമാകാം താലി എന്ന വാക്കുണ്ടായത്. കണ്ഠാഭരണമായി മാത്രമല്ല, കര്‍ണ്ണാഭരണമായും പനയുടെ തളിരില കൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഓല കൊണ്ട് കാതില്‍ ആഭരണം ധരിക്കുന്നതിനെ തോട എന്നും കാതിലോല എന്നും പറയുന്നു. കാതിലോല എന്ന ദ്വയാര്‍ത്ഥം വരുന്ന പദം കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. പനയോലയ്ക്കുപകരം സ്വര്‍ണ്ണം കൊണ്ട് ആഭരണം ഉണ്ടാക്കിയതോടെ പൊന്നോലയും പൊന്‍തോടയും പൊന്‍താലിയുമായി മാറിയതാകാം.

താലി പല രൂപത്തിലുണ്ട്. വെറ്റില പോലെയോ, ആലില പോലെയോ ആണ് കൂടുതലും. ഇവയ്ക്കുപുറമെ മറ്റുപല രൂപത്തിലുള്ള താലിയും കണ്ടുവരുന്നുണ്ട്. തമിഴര്‍ പൊതുവെ ത്രിമൂര്‍ത്തികളെ സൂചിപ്പിക്കുന്ന താലിയാണ് ധരിക്കുന്നത്. ബ്രാഹ്മണര്‍ രണ്ട് ചെറിയ താലികള്‍ ധരിക്കുന്നു. ക്രിസ്ത്യന്‍ സമുദായക്കാര്‍ താലിയില്‍ കുരിശിന്‍റെ രൂപം രേഖപ്പെടുത്തുന്നു. തമിഴര്‍ നാഗമ്പടത്താലി അണിയുന്നു. കന്യകയായിരിക്കുമ്പോള്‍ രക്ഷ എന്ന പേരില്‍ ആണ് ഇതു ധരിക്കുന്നത്.

ഹിന്ദു ആചാരപ്രകാരം താലിയുടെ അഗ്രത്തില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവനും താലിയുടെ മദ്ധ്യത്തില്‍ സ്ഥിതിയുടെ കര്‍ത്താവായ വിഷ്ണുവും താലിമൂലത്തില്‍ സംഹാരകര്‍ത്താവായ ശിവനും സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. കലികാലദോഷശാന്തിക്ക് ഹിന്ദുക്കള്‍ ആലിലയില്‍ ശ്രീകൃഷ്ണരൂപമുള്ള താലി ധരിക്കാറുണ്ട്.

ജ്യോതിശാസ്ത്രത്തിലെ താംബൂല പ്രശ്നഭാഗത്തില്‍ താംബൂലത്തില്‍ ബ്രഹ്മവിഷ്ണു മഹേശ്വരന്മാര്‍ കുടികൊള്ളുന്നു. ഇതനുസരിച്ച് സൃഷ്ടി സ്ഥിതി സംഹാരം എന്നീ അവസ്ഥകള്‍ പറയാം. സ്ഥൂലം, സൂക്ഷ്മം, കാരണം, ജാഗ്രത, സ്വപ്നം, സുഷുപ്തി, ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെല്ലാം അതിനാല്‍ വെറ്റില സൂചിപ്പിക്കുന്നു. ഇപ്രകാരം താംബൂലാകൃതിയുള്ളതിനാലും താംബൂലത്തിന് ഈ ഗുണങ്ങള്‍ ഉള്ളതിനാലും താലിക്ക് മേല്‍പ്പറഞ്ഞ പവിത്രത കൂടി കല്‍പ്പിക്കുന്നു. താലി ചരടില്‍ കെട്ടണമെന്നാണ് നിയമം അതിനും കാരണമുണ്ട്.

രജോഗുണ പ്രധാനമുള്ള സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്ന് പ്രകൃതിയില്‍ ലഭ്യമായ നാരുകള്‍ കൊണ്ടുള്ള ചരടില്‍(മൂന്നും അഞ്ചും ഏഴും നാരുകള്‍ കൂടിച്ചേര്‍ത്ത് മഞ്ഞനിറം പിടിപ്പിച്ച ചരട് താലിച്ചരടില്‍ കെട്ടാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്) കോര്‍ത്ത് കഴുത്തിന് പുറകില്‍ കെട്ടണം. ഈ കെട്ടിനാണ് പ്രാധാന്യം. ഏതൊരവസ്ഥയേയും നേരിടാനുള്ള മനഃശക്തി ഉണ്ടായിരിക്കണമെന്നുള്ള ദൃഢസങ്കല്‍പ്പത്തോടെ വേണം ഈ കെട്ടുമുറുക്കാന്‍. അതായത് സ്ത്രീയുടെ കഴുത്തെന്ന പ്രാണസ്ഥാനത്തെ ചുറ്റിനില്‍ക്കുന്നതും ത്രിഗുണാവസ്ഥകളും താലിയിലെ ത്രിമൂര്‍ത്തി ഭാവവും കെട്ടി എന്ന ദൃഢനിശ്ചയവും ഒന്നിക്കുമ്പോള്‍ മംഗല്യസൂത്രം പ്രപഞ്ചശക്തി രൂപമായി മാറുന്നു.

ഇപ്രകാരം മംഗല്യസൂത്രം കെട്ടുന്ന വ്യക്തി ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിന് തുല്യമായി ഭവിക്കയാല്‍ സ്ത്രീ എന്ന ജീവാത്മാവിന്‍റെ സംരക്ഷണം പുരുഷന്‍ എന്ന പരമാത്മാവിന് നിക്ഷിപ്തമാകുന്ന അവസ്ഥയായി മാറുന്നു. അതായത് ബന്ധിപ്പിക്കപ്പെട്ട സ്ത്രീ ജീവാത്മാവും ബന്ധിച്ച പുരുഷന്‍ പരമാത്മാവുമായി സങ്കല്‍പ്പിക്കും. അപ്പോള്‍ താലി എന്ന അല്‍പ്പമാത്രമായ പൊന്നിനേക്കാള്‍ പ്രാധാന്യം ആ കെട്ടിനാണ്. ഹിന്ദുസംസ്ക്കാരം അനുസരിച്ച് ഒരു പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ ചരടുകെട്ടുമ്പോള്‍ ചരടുകെട്ടിയ പുരുഷനും കെട്ടപ്പെട്ട സ്ത്രീയും പരസ്പരം ബന്ധിപ്പിക്കപ്പെട്ടു കഴിഞ്ഞുവെന്നര്‍ത്ഥം.

മംഗല്യസൂത്രം കെട്ടിയത് കഴുത്തിലായതിനാലും ആ കെട്ട് ഊര്‍ന്നുപോകാത്ത തരത്തിലായതിനാലും കെട്ടപ്പെട്ട സ്ത്രീയും കെട്ടിയ പുരുഷനും പരസ്പരം വിധേയപ്പെടുന്നു. മംഗല്യസൂത്രത്തിന്‍റെ ഒരറ്റത്ത് കഴുത്തിന് പുറകില്‍ ഒരു കെട്ടുണ്ടാകുന്നു. കഴുത്തിന് മുന്‍ഭാഗത്ത് താലിയുണ്ടായിരിക്കും. ദേശാചാരങ്ങള്‍ അനുസരിച്ച് താലി പല രൂപത്തിലുണ്ടെങ്കിലും ലക്ഷ്യം ഒന്നുതന്നെയാണ്. കെട്ടിനാണ് പ്രാധാന്യം. ഇക്കാലത്ത് സ്വര്‍ണ്ണം മുതലായ ലോഹങ്ങള്‍ കൊണ്ടും (മംഗളത്തെ സൂചിപ്പിക്കുന്ന മഞ്ഞനിറമുള്ള ലോഹമാണ് സ്വര്‍ണ്ണം) താലിച്ചരടുണ്ടാക്കുന്നുണ്ട്. എന്നാലും പ്രകൃതിയില്‍ ലഭ്യമായ നാരുകള്‍ കൂട്ടിച്ചേര്‍ത്തുള്ള ചരടുതന്നെയാണ് ഏറ്റവും മംഗളകരം. കഴുത്തില്‍ കെട്ടിയതും പുറമെ ദൃശ്യമായതുമായ താലി കഴുത്തിന്‍റെ പിന്നിലുള്ള കെട്ടിന്‍റെ സൂചനമാത്രമാണ്.

പ്രസ്തുത കെട്ട് ജീവാത്മപരമാത്മാബന്ധത്തെ സൂചിപ്പിക്കുന്നു. സ്ത്രീക്ക് വൈധവ്യം സംഭവിച്ചാല്‍ താലിച്ചരട് മുറിച്ചുമാറ്റുന്നതിന് കാരണവും ഈ ജീവാത്മ പരമാത്മ ബന്ധത്തിന്‍റെ വിച്ഛേദനം തന്നെയാണ്. ജീവന് ഈശ്വരസങ്കല്‍പ്പം എന്നപോലെ സ്ത്രീക്ക് പരമാത്മാവായിരിക്കുന്ന, ആശ്രയമായിരിക്കുന്ന പുരുഷന്‍ ഇല്ലാതാകുമ്പോള്‍ രക്ഷാപ്രതീകമായി അതുവരെ നിലനിന്നിരുന്ന ബന്ധം നഷ്ടപ്പെടുന്നു. ഈ അവസ്ഥയെയാണ് മംഗല്യസൂത്രവിച്ഛേദനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.