തത്ത്വമസിയുടെ പൊരുള്‍
ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിന് മുന്നില്‍ എഴുതിവച്ചിട്ടുള്ള തത്ത്വമസി എന്ന വാക്കിന്‍റെ അര്‍ത്ഥം 'ഞാന്‍ നീയും നീ ഞാനുമാണ്' എന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്. അപ്പോള്‍ പിന്നെ അവിടത്തെ 18-ാം പടി എന്തിനെ സൂചിപ്പിക്കുന്നു എന്ന് അറിയുന്നവര്‍ പിന്നെയും ചുരുക്കമായിരിക്കും.
ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിന് മുന്നില്‍ എഴുതിവച്ചിട്ടുള്ള തത്ത്വമസി എന്ന വാക്കിന്‍റെ അര്‍ത്ഥം 'ഞാന്‍ നീയും നീ ഞാനുമാണ്' എന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്. അപ്പോള്‍ പിന്നെ അവിടത്തെ 18-ാം പടി എന്തിനെ സൂചിപ്പിക്കുന്നു എന്ന് അറിയുന്നവര്‍ പിന്നെയും ചുരുക്കമായിരിക്കും.
അതൊന്നു പരിശോധിക്കാം-
ഹൈന്ദവ വിശ്വാസികള്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യജന്മം പല കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതാണ്. അതിന്‍റടിസ്ഥാനത്തില്‍ മനുഷ്യായുസ്സിനെ ആറ് പ്രധാന ഘടകങ്ങളായിട്ട് (പടികളായി) തരം തിരിക്കാം.
ഒന്ന്, മനുഷ്യജന്മം. അത് ആരംഭഘട്ടമാണ്. പരമാത്മാവിന്‍റെ അംഗമാണ് ജീവാത്മാവ്. പഞ്ചഭൂത നിര്‍മ്മിതമായ(ഭൂമി, ജലം, അഗ്നി, വായു, ആകാശം) ശരീരത്തില്‍ ജീവാത്മാവ് പ്രവേശിക്കുന്നതോടെയാണ് ജീവസ്പന്ദനം തുടങ്ങുന്നത്.
രണ്ടാമത്തേത് ശൈശവകാലമാണ്. അമ്മയുടെ മുലപ്പാല്‍ കുടിച്ചും, മാതൃപിതൃവാത്സല്യം ആസ്വദിച്ചും, മാതാപിതാബന്ധുജനങ്ങളുടെ ലാളനചുംബനാദികള്‍ക്ക് പാത്രീഭവിച്ചും, മാതാപിതാഗുണങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന കാലം.
മൂന്നാമത്തേത് യൗവ്വനകാലമാണ്. മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും ശിക്ഷണത്തില്‍ വളര്‍ന്ന്, സജ്ജനങ്ങളുടെ സല്‍സംഗത്തില്‍ നിന്ന് ലഭിക്കുന്ന ആത്മീയജ്ഞാനബോധം ഈശ്വരസാക്ഷാത്ക്കാരത്തിന് വഴിതെളിക്കണം.
മാതാപിതാക്കളോടും ഗുരുവിനോടുമുള്ള കര്‍ത്തവ്യം ഇവിടെനിന്നുമാണ് ആരംഭിക്കുന്നത്.
നാലാമത്തേത് ഗൃഹസ്ഥാശ്രമമാണ്. കളത്രപുത്രാദികളോടൊപ്പം ഒരു ഗൃഹനാഥന്‍റേയും അതോടൊപ്പം ഒരു അച്ഛന്‍റെ കര്‍ത്തവ്യവും ഇതില്‍ക്കൂടി നിര്‍വ്വഹിക്കുവാന്‍ ബാദ്ധ്യസ്ഥനാണ്.
ഈ നാലുപടികളും കഴിഞ്ഞാല്‍ പിന്നെയുള്ളത് ഈശ്വര സാക്ഷാത്ക്കാരത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ്. അതിനുള്ളതാണ് ഭക്തിമാര്‍ഗ്ഗം. അതായത് നമ്മള്‍ എവിടെനിന്ന് തുടങ്ങിയോ അവിടെ എത്തിച്ചേരാനുള്ള തിടുക്കം.
ആറാമത്തെ പടിയാണ് മുക്തി. മരണത്തോടെയാണ് മുക്തി ലഭിക്കുന്നത്. ജീവാത്മാവ് താല്‍ക്കാലിക ശരീരം ഉപേക്ഷിച്ച് പരമാത്മ ചൈതന്യത്തില്‍ അഭയം പ്രാപിക്കുന്നു. അതുകൊണ്ടാണ് ശവശരീരത്തെ ആദ്യം ഭൂമിയില്‍ മലര്‍ത്തിക്കിടത്തുന്നതും, ജലം കൊണ്ട് ശുദ്ധി ചെയ്യുന്നതും, അഗ്നിയില്‍ ദഹിപ്പിക്കുന്നതും. വായുവില്‍ പുകയായി മുകളിലോട്ട് പൊങ്ങുന്നതും, അത് ആകാശത്തോട്ട് പറന്നുയരുന്നതും.
ഈ ആറ് പടികളും കടന്നാല്‍ മാത്രമേ മനുഷ്യജന്മത്തിന് സാഫല്യം ഉണ്ടാവുകയുള്ളൂ. ഇതിനെയാണ് പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ എന്ന് വിശേഷിപ്പിക്കുന്നത്.
ശബരിമലയിലെ പതിനെട്ടാംപടിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ആറ് പൂരകങ്ങളെ മൂന്ന് ശക്തികള്‍ (ഇച്ഛാശക്തി, ക്രിയാശക്തി, ആജ്ഞാശക്തി) കൊണ്ട് വശംവദയാക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് തത്ത്വമസിയിലേക്കാണ്.(ഞാന്‍ നീയും നീ ഞാനുമാണ്)
