തളിയല്‍ ശിവക്ഷേത്രത്തിലെ വളരുന്ന നന്ദികേശ പ്രതിമ
ദിവസം തോറും, മനസ്സിലാക്കാനാകാത്ത വിധം വളരുകയാണത്രേ, കരിങ്കല്ലില്‍ കൊത്തിയ ഈ നന്ദികേശ പ്രതിമ. അവിശ്വാസികള്‍ നെറ്റിചുളിക്കുമെങ്കിലും വിശ്വാസികള്‍ മാത്രമല്ല, ഒരിക്കല്‍ ഈ പ്രതിമ കണ്ടിട്ടുള്ളവരൊക്കെയും നാളുകള്‍ക്കുശേഷം വീണ്ടും കാണുമ്പോള്‍ നന്ദിയുടെ വളര്‍ച്ച തലകുലുക്കി സമ്മതിക്കുകയാണ്.
ശൈവഭക്തനായ ശിലാദ മഹര്‍ഷി തനിക്ക് ഒരു പുത്രനെ ലഭിക്കുന്നതിനുവേണ്ടി വര്‍ഷങ്ങളോളമായി ശിവനെ തപസ്സ് ചെയ്തുവരികയായിരുന്നു. അതില്‍ സന്തുഷ്ടനായ ഭഗവാന് ശിലാദന് പുത്രലബ്ധിക്കായി വരം നല്കി. അതനുസരിച്ച് യാഗത്തിനായി നിലം ഉഴുതപ്പോള്‍ മൂന്ന് കണ്ണുകളും നാല് കൈകളും ജടാമകുടധാരിയുമായ ശങ്കരാകൃതിയിലുള്ള ഒരു ബാലനെ ലഭിച്ചു. ആ ബാലനാണ് നന്ദി. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ കുട്ടിയുടെ രൂപം ഉടനെ മനുഷ്യന്റേതായി മാറി. ശിലാദന്റെ ജീവിതം പിന്നെ സന്തോഷത്തിന്റേതായിരുന്നു. ബാലന്റെ കളിയും ചിരിയുമൊക്കെ ശിലാദന്റെ ജീവിതത്തില്‍ നിന്ന് ദുഃഖത്തെ ആട്ടിയകറ്റി സന്തോഷം വാരിനിറച്ചു.
അതിനുപക്ഷേ അധികം ദൈര്‍ഘ്യമുണ്ടായില്ല. ബാലന് പത്തുവയസ്സായപ്പോഴാണ്, അവന് അല്പ്പായുസ്സാണെന്നുള്ള ഞെട്ടിക്കുന്ന സത്യം ശിലാദന് തിരിച്ചറിഞ്ഞത്. അയാള്‍ക്ക് പിന്നെ ഒന്നേ ചെയ്യുവാനുണ്ടായിരുന്നുള്ളു. ശിവനെത്തന്നെ ആശ്രയിക്കുക. തന്റെ ദുഃഖം മനസ്സിലാക്കി ഒരു പുത്രനെ പ്രദാനം ചെയ്ത മഹാദേവന് തീര്‍ച്ചയായിട്ടും തന്റെ വിഷമാവസ്ഥ മനസ്സിലാക്കുമെന്നും ബാലന് ദീര്‍ഘായുസ്സ് നല്‍കുമെന്നും ഉള്ള കാര്യത്തില്‍ ശിലാദന് സന്ദേഹം ഏതുമുണ്ടായിരുന്നില്ല. അയാള്‍ അതിനായി ശിവനെ പ്രാര്‍ത്ഥിച്ചുതുടങ്ങി. ശിലാദന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതനായ ഭഗവാന് ശിവന് നന്ദിയെ തന്റെ പുത്രനായി അംഗീകരിക്കുകയും തന്റെ പാര്ഷദന്മാരില് പ്രമുഖസ്ഥാനം നല്‍കുകയും ചെയ്തു.
എന്നാല്‍ ജനഹൃദയങ്ങളില്‍ ശിവവാഹനമായ കാളയായിട്ടാണ് നന്ദി അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ശിവക്ഷേത്രങ്ങളിലൊക്കെയും നന്ദിയുടെ ഒരു പ്രതിഷ്ഠയും ഉണ്ടാകും. ചിലയിടത്ത് ക്ഷേത്ര നാലമ്പലത്തിന് പുറത്താണെങ്കില്‍ മറ്റുചിലേടത്ത് നമസ്ക്കാര മണ്ഡപത്തോടുചേര്ന്നോ, നമസ്ക്കാര മണ്ഡപത്തിലോ ഒക്കെയായിരിക്കും നന്ദിയുടെ പ്രതിഷ്ഠ. എവിടെയായാലും ശിവക്ഷേത്രത്തില്‍ നന്ദി പ്രതിഷ്ഠ ഉറപ്പാണ്. ഭഗവാന്റെ വാഹനമായതിനാല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരൊക്കെയും നന്ദിയെ തൊട്ടുവണങ്ങുകയും ചെയ്യും. ചില ക്ഷേത്രങ്ങളില്‍ നന്ദിയുടെ പ്രതിഷ്ഠയെ ദിവസവും കുളിപ്പിച്ച് മാലയൊക്കെ ചാര്‍ത്തും.
തിരുവനന്തപുരം കരമന തളിയല്‍ ശിവക്ഷേത്രത്തിലുമുണ്ട് നല്ല ലക്ഷണമൊത്ത ഒരു നന്ദി പ്രതിഷ്ഠ. ശ്രീകോവിലിന് തൊട്ടുചേര്‍ന്ന് വലതുഭാഗത്ത് ശ്രീകോവിലിലേക്ക് നോക്കിക്കിടക്കുന്ന ഈ നന്ദിയേയും ദിവസവും കുളിപ്പിച്ച് മാല ചാര്‍ത്താറുണ്ട്. കരിങ്കല്ലില്‍ നിര്‍മ്മിച്ച, നല്ല കൊഴുത്തുരുണ്ട ഈ നന്ദി ക്ഷേത്രത്തിലെത്തുന്ന ആരുടെയും കാഴ്ച ആകര്‍ഷിക്കും വിധം സുന്ദരനുമാണ്.
തളിയല്‍ മഹാദേവ ക്ഷേത്രത്തിലാണ് കാണപ്പെടുന്നതെങ്കിലും ഈ നന്ദി പക്ഷേ ഇവിടത്തുകാരനല്ല., കാന്തള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലേതായിരുന്നു ഈ നന്ദികേശന്. ഭഗവാന് പ്രിയപ്പെട്ടവന്. രാത്രികാലം അത്താഴപൂജയൊക്കെ കഴിഞ്ഞ് ഭഗവാന് ഉറങ്ങാന്‍ പോകുമ്പോള്‍ കാന്തള്ളൂരില്‍ നിന്നും ഇറങ്ങി ഊരുചുറ്റാന്‍ പോവുക ഇവന്റെ ഒരു സ്ഥിരം പരിപാടിയായിരുന്നു. രാവിലെ നേരം പരപരാവെളുക്കും മുന്‍പ് തിരിച്ചെത്തിക്കോളാമെന്ന് കാന്തള്ളൂര്‍ മഹാദേവന് വാക്കുകൊടുത്തിട്ടായിരുന്നു നന്ദികേശന്റെ രാത്രി സഞ്ചാരം. ഒരിക്കല്‍പോലും നന്ദി വാക്കു തെറ്റിച്ചിരുന്നില്ല.
ഒരിക്കല്‍ പക്ഷേ വാക്ക് തെറ്റി. കാന്തള്ളൂരില്‍ നിന്നും ഇറങ്ങി ഊരുചുറ്റി അലഞ്ഞ നന്ദി, പതിവിന് വിപരീതമായി സമയം പോയതറിയാതെ അലഞ്ഞുനടന്നു. പിന്നെ എവിടെയോ ഒന്ന് വിശ്രമിക്കാന്‍ കിടന്നു. ആ കിടപ്പില്‍ ഒന്നുറങ്ങിപ്പോവുകയും ചെയ്തു. ഉറക്കമുണര്‍ന്നപ്പോഴാണ് നേരം നന്നേ വെളുത്ത വിവരം പാവം നന്ദി അറിഞ്ഞത്. ആകെ പരിഭ്രമമായി. ഇനി എന്തുചെയ്യും. എങ്ങനെയാണ് കാന്തള്ളൂര്‍ മഹാദേവനെ അഭിമുഖീകരിക്കുക. വാക്കുപാലിക്കാതിരുന്നതില് കുപിതനായേക്കാവുന്ന മഹാദേവന് ചിലപ്പോള്‍ മേലില്‍ പുറത്തുവിടാതിരിക്കാനും മതി.
എന്തുചെയ്യേണ്ടു എന്നറിയാതെയെങ്കിലും കാന്തള്ളൂരിലേക്ക് തന്നെ നടന്ന നന്ദി ഒടുവില്‍ തളിയയിലെത്തിയപ്പോള് ഒരശരീരി കേട്ടു. 'ഇനി കാന്തള്ളൂര്ക്ക് പോകേണ്ട. ഇവിടെ കിടന്നോളൂ. വൈകാതൊരുനാള്‍ മഹാദേവന് ഇവിടെ വരും.' അതിന്‍പ്രകാരം തളിയല്‍ പ്രദേശത്ത് കറങ്ങിനടന്ന നന്ദി, അവിടെയൊരു ശിവക്ഷേത്രം സ്ഥാപിച്ചതോടെ വാസം അതിനകത്താക്കി എന്നാണ് വിശ്വസിച്ചുപോരുന്നത്. കാന്തള്ളൂര്‍ മഹാദേവന് തന്നെയാണ് തളിയലില്‍ കുടികൊള്ളുന്നതെന്നും, അതുകൊണ്ടാണ് ശ്രീകോവിലിലേക്ക് നോക്കി, മാപ്പിരക്കും മട്ടില്‍ നന്ദി കിടക്കുന്നതെന്നും വിശ്വസിക്കുന്നവരുണ്ട്.
അതെന്തായാലും ഈ നന്ദിക്കൊരു പ്രത്യേകതയുള്ളത്, അവന് വളരുകയാണ് എന്നുള്ളതാണ്. ദിവസം തോറും, മനസ്സിലാക്കാനാകാത്ത വിധം വളരുകയാണത്രേ, കരിങ്കല്ലില്‍ കൊത്തിയ ഈ നന്ദികേശ പ്രതിമ. അവിശ്വാസികള്‍ നെറ്റിചുളിക്കുമെങ്കിലും വിശ്വാസികള്‍ മാത്രമല്ല, ഒരിക്കല്‍ ഈ പ്രതിമ കണ്ടിട്ടുള്ളവരൊക്കെയും നാളുകള്‍ക്കുശേഷം വീണ്ടും കാണുമ്പോള്‍ നന്ദിയുടെ വളര്‍ച്ച തലകുലുക്കി സമ്മതിക്കുകയാണ്. അതുസംബന്ധമായി നടത്തിയ ശാസ്ത്രീയപഠനങ്ങളും, തളിയല്‍ ശിവക്ഷേത്രത്തിലെ നന്ദികേശ പ്രതിമ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നുള്ള വസ്തു അടിവരയിട്ട് സമ്മതിക്കുകയാണ്.
അതേസമയം കല്ലുകള്‍ വളരാറുണ്ടെന്നും, അത് ശാസ്ത്രമാണെന്നും, അതാണ് തളിയലില്‍ കാണുന്നതെന്നും പറയുന്നവരുണ്ട്. എന്നാല്‍ അത് സമ്മതിച്ചുകൊടുക്കുവാന്‍ വിശ്വാസിവര്‍ഗ്ഗം തയ്യാറല്ല. അവരുടെ ഉറച്ചവിശ്വാസം എല്ലാം മഹാദേവന്റെ ലീലാവിലാസമാണെന്നാണ്.
Photo Courtesy - Google
