ഗുരുവായൂരിലെ മണ്ഡലാരംഭം
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിശേഷദിനങ്ങളില്‍ ഒന്നാണ് മണ്ഡലാരംഭം. വൃശ്ചികം ഒന്നിന് ഗുരുവായൂരില്‍ നാല്പത്തൊന്ന് ദിവസങ്ങളിലെ മണ്ഡലകാലത്തിന് തുടക്കമാകും. ആദ്യത്തെ നാല്‍പ്പത് ദിവസങ്ങളില്‍ ഭഗവാന് പഞ്ചഗവ്യാഭിഷേകവും നാല്‍പ്പത്തിയൊന്നാം നാള് കളഭാട്ടവുമാണ്
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിശേഷദിനങ്ങളില്‍ ഒന്നാണ് മണ്ഡലാരംഭം. വൃശ്ചികം ഒന്നിന് ഗുരുവായൂരില്‍ നാല്പത്തൊന്ന് ദിവസങ്ങളിലെ മണ്ഡലകാലത്തിന് തുടക്കമാകും. ആദ്യത്തെ നാല്‍പ്പത് ദിവസങ്ങളില്‍ ഭഗവാന് പഞ്ചഗവ്യാഭിഷേകവും നാല്‍പ്പത്തിയൊന്നാം നാള് കളഭാട്ടവുമാണ്. ഉഷഃപൂജയും തുടര്‍ന്ന് പന്തീരടി പൂജയും കഴിഞ്ഞാണ് പഞ്ചഗവ്യാഭിഷേകം. മണ്ഡലകാലത്ത് നടത്തുന്ന ശീവേലിക്കുമുണ്ട് സവിശേഷത. ആദ്യത്തെ മുപ്പതുദിവസങ്ങളില് രാവിലത്തെ ശീവേലിക്ക് മൂന്ന് ആനകള്‍ ഉണ്ടാവും.
മദ്ധ്യഭാഗത്തുള്ള ആനയ്ക്ക് വെള്ളി നെറ്റിപ്പട്ടം ഉണ്ടാവും. ഇരുവശങ്ങളിലുമുള്ള ആനകള്‍ക്ക് നെറ്റിപ്പട്ടം ഉണ്ടാവില്ല. ഉടുതുണി, വീരാണം(പ്രത്യേക വാദ്യങ്ങളാണിത്. കാഴ്ചശീവേലിക്ക് മറ്റ് വാദ്യങ്ങള്‍ക്ക് അകമ്പടി സേവിക്കുന്ന വാദ്യോപകരണങ്ങളാണിത്) എന്നീ വാദ്യവിശേഷണങ്ങളും ഉണ്ടാവും.
മണ്ഡലകാലത്ത് ഭഗവാന് അഭിഷേകം ചെയ്യുന്ന പഞ്ചഗവ്യ തീര്‍ത്ഥം സേവിക്കുന്നത് ഏറെ വിശേഷമായിട്ടാണ് ഭക്തര്‍ വിശ്വസിക്കുന്നത്.
ക്ഷേത്രത്തിലെ ഓതിക്കന്മാര് ആചാരപ്രകാരം പ്രത്യേക വേദമന്ത്രജപത്തിലൂടെ ശുദ്ധിവരുത്തിയ ശേഷമാണ് പഞ്ചഗവ്യം ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നത്. പശുവിന്പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നീ അഞ്ച് ദ്രവ്യങ്ങള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് പഞ്ചഗവ്യ തീര്‍ത്ഥം തയ്യാറാക്കുന്നത്. ക്ഷേത്രത്തില്‍ നടത്തുന്ന വലിയ കലശാഭിഷേകങ്ങള്ക്കുള്ള പ്രാധാന്യം തന്നെയാണ്, ഭഗവാന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്ന പഞ്ചഗവ്യ തീര്‍ത്ഥ അഭിഷേകത്തിനും ഉള്ളത്. ഔഷധ ഗുണമുള്ളതാണ് ഭഗവാനെ അഭിഷേകം ചെയ്ത പഞ്ചഗവ്യം. ഇത് ശരീരശുദ്ധിക്കും, രോഗപ്രതിരോധശക്തിക്കും, ഉള്ളിലെ നെഗറ്റീവ് ചിന്തകള്‍ ശമിപ്പിക്കാനും ഏറെ വിശേഷപ്പെട്ടതാണെന്നാണ് വിശ്വാസം.
കളഭാട്ടം
മണ്ഡലാവസാനമാണ് കളഭാട്ടം അഥവാ കളഭാഭിഷേകം. ധനു പതിനൊന്നിനാണ് സാധാരണയായി കളഭാട്ടം വരാറുള്ളത്. നിത്യവും കളഭം ചാര്‍ത്തപ്പെടുന്ന കണ്ണന് സുഗന്ധപൂരിതമായ കളഭത്തില്‍ അഭിഷേകം ചെയ്യുന്നതാണ് കളഭാട്ടത്തിന്റെ പ്രത്യേകത. മികച്ച ഇനം മൈസൂര്ചന്ദനവും ഏറ്റവും മികച്ച കാശ്മീര്‍ കുങ്കുമവും ചേര്‍ത്തരച്ച് പനിനീരില്‍ ചാലിച്ച് കസ്തൂരിയും പച്ചക്കര്‍പ്പൂരവും ചേര്‍ത്ത് പ്രത്യേക അനുപാതത്തിലാക്കിയാണ് കളഭം തയ്യാറാക്കുന്നത്. സ്വര്ണ്ണക്കുടത്തിലാക്കി പൂജകള്‍ ചെയ്തതിന് ശേഷം ഉച്ചപൂജയ്ക്ക് മുമ്പായി തന്ത്രി ഭഗവാന്റെ വിഗ്രഹത്തില്‍ കളഭാഭിഷേകം നടത്തും. പിറ്റേന്ന് നിര്‍മ്മാല്യത്തിന് നട തുറക്കുന്നതുവരെ മറ്റ് അലങ്കാരങ്ങളോ അഭിഷേകങ്ങളോ ഉണ്ടാവില്ല. കളഭത്തില്‍ ആറാടിയ കണ്ണനെ ഭക്തര്‍ക്ക് കണ്‍നിറയെ ദര്‍ശിച്ച് തൊഴാം.
വര്‍ഷം മുഴുവന്‍ ഭക്തരുടെ പരാതികള്‍ കേട്ട് ഉഷ്ണം വര്‍ദ്ധിച്ച ഭഗവാന് കുളിര്‍മ്മ ലഭിക്കാനാണ് സുഗന്ധവും കുളിരും പകരുന്ന കളഭം അഭിഷേകം ചെയ്യുന്നത് എന്നതാണ് വിശ്വാസം. വിഗ്രഹത്തിന്റെ ചൂട് ശമിപ്പിക്കാനാണെന്നും പറയപ്പെടുന്നുണ്ട്.
കോഴിക്കോട് സാമൂതിരി രാജായുടെ വഴിപാടാണ് കളഭാഭിഷേകം നടത്താനുള്ള കളഭം. കളഭാഭിഷേകദിനം ക്ഷേത്രത്തില്‍ ചുറ്റുവിളക്ക്, വാദ്യവിശേഷം എന്നിവയും ഉണ്ടാകും.
ഭഗവാന് ചാര്‍ത്തിയതിനുശേഷം പ്രസാദമായി ലഭിക്കുന്ന കളഭം നെറ്റിയില്‍ തൊടുന്നത് രോഗശാന്തിയും മനസ്സമാധാനത്തിനും സദ്ചിന്തകള്‍ ഉണ്ടാകുവാനും വിശേഷപ്പെട്ടതാണെന്നാണ് വിശ്വാസം.
ശബരിമലയും പഞ്ചഗവ്യവും
ശബരിമല വ്രതാനുഷ്ഠാനങ്ങളിലും പൂജകളിലും പഞ്ചഗവ്യത്തിന് ഏറെ പ്രാധാന്യമാണുള്ളത്. വ്രതകാലത്ത് അബദ്ധത്തില്‍ സംഭവിക്കുന്ന അശുദ്ധി ഇല്ലാതാക്കി ശരീരത്തിനേയും മനസ്സിനേയും ശുദ്ധീകരിച്ച് വ്രതം പൂര്‍ത്തിയാക്കാന്‍ പഞ്ചഗവ്യം കഴിക്കുന്നതിലൂടെ കഴിയുമെന്നാണ് വിശ്വാസം. പഞ്ചഗവ്യം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന പശുവില്‍ നിന്ന് ലഭിക്കുന്ന അഞ്ച് ദ്രവ്യങ്ങള്‍ ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നതാണത്രേ. പാല് ചന്ദ്രനേയും, തൈര് വായുവിനേയും(ജലം) ചാണകം അഗ്നിയേയുമാണ് പ്രതിനിധീകരിക്കുന്നത്. പഞ്ചഗവ്യം കഴിക്കുന്നതിലൂടെ പ്രകൃതിശക്തികളുടെ അനുഗ്രഹവും ലഭിക്കും.
ശബരിമലയില്‍ ഭഗവത് തേജസ്സ് വര്‍ദ്ധിപ്പിക്കാനും ഭഗവത് വിഗ്രഹത്തിലെ ചൂട് ശമിപ്പിക്കാനും ഉച്ചപൂജയ്ക്ക് തൊട്ടുമുമ്പായി തന്ത്രിമുഖ്യന്റെ കാര്‍മ്മികത്വത്തില്‍ പഞ്ചഗവ്യ അഭിഷേകം നടത്താറുണ്ട്.
